സമാധാനം തേടി വിയറ്റ്നാമിലേക്ക്

HIGHLIGHTS
  • ആരെന്തു പറഞ്ഞാലും അത്തരമൊരു യുദ്ധം താൻ ഇല്ലാതാക്കിയെന്ന വാദത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു
  • കിമ്മുമായുള്ള തന്റെ രണ്ടാം ഉച്ചകോടി ഇൗ മാസാവസാനം (27-28) വിയറ്റ്നാമിൽ നടക്കുമെന്നും ട്രംപ്്
north-korea-united-states-relations
SHARE

"അമേരിക്കയുടെ പ്രസിഡന്റായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടിലായിരുന്നുവെങ്കിൽ, എന്റെ അഭിപ്രായത്തിൽ,  ഉത്തര കൊറിയയുമായി നമ്മൾ ഇപ്പോൾ ഒരു വൻയുദ്ധത്തിലാകുമായിരുന്നു.''

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി അഞ്ച്) യുഎസ് കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വാചകമാണിത്.  ആരെന്തു പറഞ്ഞാലും അത്തരമൊരു യുദ്ധം താൻ ഇല്ലാതാക്കിയെന്ന വാദത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു. 

യുദ്ധം ശാശ്വതമായി തടയുന്ന വിധത്തിൽ  ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ഒത്തുതീർപ്പിൽ എത്താനാകുമെന്ന  പ്രതീക്ഷയും ട്രംപിനുണ്ട്.  കഴിഞ്ഞ 15 മാസങ്ങൾക്കിടയിൽ ഉത്തര കൊറിയ ആണവ, മിസൈൽ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടിലെന്നതു ശുഭസൂചനയായും അദ്ദേഹം കാണുന്നു. 

കിമ്മുമായുള്ള തന്റെ രണ്ടാം ഉച്ചകോടി ഇൗ മാസാവസാനം (27-28) വിയറ്റ്നാമിൽ നടക്കുമെന്നും ട്രംപ്് അറിയിച്ചിരിക്കുകയാണ്. വേദി നിശ്ചയിച്ചിട്ടില്ല. വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിയോ മറ്റൊരു സുപ്രധാന നഗരമായ ഡാനാങ്കോ ആവാം. 

"ഉത്തര കൊറിയയിൽ നിന്നുള്ള ആണവ ഭീഷണി അവസാനിച്ചു....ഞാൻ അധികാരം ഏറ്റെടുത്തതിനു മുൻപുണ്ടായിരുന്നതിനേക്കാൾ സമാധാനത്തോടെ ഇനിയെല്ലാവർക്കും കഴിയാം....എല്ലാവർക്കും സ്വസ്ഥമായി  ഉറങ്ങാം.'' കഴിഞ്ഞ വർഷം ജൂൺ 13ന് ഇങ്ങനെ ലോകത്തെ അറിയിച്ചതും ട്രംപായിരുന്നു. അതിന്റെ തലേന്നായിരുന്നു  സിംഗപ്പൂരിൽ കിമ്മുമായുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഉച്ചകോടി. 

ഇരു രാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ കാണുന്നത് അന്നാദ്യമായിരുന്നു. അത്തരമൊരു ഉച്ചകോടിയിലൂടെ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന് അംഗീകാരം നൽകാൻ ട്രംപിന്റെ മുൻഗാമികൾ വിസമ്മതിക്കുകയാണ് ചെയ്തിരുന്നത്. ട്രംപ് അതിൽനിന്നു വ്യതിചലിക്കുമെന്ന് അതിന് ഏതാനും മാസങ്ങൾക്കുമുൻപ്്വരെ സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. 

north-korea-united-states-relations

സിംഗപ്പൂർ ഉച്ചകോടിക്കു ശേഷം അധികനാളുകൾ കഴിയുന്നതിനു മുൻപ് തന്നെ രണ്ടാം ഉച്ചകോടിക്കുളള സാധ്യതകളും ട്രംപ് ആരായാൻ തുടങ്ങി. കാരണം, സിംഗപ്പൂരിൽ ഇരുവരും ഒപ്പുവച്ച കഷ്ടിച്ച് രണ്ടു പേജുള്ള കരാറിൽ പറഞ്ഞ പല കാര്യങ്ങളും അവ്യക്തവും സാമാന്യ സ്വഭാവത്തിലുള്ളതും ഇരുപക്ഷത്തിനും തങ്ങൾക്ക് അനുകൂലമായ വിധത്തിൽ വ്യാഖ്യാനിക്കാൻ പഴുതു നൽകുന്ന വിധത്തിലുള്ളതുമായിരുന്നു. തർക്കം തുടരാനും അന്യോന്യം ആരോപണങ്ങൾ ഉന്നയിക്കാനും അതു സാഹചര്യമുണ്ടാക്കിയതു സ്വാഭാവികം.

കൊറിയൻ അർധദ്വീപിനെ ആണവ വിമുക്തമാക്കാൻ  പ്രവർത്തിക്കുമെന്ന കിമ്മിന്റെ ഉറപ്പ് ഉത്തര കൊറിയ പാലിക്കുന്നില്ലെന്നാണ് അമേരിക്കയുടെ പരാതി. യുഎൻ  ഉപരോധം മറികടക്കാനുള്ള അടവുകൾ അവർ പയറ്റുകയാണെന്നും അമേരിക്ക ആരോപിക്കുന്നു.

എന്നാൽ സിംഗപ്പൂർ കരാർ തങ്ങൾ പാലിക്കാൻ തുടങ്ങുകയും അതിനുള്ള തെളിവുകൾ ചൂണ്ടിക്കാട്ടിക്കൊടുക്കുകയും ചെയ്തുവെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. പ്രത്യുപകാരമെന്ന നിലയിൽ തങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കാൻ ബാധ്യതയുളള അമേരിക്ക അതിനു വിസമ്മതിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. 

യുഎൻ ഉപരോധങ്ങൾ നടപ്പാക്കുന്നതു നിരീക്ഷിക്കാൻ  രക്ഷാസമിതി നിയോഗിച്ച വിദഗ്ധ സംഘം  കഴിഞ്ഞ ഒാഗസ്റ്റിൽ സമർപ്പിച്ച അർധ വാർഷിക റിപ്പോർട്ട് അമേരിക്കയുടെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ചെയ്തത്.  ആണവ, മിസൈൽ പരിപാടി ഉത്തര കൊറിയ നിർബാധം തുടരുന്നു, രക്ഷാസമിതി ഏർപ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കുന്ന വ്യാപാര ഇടപാടുകൾ രഹസ്യമായി നടത്തിവരുന്നു, ഇടനിലക്കാർ മുഖേന ലിബിയ, യെമൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചെറുകിട ആയുധങ്ങൾ കയറ്റിയയ്ക്കുന്നു-ഇങ്ങനെ പോകുന്നു ആ റിപ്പോർട്ട്. 

ട്രംപ് തന്റെ നയപ്രഖ്യാപന പ്രസംഗം നടത്തിയ ദിവസം യുഎൻ സംഘത്തിന്റെ പുതിയ റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവന്നു. ആണവ, മിസൈൽ പരിപാടികൾ ഉത്തര കൊറിയ നിർബാധം തുടരുന്നു, യുഎസ് ആക്രമണമുണ്ടായാൽ നാശം സംഭവിക്കാതിരിക്കാനായി അത്തരം ആയുധങ്ങളും അവയുടെ നിർമാണ സംവിധാനങ്ങളും പല സ്ഥലങ്ങളിലുമായി ഒളിപ്പിച്ചുവച്ചുകൊണ്ടിരിക്കുന്നു-ഇങ്ങനെയാണ്രേത അതിൽ പറയുന്നത്. 

അതിന് ഒരാഴ്ചമുൻപ്  അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗം തലവൻ ഡാനിയൽ കോട്സ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്കു നൽകിയ റിപ്പോർട്ടും ഇതിനോടു ചേർത്തുവായിക്കാം."ഉത്തര കൊറിയ അതിന്റെ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ സാധ്യതയില്ല. കാരണം, അതിന്റെ നേതാക്കളുടെ വീക്ഷണത്തിൽ സ്വന്തം ഭരണത്തിന്റെ നിലനിൽപ്പ്തന്നെ അവയെ ആശ്രയിച്ചിരിക്കുന്നു''-ഇങ്ങനെയാണ് അതിൽ പറയുന്നത്.

തെറ്റിദ്ധാരണകൾക്ക് ഇടനൽകാതിരിക്കാനായി ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താൻ സിംഗപ്പൂർ ഉച്ചകോടിക്കുമുൻപ് ട്രംപോ കിമ്മോ ശ്രമിച്ചിരുന്നില്ല

എന്നതാണ് വാസ്തവം. എട്ടു മാസങ്ങൾക്കകം രണ്ടാമതൊരു ഉച്ചകോടി ആവശ്യമായിത്തീർന്നത് അതുകൊണ്ടാണ്. കാര്യങ്ങൾ ഗൗരവപൂർവം മുന്നോട്ടു കൊണ്ടുപോകാനായി അമേരിക്ക ഒരു പ്രത്യേക ദൂതനെ നിയമിച്ചതും സിംഗപ്പൂർ ഉച്ചകോടിക്കുശേഷമാണ്.   

പുതിയ ഉച്ചകോടിയോടു കൂടി അമേരിക്കയും ഉത്തര കൊറിയയും തമ്മിൽ വ്യക്തവും ശാശ്വതവുമായ ഒത്തുതീർപ്പ് ഉണ്ടാകുമോ ? കിം തന്റെ ആണവ, മിസൈൽ പരിപാടി ഉപേക്ഷിക്കുകയും ആണവ ബോംബുകൾ, മിസൈലുകൾ എന്നിവയും അവ നിർമിക്കാനും വിക്ഷേപിക്കാനുള്ള സംവിധാനങ്ങളുമെല്ലാം നശിപ്പിക്കുകയും ചെയ്യുമോ ? അതിനു പകരമായി ഉത്തര കൊറിയയ്ക്കു പ്രതീക്ഷിക്കാവുന്ന പ്രയോജനങ്ങൾ എന്തെല്ലാം ? ഇങ്ങനെയുള്ള ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനുവേണ്ടി ലോകം കാത്തുനിൽക്കുകയാണ്.

ഒത്തുതീർപ്പിനു കിം ആഗ്രഹിക്കുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. കാരണം, ഉപരോധങ്ങൾ ഉത്തര കൊറിയയെ ഞെരുക്കുന്നു. 

ആണവ, മിസൈൽ പരിപാടിയുമായി മുന്നോട്ടു പോയാൽ അമേരിക്ക ആക്രമിക്കുമോ എന്ന ഭയവുമുണ്ട്. പരിപാടി ഉപേക്ഷിച്ചാൽ ഉപരോധങ്ങൾ ഇല്ലാതാവുക മാത്രമല്ല, മറ്റുവിധത്തിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമായേക്കാം. 

എന്നാൽ, ആണവ, മിസൈൽ പരിപാടി നിശ്ശേഷം കൈവെടിയുന്നതോടെ അമേരിക്കയുടെ മുന്നിൽ കിം ഏതാണ്ട് പൂർണമായും നിരായുധനായിത്തീരും. ആ വിധത്തിൽ നിരായുധനായിത്തീർന്ന ഇറാഖിലെ സദ്ദാം ഹുസൈന്റെ അനുഭവം തനിക്കുണ്ടാകരുതെന്നു കിം ആഗ്രഹിക്കുന്നുമുണ്ടാവാം. 

ആണവ ബോംബുകളും അവ ഘടിപ്പിക്കാവുന്ന മിസൈലുകളും തങ്ങൾ നിർമിക്കാൻ തുടങ്ങിയതു യുഎസ് ആക്രമണത്തിനെതിരായ മുൻകരുതൽ എന്ന നിലയിലാണെന്നാണ് ഉത്തര കൊറിയയുടെ ന്യായം. അതിനാൽ, യുഎസ് ആക്രമണ ഭീതി അകറ്റുന്നതിനു സഹായകമായ ചില നടപടികളും കിം ആവശ്യപ്പെടുകയാണത്രേ.  

അനാക്രമണ ഉടമ്പടി, ഏഴു പതിറ്റാണ്ടുമുൻപ് നടന്ന കൊറിയൻ യുദ്ധത്തിന് ഒൗപചാരികമായ അന്ത്യം കുറിക്കുന്ന സമാധാന കരാർ, ദക്ഷിണ കൊറിയയുമായി ചേർന്നു യുഎസ് നടത്തുന്ന സൈനികാഭ്യാസം ഉപേക്ഷിക്കൽ, ദക്ഷിണ കൊറിയയിലും ജപ്പാനിലുമുള്ള യുഎസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കൽ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. 

ഇനിയും പലതും ചെയ്തു തീർക്കാനുണ്ടെന്നു ട്രംപ് തന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞപ്പോൾ വ്യക്തമായതും ഇത്തരം കാര്യങ്ങളിലുള്ള 

സങ്കീർണതകൾ അവശേഷിക്കുന്നുവെന്നാണ്. എങ്കിലും  കിമ്മുമായുള്ള തന്റെ ബന്ധം നല്ല നിലയിൽ തുടരുന്നുവെന്നും ട്രംപ് പറയുകയുണ്ടായി. 

കഴിഞ്ഞ ആറേഴു മാസങ്ങൾക്കിടയിൽ അവർ തമ്മിൽ പല തവണ കത്തുകൾ കൈമാറിയിട്ടുമുണ്ട്. ഇൗ ബന്ധം വിയറ്റ്നാമിൽ  അൽഭുതം സൃഷ്ടിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA