sections
MORE

അറബ് വസന്തം അൽജീരിയയിൽ

HIGHLIGHTS
  • മൂന്നിലൊന്നു യുവാക്കൾ തൊഴിൽരഹിതർ
  • നേതാക്കളില്ലാത്ത പ്രക്ഷോഭം
protests-against-algerian-president-abdelaziz-bouteflika-s-ruling
(ചക്രക്കസേരയിൽ കഴിയുന്ന 82 വയസ്സുകാരനായ നേതാവ് അഞ്ചാംതവണയും പ്രസിഡന്റാകാൻ ഒരുങ്ങുന്നു. അതിനെതിരായ ജനരോഷമാണ് അൽജീരിയയിൽ അലയടിക്കുന്നത്)
SHARE

ഉത്തരാഫ്രിക്കയിലെ അൽജീരിയയിൽ ഇരുപതു വർഷമായി അധികാരത്തിലിരിക്കുകയാണ് എൺപത്തിരണ്ടുകാരനായ അബ്ദൽ അസീസ് ബൂതഫ്‌ലീക്ക. പക്ഷേ, 2013ൽ പക്ഷാഘാതം ഉണ്ടായതുമുതൽ ചക്രക്കസേരയിലാണ്.  

പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് അപൂർവം. അദ്ദേഹം സംസാരിക്കുന്നത് അടുത്തകാലത്തൊന്നും ജനങ്ങൾ കേട്ടിട്ടില്ല. ഏതാനും ആഴ്ചമുൻപ് മെഡിക്കൽ പരിശോധനയക്കായി സ്വിറ്റ്സർലൻഡിലെ ജനീവയിൽ പോയശേഷം ഇതുവരെ തിരിച്ചെത്തിയിട്ടുമില്ല.   

എന്നിട്ടും, അടുത്തമാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ മൽസരിക്കാനും  അഞ്ചാംതവണയും പ്രസിഡന്റാകാനും ഒരുങ്ങിയിരിക്കുകയാണ് ബൂതഫ്‌ലീക്ക. 

അൽജീരിയിലെ നാലുകോടിയിലേറെ ജനങ്ങളിൽ വലിയൊരു ഭാഗത്തിന് ഇത് ഉൾക്കൊളളാനാവുന്നില്ല. അവരുടെ പ്രതിഷേധവും രോഷവുമാണ് കഴിഞ്ഞ ചില ആഴ്ചകളായി രാജ്യമൊട്ടുക്കും അലയടിക്കുന്നത്. 

എട്ടു വർഷംമുൻപ് ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും കോളിളക്കം സൃഷ്ടിച്ച ജനകീയ പ്രക്ഷോഭത്തെ ഇത് ഒാർമിപ്പിക്കുന്നു. അറബ് വസന്തം എന്നു വിശേഷിപ്പിക്കപ്പെട്ട അത് ഇപ്പോൾ വൈകിയാണെങ്കിലും അൽജീരിയയിലും എത്തിയെന്നാണ് പലരും കരുതുന്നത്. 

Abdelaziz Bouteflika

അൽജീരിയയുമായി അതിർത്തി പങ്കിടുന്ന തുനീസിയയിലായിരുന്നു അറബ് വസന്തത്തിന്റെ തുടക്കം. അവിടെ സൈനൽ ആബിദീൻ ബിൻ അലിയുടെ 23 വർഷം നീണ്ടുനിന്ന ഏകാധിപത്യം2011 ജനുവരിയിൽ കടപുഴകിവീണു. തുടർന്ന് ഇൗജിപ്തിൽ ഹുസ്നി മുബാറക്കിന്റെയും (30 വർഷം) ലിബിയയിൽ മുഅമ്മർ ഗദ്ദാഫിയുടെയും (42 വർഷം) യെമനിൽ അലി അബ്ദുല്ല സാലിഹിന്റെയും (33 വർഷം) ദുർഭരണം അവസാനിച്ചു.  

പക്ഷേ, ഇവരുമായി താരതമ്യം ചെയ്യാവുന്ന ഒരു ദുഷ്ടകഥാപാത്രമല്ല ബൂതഫ്‌ലീക്ക. സന്നിഗ്ദ്ധ ഘട്ടങ്ങളിൽ അൽജീരിയക്കു ഫലപ്രദമായ നേതൃത്വം നൽകിയ ചരിത്രവും അദ്ദേഹത്തിനുണ്ട്. എണ്ണയും ഗ്യാസും വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് അദ്ദേഹം നടപ്പാക്കിക്കൊണ്ടിരുന്ന പരിപാടികളിൽ ജനങ്ങൾ ഏറെക്കുറെ സന്തുഷ്ടരുമായിരുന്നു. 

മൂന്നാമൂഴം 2014ൽ പൂർത്തിയായാൽ പിന്നീടു താൻ മൽസരിക്കില്ലെന്ന് അദ്ദേഹം നൽകിയ ഉറപ്പ് ജനങ്ങൾ വിശ്വസിച്ചു. അതിനാൽ 2011ലെ അറബ് വസന്തം അൽജീരിയയെ കാര്യമായി ബാധിക്കാതെ കടന്നുപോയതിൽ അധികമാർക്കും അൽഭുതമുണ്ടായിരുന്നില്ല.  

എന്നാൽ, 2014 മുതൽ എണ്ണവിലയിടിഞ്ഞതോടെ അൽജീരിയ സാമ്പത്തിക പ്രയാസത്തിലാകാൻ തുടങ്ങി. ക്ഷേമപദ്ധതികൾ പലതും അപ്രത്യക്ഷമായി. ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന, മുപ്പതിനു താഴെയുളള യുവാക്കൾക്കിടയിൽ മൂന്നിലൊന്നു പേർക്കു തൊഴിലില്ല. അഴിമതി വ്യാപകമായി.  രാജ്യത്തെ ഉചിതമായ വിധത്തിൽ നയിക്കുന്നതിൽനിന്നു വാർധക്യവും രോഗവും ബൂതഫ്‌ലീക്കയെ തടയുകയാണെന്ന വസ്തുതയും ജനങ്ങളെ  അസ്വസ്ഥരാക്കി.

അതിനിടയിലായിരുന്നു  ഏപ്രിൽ 18ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും മൽസരിക്കുമെന്ന പ്രഖ്യാപനം. തലേവർഷമുണ്ടായ പക്ഷാഘാതം കാരണം 2014ലെ തിരഞ്ഞെടുപ്പിൽതന്നെ  അദ്ദേഹം മൽസരിച്ചതു പ്രചാരണത്തിനുവേണ്ടി നേരിട്ടു രംഗത്തിറങ്ങാതെയാണ്. ഇത്തവണ സ്ഥാനാർഥിത്വം നേരിട്ടു പ്രഖ്യാപിക്കാൻപോലും അദ്ദേഹത്തിനായില്ല. 

ബൂതഫ്‌ലീക്കയാണ് സ്ഥാനാർഥിയെന്നു ഫെബ്രുവരി പത്തിനു ഭരണകക്ഷി ഒരു പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം മെഡിക്കൽ പരിശോധനയ്ക്കായി അദ്ദേഹം ജനീവയിലേക്കു പോവുകയും ചെയ്തു. 

അതോടെ തുടങ്ങിയതാണ് ആയിരങ്ങളുടെ പ്രതിഷേധ പ്രകടനങ്ങൾ. സാമൂഹിക മാധ്യമങ്ങളിലൂടെ വിവരമറഞ്ഞ് ആളുകൾ കൂട്ടത്തോടെ തെരുവിലിറങ്ങി. പ്രകടനക്കാർക്കു നേതാക്കളില്ല. അറബ് വസന്തത്തിലെ സമരങ്ങളുടെയും സ്ഥിതി ഇതുതന്നെയായിരുന്നു.

algeria-people-protest1

തലസ്ഥാന നഗരമായ അൽജിയേഴ്സിൽ പ്രകടനങ്ങൾക്കു നിരോധനമുണ്ടെങ്കിലും ജനങ്ങൾ അതവഗണിക്കുന്നു. മറ്റ് ഒട്ടേറെ നഗരങ്ങളിലും പ്രക്ഷോഭം പടർന്നു. വിദ്യാർഥികളോടൊപ്പം അഭിഭാഷകരും അധ്യാപകരും തൊഴിലാളികളും ചേർന്നു. 

ഇതു സംബന്ധിച്ച വാർത്തകൾക്കു ഗവൺമെന്റ് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകരും തെരുവിലിറങ്ങി. അൽജീരിയക്കാർ ധാരാളമുള്ള ഫ്രാൻസിലെ ചില നഗരങ്ങളിലും ജനീവയിൽ ബൂതഫ്‌ലീക്ക കഴിയുന്ന ആശുപത്രിക്കുമുന്നിലും പ്രകടനങ്ങളുണ്ടായി. 

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു (മാർച്ച് മൂന്ന്) പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതിനകം ഭരണകക്ഷി ബുതഫ്ലീക്കയുടെ സ്ഥാനാർഥിത്വം പിൻവലിക്കുകയും ഒരു പകരക്കാരനെ കണ്ടെത്തുകയും ചെയ്യുമെന്നു കരുതിയവർ നിരാശരായി. അദ്ദേഹത്തിനുവേണ്ടിതന്നെ പത്രിക സമർപ്പിക്കപ്പെട്ടു. അതിനുവേണ്ടി സ്ഥാനാർഥി നേരിട്ടു ഹാജരാകണമെന്ന നിയമം പാലിക്കപ്പെട്ടതുമില്ല.   

തനിക്കെതിരെ നടന്നുവരുന്ന പ്രക്ഷോഭത്തോടു ബൂതഫ്‌ലീക്ക ആദ്യമായി പ്രതികരിച്ചതും ഇൗ ഘട്ടത്തിലാണ്. പക്ഷേ, അപ്പോഴും അദ്ദേഹം ജനങ്ങളോടു നേരിട്ടുസംസാരിച്ചില്ല. അദ്ദേഹത്തിന്റെ കത്തു ടിവിയിൽ ഒരുദ്യോഗസ്ഥൻ വായിക്കുകയായിരുന്നു.

ഇത്തവണ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഒരു വർഷത്തിലധികം അധികാരത്തിൽ തുടരില്ല,അതിനിടയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തും, ജനജീവിതം മെച്ചപ്പെടുത്താനുള്ള പരിപാടികൾ നടപ്പാക്കും, അതിനു സഹായകമായ പുതിയ ഭരണഘടന ഉണ്ടാക്കാനായി ഹിതപരിശോധന നടത്തും-ഇങ്ങനെയുള്ള വാഗ്ദാനങ്ങളായിരുന്നു കത്തിൽ. 

പക്ഷേ, ജനങ്ങൾ ഒട്ടും തൃപ്തരായില്ല. പൂർവാധികം ശക്തമായി സമരം തുടരാൻതന്നെയാണ് അവരുടെ തീരുമാനം. 

എന്തുകൊണ്ട് ബൂതഫ്‌ലീക്ക മാറിനിൽക്കുകയും ഭരണകക്ഷിയിൽനിന്നുതന്നെയുള്ള മറ്റൊരാൾ സ്ഥാനാർഥിയാവുകയും ചെയ്യുന്നില്ല ? അവർക്കിടയിൽ എെക്യമില്ലെന്നതാണ് ഇൗ ചോദ്യത്തിനു കിട്ടുന്ന ഉത്തരം. 

ഭരണകക്ഷിയായ ദേശീയ വിമോചന മുന്നണി (എഫ്എൽഎൻ) തനിച്ചല്ല തീരുമാനമെടുക്കുന്നതെന്നും പട്ടാളനേതൃത്വവും ഇന്റലിജൻസ് വിഭാഗവുംശക്തരായ ചില ബിസിനസ് പ്രമാണിമാരും അവരിൽ അവിഹിതമായ സ്വാധീനം ചെലുത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 

Abdelaziz Bouteflika-1

ബൂതഫ്‌ലീക്കയുടെ ഇളയ സഹോദരൻ സയിദ്, പട്ടാളത്തലവൻ ജനറൽ അഹമദ് ഗൈദ് സലാഹ് എന്നിവർക്ക് ഇക്കൂട്ടത്തിൽ പ്രമുഖ സ്ഥാനമുണ്ടെന്നതും രഹസ്യമല്ല. പ്രസിഡന്റിന്റെ ഉപദേഷ്ടാവ് കൂടിയാണ് അറുപത്തൊന്നുകാരനായ സയിദ്. കഴിഞ്ഞ ചില വർഷങ്ങളിലെപ്പോലെ ഇനിയും ബൂതഫ്‌ലീക്കയെമുന്നിൽ നിർത്തി പിന്നിൽനിന്നു ചരടുവലി തുടരാനുള്ള വ്യഗ്രതയിലാണത്രേ അവർ.  

ബൂതഫ്‌ലീക്കയുടെ ഇൗ അവസ്ഥയിൽ സഹതപിക്കുന്നവരുമുണ്ട്. സ്വതന്ത്ര അൽജീരിയയുടെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ ആളുകളിൽ ഒരാളാണദ്ദേഹം. ഫ്രാൻസിൽനിന്നു അൽജീരിയക്കു സ്വാതന്ത്ര്യം നേടിക്കൊടുത്ത സായുധ സമരത്തിൽ പങ്കാളിയായിരുന്നു. ഇരുപത്താറാം വയസ്സിൽ വിദേശമന്ത്രിയായി. 

രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് 1999ൽ ആദ്യമായി  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അതിനുമുൻപുള്ള ഒരു ദശകക്കാലം ആഭ്യന്തര കലാപമായിരുന്നു. ഒന്നര ലക്ഷം പേർ കൊല്ലപ്പെടുകയും ഒട്ടേറെപേരെ കാണാതാവുകയുംചെയ്തു. 

തുടർന്നുള്ള വർഷങ്ങളിൽ അൽജീരിയയിൽ സമാധാനം പുനസ്ഥാപിക്കുകയും രാജ്യത്തെ സാമ്പത്തിക പുരോഗതിലേക്കു നയിക്കുകയും ചെയ്യുന്നതിൽ ബൂതഫ്‌ലീക്ക മുഖ്യപങ്ക് വഹിച്ചു. തിരഞ്ഞെടുപ്പുകളിൽ അനായാസ വിജയംനേടി. 

അവസാനത്തെ തിരഞ്ഞെടുപ്പുകൾ വെറും പ്രഹസനങ്ങളായിരുന്നുവെന്ന ആരോപണവുമുണ്ട്.അടുത്ത തിരഞ്ഞെടുപ്പും വ്യത്യസ്തമാകില്ലെന്നാണ്പൊതുവിലുളള ഭയം. 

തിരഞ്ഞെടുപ്പ് തീയതി അടുത്തുവരുന്തോറും അൽജീരിയയിലെ സ്ഥിതിഗതികൾ ഗുരുതരമാവുകയാണ്. പ്രക്ഷോഭം അക്രമാസക്തമാവുകയും അതിനെ അടിച്ചമർത്താൻ ഗവൺമെന്റ് ശ്രമിക്കുകയും ചെയ്താൽ എന്തു സംഭവിക്കുമെന്ന ചിന്തയും ഭീതി ജനിപ്പിക്കുന്നു. 1991ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതും ഒരു തിരഞ്ഞെടുപ്പിനെച്ചൊല്ലിയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA