sections
MORE

കൊട്ടാരം പിടിച്ചുകുലുക്കിയ തായ് രാജകുമാരി

HIGHLIGHTS
  • തെക്കു കിഴക്കൻ ഏഷ്യയിലെ ഇൗ രാജ്യത്ത് ഇതുവരെ രാജകുടുംബത്തിലെ ഒരാളും രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല
  • ഉടൻതന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ രാജകുമാരിയുടെ നോമിനേഷൻ തള്ളിക്കളഞ്ഞു
thailand-princess-ubolratana
തായ്​ലൻഡിൽ ഇതുവരെ രാജകുടുംബത്തിലെ ഒരാളും രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല. അതിനു നിരോധനവുമുണ്ട്. എന്നിട്ടും രാജസഹോദരി തിരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയാകാൻ മുന്നോട്ടുവന്നു. അതിനവർ കൂട്ടുകൂടിയതു രാജകുടംബത്തിന്റെയും പട്ടാളത്തിന്റെയും അപ്രീതിക്കു പാത്രമായവരുമായും
SHARE

രാജാവ് നാടു വാഴുമ്പോൾ അദ്ദേഹത്തിന്റെ കീഴിൽ സ്വന്തം ചേച്ചി (രാജകുമാരി) പ്രധാനമന്ത്രിയാവുക. അങ്ങനെ ലോകത്തിൽ എവിടെയെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്തോ ? ഏതായാലും, തായ്​ലൻഡിൽ അതൊരു യാഥാർഥ്യമാകാൻ പോവുകയാണെന്നു കണ്ട് അവിടത്തെ ജനങ്ങൾ അൽഭുതം കൂറുകയും അമ്പരക്കുകയും ചെയ്തു. കൊട്ടാരം തന്നെ കുലുങ്ങി. 

കാരണം, തെക്കു കിഴക്കൻ ഏഷ്യയിലെ ഇൗ രാജ്യത്ത് ഇതുവരെ രാജകുടുംബത്തിലെ ഒരാളും രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല. അതിനു നിരോധനവുമുണ്ട്. പ്രധാനമന്ത്രിയാകാൻ രാജകുമാരി കൂട്ടുകൂടിയതു രാജകുടംബത്തിന്റെയും പട്ടാളത്തിന്റെയും അപ്രീതിക്കു പാത്രമായവരുമായും. അതായിരുന്നു ജനങ്ങൾ തരിച്ചിരുന്നുപോകാനുള്ള മറ്റൊരു കാരണം.  

അടുത്ത മാസം 24 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കു മൽസരിക്കാൻ  മുന്നോട്ടുവന്നതു മഹാവജിറ ലോങ്കോൺ രാജാവിന്റെ മൂത്ത സഹോദരിയായ ഉബോൽ രതന രാജകന്യ സിരിവധന ബർണവാടിയെന്ന അറുപത്തേഴുകാരിയാണ്. തായ് രക്സ ചാർട് പാർട്ടി അതിന്റെ പ്രധാനമന്ത്രി സ്ഥാനാർഥികയാകാൻ ക്ഷണിച്ചുവെന്നും താനതു സ്വീകരിച്ചുവെന്നുമായിരുന്നു ഒരാഴ്ചമുൻപ് (ഫെബ്രുവരി എട്ട്്, വെള്ളിയാഴ്ച) രാജകുമാരി നടത്തിയ പ്രസ്താവന. 

പ്രധാനമന്ത്രി പദവിയിൽ കണ്ണുവച്ചിരുന്ന മറ്റെല്ലാ സ്ഥാനാർഥികളെയും, വിശേഷിച്ച് നിലവിലുള്ള പ്രധാനമന്ത്രിയായ മുൻ പട്ടാളത്തലവൻ ജനറൽ പ്രയുത് ചാൻ ഒാചയെ, ഇതു വെട്ടിലാക്കി. കാരണം, അവർക്കു രാജകുമാരിയെ എതിർക്കാനാവില്ല. തായ് രാജകീയ നിയമനുസരിച്ച് രാജകുടുംബാംഗങ്ങളോട് അനാദരവ് പ്രകടിപ്പിക്കൽ മാത്രമല്ല, അവരെ ഖണ്ഡിക്കലും നിഷിദ്ധമാണ്. ഇൗ നിയമം കർശനമായി പാലിക്കപ്പെടുന്നു. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് മൂന്നു മുതൽ 15 വർഷംവരെ ജയിലിൽ കിടക്കേണ്ടിവരും. 

രാജകുമാരിതന്നെ അടുത്ത പ്രധാനമന്ത്രിയെന്നു അങ്ങനെ മിക്കവാറും ഉറപ്പായി. അവരെ മുന്നിൽ നിർത്തി രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തുന്നതു മുൻപ്രധാനമന്ത്രി തക്സിൻ ഷിനവത്രയാണെന്ന അഭ്യൂഹങ്ങളും അതോടൊപ്പം ഉയർന്നു. കാരണം, രാജകുമാരിയെ നാമനിർദേശം ചെയ്ത പാർട്ടി ഏതാനും മാസങ്ങൾക്കു മുൻപ് മാത്രം ഷിനവത്രയുടെ അനുയായികൾ രൂപീകരിച്ചതാണ്. 

വിവാദപുരുഷനായ തക്സിനെ  2006ൽ പട്ടാളം അധികാരത്തിൽനിന്നു പുറത്താക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തായ് റക് തായ് പാർട്ടി നിരോധിക്കപ്പെടുകയും ചെയ്തു. നിൽക്കക്കളളിയില്ലാതെ തക്സിൻ നാടുവിട്ടു. പിന്നീട് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ജയിലിലാകാതിരിക്കാൻ വിദേശത്തുതന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു. 

അതേസമയം, തായ് രാഷ്ട്രീയത്തിൽ തക്സിൻ ഇപ്പോഴും ഒരു നിർണായക ഘടകമായി തുടരുന്നുവെന്നത് അൽഭുതകരമായ വസ്തുതയായി അവശേഷിക്കുന്നു. രാജകുമാരിയുടെ സ്ഥാനാർഥിത്വം തന്നെ അതിനുദാഹരണമായിരുന്നു. 

എന്നാൽ, ഇൗ സംഭവം തക്സിൻ വിരുദ്ധർക്കിടയിൽ ഉണ്ടാക്കിയ അങ്കലാപ്പ് ഒരു ദിവസം മുഴുവൻ നീണ്ടുനിന്നില്ല. അന്നുരാത്രിതന്നെ രാജാവിന്റെ  വിളംബരമുണ്ടായി. "രാജകുടുംബത്തിലെ ഉന്നത പദവിയിലുള്ള അംഗങ്ങൾ ഏതുവിധത്തിലായാലും രാഷ്ട്രീയത്തിൽ ഇടപെടാൻ ശ്രമിക്കുന്നതു കാലങ്ങളായി പിന്തുടർന്നുവരുന്ന രാജകീയ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും ദേശീയ സംസ്ക്കാരത്തിനും വിരുദ്ധമാണ്. അത്തരം നടപടികൾ തീർത്തും അനുചിതമായി കണക്കാക്കും.''  ഇങ്ങനെയായിരുന്നു അതിലെ താക്കീത്. ഉടൻതന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ രാജകുമാരിയുടെ നോമിനേഷൻ തള്ളിക്കളഞ്ഞു. തന്റെ ഉദ്യമം പ്രശ്നമുണ്ടാക്കിയതിൽ രാജകുമാരിതന്നെ ഖേദം പ്രകടിപ്പിക്കുകയുംചെയ്തു.  

രാജകുമാരിയെ സ്ഥാനാർഥിയാക്കിയത് തായ് രക്സ ചാർട് പാർട്ടിയുടെ അതിസമർഥമായ രാഷ്ട്രീയ നീക്കമായിട്ടാണ് പലരും കരുതിയിരുന്നത്. പക്ഷേ, അതുണ്ടാക്കിയ കോലാഹലം അവരെയും പ്രതിരോധത്തിലാക്കി. അവരും ക്ഷമാപണം ചെയ്തു. അതോടെ അവരുടെ പ്രശ്നം അവസാനിച്ചുമില്ല. ഇൗ സംഭവത്തിന്റെ പേരിൽ തായ് രക്സ ചാർട് പാർട്ടിയെ നിരോധിക്കണമെന്ന ആവശ്യവുമായി അവരുടെ എതിരാളികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. 

ഉബോൽ രത്ന രാജകുമാരിയുടെ അസാധാരണമായ ജീവിത കഥയിലേക്കു വീണ്ടും ജനശ്രദ്ധ ആകർഷിക്കപ്പെട്ടുവെന്നതാണ് ഇതിന്റെയെല്ലാം മറ്റൊരു അനന്തരഫലം. എഴുപതു വർഷം സിംഹാസനത്തിരുന്നു ലോകറെക്കോഡ് സൃഷ്ടിച്ചശേഷം 2016ൽ 88ാം വയസ്സിൽ  അന്തരിച്ച ഭൂമിബോൽ അദുല്യദേജ് രാജാവിന്റെ മൂത്തസന്താനമാണ് ഉബോൽ രതന. അദ്ദേഹത്തിന്റെ കണ്ണിലുണ്ണിയായും അറിയപ്പെടുകയായിരുന്നു.

പക്ഷേ, പീറ്റർ ലാഡ് ജെൻസൻ എന്ന അമേരിക്കക്കാരനുമായി അവർ പ്രണയത്തിലാവുകയും അദ്ദേഹത്തെ വിവാഹം ചെയ്യാൻ 1972ൽ രാജകീയ പദവി ഉപേക്ഷിക്കുകയും ചെയ്തു. 26 വർഷത്തെ യുഎസ് ജീവിതത്തിനിടയിൽ മാസച്യൂസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഒാഫ് ടെക്നോളജിയിൽനിന്നു ബയോകെമിസ്ട്രി പഠിച്ചു. ലോസ് ആഞ്ചലസിലെ കലിഫോർണിയ സർവകലാശാലയിൽനിന്നു പൊതുജനാരോഗ്യ വിഷയത്തിൽ മാസ്റ്റർ ബിരുദവും നേടി. 

വിവാഹമോചനത്തിനുശേഷം 2001ൽ നാട്ടിൽ തിരിച്ചെത്തിയ രാജകുമാരി തായ് സിനിമകളിൽ അഭിനയിക്കുകയും ഗായികയെന്ന നിലയിലും പ്രശസ്തി നേടുകയും ചെയ്തു. യുവാക്കൾക്കിടയിൽ ലഹരിമരുന്നു വിരുദ്ധ ബോധവൽക്കരണത്തിനു നേതൃത്വം നൽകിക്കൊണ്ടു സാമൂഹിക സേവനരംഗത്തും സജീവമായി. അവരുടെ ഇരുപത്തൊന്നുകാരനായ മകൻ 2004ലെ സുനാമിയിൽ മരിച്ചുപോയപ്പോൾ തായ് ജനത മുഴുവൻ അവരോടൊപ്പം കണ്ണീർവാർത്തു.

princess-ubolratana-03

വിദേശിയെ വിവാഹം ചെയ്യാൻ രാജകീയ പദവി ഉപേക്ഷിച്ച രാജകുമാരി വിവാഹമോചനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയതോടെ ആ പദവി പുനഃസ്ഥാപിക്കപ്പെട്ടുവത്രേ. രാജകുടുംബത്തിലെ വിശിഷ്ടാഗമായിത്തന്നെ അവർ വീണ്ടും പരിഗണിക്കപ്പെടാൻ തുടങ്ങുകയുംചെയ്തു. പക്ഷേ, അവരുടെ രാഷ്ട്രീയ രംഗപ്രവേശനത്തിന് അതു തടസ്സമായിത്തീർന്നു. 

ഒരു പതിറ്റാണ്ടിലേറെയായി തായ്​ലൻഡിൽ നടന്നുവരുന്ന രാഷ്ട്രീയ നാടക പരമ്പരയിലെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇൗ സംഭവം. തിരശ്ലീലയ്ക്കു പിന്നിൽനിന്നു ചരടു വലിക്കുകയാണെങ്കിലും മുഖ്യകഥാപാത്രം ഇപ്പോഴും തക്സിൻ ഷിനവത്രതന്നെ. 

ബിസിനസിലൂടെ കോടികൾ സമ്പാദിച്ച ഇൗ മുൻ പൊലീസുകാരൻ ആദ്യമായി പ്രധാനമന്ത്രിയായതു 2001ലായിരുന്നു. തായ് ചരിത്രത്തിൽ നാലു വർഷക്കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു തക്സിൻ. രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രതിപക്ഷം 2006ൽ അദ്ദേഹത്തിനെതിരെ പ്രക്ഷോഭം അഴിച്ചുവിട്ടു. തുടർന്നുണ്ടായ കുഴപ്പങ്ങൾക്കിടയിൽ  പട്ടാളം ഇടപെടുകയും തക്സിനെ പുറത്താക്കി അധികാരം പിടിച്ചെടുക്കുകയും ചെയ്തു.  

അദ്ദേഹത്തിന്റെ പാർട്ടി നിരോധിക്കപ്പെട്ടുവെങ്കിലും അതിന്റെ ചാരത്തിൽനിന്നു   ഫ്യു തായ് എന്ന മറ്റൊരു പാർട്ടി ഉയർന്നുവന്നു.  തുടർന്നു നടന്ന  എല്ലാ തിരഞ്ഞെടുപ്പുകളിലും അവർ ജയിക്കുകയും ചെയ്തു. തക്സിന്റെ ഇളയ സഹോദരിയായ യിങ്ലക്ക് ഷിനവത്ര 2011ൽ പ്രധാനമന്ത്രിയായതും ഫ്യു തായ് പാർട്ടിയെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ   തകർപ്പൻ വിജയത്തിലേക്കു നയിച്ചുകൊണ്ടായിരുന്നു. 

പക്ഷേ, മൂന്നു വർഷത്തിനകം അധികാര ദുർവിനിയോഗമെന്ന കുറ്റം ചുമത്തി  ഭരണഘടനാകോടതി അവരെ പുറത്താക്കി. പട്ടാളം വീണ്ടും അധികാരം പിടിച്ചടക്കുകയും ചെയ്തു.  സൈനിക വിപ്ളവങ്ങളുടെ കാര്യത്തിൽ മുൻപുതന്നെ കുപ്രസിദ്ധിനേടിയിരുന്ന തായ്​ലൻഡിൽ പട്ടാളം രാഷ്ട്രീയത്തിൽ ഇടപെടുന്നത് എട്ടു വർഷങ്ങൾക്കിടയിൽ അതു രണ്ടാം തവണയായിരുന്നു.

അധികാരത്തിൽനിന്നു പുറംതള്ളപ്പെട്ട ശേഷവും ഒട്ടേറെ കേസുകളെ നേരിടുകയായിരുന്നു യിങ്ലക്ക്. 2017 ഒാഗസ്റ്റിൽ അവർ രഹസ്യമായി നാടുവിടുകയും വിദേശത്ത് അഭയം പ്രാപിക്കുകയും ചെയ്തു. സഹോദരീ സഹോദരന്മാരായ രണ്ടു മുൻ പ്രധാനമന്ത്രിമാരും അങ്ങനെ രാജ്യത്തിനു പുറത്തായി. 

പട്ടാളത്തലവനായിരുന്ന ജനറൽ പ്രയുത് ചാൻ ഒാചയാണ് 2014മുതൽ തായ്​ലൻഡിലെ പ്രധാനമന്ത്രി. മാർച്ച് 24ലെ തിരഞ്ഞെടുപ്പിലൂടെ ആ പദവിയിൽ ഇനിയും തുടരാനുള്ള ശ്രമത്തിലുമാണ് പ്രയുത്. ഭാവിയിലും ഭരണ നിയന്ത്രണം പട്ടാളത്തിന്റെ കൈകളിൽതന്നെ നിലനിർത്തുന്ന ഒരു കരടുഭരണഘടന അദ്ദേഹം തയാറാക്കുകയും 2017ൽ ഹിതപരിശോധനയിലൂടെ അതിന് അംഗീകാരം നേടിയെടുക്കുകയുംചെയ്തു. ഹിതപരിശോധന ഒരു പ്രഹസനമായിരുന്നുവെന്നാണ് ആരോപണം. 

രണ്ടേകാൽ നൂറ്റാണ്ടു കാലത്തെ പാരമ്പര്യം അവകാശപ്പെടുന്ന ചാക്രി രാജവംശം ഇത്തരം ഉപജാപങ്ങൾക്കും കരുനീക്കങ്ങൾക്കുമെല്ലാം അതീതമായി നിലക്കൊളളുന്നു. പുതിയ രാജാവായ അറുപത്താറുകാരൻ മഹാവജിറ ലോങ്കോൺ  രാജ്യകാര്യങ്ങളിൽ അധികമൊന്നും തൽപരനല്ലെന്നും പറയപ്പെടുന്നു. 

പിതാവായ ഭൂമിബോൽ രാജാവിന്റെ മരണത്തെതുടർന്നു 2016 ൽ രാജപദവി ഏറ്റെടുക്കുന്നതിനുമുൻപ് അദ്ദേഹം അറിയപ്പെട്ടിരുന്നത്് വിദേശങ്ങളിൽ ചുറ്റിയടിക്കുന്ന ഒരു പ്ളേബോയ് ആയിട്ടായിരുന്നു. രണ്ടു വർഷം മുൻപ്തന്നെ അദ്ദേഹം രാജപദവി ഏറ്റുവെങ്കിലും കിരീടധാരണം ഇൗ വർഷം മേയിൽ സംഭവിക്കാനിരിക്കുന്നതേയുള്ളൂ. അതിനു മുൻപ് നടക്കുന്ന സുപ്രധാന സംഭവമാണ് തായ്​ലൻഡിന്റെ ഭാവി നിർണയിക്കുന്ന മാർച്ച് 24ലെ പാർലമെന്റ് തിരഞ്ഞെടുപ്പ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA