sections
MORE

ഭീകരരുടെ ഇഷ്ടനാടിനെതിരെ

HIGHLIGHTS
  • ജയഷ് അൽ ആദ്ൽ എന്ന സംഘടനയാണ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്
  • ഭീകരരെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നുവെന്നതിനു മറ്റൊരു ഉദാഹരമാണിത്
pulwama-terrorist-attack
പുൽവാമയിലെ ഭീകരാക്രമണം ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ പാക്കിസ്ഥാനെതിരെ രോഷാകുലരാക്കിയതു സ്വാഭാവികം. ഇതിനുമുൻപും പല തവണ നടന്ന ഇത്തരം ഹീന സംഭവങ്ങളുടെയെല്ലാം ഒാർമകളും അതോടൊപ്പം ചേർന്നു. പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന മുറവിളിയാണ് അതിനെ തുടർന്ന് ഉയർന്നുകൊണ്ടിരിക്കുന്നത്
SHARE

ഭീകരതയ്ക്കെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിൽക്കുന്ന കാലമാണിത്. അതിനിടയിലാണ് ഒരു രാജ്യം അയൽരാജ്യത്തിനെതിരായ ഭീകരാക്രമണങ്ങളെ പ്രോൽസാഹിപ്പിക്കുകയും ഭീകരസംഘങ്ങൾക്കു താവളങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയും ചെയ്തുവരുന്നത്. പാക്കിസ്ഥാന്റെ ഇൗ നികൃഷ്ട നയം ലോകത്തെ അമ്പരപ്പിക്കുന്നു. 

ഏഴു പതിറ്റാണ്ടുകാലമായി പാക്കിസ്ഥാൻ അനുവർത്തിച്ചുവരുന്ന ഇൗ നയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്  ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഫെബ്രുവരി 14) ജമ്മു-കശ്മീരിൽ ശ്രീനഗറിനടത്തു പുൽവാമയിലുണ്ടായ ഭീകരാക്രമണം. പാക്ക് അനുകൂല ജയ്ഷെ മുഹമ്മദ് ഭീകരസംഘം നടത്തിയ ചാവേർ 

ആക്രമണത്തിൽ നമ്മുടെ നാൽപ്പതോളം സിആർപി സൈനികർ വീരമൃത്യുയടയുകയും  മറ്റ് ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. സൈനികർ സഞ്ചരിച്ചിരുന്ന ബസ്സുകളുടെ വ്യൂഹത്തിനുനേരെയായിരുന്നു ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം ഒരു ബസ്സിൽ ചെന്നിടിക്കുകയായിരുന്നു. കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കിടിയിൽ നമ്മുടെ സുരക്ഷാ സൈനികർക്കെതിരെ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 

അതിന്റെ തലേന്നു ഇറാനിൽ 27 റവലൂഷനറി ഗാർഡ് സൈനികർ കൊല്ലപ്പെട്ടതും സമാനമായ ആക്രമണത്തിലാണ്.  തെക്കു കിഴക്കൻ ഇറാനിൽ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനികർ സഞ്ചരിക്കുകയായിരുന്ന ഒരു ബസ്സിൽ സ്്ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം ചെന്നിടിക്കുകയായിരുന്നു.

ജയഷ് അൽ ആദ്ൽ എന്ന സംഘടനയാണ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അവർക്കും പാക്കിസ്ഥാനിൽ താവളങ്ങളുണ്ടെന്നാണ് ആരോപണം. ആക്രമണത്തിൽ പാക്കിസ്ഥാനുളള പങ്കിനെ ഇറാൻ അപലപിച്ചിട്ടുമുണ്ട്. ഇത്തരം സംഭവങ്ങളും ആരോപണങ്ങളും ഇറാനിലും ആദ്യമല്ല.  

pulwama-terrorist-attack3

പുൽവാമയിലെ ഭീകരാക്രമണം ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ രോഷാകുലരാക്കിയതു സ്വാഭാവികം. ഇതിനുമുൻപും പല തവണ നടന്ന ഇത്തരം ഹീന സംഭവങ്ങളുടെയെല്ലാം ഒാർമകളും അതോടൊപ്പം ചേർന്നു. പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന മുറവിളിയാണ്  അതിനെ തുടർന്ന് ഉയർന്നുകൊണ്ടിരിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിലും അതു മാറ്റൊലിക്കൊണ്ടു. "ഭീകരസംഘടനകളോടും അവരെ സഹായിക്കുന്നവരോടും ഞാൻ പറയുകയാണ്- അവർക്കു ഭീമമായ തെറ്റുപറ്റി. ഇതിനവർ കനത്ത വില നൽകേണ്ടിവരും. രാജ്യത്തിനു ഞാൻ ഉറപ്പുനൽകുന്നു-ഇൗ ആക്രമണത്തിനു പിന്നിലുള്ള ശക്തികൾ, ഇൗ ആക്രമണത്തിനു പിന്നിലുളള കുറ്റവാളികൾ നിശ്ചയമായും അവരുടെ നടപടികൾക്കുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും.'' ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യപ്രസ്താവന. പിറ്റേന്നു ന്യൂഡൽഹിയിൽ ചേർന്ന സർവകക്ഷിയോഗം ഗവൺമെന്റിനു പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

അമേരിക്കയും റഷ്യയും ഉൾപ്പെടെ മിക്ക പ്രമുഖ രാജ്യങ്ങളും പുൽവാമ സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. പാക്കിസ്ഥാനും വിമർശിച്ചു. എങ്കിലും, സംഭവത്തിൽ തങ്ങൾക്കൊരു പങ്കുമില്ലെന്നു പറയാനും അവർ മടികാണിച്ചില്ല. 

പക്ഷേ, പാക്കിസ്ഥാൻ താവളമായി പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ് ഭീകരസംഘടന ആക്രമണത്തിന്റെ തൊട്ടുപിന്നാലെതന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് പാക്ക് നിഷേധത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. 2008 നവംബറിൽ 166 പേരുടെ മരണത്തിനിടയാക്കിയ  മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്ക്കറെ തയിബയും പ്രവർത്തിക്കുന്നതു പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ കേന്ദ്രീകരിച്ചാണ്.  

ജയ്്ഷ് തലവൻ മസൂദ് അസ്ഹറിനെപ്പോലെ ലഷ്ക്കർ തലവൻ ഹാഫിസ് സഇൗദും പാക്കിസ്ഥാനിൽ ഒരു തടസ്സവുമില്ലാതെ വിഹരിക്കുന്നു. സഇൗദ് രൂപംനൽകിയ ഒരു രാഷ്ട്രീയ കക്ഷി കഴിഞ്ഞ വർഷം ജൂലൈയിലെ പാക്ക് പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ശ്രമിക്കുകയുമുണ്ടായി.  

pulwama-terrorist-attack1

ജയ്ഷും ലഷ്ക്കറും പാക്കിസ്ഥാനിൽ തന്നെ നിരോധിക്കപ്പെട്ട സംഘടനകളാണെന്നത് അവരുടെ പ്രവർത്തനത്തിനു തടസ്സമാകുന്നില്ല. നിരോധനവും കേസുകളുമെല്ലാം രാജ്യാന്തര വിമർശനം ഭയന്നു പേരിനുമാത്രം ചുമത്തുന്നവയാണ്. ഫലപ്രദമായി നടപ്പാക്കപ്പെടുക പതിവില്ല. 

ഏതാണ്ട് 20 വർഷം മുൻപ്, മസൂദ് അസ്ഹർ ഇന്ത്യയിൽ ജയിലിലായിരുന്നു. അയാളുടെ അനുയായികൾ 1999ൽ ഒരു ഇന്ത്യൻ യാത്രാവിമാനം റാഞ്ചുകയും നൂറ്റമ്പതിലേറെ യാത്രക്കാരെയും വിമാനജോലിക്കാരെയും ബന്ധികളാക്കുകയും ചെയ്തു. അവരെ രക്ഷിക്കാനായി റാഞ്ചികൾ ആവശ്യപ്പെട്ടതനുസരിച്ച് അസ്ഹറിനെയും മറ്റു രണ്ടു ഭീകരരെയും വിട്ടയക്കാൻ ഇന്ത്യ നിർബന്ധിതമായി. താലിബാൻ ഭരണത്തിലായിരുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിൽ വച്ചായിരുന്നു ഇൗ കൈമാറ്റം. 

മോചിതനായി പാക്കിസ്ഥാനിൽ എത്തിയ ശേഷമാണ് അസ്ഹർ ഇന്ത്യയ്ക്കെതിരെ ഭീകരമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ തുടങ്ങിയത്. 2001 ൽ ആദ്യം ശ്രീനഗറിൽ ജമ്മു-കശ്മീർ നിയമസഭാ മന്ദിരത്തിനു നേരെയും പിന്നീടു ന്യുഡൽഹിയിൽ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെയുമുണ്ടായ ആക്രമണങ്ങൾ,  2016ൽ പഞ്ചാബിലെ പത്താൻ കോട്ടും കശ്മീരിലെ ഉറിയിലും സൈനിക താവളങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ എന്നിവ ഉദാഹരണം. പാക്ക് ചാരവിഭാഗത്തിന്റെ അറിവോ ഒത്താശയോ കൂടാതെ ഇതെല്ലാം സാധ്യമാകുമെന്ന് ആരും കരുതുന്നില്ല. 

അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ മൂന്നു തവണ യുഎൻ രക്ഷാസമിതിയെ സമീപിക്കുകയുണ്ടായി. അങ്ങനെ ചെയ്താൽ അയാൾക്കു കടിഞ്ഞാണിടാൻ പാക്കിസ്ഥാൻ നിർബന്ധിതമാകുമെന്ന പ്രതീക്ഷയിലായിരുന്നു അത്. പക്ഷേ, പാക്കിസ്ഥാനുവേണ്ടി ചൈന വീറ്റോ പ്രയോഗിച്ചതിനാൽ അതു സംബന്ധിച്ച പ്രമേയങ്ങൾ പാസ്സായില്ല. 

ഭീകരരെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നുവെന്നതിനു മറ്റൊരു ഉദാഹരമാണിത്. അതിനവർക്കു ചൈനയുടെ സഹായവും ലഭിക്കുന്നു. അത്രയും ദൃഢമാണ് ആ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം.പുൽവാമ ഭീകരാക്രമണം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തിനു കാരണമാകുമോ എന്നാണ് പലരും ആശങ്കപ്പെടുന്നത്. ഇരു രാജ്യങ്ങളുടെയും പക്കൽ ആണവായുധങ്ങൾ ഉള്ളതിനാൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയവുമില്ല. 

അതുകൊണ്ടുതന്നെ യുദ്ധം പൊട്ടിപ്പുറപ്പെടാൻ സാധ്യതയില്ലെന്ന് ആശ്വസിക്കുന്നവരുമുണ്ട്. എങ്കിലും, 2001ലെ പാർലമെന്റ് ആക്രമണണത്തെ തുടർന്ന്് ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നുവെന്ന വസ്തുത അവശേഷിക്കുന്നു. 

ഏതായാലും, പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുകയും പുൽവാമയിലേതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിനൊരു പക്ഷേ, സൈനിക തലത്തിൽതന്നെയുള്ള ശക്തമായ നടപടി ആവശ്യമായി വരികയും ചെയ്തേക്കാം. 

ഉറിയിലെ ഭീകരാക്രമണത്തെ തുടർന്നു പാക്ക് അധീന കശ്മീരിലെ  ഭീകര താവളങ്ങൾക്കുനേരെ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണം ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം സൈനിക നടപടികൾ പക്ഷേ, മുൻകൂട്ടി ചർച്ചചെയ്യപ്പെടാറില്ല. 

അടിക്കു തിരിച്ചടിയെന്ന നയം മറ്റൊരു രംഗത്തുകൂടി നടപ്പാക്കാം എന്നു പറയുന്നവരുണ്ട്. ജമ്മു-കശ്മീരിലെ വിഘടന വാദത്തെ പാക്കിസ്ഥാൻ പിന്തുണയ്ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിക്കു പാക്കിസ്ഥാനിൽ ബലൂചിസ്ഥാൻ, സിന്ധ് എന്നീ പ്രവശ്യകളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന സമാനമായ വാദങ്ങളെ ഇന്ത്യയും സഹായിക്കണമെന്ന്് അവർ നിർദേശിക്കുന്നു. 

രാജ്യാന്തരതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ മുന്നിൽ തുറന്നുകിടക്കുന്ന മറ്റൊരു മാർഗം. അതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. 2016ലെ ഉറി ആക്രമണത്തെ തുടർന്നുതന്നെ ദക്ഷിണേഷ്യയിൽ പാക്കിസ്ഥാൻ ഒറ്റപ്പെടാൻ തുടങ്ങിയിരുന്നു. 

One slap enough to unsettle Jaish chief, says his former Indian interrogator
മസൂദ് അസ്ഹർ

ആ വർഷം ഇസ്ലാമാബാദിൽ നടത്താൻ തീരുമാനിച്ചിരുന്ന ദക്ഷിണേഷ്യൻ മേഖലാ രാഷ്ട്ര സംഘടനയുടെ (സാർക്ക്) ഉച്ചകോടി ഇന്ത്യ ബഹിഷ്ക്കരിച്ചു. ബംഗ്ളദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മാലദ്വീപ്, ഭൂട്ടാൻ എന്നിവയും മാറിനിന്നു. 

വ്യാപാരരംഗത്ത് മുഖ്യ പരിഗണന അർഹിക്കുന്ന രാജ്യം എന്ന പദവി 1996 മുതൽ പാക്കിസ്ഥാന് ഇന്ത്യ നൽകിവരികയായിരുന്നു. സമാനമായ തീരുമാനം പിന്നീടു പാക്കിസ്ഥാനും സ്വീകരിച്ചിരുന്നുവെങ്കിലും അതു നടപ്പാക്കിയിരുന്നില്ല. എന്നിട്ടും പാക്കിസ്ഥാൻ ഇന്ത്യയുടെ നിലപാടിന്റെ പ്രയോജനം അനുഭവിച്ചുവന്നു. ആ പദവി ഇപ്പോൾ ഇന്ത്യ പിൻവലിച്ചിരിക്കുകയാണ്. പാക്കിസ്ഥാൻ കയറ്റിയയക്കുന്ന സാധനങ്ങൾക്കു ചുങ്കത്തിന്റെയും മറ്റും കാര്യത്തിൽ ഇന്ത്യയിൽ ലഭിച്ചിരുന്ന ഇളവ് ഇനി കിട്ടുകയില്ല. 

സാമ്പത്തികമായി കടുത്ത ഞെരുക്കത്തിലാണ് ഇപ്പോൾ പാക്കിസ്ഥാൻ. വിദേശനാണയ നിക്ഷേപം കുറഞ്ഞുകൊണ്ടിരിക്കുകയും വ്യാപാരക്കമ്മി കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം ഒാഗസ്റ്റിൽ ഭരണം ഏറ്റെടുത്ത പ്രധാനമന്ത്രി ഇമ്രാൻ ഖാന്്് ആദ്യത്തെ 100 ദിവസങ്ങൾക്കിടയിൽ തന്നെ ധനസഹായം തേടി വിദേശങ്ങളിലേക്കു യാത്ര പുറപ്പെടേണ്ടിവന്നു. 

സൗദി അറേബ്യയിൽനിന്നും യുഎഇയിൽനിന്നും ഉദാരമായ സഹായങ്ങൾ ലഭിച്ചു. എങ്കിലും പ്രതിസന്ധി തരണം ചെയ്യാൻ ഇനിയും ധാരാളം പണം വേണം. അതിനുവേണ്ടി  രാജ്യാന്തര നാണയ നിധിയെയും (എെഎംഎഫ്) സമീപിച്ചിരിക്കുകയാണ്. 

പക്ഷേ, എെഎംഎഫ് പണം നൽകണമെങ്കിൽ കർശനമായ നിബന്ധനകൾ പാലിക്കേണ്ടിവരും. എെഎംഎഫിൽ ഏറ്റവുമധികം സ്വാധീനമുള്ള അമേരിക്ക വല്ല കാരണത്താലും എത്തിർത്താലും പണം കിട്ടുകയില്ല. 

പുൽവാമ ഭീകരാക്രമണത്തെ ഏറ്റവും ശക്തമായി അപലപിച്ചത് അമേരിക്കയാണ്. ഭീകരരെ പാക്കിസ്ഥാൻ സഹായിക്കുന്നതിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഒന്നിലേറെ തവണ പരസ്യമായി വിമർശിക്കുകയുമുണ്ടായി. അത്തരമൊരു പ്രതിഛായയുമായാണ് പാക്കിസ്ഥാൻ ഇപ്പോൾ എെഎംഎഫിന്റെ മുന്നിൽ നിൽക്കുന്നത്. പാക്കിസ്ഥാനെ ഞെരുക്കാൻ ഇന്ത്യയുടെ മുന്നിൽ ഇവിടെയും ഒരു മാർഗം തുറന്നു കിടപ്പുണ്ടെന്നു പല നിരീക്ഷകരും കരുതുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA