ഇസ്രയേൽ, വീണ്ടും പുകയുന്ന അഴിമതിക്കേസുകൾ

HIGHLIGHTS
  • അടുത്തമാസം പാർലമെന്റ് തിരഞ്ഞെടുപ്പ്
  • മുൻസൈന്യാധിപനും സ്ഥാനാർഥി
benjamin-netanyahu-and-isreal-politics
അഴിമതിയാരോപണങ്ങൾ ശക്തമായി നിഷേധിക്കുകയാണ് നെതന്യാഹു. എല്ലാം ചീട്ടുകൊട്ടാരം പോലെ പൊളിയുമെന്ന് അദ്ദേഹം പരിഹസിക്കുകയും ഇടതുപക്ഷക്കാരും ചില മാധ്യമങ്ങളും കൂടി നടത്തുന്ന യക്ഷിവേട്ടയാണിതെന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു
SHARE

ഇസ്രയേലിന്റെ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂരിയൻ ആ രാജ്യത്ത്് ഏറ്റവും നീണ്ട കാലം അധികാരത്തിലിരുന്ന ഭരണാധിപനുമായിരുന്നു. 13 വർഷത്തെ ആ റെക്കോഡ് മറികടക്കാനുളള ശ്രമത്തിലാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പക്ഷേ, ഒരു പ്രശ്നം: അഴിമതിക്കേസുകൾ അദ്ദേഹത്തെ തുറിച്ചുനോക്കുന്നു. 

നാലു കേസുകളിൽ ഏതാനും വർഷങ്ങളായി അന്വേഷണം നടന്നുവരികയായിരുന്നു. ഇവയിൽ മൂന്നു കേസുകളിൽ അദ്ദേഹത്തിനെതിരെ ക്രിമിനൽ ചാർജ് ചുമത്താൻ താൻ ഉദ്ദേശിക്കുന്നുവെന്നാണ് അറ്റോർണി ജനറൽ അവിച്ചായ് മാൻഡൽബ്ളിറ്റ് ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഫെബ്രുവരി 28) അറിയിച്ചത്. 

എങ്കിലും, നെതന്യാഹുവിന് അഭിഭാഷകരുടെ സഹായത്തോടെ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകും. അതിനുശേഷമായിരിക്കും കുറ്റം ചുമത്തുന്നതു സംബന്ധിച്ച അന്തിമതീരുമാനം. അതിനെതിരെ അദ്ദേഹത്തിന് അപ്പീൽ നൽകാം. അതിൽ വിധിയുണ്ടാകുമ്പോൾ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞെന്നും വരും. 

ഇതെല്ലാം ഒൗപചാരിക നടപടികൾ മാത്രമാണെന്നും പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്താൻ അറ്റോർണി ജനറൽ ഒരുങ്ങിക്കഴിഞ്ഞുവെന്നുമാണ് പൊതുവിലുള്ള സംസാരം. ഇൗ പശ്ചാത്തലത്തിൽ നെതന്യാഹു രാജിവയ്ക്കണമെന്ന മുറവിളിയും ഉയരുകയാണ്. 

പുതിയ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇൗ സംഭവവികാസം. ഏപ്രിൽ ഒൻപതിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ മൂൻ കരസൈന്യാധിപൻ ജനറൽ ബെന്നി ഗാന്റ്സാണ് നെതന്യാഹുവിന്റെ മുഖ്യ എതിരാളി. 

ഇസ്രയേൽ രാഷ്ട്രീയത്തിലെ പുതുമുഖമായ അദ്ദേഹത്തെ തോൽപിച്ച് അഞ്ചാം തവണയും പ്രധാനമന്ത്രിയാകാൻ നെതന്യാഹുവിനു ഒട്ടും പ്രയാസമുണ്ടാവില്ലെന്നാണ് പൊതുവിൽ കരുതപ്പെട്ടിരുന്നത്. എന്നാൽ, അഴിമതിക്കേസുകൾ സംബന്ധിച്ച അറ്റോർണി ജനറലിന്റെ പ്രഖ്യാപനത്തോടെ കാറ്റുമാറി വീശാൻ തുടങ്ങി. അഭിപ്രായ വോട്ടുകളിൽ ഗാന്റ്സ് ആദ്യമായി നെതന്യാഹുവിന്റെ മുന്നിലെത്തി. 

നെതന്യാഹുവും ഭാര്യ സാറയും ധനികരായ സുഹൃത്തുക്കളിൽ നിന്നു വിലപിടിപ്പുള്ള പാരിതോഷികങ്ങളുടെ രൂപത്തിൽ കോഴ കൈപ്പറ്റിയെന്നാണ് ഒരു കേസ്. ഇതു കേസ് 1000 എന്നറിയപ്പെടുന്നു. ഹോളിവുഡ് സിനിമാ നിർമാതാവായ ഇസ്രയേൽ പൗരൻ ആർനൻ മിൽച്ചൻ, ഒാസ്ട്രേലിയക്കാരൻ ജെയിംസ് പാർക്കർ തുടങ്ങിയവരിൽനിന്നു മുന്തിയ തരം ചുരുട്ടുകൾ, ഷാംപെയിൻ, ആഭരണങ്ങൾ എന്നിവ കൈപ്പറ്റുകയും പ്രത്യുപകാരമായി അവിഹിത സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തുവത്രേ. 

രണ്ടു പ്രമുഖ പത്രങ്ങൾ തമ്മിലുളള സർക്കുലേഷൻ യുദ്ധവുമായി ബന്ധപ്പെട്ടതാണ് കേസ് 2000 എന്നറിയപ്പെടുന്ന രണ്ടാമത്തെ കേസ്. ഇസ്രയേൽ ഹയോം പത്രത്തിനെതിരെ യെദിയോത് അഹറനോത്ത് പത്രത്തെ സഹായിക്കാൻ നെതന്യാഹു അതിന്റെ ഉടമസ്ഥനുമായി രഹസ്യ ധാരണയുണ്ടാക്കിയത്രേ.  2014ലെ തിരഞ്ഞെടുപ്പിനുമുൻപ്് യെദിയോത് അഹറനോത്തിൽ അദ്ദേഹത്തിനു മികച്ച കവറേജ് ഉറപ്പാക്കാനായിയിരുന്നു ഇതെന്നും ആരോപിക്കപ്പെടുന്നു. 

കേസ് 4000 എന്നറിയപ്പെടുന്ന മൂന്നാമത്തെ കേസും മാധ്യമ പശ്ചാത്തലത്തിലുള്ളതാണ്. പ്രമുഖ കമ്യൂണിക്കേഷൻസ് സ്ഥാപനമായ ബാസെക്കിനെ ഗവൺമെന്റ് അവിഹിതമായി സഹായിച്ചുവെന്നാണ് ആരോപണം. 

അതിനു പകരമായി തങ്ങളുടെ  നിയന്ത്രണത്തിലുളള ന്യൂസ് സൈറ്റിൽ  ഗവൺമെന്റിനു ദോഷകരമായ വാർത്തകൾ കൊടുക്കാതിരിക്കാൻ ബാസെക്ക് സമ്മതിച്ചുവത്രേ. ഇതും കോഴയായി കരുതപ്പെടുന്നു. 

ഇതോടനുബന്ധിച്ച് ബാസെക്കിന്റെ മുഖ്യ ഒാഹരിയുടമയും നെതന്യാഹുവിന്റെ കുടുംബ സുഹൃത്തുമായ  ഷൗൾ ഇലോവിച്ച്,  ഭാര്യ, മകൻ, ബാസെക്കിന്റെ സിഇഒ സ്റ്റെല്ല ഹാൻഡ്ലർ,  കമ്യൂണിക്കേഷൻസ് വിഭാഗത്തിന്റെ മുൻ ഡയരക്ടർ ജനറൽ ഷ്ളോമോ ഫിൽബർ, മാധ്യമ ഉപദേഷ്ടാവ് നിർ ഹെഫെറ്റ്സ് എന്നിവർ അറസ്റ്റിലായി. 

രാജ്യസുരക്ഷയെ ബാധിക്കുന്ന സുപ്രധാന പ്രശ്നം അടങ്ങിയ മറ്റൊരു കേസിനെക്കുറിച്ചും (കേസ് 3000) അന്വേഷണം നടക്കുകയുണ്ടായി. ജർമനിയിലെ തൈസൻക്രപ്പ് കമ്പനിയിൽനിന്നു 200 കോടി ഡോളർ വിലയ്ക്കുളള ന്യൂക്ളിയർ മുങ്ങിക്കപ്പലുകൾ, ബോട്ടുകൾ എന്നിവ വാങ്ങാനുള്ള കരാറിൽ 100 കോടി ഡോളറിന്റെ അഴിമതി നടന്നുവെന്നാണ് ആരോപണം.  

ഇൗ ഇടപാടുകളിൽ നെതന്യാഹുവിനു പങ്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ഒഴിവാക്കി. എങ്കിലും അദ്ദേഹത്തിന്റെ ചീഫ് ഒാഫ് സ്റ്റാഫായിരുന്ന  ഡേവിഡ് ഷറനും പ്രതിരോധ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും അറസ്റ്റിലായി. 

നെതന്യാഹുവിനെതിരെ കുറ്റം ചുമത്തപ്പെട്ടശേഷം  അദ്ദേഹം കുറ്റക്കാരനാണെന്നു വിധിയുണ്ടാവുകയാണെങ്കിൽ പത്തു വർഷംവരെ തടവായിരിക്കും ശിക്ഷ. മറ്റൊരു അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി എഹുദ് ഒാൽമർട്ട് 16 മാസം തടവ്് അനുഭവിക്കുകയുണ്ടായി. മാനഭംഗക്കേസിൽ മുൻ പ്രസിഡന്റ് മോഷെ കാറ്റ്സെവ്  അഞ്ചു വർഷവും  ജയിലിൽ കിടന്നു.

ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയാണ് നെതന്യാഹു. എല്ലാം ചീട്ടുകൊട്ടാരം പോലെ പൊളിയുമെന്ന് അദ്ദേഹം പരിഹസിക്കുകയും ഇടതുപക്ഷക്കാരും ചില മാധ്യമങ്ങളുംകൂടി നടത്തുന്ന യക്ഷിവേട്ടയാണിതെന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു. 

Benjamin-Netanyahu-and-Trump
അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനുശേഷം അദ്ദേഹത്തിന്റെ പിന്തുണയോടെ നെതന്യാഹു കൂടുതൽ ശക്തനായി. ജറൂസലം നഗരത്തെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ വിജയം നേടി

തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ അറ്റോർണി ജനറൽ അഴിമതിക്കേസുകൾ വലിച്ചു പുറത്തിട്ടതിന്റെ സാംഗത്യം ചോദ്യം ചെയ്യാനും  നെതന്യാഹു മടിക്കുന്നില്ല. എന്നാൽ, മാൻഡൽബ്ളിറ്റിനെ അറ്റോർണി ജനറലായി നിയമിച്ചതു നെതന്യാഹുതന്നെയായിരുന്നു. അതിനു മുൻപ് നെതന്യാഹിന്റെ കീഴിൽ ക്യാബിനറ്റ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. 

നെതന്യാഹുവിനെക്കാൾ ശക്തനായ രാഷ്ട്രീയ നേതാവ് ഇസ്രയേലിൽ ഇപ്പോഴില്ലെന്നതാണ് വാസ്തവം. തനിക്കു നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളെയും ഇൗ അറുപത്തൊൻപതുകാരൻ  സമർഥമായി അതിജീവിക്കുകയായിരുന്നു. 

അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനുശേഷം അദ്ദേഹത്തിന്റെ പിന്തുണയോടെ നെതന്യാഹു കൂടുതൽ ശക്തനായി. ജറൂസലം നഗരത്തെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ വിജയം നേടി. 

റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിനുമായും സൗഹൃദം സ്ഥാപിക്കാനായി. രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ടു. ഇസ്രയേലിന് ഇത്രയും സുരക്ഷിതത്വം അനുഭവപ്പെട്ട നാളുകൾ മുൻപൊരിക്കലും ഉണ്ടായിരുന്നില്ലെന്നും നെതന്യാഹു അവകാശപ്പെടുന്നു. 

ഏപ്രിൽ ഒൻപതിലെ തിരഞ്ഞെടുപ്പിൽ ഇതെല്ലാം വോട്ടുകളായി മാറുന്നതു കാണാൻ കാത്തിരിക്കുകയായിരുന്നു നെതന്യാഹു. അഞ്ചാം തവണയും അദ്ദേഹം പ്രധാനമന്ത്രിയാവുകയും അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിൽ കൂടുതൽ വലതുചായ്വുള്ള പുതിയ കൂട്ടുമന്ത്രിസഭ അധികാരത്തിലെത്തുകയും ചെയ്യുമെന്നായിരുന്നു പ്രവചനങ്ങൾ. 

അദ്ദേഹത്തെ എങ്ങനെ ശക്തമായി ചെറുക്കാനാൻ കഴിയുമെന്നറിയാതെ കുഴങ്ങുകയായിരുന്നു പ്രതിപക്ഷം. അതിനിടയിലാണ് ബ്ളൂ ആൻഡ് വൈറ്റ് പാർട്ടിയെന്ന ഒരു പുതിയ കക്ഷി രൂപംകൊള്ളുകയും അതിന്റെ സ്ഥാനാർഥിയായി ജനറൽ ഗാന്റ്സ് (59) മുന്നോട്ടുവരികയും ചെയ്തത്. 

ഇസ്രയേലിൽ ഇതിനുമുൻപും മുൻ സൈന്യാധിപന്മാർ രാഷ്ട്രീയത്തിൽ ഇറങ്ങുകയും അവരിൽ രണ്ടുപേർ (യിത്സാക് റബീനും എഹുദ് ബറാക്കും-ഇരുവരും ലേബർ പാർട്ടിക്കാർ) പ്രധാനമന്ത്രിയാവുകയും ചെയ്യുകയുണ്ടായി. എന്നാൽ, അവരെപ്പോലെ ജനങ്ങൾക്കിടയിൽ ഇളക്കമുണ്ടാക്കാൻ ഗാന്റ്സിനായിരുന്നില്ല. 

ആ പശ്ചാത്തലത്തിലാണ് നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളുടെ നാടകീയ രംഗപ്രവേശം. നെതന്യാഹു രാജിവയ്ക്കണമെന്ന മുറവിളികൂടി ഉയർന്നതിനോടൊപ്പം അഭിപ്രായ വോട്ടുകളിൽ ഗാന്റ്സ് മുന്നിലെത്തുകയും ചെയ്തു. ഇതോടെ ഇസ്രയേൽ രാഷ്ട്രീയത്തിനു പെട്ടെന്നു ചൂടുപിടിച്ചക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA