ഭീകരനുവേണ്ടി നാലാം വീറ്റോ

HIGHLIGHTS
  • യുഎന്നിൽ ഇന്ത്യക്ക് അഭൂതപൂർവമായ പിന്തുണ
  • രാജ്യാന്തരതലത്തിൽ ചൈന ഒറ്റപ്പെടുന്നു
masoud-azar
പാക്കിസ്ഥാന് ഇഷ്ടമില്ലാത്തതൊന്നും ചൈന ചെയ്യില്ല. അത്രയും ദൃഢമാണ് ആ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം. സമാനമായ ബന്ധം മറ്റു രണ്ടു രാജ്യങ്ങൾ തമ്മിലില്ല. ഇന്ത്യയോടുള്ള ഇരുരാജ്യങ്ങളുടെയും വിരോധം അതിന് ഉൗർജജം പകർന്നുകൊണ്ടിരിക്കുന്നു
SHARE

ഇന്ത്യയെ സഹായിക്കാനായി ഒരു പാക്കിസ്ഥാൻ അനുകൂല ഭീകരസംഘത്തലവനെ ചൈന തളളിപ്പറയുമെന്നു സാധാരണഗതിയിൽ ഇന്ത്യക്കാർ ആരും പ്രതീക്ഷിക്കുകയില്ല. മുൻകാല അനുഭവങ്ങൾ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. 

എന്നാൽ, ഒരുമാസം മുൻപ് ജമ്മു-കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണം ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു അസാധാരണ സംഭവമായിരുന്നു. ആ പശ്ചാത്തലത്തിൽ ചൈനയുടെ നിലപാടിൽ മാറ്റമുണ്ടാകുമെന്നു ചിലരെങ്കിലും പ്രതീക്ഷിച്ചുപോയതു സ്വാഭാവികം.

പുൽവാമയിൽ ഫെബ്രുവരി 14നു നമ്മുടെ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘത്തിന്റെ തലവനാണ് മസൂദ് അസ്ഹർ. അയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ യുഎൻ തലത്തിൽ ശ്രമം നടന്നപ്പോൾ ചൈന അതിനെ എതിർക്കാതിരിക്കുകയെങ്കിലും ചെയ്യുമെന്നു ചിലർ കരുതി. നിരാശരാവുകയും ചെയ്തു. രാജ്യാന്തര തലത്തിൽ ചൈനയുടെ മുഖം വീണ്ടും വികൃതമായത് ഇതിന്റെ മറ്റൊരുവശം. 

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അന്നുതന്നെ ജയ്ഷെ മുഹമ്മദ് ഏറ്റെടുക്കുകയുണ്ടായി. അവരുടെ പങ്കിനെപ്പറ്റി പാക്കിസ്ഥാനല്ലാതെ മറ്റാരും ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നുമില്ല. രാജ്യാന്തര സമൂഹത്തിനും അതു പൂർണ ബോധ്യമായിരുന്നു. 

അതിന്റെ അടിസ്ഥാനത്തിലാണ് ജയ്ഷ് തലവൻ മസൂദ് അസ്ഹറിനെ യുഎൻ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന നിർദേശവുമായി യുഎൻ രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ ഫ്രാൻസും അമേരിക്കയും ബ്രിട്ടനും റഷ്യയും മുന്നോട്ടുവന്ന്ത്. സ്ഥിരാംഗങ്ങളല്ലാത്ത എല്ലാ രാജ്യങ്ങളും അതിനെ പിന്താങ്ങി. സമിതിയിൽ ഇപ്പോൾ അംഗത്വമില്ലാത്ത ബംഗ്ളദേശ്, ഒാസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും അവരോടൊപ്പം ചേർന്നു. 

ഇത്രയേറെ അംഗരാജ്യങ്ങൾ ഒരു നിർദേശത്തിനു പിന്നിൽ അണിനിരന്നത് അഭൂതപൂർവമായിരുന്നു.  പുൽവാമ സംഭവത്തിന്റെ തൊട്ടുപിന്നാലെ രാജ്യാന്തര തലത്തിൽ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ ഫലമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. 

ഇന്ത്യൻ പാർലമെന്റിനുനേരെ 2001 ഡിസംബറിൽ നടത്തിയ ഭീകരാക്രമണത്തെതുടർന്നുതന്നെ ജയ്ഷെ മുഹമ്മദിനെ ആഗോള ഭീകരസംഘടനയായി രക്ഷാസമിതി പ്രഖ്യാപിച്ചിരുന്നു. വ്യക്തിയെന്ന നിലയിൽ മസൂദിനെയും സമാനമായ നടപടിക്കു വിധേയനാക്കാനായിരുന്നു പിന്നീടുള്ള നീക്കം. അങ്ങനെ മുദ്രകുത്തപ്പെട്ടുകഴിഞ്ഞാൽ അയാളുടെ ആസ്തികകളും ബാങ്ക് എക്കൗണ്ടുകളും മരവിക്കപ്പെടുകയും യാത്രകൾ നിരോധിക്കപ്പെടുകയുംചെയ്യും. 

2008 നവംബറിൽ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രണം സംഘടിപ്പിച്ച ലഷ്ക്കറെ തയിബയെ ആഗോളഭീകര സംഘടനയായി രക്ഷാസമിതി പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ തലവൻ ഹാഫിസ് സയീദ് ആഗോള ഭീകരനായും മുദ്ര കുത്തപ്പെട്ടു. എന്നാൽ, മസൂദ് അസ്ഹറിനെതിരെയും അത്തരം നടപടി 

ഉണ്ടാകുന്നതിനു വേണ്ടി കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യ നടത്തിയ മൂന്നു ശ്രമങ്ങളും  പരാജയപ്പെടുകയായിരുന്നു. 

സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളിൽ ഒന്നായ ചൈന വീറ്റോ പ്രയോഗിച്ചതായിരുന്നു കാരണം. എത്രയേറെ രാജ്യങ്ങൾ അനുകൂലിച്ച് വോട്ടുചെയ്താലും ഏതെങ്കിലും ഒരു സ്ഥിരാംഗം എതിർത്താൽ പ്രമേയം പാസ്സാകില്ല. 

അതിനാൽ ഇത്തവണ ചൈന എന്തു നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയായിരുന്നു എല്ലാവരും. പുൽവാമയിലെ ഭീകരാക്രമണം അത്രയും ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാക്കിയത്. ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന്് അതു കാരണമായിത്തീരുമോയെന്നുപോലും ലോകം ആശങ്കപ്പെടുകയുണ്ടായി. 

ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം രക്ഷാസമിതിയുടെ മുന്നിൽ എത്തിയാൽ എതിർപ്പുളളവർ പത്തു പ്രവൃത്തി ദിവസത്തിനകം വിവരം അറിയിക്കണമന്നാണ് വ്യവസ്ഥ. അതിനകം ആരും എതിർത്തില്ലെങ്കിൽ നിർദേശം അംഗീകരിക്കപ്പെട്ടതായി കണക്കാക്കും.

ഇത്തവണ പത്താംദിവസംവരെ ചൈന അനങ്ങിയില്ല. പ്രശ്നത്തിന്റെ ഗൗരവം ഒടുവിൽ ചൈനയ്ക്കും ബോധ്യപ്പെട്ടുവെന്നു പലരും ആശ്വസിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ മധ്യചൈനയിലെ വൂഹാനിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ച ഒാർമിക്കപ്പെടാനും ഇതു കാരണമായി. വൂഹാൻ ഉച്ചകോടിയെ തുടർന്നു  ഇന്ത്യയുടെ നേരെ ചൈന കൂടുതൽ യാഥാർഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിക്കുകയാണെന്നും വ്യാഖ്യാനിക്കപ്പെട്ടു.  

പക്ഷേ, എല്ലാവരുടെയും പ്രതീക്ഷകൾ അസ്ഥാനത്തായി. പത്താം ദിവസം (മാർച്ച് 13 ബുധൻ) അവസാന സമയത്തിന് ഒരു മണിക്കൂർ മാത്രം ബാക്കിയുളളപ്പോൾ ചൈന എതിർപ്പുമായി മുന്നോട്ടുവന്നു. പ്രശ്നം പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും അതുവരെ രക്ഷാസമിതി തീരുമാനം കൈക്കള്ളരുതെന്നുമാണ് ചൈന അറിയിച്ചത്. 

അതനുസരിച്ച് ആറു മാസത്തേക്കു തീരുമാനം നീട്ടിവച്ചിരിക്കുകയാണ്. അതിനുശേഷം മൂന്നു മാസത്തേക്കുകൂടി നീട്ടാനാവും. പിന്നീട് വീണ്ടും രക്ഷാസമിതിയുടെ മുൻപാകെ വരികയാണെങ്കിൽ ചൈനവീണ്ടും വീറ്റോ ചെയ്യാനുമിടയുണ്ട്. 

രക്ഷാസമിതിയിലെ മിക്കവാറും എല്ലാ അംഗങ്ങളും ആഗ്രഹിച്ച ഒരു കാര്യത്തിനു തടസ്സം നിൽക്കാനും  അങ്ങനെ രാജ്യാന്തരതലത്തിൽ സ്വയം ഒറ്റപ്പെടാനും ചൈന തീരുമാനിച്ചതിനു കാരണമെന്ത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുളളൂ : പാക്കിസ്ഥാന് ഇഷ്ടമില്ലാത്തതൊന്നും  ചൈന ചെയ്യില്ല. അത്രയും ദൃഢമാണ് ആ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം. 

സമാനമായ ബന്ധം മറ്റു രണ്ടു രാജ്യങ്ങൾ തമ്മിലില്ല. ഇന്ത്യയോടുള്ള ഇരുരാജ്യങ്ങളുടെയും വിരോധമാണ് തുടക്കംമുതൽക്കുതന്നെ അതിന് ഉൗർജജം പകർന്നുകൊണ്ടിരിക്കുന്നതും. 

എൻഎസ്ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ന്യൂക്ളിയർ സപ്ളൈയേഴ്സ് ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് അംഗത്വം കിട്ടാതിരിക്കുന്നതും ചൈനയുടെ എതിർപ്പ്മൂലമാണ്. ആണവ വസ്തു ദാതാക്കളുടെ ഇൗ സംഘടനയിൽ പ്രവേശനം ലഭിക്കാത്തതു മൂലം ഇന്ത്യയുടെ ആണവപ്രവർത്തനങ്ങൾക്കു തടസ്സം നേരിടുന്നു. 

ഇന്ത്യക്ക് അംഗത്വം നൽകുകയാണെങ്കിൽ പാക്കിസ്ഥാനും നൽകണമെന്നാണ് ചൈനയുടെ കടുംപിടിത്തം.  എന്നാൽ, രക്ഷാസമിതിയിലെ മറ്റ് സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവ ഉൾപ്പെടെ എൻഎസ്ജിയിലെ 48 അംഗങ്ങളിൽ മിക്കവരും ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരുപോലെയല്ല കാണുന്നത്.  

china-pakistan

ഇന്ത്യയിൽനിന്നു വ്യത്യസ്തമായി ബോംബ് നിർമാണത്തിനുള്ള ആണവ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തതായി മുദ്രകുത്തപ്പെട്ട രാജ്യമാണ് പാക്കിസ്ഥാൻ. അവർക്ക്  അംഗത്വം നൽകുന്നതിനോട് എൻഎസ്ജിയിൽ ശക്തമായ എതിർപ്പുണ്ട്. എങ്കിൽ ഇന്ത്യക്കും അംഗത്വം അനുവദിക്കരുതെന്ന നിഷേധാത്മക നിലപാടാണ് ചൈനയുടേത്. 

പാക്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ് പോലുള്ള ഭീകരസംഘങ്ങളെ വാസ്തവത്തിൽ ചൈനയും ഭയപ്പെടുകയാണെന്നു കരുതുന്നവരുണ്ട്്്. അവരുടെ ശത്രുത സമ്പാദിച്ചാൽ അവർ പാക്കിസ്ഥാനിലെ ചൈനീസ് താൽപര്യങ്ങൾ അട്ടിമറിക്കുമോയെന്നും ചൈനക്കാർക്കു പേടിയുണ്ടത്രേ. 

6600 കോടി ഡോളർ ചെലവിൽ നിർമിച്ചുവരുന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി അത്തരം ഭീഷണികളിൽനിന്നെല്ലാം വിമുക്തമായിരിക്കണമെന്ന നിഷ്ക്കർഷയും ചൈനയ്ക്കുണ്ട്. അതിനാൽ പാക്ക് ഭീകര സംഘടനകളുടെ അപ്രീതിക്കു പാത്രമാകാതിരിക്കാനും ചൈന സവിശേഷ ജാഗ്രത പുലർത്തുകയാണെന്നു പറയപ്പെടുന്നു. 

അറബിക്കടൽ തീരത്തെ ഗ്വാദർ തുറമുഖം മുതൽ ചൈനയുടെ വടക്കു പടിഞ്ഞാറെ അറ്റത്തുള്ള സിൻജിയാങ്വരെ നീളുന്നതാണ് സാമ്പത്തിക ഇടനാഴി. സിൻജിയാങ് മറ്റൊരു വിധത്തിലും ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അവിടെ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തെയാണ് ചൈന നേരിടുന്നത്. 

സിൻജിയാങ്ങിലെ ഉയിഗർ വംശജരുടെ നേരെയുള്ള ചൈനീസ് ഭരണകൂടത്തിന്റെ ചിറ്റമ്മനയം വിഘടന വാദത്തിനു കളമൊരുക്കുകയായിരുന്നു. അതിനെതിരെ സ്വീകരിച്ചുവരുന്ന കർശന നടപടികൾ വ്യാപകമായ തോതിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾക്കു കാരണമാവുകയാണെന്നും റിപ്പോർട്ടുകളുണ്ട്.  

ജയ്ഷെ മുഹമ്മദ് പോലെുളള പാക്ക് കേന്ദ്രീകൃത ഭീകര സംഘടനകൾ സിൻജിയാങ്ങിൽ സജീവമായി ഇടപെടുകയാണെങ്കിൽ പ്രശ്നം കൈവിട്ടുപോകുമോയെന്ന ഭീതിയും ചൈനയെ അലട്ടുകയാണത്രേ. അക്കാരണത്താലും മസൂദ് അസ്ഹറിനെപ്പോലുള്ളവരെ ചൈനയ്ക്കു പ്രീണിപ്പിക്കേണ്ടിവരുന്നുവെന്നു പല നിരീക്ഷകരും കരുതുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ