sections
MORE

വിയറ്റ്നാമിൽനിന്ന് വെറുകൈയോടെ

HIGHLIGHTS
  • ട്രംപിന്റെ കണ്ണിൽ കിം മഹാനായ നേതാവ്, അസാമാന്യ വ്യക്തി, മിടുക്കൻ
  • ഉപരോധപ്രശ്നം കീറാമുട്ടി
Donald Trump
ബിസിനസുകാരൻ എന്ന നിലയിൽ വിജയകരമായ ഇടപാടുകൾ പലതും നടത്തി പേരെടുത്ത ആളാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുമുണ്ട്. ഉത്തര കൊറിയയുടെ കാര്യത്തിലും ആ വൈദഗ്ധ്യം പരീക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നുവത്രേ അദ്ദേഹം. പക്ഷേ,വിജയിച്ചില്ല
SHARE

എട്ടു മാസം മുൻപ് നടന്ന ആദ്യത്തെ യുഎസ്ഉത്തര കൊറിയ ഉച്ചകോടി അവസാനിച്ചത് അവ്യക്തവുംഅപൂർണവുമായ ഒരു കരാറിനു രൂപം നൽകിക്കൊണ്ടാണെങ്കിൽ ഇക്കഴിഞ്ഞ രണ്ടാം ഉച്ചകോടി സമാപിച്ചതു  കരാർതന്നെയില്ലാതെയാണ്. കാരണം, തർക്കപ്രശ്നങ്ങളിൽ ഒത്തുതീർപ്പുണ്ടാക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ഒരുപോലെ പരാജയപ്പെട്ടു. 

വിയറ്റ്നാം തലസ്ഥാനമായ ഹാനോയിൽ ഉച്ചകോടിയുടെ രണ്ടാം ദിവസം (്രെബഫുവരി 28, വ്യാഴാഴ്ച) കരാർ ഒപ്പിടൽ ചടങ്ങും ഇരുവരും പങ്കെടുക്കുന്ന വർക്കിങ് ലഞ്ചും  ഏർപ്പാടു ചെയ്തിരുന്നു. ഉത്തര കൊറിയയുടെ ആണവായുധ നിർമാണം, അതിനെതിരെയുള്ള ഉപരോധം എന്നീ കാര്യങ്ങളിൽ അതിനകം വ്യക്തമായ ഒത്തുതീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്്. രണ്ടു പരിപാടിയും പെട്ടെന്നു റദ്ദാക്കേണ്ടിവന്നു. നിശ്ചിത സമയത്തിനു മുൻപ്തന്നെ ട്രംപ് ഹാനോയ് വിടുകയുംചെയ്തു. വിമാനത്തിൽ ലോകത്തിന്റെ പകുതിയോളം ദൂരം താണ്ടി ട്രംപും രണ്ടര ദിവസം ട്രെയിനിലിരുന്നു 4000 കിലോമീറ്റർ യാത്രചെയ്തു കിമ്മും വിയറ്റ്നാം തലസ്ഥാനത്തെത്തിയതു വൃഥാവിലായി. 

ഇങ്ങനെ സംഭവിക്കാൻ എന്താണ് കാരണം ? ആദ്യം ട്രംപും പിന്നീട് ഉത്തര കൊറിയൻ വിദേശമന്ത്രി റി യോങ് ഹോയും ഹാനോയിൽവാർത്താസമ്മേളനങ്ങളിൽ നൽകിയ വിശദീകരണങ്ങൾ പരസ്പര വിരുദ്ധമാണ്. യോങ്ബ്യോണിലുള്ള ഉത്തര കൊറിയയുടെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും സുപ്രധാനവുമായ ആണവ ഗവേഷണപരീക്ഷണ നിലയം മാത്രംപൊളിച്ചുനീക്കാൻ കിം സന്നദ്ധത പ്രകടിപ്പിച്ചു. ആണവ, മിസൈൽ പരീക്ഷണങ്ങളെ തുടർന്ന് ഉത്തര കൊറിയയുടെ മേൽ ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും അതിനു പകരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെയായിരുന്നു ട്രംപ് നൽകിയ വിശദീകരണം. 

ഇൗ ആവശ്യം അമേരിക്കയ്ക്കു സമ്മതമല്ല. കാരണം, ആണവ ബോംബുകൾ നിർമിക്കാൻ ഉപകരിക്കുന്ന വേറെയും ആണവനിലയങ്ങൾ ഉത്തര കൊറിയയിലുണ്ടെന്നാണ് അമേരിക്കയ്ക്കു കിട്ടിയ വിവരം. അവയും പൊളിച്ചുനീക്കണം. അങ്ങനെ പരിപൂർണ ആണവ നിരായുധീകരണം നടപ്പാക്കണം. എങ്കിൽ മാത്രമേ ഉപരോധങ്ങൾ പൂർണമായിപിൻവലിക്കുകയുള്ളൂവെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിന്നു. 

ഉത്തര കൊറിയൻ വിദേശമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു : യോങ്ബ്യോൺ നിലയം പൊളിച്ചുനീക്കുന്നതിനു പകരമായി ഞങ്ങൾ ആവശ്യപ്പെട്ടത് ഉപരോധങ്ങൾ പൂർണമായി പിൻവലിക്കണമെന്നല്ല, ഭാഗികമായി പിൻവലിക്കണമെന്നാണ്. അതിനുപോലും ട്രംപ് വിസമ്മതിക്കുകയായിരുന്നു. രണ്ടു രാഷ്ട്രനേതാക്കൾ നേരിട്ടു നടത്തിയ ചർച്ചയിലെ ഒരു സുപ്രധാന കാര്യം സംബന്ധിച്ച് ഇങ്ങനെപരസ്പര വിരുദ്ധമായ വ്യാഖ്യാനങ്ങൾ ഉണ്ടായതുതന്നെഅൽഭുതമുളവാക്കുന്നു. ഉച്ചകോടിയുടെ നേരെയുള്ള ട്രംപിന്റെ സമീപനവും ആശയക്കുഴപ്പം ഉളവാക്കുന്ന വിധത്തിലായിരുന്നു. 

ഒത്തുതീർപ്പുണ്ടായിക്കാണാൻ തനിക്കു തിരക്കില്ലെന്നും കാത്തിരിക്കാൻ തയാറാണെന്നും ട്രംപ് പറയുകയുണ്ടായി. എങ്കിലും അദ്ദേഹം ഹാനോയിലെത്തിയതു പ്രതീക്ഷയോടെയാണ്. ഉത്തര കൊറിയയുടെ ആണവ ഭീഷണി അവസാനിപ്പിക്കാൻ തന്റെ മുൻഗാമികൾ  നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിടത്തു താൻ വിജയിക്കുന്നത് അദ്ദേഹം സ്വപ്നംകണ്ടു. ഒരുപക്ഷേ, നൊബേൽ സമാധാന സമ്മാനത്തെക്കുറിച്ചുള്ള സ്വപ്നവും അദ്ദേഹം വീണ്ടും കാണാൻ തുടങ്ങിയിരുന്നിരിക്കണം. 

കഴിഞ്ഞ 15 മാസങ്ങൾക്കിടയിൽ ഉത്തര കൊറിയ ആണവ, മിസൈൽ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടിലെന്നതും ഹാനോയ് ഉച്ചകോടിയെക്കുറിച്ചുള്ള ട്രംപിന്റെ പ്രതീക്ഷകൾക്ക് പിൻബലമേകുകയായിരുന്നു. അമേരിക്കയുമായി ഒത്തുതീർപ്പിലെത്തുകയും സമാധാനത്തിലാവുകയും ചെയ്താൽ ഉണ്ടാകാൻ പോകുന്ന പ്രയോജനങ്ങൾ വിയറ്റ്നാമിൽ കിമ്മിനു നേരിൽ കാണാനാകുമെന്നും അദ്ദേഹം പ്രതീക്ഷിച്ചുവത്രേ. 

trump-kim-summit

അതുകൊണ്ടുകൂടിയാണ് ഇൗ ഉച്ചകോടി വിയറ്റ്നാം തലസ്ഥാനത്തു നടത്താൻ ട്രംപ് മുൻകൈയെടുത്തതെന്നും പറയപ്പെടുന്നു. അമേരിക്കയുമായി വർഷങ്ങളോളം കടുത്ത യുദ്ധത്തിലായിരുന്നു വിയറ്റ്നാം. ഇപ്പോൾ സൗഹൃദത്തിലാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏകകക്ഷി ഭരണത്തിലാണെങ്കിലും വിയറ്റ്നാം സ്വതന്ത്ര വിപണിയിലും വിദേശനിക്ഷേപത്തിലും അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതി പിന്തുടർന്നുവരുന്നഴു. സാമ്പത്തികമായി അതിവേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നു. 

ആണവ ബോംബുകളും അവ ഘടിപ്പിക്കാവുന്ന മിസൈലുകളും നിർമിക്കുന്ന പരിപാടി പൂർണമായി ഉപേക്ഷിക്കുകയാണെങ്കിൽ അമേരിക്കയുടെയും മറ്റും സഹായത്തോടെ ഉത്തര കൊറിയയ്ക്കു മറ്റൊരു വിയറ്റ്നാമാകാമെന്നു ട്രംപ്തന്നെ പല തവണ പറയുകയുണ്ടായി. കിമ്മിനെ പ്രീണിപ്പിക്കാനുളള ശ്രമത്തിൽ അദ്ദേഹത്തെ മഹാനായ നേതാവ്, അസാമാന്യ വ്യക്തി, മിടുക്കൻ എന്നൊക്കെ വിശേഷിപ്പിക്കാനും അദ്ദേഹം മടിച്ചില്ല. ഉത്തര കൊറിയയിൽ നടന്നുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചൊന്നും ഉരിയാടിയുമില്ല. 

അമേരിക്കയുമായി ഒത്തുതീർപ്പുണ്ടാക്കാൻ കിമ്മിനും ആഗ്രഹമുണ്ടെന്നാണ് അനുമാനിക്കപ്പെട്ടിരുന്നത്. കാരണം, ആണവ, മിസൈൽ പരീക്ഷണങ്ങളെ തുടർന്നു യുഎൻ രക്ഷാസമിതി നടപ്പാക്കിയ ഉപരോധങ്ങൾ ഉത്തര കൊറിയയെ ഞെരുക്കുകയാണ്.  

2017 സെപ്റ്റംബറിനുശേഷം ആണവ പരീക്ഷണവും ആ വർഷം നവംബറിനുശേഷം മിസൈൽ പരീക്ഷണവും ഉത്തര കൊറിയ നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം ജൂണിൽ സിംഗപ്പൂരിൽ നടന്ന ആദ്യ ഉച്ചകോടിക്കുമുൻപ്തന്നെ ഒരു ആണവ നിലയംപൊളിച്ചുനീക്കിയതായി പ്രഖ്യാപിക്കുകയുമുണ്ടായി. 

സിംഗപ്പൂർ ഉച്ചകോടിയിലുണ്ടായ കരാർ അനുസരിച്ച് ആണവ നിരായുധീകരണത്തിനുള്ള നടപടികൾ കൈക്കൊണ്ടതായും ഉത്തര കൊറിയ അവകാശപ്പെടുകയായിരുന്നു. പ്രത്യുപകാരമെന്ന നിലയിൽ തങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കാൻ ബാധ്യതയുളള അമേരിക്ക അതിനു വിസമ്മതിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.  

ആണവ നിരായുധീകരണത്തിന്റെ നടപടിക്രമങ്ങളോ ഉപരോധം പിൻവലിക്കുന്നതിന്റെ രീതിയോ സിംഗപ്പൂരിൽ ചർച്ച ചെയ്തിരുന്നില്ല. പിന്നീട് ഇരുരാജ്യങ്ങളിലെയും മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചകളിൽ എന്താണുണ്ടായതെന്നു വ്യക്തവുമല്ല. എന്നിട്ടും കിമ്മുമായി നേരിട്ടു സംസാരിക്കുമ്പോൾ എല്ലാ പ്രശ്നവും തീരുമെന്ന പ്രതീക്ഷയിൽ തിരക്കിട്ടു രണ്ടാമതൊരു ഉച്ചകോടി നടത്താൻ ട്രംപ് മുൻകൈയെടുത്തു. തന്റെ പകുതിമാത്രം പ്രായമുള്ള ഉത്തര കൊറിയൻ ഏകാധിപതിയുമായുള്ള വ്യക്തിപരമായ ബന്ധം അത്രയും ഉൗഷ്മളമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. തങ്ങൾ തമ്മിലുള്ള കത്തിടപാടിനെ പ്രേമലേഖനങ്ങൾ എന്നുപോലും അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. 

സങ്കീർണമായ നയതന്ത്രപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്ന ജോലി  ആ രംഗത്തു വൈദഗ്ധ്യം നേടിയവർക്കു വിട്ടുകൊടുക്കുക, അതിനാവശ്യമായ ഉപദേശ നിർദേശങ്ങൾ അവർക്കു നൽകുകഇതാണ് രാഷ്ട്രനേതാക്കൾ സാധാരണ അവലംബിക്കുന്ന രീതി. എന്നാൽ, ഉത്തര കൊറിയയുടെ കാര്യത്തിൽ എല്ലാം നേരിട്ടുചെയ്യാൻ  ട്രംപ് വ്യഗ്രതകാട്ടിയത്രേ. 

സ്റ്റീഫൻ ബെയ്ഗൺ എന്ന നയതന്ത്രജ്ഞൻ ഏഴുമാസമായി ഉത്തര കൊറിയൻ കാര്യങ്ങൾക്കുള്ള ്അമേരിക്കയുടെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ചുവരികയായിരുന്നു. പക്ഷേ, ഹാനോയ് ഉച്ചകോടിയിൽ കിമ്മുമായി  സംസാരിക്കുമ്പോൾ  ട്രംപിനോടൊപ്പം ഉണ്ടായിരുന്ന യുഎസ് സംഘത്തിൽ ബെയ്ഗനു സ്ഥാനമുണ്ടായിരുന്നില്ല. ബിസിനസുകാരൻ എന്ന നിലയിൽ വിജയകരമായഇടപാടുകൾ പലതും നടത്തി പേരെടുത്ത ആളാണ്  ട്രംപ്. അതിനെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുമുണ്ട്. ആ വൈദഗ്ധ്യം നയതന്ത്രരംഗത്തും    പരീക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. പക്ഷേ, വിജയിച്ചില്ല. 

ഉജ്്ജ്വലമായ വിജയം മറ്റെന്നത്തേക്കാളും ട്രംപ് ആഗ്രഹിക്കുന്ന വേളയിലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഹാനോയ് ഉച്ചകോടിയുടെ ആദ്യദിവസമാണ് അമേരിക്കയിൽ കോൺഗ്രസ്സിന്റെ ഒരു സമിതിയുടെ മുൻപാകെ ട്രംപിനെ ഇടിച്ചുതാഴ്ത്തുന്ന വിധത്തിൽ അദ്ദേഹത്തിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ മൊഴിനൽകിയത്. 

ട്രംപിനുവേണ്ടി വിവാദപരമായ പലകാര്യങ്ങളും ചെയ്തുകൊടുത്തിരുന്ന ആളെന്ന കുപ്രസിദ്ധയും കോഹനുണ്ട്. ട്രംപ് വംശീയവാദിയും തട്ടിപ്പുകാരനും ചതിയനും കള്ളം പറയുന്നവനുമാണെന്നായിരുന്നു കോഹൻ നൽകിയ മൊഴിയുടെ ചുരുക്കം. അതു സംബന്ധിച്ച കോലാഹലങ്ങളാണ് ഇപ്പോൾ യുഎസ് മാധ്യമങ്ങളിൽ. ഹാനോയ് ഉച്ചകോടി വിജയിച്ചിരുന്നെങ്കിൽ ഇതിനെ  അനായാസം അഭിമുഖീകരിക്കാൻ ട്രംപിനു കഴിയുമായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA