sections
MORE

ഡോണൾഡ് ട്രംപിന് ഇത് ആഘോഷകാലം

HIGHLIGHTS
  • 22 മാസം നീണ്ടുനിന്ന അന്വേഷണം
  • ട്രംപിന്റെ ചില മുൻസഹായികൾ ജയിലിൽ
ഡോണൾഡ് ട്രംപിന് ഇത് ആഘോഷകാലം
(2016 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി ഇടപെടാൻ അദ്ദേഹമോ സഹായികളോ റഷ്യൻ ഗവൺമെന്റുമായി ഗൂഡാലോചന നടത്തുകയും സഹകരിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം)
SHARE

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ചില ദിവസങ്ങളായി വലിയ സന്തോഷത്തിലും ആഘോഷത്തിലുമാണ്. തനിക്കെതിരെ നടന്നുവന്ന സുപ്രധാനമായ അന്വേഷണത്തിൽ താൻ കുറ്റവിമുക്തനായി എന്നതിന്റെ അടിസ്ഥാനത്തിലാണിത്.   

മുൻപ്രസിഡന്റുമാരിൽ ആർക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത യക്ഷിവേട്ട എന്നാണ് ഈ അന്വേഷണത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. അതവസാനിച്ചുവെന്നതിൽ അദ്ദേഹം സന്തോഷിക്കുന്നതു സ്വാഭാവികം.   

എന്നാൽ, ട്രംപ് സന്തോഷിക്കാൻ വരട്ടെയെന്നും അദ്ദേഹം പൂർണമായും കുറ്റവിമുക്തനായിട്ടില്ലെന്നും പറയുകയാണ് എതിരാളികൾ, വിശേഷിച്ച് പ്രതിപക്ഷ ഡമോക്രാറ്റിക് പാർട്ടിക്കാർ. നിജസ്ഥിതി അറിയാൻ അന്വേഷണ റിപ്പോർട്ട് പൂർണമായും ഉടൻ പ്രസിദ്ധീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രമുഖ മാധ്യമങ്ങൾ സ്വീകരിച്ചിട്ടുള്ളതും ഇതേ നിലപാടാണ്. 

റിപ്പോർട്ട് ഏതാണ്ട് 400 പേജ് വരുമെന്നാണ് പറയപ്പെടുന്നത്. അതിനു പകരം അറ്റോർണി ജനറൽ പുറത്തുവിട്ടതു നാലു പേജ് മാത്രമുളള സംഗ്രഹമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ ആഹ്ളാദ പ്രകടനവും അതിനെതിരായ എതിരാളികളുടെ വിമർശനവും.

trump-putin-football

2016 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി ഇടപെടാൻ അദ്ദേഹമോ സഹായികളോ റഷ്യൻ ഗവൺമെന്റുമായി ഗൂഡാലോചന നടത്തുകയും സഹകരിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. പ്രസിഡന്റിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂണിയറും ജാമാതാവ് ജാറിദ് കുഷ്നറും സഹായികളിൽ ഉൾപ്പെടുന്നു. 

ആരോപണം ട്രംപ് നിഷേധിച്ചുവെങ്കിലും അന്വേഷണം നടത്താൻ വിപുലമായ അധികാരങ്ങളുളള പ്രത്യേക ഉദ്യോഗസ്ഥൻ (സ്പെഷ്യൽ കൗൺസൽ) 2017ൽനിയമിതനായി. ഇദ്ദേഹം (റോബർട് മുള്ളർ) മുൻപ് ‌പന്ത്രണ്ടു വർഷം എഫ്ബിഎെയുടെ (കേന്ദ്ര കുറ്റാന്വേഷണ വിഭാഗം) തലവനായിരുന്നു. 

അഭിഭാഷകരും എഫ്ബിഐ ഏജന്റുമാരും അടങ്ങിയ ഒരു വലിയ ടീമിന്റെ സഹായത്തോടെയാണ് അദ്ദേഹം അന്വേഷണം നടത്തിയത്. 22 മാസത്തിനിടയിൽ അഞ്ഞൂറിലേറെ സാക്ഷികളെ വിസ്തരിച്ചു. ട്രംപുമായും അഭിമുഖം നടത്താൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും അതു  വേണ്ടെന്നുവച്ചു. 

ഒടുവിൽ അറ്റോർണി ജനറൽ വില്യം ബാറിനു റിപ്പോർട് സമർപ്പിച്ചു. രണ്ടു ദിവസത്തിനുശേഷം, ഇക്കഴിഞ്ഞ ഞായറായാഴ്ച (മാർച്ച് 24) അതിന്റെ സംഗ്രഹം മാത്രം അടങ്ങിയ നാലുപേജുള്ള ഒരു കത്താണ് ബാർ കോൺഗ്രസിനു (പാർലമെന്റ്) നൽകിയത്്. ആരോപണം ശരിയാണെന്നു സ്ഥാപിക്കാൻ മാത്രം തെളിവില്ലെന്നു മുള്ളർ തന്റെ റിപ്പോർട്ടിൽ പറയുന്നുവെന്നു ബാർ അതിൽ ചൂണ്ടിക്കാട്ടുന്നു. ഇൗ സംഗ്രഹത്തിൽ പറയുന്ന കാര്യങ്ങളിൽ കൂടുതലായി ഒന്നുംതന്നെ ഇതുവരെ ഒൗദ്യോഗികമായി പുറത്തുവന്നിട്ടില്ല.

വാസ്തവത്തിൽ മുള്ളർ ആരോപണം ശരിവയ്ക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ട്രംപിനെതിരെ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്യുമെന്നാണ് ഡമോക്രാറ്റുകളും പല മാധ്യമങ്ങളും പ്രതീക്ഷിച്ചിരുന്നത്. ട്രംപിന്റെ ആളുകൾ റഷ്യക്കാരുമായി രഹസ്യ സമ്പർക്കം പുലർത്തിയതു സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരുന്ന വിവരങ്ങൾ ആ വിധത്തിലുള്ളതായിരുന്നു. മുള്ളറുടെ റിപ്പോർട്ട് വന്നശേഷം ട്രംപിനെ കുറ്റവിചാരണ ചെയ്തു പുറത്താക്കാൻ ഡമോക്രാറ്റുകൾ ശ്രമം തുടങ്ങുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുകയുണ്ടായി. അത്തരം അഭ്യൂഹങ്ങൾക്ക് ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടു. പക്ഷേ, വിവാദം ഇനിയും അവസാനിച്ചിട്ടില്ല.  

attorney-general-usa

അറ്റോർണി ജനറലിന്റെ സംഗ്രഹത്തിൽ പറയുന്നതു മുളളറുടെ റിപ്പോർട്ടിലുളളതുതന്നെയാണോ എന്ന സംശയവും ഡമോക്രാറ്റുകളിൽ പലർക്കുമുണ്ട്. അതു കൊണ്ടുകൂടിയാണ് റിപ്പോർട്ട് മുഴുവനായും പ്രസിദ്ധീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നതും. 

അതേസമയം, റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കാൻ അറ്റോർണി ജനറൽ നേതൃത്വം നൽകുന്ന നീതിന്യായ വകുപ്പിനു നിയമപരമായ ബാധ്യതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്വേഷണത്തിന്റെ പൂർണരൂപം അടുത്ത ചൊവ്വാഴ്ചയ്ക്കകം (ഏപ്രിൽ രണ്ട്) കോൺഗ്രസിനു നൽകണമെന്നും ഡമോക്രാറ്റുകൾ ആവശ്യപ്പെട്ടിരിക്കുകയാണ്.  

അന്വേഷണത്തിൽ ഇടപെടാനും അങ്ങനെ നീതിനിർവഹണം തടസ്സപ്പെടുത്താനും ശ്രമിച്ചുവെന്ന ഗുരുതരമായ മറ്റൊരു ആരോപണവും ട്രംപിനെതിരെഉന്നയിക്കപ്പെടുകയുണ്ടായി. നാലു പതിറ്റാണ്ടുമുൻപ് അന്നത്തെ പ്രസിഡന്റ് റിച്ചഡ് നിക്സനെതിരെ ആരോപിക്കപ്പെട്ടിരുന്നതും സമാനമായ കുറ്റമാണ്. അതിന്റെ പേരിൽ തനിക്കെതിരേ കുറ്റവിചാരണയുണ്ടാകുമെന്നു കണ്ടപ്പോൾ അതിൽനിന്നു രക്ഷപ്പെടാനായി 1974ൽ നിക്സൻ രാജിവയ്ക്കുകയായിരുന്നു.

ട്രംപിനെതിരായ ഇൗ ആരോപണവും മുളളറുടെ അന്വേഷണത്തിനു വിഷയമായിരുന്നു. എന്നാൽ, ട്രംപ് കുറ്റംചെയ്തതായി മുള്ളർ പറയുന്നില്ല. അതേസമയം, അദ്ദേഹത്തെ മുള്ളർ കുറ്റവിമുക്തനാക്കുന്നുമില്ല. ഇങ്ങനെയാണ് അറ്റോർണി ജനറൽ തന്റെ കത്തിൽ കോൺഗ്രസിനെ അറിയിച്ചത്. 

നീതിനിർവഹണത്തിൽ ട്രംപ് ഇടപെട്ടുവെന്ന ആരോപണം നിലനിൽക്കുന്നുവെന്നാണ് ഇതിനർഥമെന്നു ഡമോക്രാറ്റുകൾ അവകാശപ്പെടുന്നു. അന്വേഷണത്തിന് ആദ്യം  നേതൃത്വം നൽകിയിരുന്നത് അന്നത്തെ എഫ്ബിഐ തലവൻ ജയിംസ് കോമിയായിരുന്നു. പക്ഷേ, അദ്ദേഹത്തെ ട്രംപ് പുറത്താക്കി. അതിനുശേഷമാണ് മുള്ളർ നിയമിതനായത്.

ട്രംപിന്റെ ആദ്യത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൾ ഫ്ളിൻ തിരഞ്ഞെടുപ്പിനു മുൻപ് റഷ്യൻ ഉദ്യോഗസ്ഥരുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കുകയായിരുന്നു കോമി. അതു നിർത്താൻ ട്രംപ് കോമിയോട് ആവശ്യപ്പെടുകയും അതിനു വിസമ്മതിച്ചപ്പോൾ പിരിച്ചുവിടുകയും ചെയ്തുവെന്നായിരുന്നു റിപ്പോർട്ടുകൾ. നീതിനിർവഹണം തടസ്സപ്പെടുത്താൻ ട്രംപ് ശ്രമിച്ചുവെന്നതിന് ഒരുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇതാണ്.

ഏതായാലും, ഫ്ളിൻ ഒടുവിൽ മുള്ളറുടെ വലയിൽകുടുങ്ങി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ട്രംപ് സ്ഥാനം ഏൽക്കുന്നതിനു മുൻപുള്ള ഇടക്കാലത്തു ഫ്ളിൻ റഷ്യക്കാരുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും അതു എഫ്ബിഎെയിൽനിന്നു മറച്ചുപിടിച്ചുവെന്നും മുള്ളർ കണ്ടെത്തി. അതിന്റെ പേരിൽ കുറ്റംചുമത്തി. ഫ്ളിൻ പ്രോസിക്യൂഷനു വിധേയനാവുകയും കുറ്റക്കാരനെന്നു വിധിക്കപ്പെടുകയും ചെയ്തു.

trump-muller
റോബട് മുള്ളര്‍, ട്രംപ്

പലവിധ കുറ്റകൃത്യങ്ങളും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നു മുളളർ കുറ്റം ചുമത്തിയ വേറെയും ചിലരുണ്ട്. മൊത്തം 34 പേർ. ഇവരിൽ റഷ്യക്കാരുമുണ്ട്. അമേരിക്കക്കാരായ ഏഴു പേർ മുള്ളറുടെ നിർദേശാനുസരണം പ്രോസിക്യൂഷനു വിധേയരാവുകയും ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. 

ട്രംപിന്റെ രഹസ്യ സൂക്ഷിപ്പുകാരനും പ്രധാന കാര്യസ്ഥനുമായിരുന്ന അഭിഭാഷകൻ മൈക്കൽ കോഹൻ, 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിച്ചിരുന്ന പോൾ മാനഫോർട്, തിരഞ്ഞെടുപ്പ് കാലത്തു ട്രംപിന്റെ വിദേശകാര്യ ഉപദേഷ്ടാവായിരുന്ന ജോർജ് പാപഡോപൗലോസ് എന്നിവർ ഇക്കൂട്ടത്തിൽപെടുന്നു. 

മൂന്നു വർഷത്തേക്കാണ് കോഹൻ ശിക്ഷിക്കപ്പെട്ടത്. പിന്നീട് കോൺഗ്രസ് മുൻപാകെ നൽകിയ മൊഴിയിൽ കോഹൻ ട്രംപിനെ തീർത്തും തള്ളിപ്പറയുകയും തട്ടിപ്പുകാരനും ചതിയനും വംശീയവാദിയുമെന്നു വിളിക്കുകുയും ചെയ്തു. 

മുള്ളറുടെ റിപ്പോർട്ടിൽ താൻ കുറ്റവിമുക്തനായി എന്നതിന്റെ അടിസ്ഥാനത്തിൽ തന്റെ എതിരാളികൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ട്രംപ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. 2016 നവംബറിൽതാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ ആ പദവി തന്നിൽനിന്നു തട്ടിത്തെറിപ്പിക്കാനായി അവർ ഗൂഡാലോചനടത്തിയെന്നും അതിന്റെ ഫലമാണ് മുള്ളറുടെ അന്വേഷണമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ആ  തിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി ഇടപെടാൻ അദ്ദേഹമോ സഹായികളോ റഷ്യൻ ഗവൺമെന്റുമായി ഗൂഡാലോചന നടത്തുകയും സഹകരിക്കുകയും ചെയ്തുവെന്ന ആരോപണത്തെക്കുറിച്ചുള്ള മുള്ളറുടെ നിഗമനം കൃത്യമായും എന്താണ്? അതറിയാൻ അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവരുന്നതു കാത്തിരിക്കുകയാണ് അമേരിക്കക്കാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA