എവിടെപ്പോയി ആ വിമാനം ?

HIGHLIGHTS
  • മലേഷ്യൻ വിമാനം കാണാതായിട്ട് അഞ്ചുവർഷം
  • ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കി
five-years-on-malaysian-airlines-mh370-still-remains-a-mystery
വിമാനത്തിലുണ്ടായിരുന്ന ഒരു വ്യക്തി അല്ലെങ്കിൽ വ്യക്തികൾ അല്ലെങ്കിൽ എന്തോ സാധനം ബെയ്ജിങ്ങിൽ എത്തുന്നതു തടയുകയായിരുന്നുവത്രേ റാഞ്ചികളുടെ ലക്ഷ്യം. അതിലവർ വിജയിച്ചു. പക്ഷേ, കഥ അവിടെ അവസാനിക്കുന്നില്ല)
SHARE

അഞ്ചുവർഷം മുൻപ് ഇൗ ദിനങ്ങളിൽ ലോകം ഉൽക്കണ്ഠയുടെയും ഉദ്വേഗത്തിന്റെയും മുൻമുനകളിലായിരുന്നു. വിമാനയാത്രക്കാരും വ്യോമഗതാഗതവുമായി  ബന്ധപ്പെട്ടവരും അമ്പരക്കുകയും അസ്വസ്ഥരാവുകയും ചെയ്തു. 239 പേരുമായി പറക്കുന്നതിനിടയിൽ കാണാതായ മലേഷ്യൻ വിമാനത്തിന് എന്തു സംഭവിച്ചുവെന്ന ചോദ്യമായിരുന്നു എല്ലാവരുടെയും മനസ്സിൽ. 

ആധുനിക കാലഘട്ടത്തിൽ വിമാനയാത്ര താരതമ്യേന ഏറെ സുരക്ഷിതമാണെങ്കിലും അപകടങ്ങൾ ഇപ്പോഴും അപൂർവമല്ല. ഇക്കഴിഞ്ഞ ചില മാസങ്ങളിൽതന്നെ ഒരേ തരത്തിലുള്ള രണ്ടു വിമാനങ്ങൾ ഒരേ വിധത്തിൽ തകരുകയും  മൊത്തം 346 പേർ മരിക്കുകയുംചെയ്തതു വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. 

മലേഷ്യൻ എയർലൈൻസിന്റെ ബോയിങ് 777 വിമാനത്തിനു 2014 മാർച്ച് എട്ടിനു സംഭവിച്ചത് ഇത്തരമൊരു ദുരന്തമായിരുന്നില്ല. മലേഷ്യയിലെ ക്വാലലംപൂരിൽനിന്നു ചൈനയിലെ ബെയ്ജിങ്ങിലേക്കുപുറപ്പെട്ട വിമാനം യാത്രയ്ക്കിടയിൽ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 

തകർന്നുവീണതാണോ ? എങ്കിൽ എങ്ങനെ ? എവിടെവച്ച് ? ആരെങ്കിലും റാഞ്ചിയതാണോ ? എങ്കിൽ ആര്്് ? എന്തിനുവേണ്ടി ? വിമാനത്തിലുണ്ടായിരുന്ന 227 യാത്രക്കാർക്കും രണ്ടു പൈലറ്റുമാർ ഉൾപ്പെടെയുളള 12 ജോലിക്കാർക്കും  എന്തുസംഭവിച്ചു ? വിമാനം തകർന്നുവീണതാണെങ്കിൽ അതിന്റെ അവശിഷ്ടങ്ങൾ എവിടെ ? ഇത്തരം ചോദ്യങ്ങൾക്കൊന്നും അഞ്ചുവർഷങ്ങൾക്കുശേഷവും ഉത്തരമില്ല. 

സംഭവം നടക്കുമ്പോൾ മലേഷ്യയിൽ അധികാരത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി നജീബ് റസാഖിന്റെ ഗവൺമെന്റ് സത്യം കണ്ടെത്തുന്നതിൽ വേണ്ടത്ര ഉൽസാഹം കാണിച്ചില്ലെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ പത്തു മാസമായി മലേഷ്യ ഭരിക്കുന്നതു ഡോ. മഹാതിർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റാണ്. 

mh370-malasian-airlines

നിർത്തിവച്ച തിരച്ചിലും അന്വേഷണവും പുനരാംഭിക്കണമെന്നു യാത്രക്കാരുടെ കുടുംബങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വസനീയമായ വിവരങ്ങൾ കിട്ടുകയാണെങ്കിൽ അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയുമാണ്.    

പതിനഞ്ചു രാജ്യങ്ങളിൽ നിന്നുളള യാത്രക്കാരിൽ അധികവും (153) ചൈനക്കാരായിരുന്നു. 38 മലേഷ്യക്കാരും അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നു. 

ബെയ്ജിങ്ങിലേക്കുള്ള ആറു മണിക്കൂർ യാത്രയ്ക്കായി പ്രാദേശിക സമയം പുലർച്ചെ  12. 41 നു വിമാനം (ഫ്ളൈറ്റ് എംഎച്ച് 370) പുറപ്പെട്ടു. മുക്കാൽ മണിക്കൂറിനകം  എയർ ട്രാഫിക്് സംവിധാനവുമായുള്ള അതിന്റെ ബന്ധം അറ്റുപോവുകയും റഡാർ സ്ക്രീനുകളിൽ നിന്ന് അത് അപ്രത്യക്ഷമാവുകയും ചെയ്തു. 

എന്തെങ്കിലും പ്രശ്നമുണ്ടെന്ന സൂചനകളൊന്നും കൺട്രോൾ കേന്ദ്രങ്ങളിൽ ലഭിച്ചിരുന്നില്ല. കാലാവസ്ഥ പൊതുവിൽ ശാന്തവുമായിരുന്നു.

പിന്നീട് ഒരു മണിക്കൂറിനുശേഷം വിമാനം പെട്ടെന്നു ദിശമാറി പറക്കുന്നതു ഉപഗ്രഹ ക്യാമറകളിൽ പതിഞ്ഞു. വടക്കു കിഴക്കുള്ള ബെയ്ജിങ്ങിന്റെ ഭാഗത്തേക്കു പോകാതെ തെക്കു പടിഞ്ഞാറു മലേഷ്യൻ അർധദ്വീപിന്റെ ഭാഗത്തേക്കു തിരിഞ്ഞു. പിന്നീട് വടക്കു പടിഞ്ഞാറു ഭാഗത്തേക്കു മാറി മലാക്ക കടലിടുക്കിനു മുകളിലൂടെ മുന്നോട്ടു പോവുകയും ചെയ്തു. ഒടുവിൽ വിമാനം അതിവേഗത്തിൽ താഴേക്കു കുതിക്കുന്നതും ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടു. 

ഇന്ത്യാസമുദ്രത്തിനു മുകളിൽവച്ച് വിമാനം റാഞ്ചപ്പെട്ടുവെന്നും തുടർന്നുള്ള പിടിവലിയിൽ തകർന്നുവെന്നും സംശയമുണ്ടാകാൻ ഇതു കാരണമായി. ഇറാൻകാരായ രണ്ടു യാത്രക്കാരുടെ പാസ്പോർട്ടുകൾ വ്യാജമാണെന്ന വിവരം ഇൗ സംശയത്തിനു പിൻബലം നൽകുകയും ചെയ്തു. 

എന്നാൽ, അവർ കുഴപ്പക്കാരല്ലെന്നും യൂറോപ്പിൽ അഭയംതേടാനുളള യാത്രയിലായിരുന്നുവെന്നുമാണ് പിന്നീടു വ്യക്തമായത്.

ahammed-sha
അഹമദ് ഷാ

പൈലറ്റുമാരിൽ ഒരാൾ സ്വയം ജീവനൊടുക്കാനുള്ള ശ്രമത്തിൽ മനപൂർവം വിമാനം തകർത്തുവെന്നായിരുന്നു മറ്റൊരു സംശയം. മുഖ്യ വൈമാനികനായ സഹാരി അഹമദ് ഷായുടെ വസതിയിലെ സിമുലേറ്റർ പരിശോധിച്ചപ്പോൾ വിമാനം ദിശമാറിപ്പറക്കുന്ന തരത്തിലുള്ള അഭ്യാസം അയാളുടെ മനസ്സിലുണ്ടായിരുന്നുവെന്ന സൂചന ലഭിക്കുകയും ചെയ്തു.  

വിമാനം കാണാതാകുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു മലേഷ്യയിലെ മുൻ ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഒരു കേസിൽ അഞ്ചുവർഷം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി. പൈലറ്റ് ഷാ അദ്ദേഹത്തിന്റെ ആരാധകനായിരുന്നുവെന്നും കോടതിവിധിയറിഞ്ഞ് അസ്വസ്ഥനായെന്നും അതയാളെ ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നുമായിരുന്നു മറ്റൊരു അഭ്യൂഹം.  

വിമാനം തകർത്ത്് പൈലറ്റ് ആത്മഹത്യചെയ്യുന്നത് അവിശ്വസനീയമാണെങ്കിലും അസംഭവ്യമല്ല. അത്തരം എട്ടു സംഭവങ്ങൾക്കു കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾസാക്ഷ്യം വഹിക്കുകയുണ്ടായി. ഏറ്റവും ഒടുവിൽ, 1999ൽ, ഇൗ്ജിപ്തിന്റെ ന്യൂയോർക്ക്്-കയ്റോ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നുവീണു 200 പേർ മരിച്ചു. പൈലറ്റ്് മനപൂർവം വിമാനം തകർക്കുകയായിരുന്നുവെന്നാണ്് രണ്ടു വർഷത്തെ അന്വേഷണത്തിനുശേഷം കണ്ടെത്തിയത്.

വിമാനത്തിനകത്തു പെട്ടെന്നു ഒാക്സിജൻ ഇല്ലാതാവുകയും എല്ലാവരും ബോധരഹിതരാവുകയും ചെയ്തു. തുടർന്നു യന്ത്രനിയന്ത്രണത്തിൽ വിമാനം മണിക്കൂറുകളോളം മുന്നോട്ടുപോയി. ഒടുവിൽ, ഇന്ധനം തീർന്നതോടെ തകർന്നു കടലിൽ വീഴുകയുംചെയ്തു-ഇതായിരുന്നു മറ്റൊരു തിയറി. 

നാലര മാസത്തിനുശേഷം മലേഷ്യയുടെതന്നെ മറ്റൊരു ബോയിങ് 777 വിമാനവും അപകടത്തിൽപ്പെട്ടു. 2014 ജൂലൈ 17നു യൂറോപ്പിൽ നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽനിന്നു 80 കുട്ടികൾ ഉൾപ്പെടെ 283 യാത്രക്കാരും 15 ജോലിക്കാരുമായി അതു ക്വാലംലംപൂരിലേക്കു പറക്കുകയായിരുന്നു.  

malasian-MH370

റഷ്യ-യുക്രെയിൻ അതിർത്തിക്കടുത്തുവച്ച്് വിമാനം പെട്ടെന്നു റഡാറുകളിൽനിന്ന്് അപ്രത്യക്ഷമായി. പിന്നീട് അതിന്റെ അവശിഷ്ടങ്ങൾ യുക്രെയിനിൽ കണ്ടെത്തിയെങ്കിലും ആരും ജീവനോടെ ബാക്കിയായില്ല. 

യുക്രെയിനിൽ അപ്പോൾ റഷ്യൻ അനുകൂലികളും എതിരാളികളും കടുത്ത പോരാട്ടത്തിലായിരുന്നു. ഇരുഭാഗങ്ങളിലേക്കും മിസൈലുകൾ  പായുകയും അവയിലൊന്നു മലേഷ്യൻ വിമാനത്തെ ഇടിച്ചുവീഴ്ത്തുകയും ചെയ്തു.  ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി.  

ബെയ്ജിങ്ങിലേക്കുള്ള വിമാനം റാഞ്ചപ്പെടുകയായിരുന്നുവെന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു വ്യക്തി അല്ലെങ്കിൽ വ്യക്തികൾ അല്ലെങ്കിൽ എന്തോ സാധനം ബെയ്ജിങ്ങിൽ എത്തുന്നതു തടയുകയായിരുന്നുത്രേ റാഞ്ചികളുടെ ലക്ഷ്യം. അതിലവർ വിജയിച്ചു. 

പക്ഷേ, കഥ അവിടെ അവസാനിക്കുന്നില്ല. വിമാനം ഇന്ത്യാസമുദ്രത്തിന്റെ ഭാഗത്തേക്കു പറക്കുകയായിരുന്നു. അവിടെയാണ് അമേരിക്കയുടെ  പ്രമുഖ സൈനിക താവളമായ ദിയഗോ ഗാർഷ്യ. വിമാനം തങ്ങളെ ആക്രമിക്കാൻ വരികയാണെന്ന സംശയത്തിൽ അവിടത്തെ അമേരിക്കൻ സൈനികർ അതിനെ വെടിവച്ചു വീഴ്ത്തിയത്രേ. ഇതുമൊരു തിയറിമാത്രം. 

മലേഷ്യൻ വിമാനത്തിന്റേതെന്നു കരുതുന്ന അവശിഷ്ടം ആദ്യമായി ഇന്ത്യാസമുദ്രത്തിൽ കണ്ടെത്തിയത് ഒന്നേകാൽ വർഷത്തിനുശേഷമാണ്. രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിലും നാലര കിലോമീറ്റർവരെ ആഴത്തിലും ആളില്ലാ മുങ്ങിക്കപ്പലുകൾ ഉപയോഗിച്ചും അത്യാധുനിക ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെയുമായിരുന്നു തിരച്ചിൽ. 

എന്നിട്ടും വിമാനത്തിന്റെ മുഖ്യഭാഗം കണ്ടെത്താനായില്ല. വിമാനത്തിൽ എന്തു സംഭവിച്ചുവെന്ന നിർണായക വിവരം നൽകാൻ കഴിയുന്ന ബ്ളാക്ക്് ബോക്സും എവിടെയോ മറഞ്ഞുകിടക്കുന്നു.

വിമാനാപകടം ഉണ്ടായാൽ തിരച്ചിലിന്റെ ഉത്തരവാദിത്തം സംഭവം നടന്ന സ്ഥലം ഉൾപ്പെടുന്നതോ അതിനു സമീപമുള്ളതോ ആയ രാജ്യം ഏറ്റെടുക്കണമെന്നാണ് രാജ്യാന്തര നിയമം. മലേഷ്യൻ വിമാനം തകർന്നുവീണതായി കരുതുന്നത്്് ഒാസ്ട്രേലിയയ്ക്കുസമീപമാണെന്ന നിഗമനത്തിൽ ആ രാജ്യമാണ്് തിരച്ചിലിനു നേതൃത്വംനൽകിയത്. 

മലേഷ്യക്കുപുറമെ ഏറ്റവുമധികം യാത്രക്കാരെ പ്രതിനിധീകരിക്കുന്ന രാജ്യമെന്ന നിലയിൽ ചൈനയും അതിൽ മുഖ്യപങ്കാളിയായി. ഇന്ത്യ ഉൾപ്പെടെ മറ്റ് ഒട്ടേറെ രാജ്യങ്ങളും വിമാനങ്ങളും കപ്പലുകളും സഹിതം സഹകരിച്ചു. മൊത്തം 16 കോടി ഡോളർ ചെലവായി.

ഇത്രയും വ്യാപകവും ചെലവേറിയതുമായ തിരച്ചിൽ വിമാനയാത്രാ ചരിത്രത്തിൽ മുൻപുണ്ടായിട്ടില്ല. ഇനിയുംതുടരുന്നതിൽ അർഥമില്ലെന്നുകണ്ട് 2017 ജനുവരിയിൽതിരച്ചിൽ അവസാനിപ്പിച്ചു. 

MALAYSIA-MH370-FLIGHT

വിമാനത്തിന്റെ മുഖ്യഭാഗം കിട്ടിയാൽമാത്രം പ്രതിഫലം നൽകിയാൽ മതിയെന്ന വ്യവസ്ഥയോടെ അതിനുശേഷം ഒാഷ്യൻ ഇൻഫിനിറ്റ് എന്ന യുഎസ് കമ്പനി തിരച്ചിൽ ഏറ്റെടുക്കുകയുണ്ടായി അവരുടെ പ്രവർത്തനം കഴിഞ്ഞവർഷം മേയിലും അവസാനിച്ചു. എങ്കിലും, യാത്രക്കാരുടെ കുടുംബങ്ങൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ അവരെത്തന്നെ വീണ്ടും ഇൗ ദൗത്യം ഏൽപ്പിക്കാൻ മലേഷ്യൻ ഗവൺമെന്റ് ഉദ്ദേശിക്കുകയാണത്രേ. 

ഇതിനിടയിൽ മലേഷ്യൻ എയർലൈൻസിന്റെ ഭാവിതന്നെ അനിശ്ചിതത്വത്തിലായി. ഒറ്റ വർഷത്തിൽ രണ്ടു വിമാനങ്ങൾ‌ നഷ്ടപ്പെടുന്നതിനു മുൻപ്തന്നെ കമ്പനി നഷ്ടത്തിലായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സാമ്പത്തിക ബാധ്യകൾ വർധിക്കുകയും ചെയ്തു. 71 വർഷം പഴക്കമുള്ള കമ്പനി പൂട്ടുകയോ  വിൽക്കുകയോ ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാർച്ച് 12) പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് വെളിപ്പെടുത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ