ബ്രെക്സിറ്റ് ചുഴിയിൽ ബ്രിട്ടീഷ് പാർട്ടികളും

HIGHLIGHTS
  • ദ്വികക്ഷി സമ്പ്രദായത്തിനുനേരെ ഭീഷണി മുഴങ്ങുകയാണോ ?
  • ഇനി ബാക്കിയുള്ള ഒരുമാസത്തിനകം ആ ദൗത്യം പൂർത്തിയാക്കാനാകുമോ ?
brexit-and-theresa-may
ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയിൽനിന്നും ലേബർ പാർട്ടിയിൽ നിന്നും എംപിമാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരേ പ്രശ്നത്തെച്ചൊല്ലി ഒരു ഡസൻ പേർ ഒരേസമയത്ത് ഇരു കക്ഷികളിൽ നിന്നുമായി വിട്ടുപോകുന്നത് കഴിഞ്ഞ ഒരു തലമുറക്കാലത്തിനിടയിൽ ആദ്യം
SHARE

ബ്രെക്സിറ്റ് ദിനം അഥവാ യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പുറത്തുപോകുന്ന ദിവസം (മാർച്ച് 29) അടുത്തുവന്നുകൊണ്ടിരിക്കേ ബ്രിട്ടനിലെ രണ്ടു മുഖ്യ രാഷ്ട്രീയ കക്ഷികളിലും കലാപക്കൊടി ഉയർന്നിരിക്കുകയാണ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയെയും മുഖ്യ പ്രതിപക്ഷകക്ഷിയായ ലേബർ പാർട്ടിയെയും ഇത് ഒരുപോലെആശങ്കയിലാഴ്ത്തുന്നു. 

ഇൗ പാർട്ടികൾ പിളരാൻ തുടങ്ങുകയാണോ ? ബ്രിട്ടനിൽ തലമുറകളായി തുടർന്നുവരുന്ന ദ്വികക്ഷി സമ്പ്രദായത്തിനുനേരെ ഭീഷണി മുഴങ്ങുകയാണോ ? ഇങ്ങനെയുള്ള ചോദ്യങ്ങൾ സജീവമായി ചർച്ചചെയ്യപ്പെട്ടുവരുന്നു.  

ഇതോടൊപ്പം  മറ്റു ചില ചോദ്യങ്ങളും ഉയരുന്നുണ്ട് : ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മയായ 28 അംഗ യൂറോപ്യൻ യൂണിയൻ (ഇയു)വിട്ടശേഷം അതുമായുള്ള ബ്രിട്ടന്റെ ബന്ധം എങ്ങനെയായിരിക്കും ? അതു സംബന്ധിച്ച് ഇയുവുമായി  കരാറുണ്ടാക്കാനും അതിനു പാർമെന്റിന്റെ അംഗീകാരം  നേടിക്കൊടുക്കാനും രണ്ടര വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി തെരേസ മേയ്ക്ക് ഇനി ബാക്കിയുള്ള ഒരുമാസത്തിനകം ആ ദൗത്യം പൂർത്തിയാക്കാനാകുമോ ?  

ഇയുവുമായുള്ള ബ്രിട്ടന്റെ നാൽപ്പതു വർഷത്തെ ബന്ധം കരാറൊന്നുമില്ലാതെ തന്നെ  അവസാനിപ്പിക്കേണ്ടിവരുമോ എന്ന സംശയവും നിലവിലുണ്ട്. ഉഭയ സമ്മതപ്രകാരം തീയതി നീട്ടുന്നില്ലെങ്കിൽ സംഭവിക്കുന്നത് ഒരു പക്ഷേ അതായിരിക്കും. എങ്കിൽ, ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ബ്രിട്ടന് അനുഭവിക്കേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാമായിരിക്കുമെന്ന ആശങ്കയും അലയടിക്കുകയാണ്. 

ഇത്തരം ആശങ്കകളെ നേരിടുന്നതിൽ കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഒരുപോലെ പരാജയപ്പെടുകയാണെന്നാണ് പൊതുവിലുളള ആക്ഷേപം. ഇൗ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (്രെബഫുവരി 18) ലേബർ പാർട്ടിയിലെ ഏഴ് എംപിമാർ പാർട്ടി വിടുകയും ഇൻഡിപെൻഡന്റ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തത്്. 

പിറ്റേന്നു ലേബർ പാർട്ടിയിലെ തന്നെ മറ്റൊരു എംപിയും അവരോടൊപ്പം ചേർന്നു. ബുധനാഴ്ച കൺസർവേറ്റീവ് പാർട്ടിയിലെ മൂന്ന് എംപിമാരും അതേ മാർഗം പിന്തുടർന്നതോടെ ഇൻഡിപെൻഡന്റ് ഗ്രൂപ്പിലെ അംഗസംഖ്യ പതിനൊന്നായി. ഇവരിൽ ഏഴുപേർ സ്്്ത്രീകളാണ്. വെള്ളിയാഴ്ച ഒൻപതാമതൊരു എംപികൂടി ലേബർ പാർട്ടിവിട്ടുവെങ്കിലും ഇൻഡിപെൻഡന്റ് ഗ്രൂപ്പിൽ ചേർന്നിട്ടില്ല.

കൺസർവേറ്റീവ് പാർട്ടിയിലെ രണ്ടു മുൻ ക്യാബിനറ്റ് അംഗങ്ങൾ ഉൾപ്പെടെ നൂറോളംപേർ കൂടി രാജിവയ്്ക്കാൻ ഒരുങ്ങുകയാണെന്നും അഭ്യൂഹങ്ങളുണ്ട്്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ കൺസർവേറ്റീവ് പാർട്ടിക്ക് പാർലമെന്റിൽ അവരുടെ അംഗസംഖ്യയുടെ മൂന്നിലൊന്നു നഷ്ടപ്പെടും. 

UK
A pro-Brexit protester holds a banner as anti-Brexit protesters demonstrate outside the Houses of Parliament, ahead of a vote on Prime Minister Theresa May's Brexit deal, in London, Britain, January 15, 2019. Reuters

ഇരു കക്ഷികളിൽനിന്നുമായി രാജിവച്ച ആദ്യത്തെ പതിനൊന്നുപേരും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു) വിട്ടുപോകുന്നതിന് എതിരാണ്. വിട്ടുപോയതിനുശേഷമുള്ള ബന്ധത്തെപ്പറ്റി പാർലമെന്റിനു സ്വീകാര്യമായ വിധത്തിലുള്ള കരാർ ഇയുവുമായി ഉണ്ടാക്കാൻ പ്രധാനമന്ത്രി മേയ്ക്ക് ഇതുവരെ സാധ്യമായില്ലെന്നതിൽ ജനങ്ങൾക്കുള്ള ആശങ്കകളെയാണ് തങ്ങൾ പ്രതിനിധീകരിക്കുന്നതെന്ന് അവർ അവകാശപ്പെടുന്നു. 

താനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ തെരേസ മേയ് ഉണ്ടാക്കിയതിനേക്കാൾ മെച്ചപ്പെട്ട കരാർ ഉണ്ടാക്കുമായിരുന്നുവെന്നു  ലേബർ നേതാവ് ജെറമി കോർബിൻ പറയുന്നുണ്ടെങ്കിലും അതിനുവേണ്ടി വ്യക്തമായ നിർദേശങ്ങൾ  മുന്നോട്ടുവയ്ക്കാൻ ഇതുവരെ അദ്ദേഹത്തിനും ആയിട്ടില്ല. ലേബർ പാർട്ടിയിലെ വലിയൊരു വിഭാഗം ബ്രെക്സിറ്റിനെ എതിർക്കുമ്പോൾ കോർബിൻ അനുകൂലിക്കുന്നുവെന്ന വൈരുധ്യവുമുണ്ട്. 

ബ്രെക്സിറ്റ് കാര്യത്തിൽ പരസ്പര വിരുദ്ധമായ നിലപാടുകൾ വച്ചുപുലർത്തുകയും വിട്ടുവീഴ്ചയക്കു തയാറാവാതിരിക്കുകയും ചെയ്യുന്നവർ ഇരു പാർട്ടികളിലുമുണ്ടെന്നതാണ് വാസ്തവം. പ്രധാനമന്ത്രിയാകുന്നതിനു മുൻപ് മേയ് തന്നെ ബ്രെക്സിറ്റ് അനുകൂലിയായിരുന്നില്ല. എങ്കിലും, ഹിതപരിശോധനയിലൂടെ ജനങ്ങൾ നടത്തിയ വിധിയെഴുത്തു നടപ്പാക്കാനുള്ള ചുമതല പ്രധാനമന്ത്രിയെന്ന നിലയിൽ അവർക്ക് ഏറ്റെടുക്കേണ്ടിവന്നു. 

അതവർ സനിഷ്ക്കർഷം നിർവഹിച്ചുവരുന്നു. ്സ്വന്തം പാർട്ടിയിലെയും പ്രതിപക്ഷത്തെയും ബ്രെക്സിറ്റ് അനുകൂലികളെയും ബ്രെക്സിറ്റ് വിരുദ്ധരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ അവർക്കു കഴിയുന്നില്ലെന്നുമാത്രം. 

ബ്രിട്ടൻ ഇയുവിടണമെന്നു 2016 ജൂൺ 23ലെ ഹിതപരിശോധനയിൽ തീരുമാനമുണ്ടായതു വെറും നാലുശതമാനം വോട്ടിന്റെ (52-48) ഭൂരിപക്ഷത്തോടെയായിരുന്നു. വോട്ടർമാരിൽ 37 ശതമാനം മാത്രമേ ഹിതപരിശോധനയിൽ പങ്കെടുത്തിരുന്നുമുളളൂ. 

തീരുമാനത്തിന്റെ അനന്തര ഫലങ്ങളും തീരുമാനം നടപ്പാക്കുന്നതിൽ അടങ്ങിയ സങ്കീർണതകളും പലർക്കും മനസ്സിലാകാൻ തുടങ്ങിയതു പിന്നീടാണ്. അതിനാൽ അവർക്കു പുനർവിചനത്തിന് അവസരം നൽകാൻ രണ്ടാമതൊരു ഹിതപരിശോധന നടത്തണമെന്ന ആവശ്യവും ശക്തിപ്പെട്ടുവരുന്നു. അതിന്റെ വക്താക്കളുമാണ് രണ്ടു പ്രമുഖ കക്ഷികക്ഷികളിൽനിന്നും രാജിവച്ച പതിനൊന്ന് എംപിമാർ അടങ്ങിയ ഇൻഡിപെൻഡന്റ് ഗ്രൂപ്പ്. 

രാജി പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രസ്താവനകളിൽ മിക്ക എംപിമാരും  കോർബിൻ, മേയ് എന്നിവർക്കെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്. ബ്രെക്സിറ്റ് കാര്യത്തിൽ ഇവർ രണ്ടു പേർക്കും വ്യക്തമായ ദിശാബോധമില്ലെന്നും അവർ രാജ്യത്തെ അപകടത്തിൽ കൊണ്ടുചാടിക്കുമെന്നും എംപിമാർ കുറ്റപ്പെടുത്തുന്നു. ലേബർ പാർട്ടിയിൽ ജൂതവിരോധംവർധിക്കുകയാണെന്നും അതു തടയുന്നതിൽ കോർബിനു താൽപര്യമില്ലെന്നുമുള്ള ആരോപണവും ലേബർ എംപിമാരുടെ പ്രസ്താവനകളിലുണ്ട്. 

മേയെ സംബന്ധിച്ചിടത്തോളം പാർട്ടിയിലെ ആഭ്യന്തര കലാപം പുതിയ കാര്യമല്ല. ബ്രെക്സിറ്റ് പ്രശ്നത്തിൽ കൺസർവേറ്റീവ് പാർട്ടിയിലെ തർക്കങ്ങൾ പലതവണ പൊട്ടിത്തെറിക്കുകയുണ്ടായി. വിദേശമന്ത്രി ഉൾപ്പെടെ ചില മന്ത്രിമാർ രാജിവച്ചു.  പാർട്ടിയുടെ നേതൃത്വത്തിൽനിന്നു മേയെ പുറത്താക്കാനുളള നീക്കങ്ങളും നടന്നു. 

brexit

ബ്രെക്സിറ്റ് തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കളുമായി മേയ് ഉണ്ടാക്കിയ കരാർ കഴിഞ്ഞ മാസം പാർലമെന്റ് വൻഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞത് കൺസർവേറ്റീവ് പാർട്ടിയിലെ 118 അംഗങ്ങൾകൂടി അതിനെതിരെ വോട്ടുചെയ്തതു കൊണ്ടായിരുന്നു. ബ്രിട്ടീഷ് പാർലമെന്റ് ചരിത്രത്തിൽ മുൻപൊരു പ്രധാനമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത അത്രയും ഭീമമായ പരാജയമാണ് അങ്ങനെ മേയ്ക്കുണ്ടായത്. 

അതിനുശേഷം കരാറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താനായി ഇയു നേതാക്കളുമായി വീണ്ടും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് മേയ്. ഇയു നേതാക്കളെ കാണാൻ ഒാരോ തവണയും അവർക്കു ബെൽജിയത്തിലെ ബ്രസ്സൽസിലേക്കു പോകേണ്ടിവരുന്നു. അവിടെയാണ് ഇയു ആസ്ഥാനം.

പുതുക്കിയ കരാർ മാർച്ച് 29നകം ഉണ്ടാകാതിരിക്കുകയും ഉഭയസമ്മതപ്രകാരം തീയതി നീട്ടുകയും ചെയ്യുന്നില്ലെങ്കിൽ കരാർ ഇല്ലാതെതന്നെ ബ്രിട്ടൻ ഇയു വിടേണ്ടിവരും. ഭരണകക്ഷിയിലെ ചില ബ്രെക്സിറ്റ് വാദികൾ അതിനെയും സ്വാഗതംചെയ്യുന്നുണ്ട്്. 

എങ്കിലും, അങ്ങനെ സംഭവിക്കുകയാണെങ്കിൽ മേയുടെ ഗവൺമെന്റിന്റെ ഭാവി ഒരുപക്ഷേ വീണ്ടും അനിശ്ചിതത്വത്തിലാവും. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയാണെങ്കിൽ അതിനെ അതിജീവിക്കാൻ അവർക്കു കഴിഞ്ഞെന്നു വരില്ല.

കഴിഞ്ഞ മാസംതന്നെ  മേയ്ക്ക് അവിശ്വാസ പ്രമേയത്തെ നേരിടേണ്ടിവന്നിരുന്നു. ഇയുവുമായി പല തവണ ചർച്ചചെയ്ത ശേഷം അവരുണ്ടാക്കിയ ബ്രെക്സിറ്റ് കരാർ പാർലമെന്റ് വൻഭൂരിപക്ഷത്തോടെ തളളിക്കളഞ്ഞതിന്റെ തൊട്ടുപിന്നാലെയായിരുന്നു അത്. എന്നാൽ, കരാറിനെതിരെ വോട്ടുചെയ്ത കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ എംപിമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ല. 

കൺസർവേറ്റീവ് പാർട്ടിയിൽനിന്നും ലേബർ പാർട്ടിയിൽ നിന്നും എംപിമാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ,ഒരേ പ്രശ്നത്തെച്ചൊല്ലി ഇത്രയും പേർ ഒരേസമയത്ത് ഇരു കക്ഷികളിൽനിന്നും വിട്ടുപോകുന്നത് കഴിഞ്ഞ ഒരു തലമുറക്കാലത്തിനിടയിൽ ഇതാദ്യമാണത്രേ. 

brexit

അവരുണ്ടാക്കിയ ഇൻഡിപെൻഡന്റ് ഗ്രൂപ്പ്് ഒരു രാഷ്ട്രീയകക്ഷിയല്ല, സമാന നിലപാടുളളവരുടെ കൂട്ടായ്മ മാത്രമാണ്. എങ്കിലും, ഇതൊരു പുതിയ രാഷ്ട്രീയ കക്ഷിയുടെ ജനനത്തിന്റെ തുടക്കമാകാമെന്നു കരുതുന്നവരുണ്ട്്. ബ്രിട്ടനിൽ നടുനില രാഷ്ട്രീയം അപ്രത്യക്ഷമാവുകയാണെന്ന് ഇൻഡിപെൻഡന്റ് ഗ്രൂപ്പിലെ ചില അംഗങ്ങൾ പരാതിപ്പെട്ടത് ഇൗ പശ്ചാത്തലത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. 

കൺസർവേറ്റീവ് പാർട്ടിയിലെ ബ്രെക്സിറ്റ് കടുംപിടിത്തക്കാർ പാർട്ടിയെ കൂടുതൽ വലത്തോട്ടും കോർബിനും അനുയായികളും ലേബർ പാർട്ടിയെ കൂടുതൽ ഇടത്തോട്ടും പിടിച്ചുവലിക്കുന്നുവെന്നാണ് ആരോപണം. നടുനിലക്കാർക്ക് ഇതുകാരണം സ്ഥാനമില്ലാതായിത്തീരുന്നു. അതു വീണ്ടെടുക്കാൻ ശ്രമം നടക്കുകയാണെങ്കിൽ അതിലെ ഒരു നിർണായക ഘടകമായിരിക്കും ഒരു പക്ഷേ ഇൻഡിപെൻഡന്റ് ഗ്രൂപ്പ്. 

പതിനൊന്ന് അംഗങ്ങളുമായി ഇപ്പോൾതന്നെ അവർക്കു പാർലമെന്റിൽ നാലാം സ്ഥാനമുണ്ട്. മുപ്പതു വർഷമായി രംഗത്തുള്ള ലിബറൽ ഡമോക്രാറ്റ് പാർട്ടിക്കും ഇപ്പോഴുള്ളത് ഇതേ സ്ഥാനമാണ്.  തെരേസ മേയുടെ ന്യൂനപക്ഷ ഗവൺമെന്റിനെ താങ്ങിനിർത്തുന്ന പ്രാദേശിക കക്ഷിയായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്കുള്ളതിനേക്കാൾ ഒരു സീറ്റും ഇൻഡിപെൻഡന്റ് ഗ്രൂപ്പിനുണ്ട്. കൺസർവേറ്റീവ് പാർട്ടിയും ലേബറും കഴിഞ്ഞാൽ അടുത്ത സ്ഥാനത്തു നിൽക്കുന്നതും ഒരു പ്രാദേശിക കക്ഷിയാണ്-35 അംഗ സ്കോട്ടിഷ് നാഷനൽ പാർട്ടി.  

ഇൻഡിപെൻഡന്റ് ഗ്രൂപ്പ് ഒരു രാഷ്ട്രീയകക്ഷിയായി രൂപാന്തരപ്പെടാനുള്ള സാധ്യത കുറവാണെന്നു കരുതുന്നവരും നിരീക്ഷകർക്കിടയിലുണ്ട്. അതിലെ അംഗങ്ങളായ മുൻ ലേബർ-കൺസർവേറ്റീവ് എംപിമാർക്കിടയിയിൽ ബ്രെക്സിറ്റ് വിരോധത്തിനപ്പുറമുള്ള കാര്യങ്ങളിൽ അഭിപ്രായ എെക്യമുണ്ടോ എന്ന സംശയമാണ് അതിനു കാരണം.  അവർക്കൊരു നേതാവുണ്ടോയെന്നും വ്യക്തമല്ല. എങ്കിലും, രണ്ടു സുപ്രധാന മുഖ്യധാരാ കക്ഷികളിൽനിന്നുമായി ഒരു ഡസൻ എംപിമാർ ഒന്നിച്ചു രാജിവച്ചത് ഒരു ചരിത്ര സംഭവമാണ്. ബ്രിട്ടീഷ് രാഷ്ട്രീയരംഗത്തെ അതു പിടിച്ചുകുലുക്കിയെന്നതിൽ ആർക്കും സംശയമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ