ഇസ്രയേലിന് ഒരു വിവാദ സമ്മാനം

HIGHLIGHTS
  • ക്രൈമിയ കാര്യത്തിൽ ഇനിയെന്തു പറയും?
  • യുഎൻ രക്ഷാസമിതിയിൽ രൂക്ഷവിമർശനം
donald-trump-and-golan-issues
യുദ്ധത്തിൽ പിടിച്ചടക്കിയ പ്രദേശങ്ങൾ സ്വന്തമാക്കുന്നതു രാജ്യാന്തര നിയമങ്ങൾക്കു വിരുദ്ധമാണ്. അമേരിക്കയും പിന്തുടർന്നുവന്നത് ഇൗ നയമാണ്. എന്നാൽ, ഇസ്രയേൽ പിടിച്ചടക്കിയ സിറിയൻ പ്രദേശമായ ഗോലാൻ കുന്നുകളുടെ കാര്യത്തിൽ പ്രസിഡന്റ് ട്രംപ് ആ നയം മാറ്റിയെഴുതി
SHARE

അരനൂറ്റാണ്ടു മുൻപ് യുദ്ധത്തിൽ  ഇസ്രയേൽ പിടിച്ചെടുത്ത അറബ് പ്രദേശങ്ങളിൽ ഒന്നാണ് സിറിയയുടെ ഭാഗമായ ഗോലാൻ കുന്നുകൾ. 1200 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഇൗ പ്രദേശം പിന്നീട് ഇസ്രയേൽ സ്വന്തം ഭാഗമാക്കിയതായി പ്രഖ്യാപിച്ചുവെങ്കിലും  ഒരു രാജ്യവും അതംഗീകരിക്കുയുണ്ടായില്ല. 

കാരണം, യുദ്ധത്തിൽ പിടിച്ചടക്കിയ പ്രദേശങ്ങൾ സ്വന്തമാക്കുന്നതു രാജ്യാന്തര നിയമങ്ങൾക്കു വിരുദ്ധമാണ്. അതനുവദിച്ചാൽ പിന്നെ ലോകത്തു സമാധാനമുണ്ടാവില്ല. 

ഇസ്രയേലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ അമേരിക്കപോലും ഗോലാൻ കാര്യത്തിൽ ഇത്രയും കാലമായി പിന്തുടർന്നുവന്നത് ഇൗ നയമാണ്. ഗോലാൻ കുന്നുകളെക്കുറിച്ച് പരാമർശിക്കുമ്പോളെല്ലാം "ഒക്യുപൈഡ്' (അധിനിവേശത്തിലുള്ള) എന്ന വിശേഷണം ചേർക്കാനും അമേരിക്ക ശ്രദ്ധിക്കുമായിരുന്നു. 

എന്നാൽ, ഇക്കഴിഞ്ഞ മാർച്ച് 25ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആനയം മാറ്റിയെഴുതി. ഗോലാൻ കുന്നുകളിന്മേൽ ഇസ്രയേലിന്റെ പരമാധികാരം അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ അദ്ദേഹം ഒപ്പുവച്ചു. 

വൈറ്റ് ഹൗസിൽനടന്ന ചടങ്ങിൽ അപ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും സന്നിഹിതനായിരുന്നു. നെതന്യാഹുവിന്റെ ഒരു വൻ നയതന്ത്ര വിജയമായി പലരും ഇതിനെ കാണുന്നു. പക്ഷേ, അമേരിക്കയിലെ പല നയതന്ത്ര വിദഗ്ദ്ധരും അൽഭുതപ്പെടകയാണ് ചെയ്തത്. 

കഴിഞ്ഞ 15 മാസങ്ങൾക്കിടയിൽ ട്രംപ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ഇതു രണ്ടാം തവണയാണ്. പലസ്തീൻകാരും ഇസ്രയേലും തമ്മിൽ തർക്കത്തിലിരിക്കുന്ന ജറൂസലം നഗരത്തെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന 2017 ഡിസംബറിലെ പ്രഖാപനമായിരുന്നു ആദ്യത്തേത്. പിന്നീടു ടെൽഅവീവിലെ യുഎസ് എംബസ്സി ജറൂസലമിലേക്കു മാറ്റുകയും ചെയ്തു. 

ഗോലാൻ കുന്നുകളെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിക്കാൻ ഇപ്പോഴും മറ്റൊരു രാജ്യവും തയാറില്ല. റഷ്യയും ചൈനയും യൂറോപ്യൻ യൂണിയനും അറബ്‌ലീഗും ഗൾഫ് രാജ്യങ്ങളും തുർക്കി ഉൾപ്പെടെയുള്ള മറ്റ് ഒട്ടേറെ മുസ്ലിം രാജ്യങ്ങളും യുഎസ് പ്രഖ്യാപനത്തെ അപലപിക്കുകയാണ് ചെയ്തത്. 

യുഎൻ പ്രമേയങ്ങൾക്കും രാജ്യാന്തര നിയമങ്ങൾക്കും കടകവിരുദ്ധമായ ഇൗ നടപടി അപകടകരമായ കീഴ്വഴക്കങ്ങളുണ്ടാക്കുകയും ലോകസമാധാനത്തിനു ഭീഷണിയായിത്തീരുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. സിറിയയുടെ അഭ്യർഥനയനുസരിച്ച് യുഎൻ രക്ഷാസമിതി അടിയന്തരയോഗം ചേർന്നു. അമേരിക്ക ഒഴികെയുളള 14 അംഗങ്ങളും യുഎസ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു. യുഎസ് വീറ്റോ ചെയ്യുമെന്ന കാരണത്താൽ വോട്ടെടുപ്പ് നടന്നില്ലെന്നുമാത്രം. 

ട്രംപിന്റെ ജറൂസലം തീരുമാനത്തെയും സമിതിയിലെ 14 അംഗങ്ങളും അപലപിക്കുകയായിരുന്നു. പക്ഷേ, അമേരിക്ക വീറ്റോ പ്രയോഗിച്ചതിനാൽ പ്രമേയം പാസ്സായില്ല. അതേപ്രമേയം പിന്നീട് അടിയന്തരയോഗം ചേർന്ന യുഎൻ പൊതുസഭ ബഹുഭൂരിപക്ഷത്തോടെ പാസ്സാക്കുകയും ചെയ്തു. 

അത്യന്തം വാശിയേറിയ ഒരു തിരഞ്ഞെടുപ്പിന്റെ ചൂടിൽ ഇസ്രയേൽ അകപ്പെട്ടിരിക്കുമ്പോഴാണ് ട്രംപിന്റെ പുതിയ വിവാദ നടപടി. ഇൗ മാസം ഒൻപതിനു നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലൂടെ അഞ്ചാം തവണയും പ്രധാനമന്ത്രിയാകാനുള്ള ശ്രമത്തിലാണ് ലിക്കുഡ് പാർട്ടി നേതാവായ നെതന്യാഹു. 

പക്ഷേ, അഭൂതപൂർവമായ അഴിമതിയാരോപണങ്ങൾ അദ്ദേഹത്തിന്റെ നില പരുങ്ങലിലാക്കുന്നു. ഗോലാൻ കുന്നുകളെ സംബന്ധിച്ച  യുഎസ് നയംമാറ്റം അദ്ദേഹത്തിന്റെ നയതന്ത്ര വിജയമായി ജനങ്ങൾ അംഗീകരിക്കുകയാണെങ്കിൽ സ്വാഭാവികമായും അതു വോട്ടുകളായി മാറിയേക്കാം. ഉറ്റസുഹൃത്തായ നെതന്യാഹുവിനെ സഹായിക്കാനുള്ള ആഗ്രഹംകൂടി ട്രംപിന്റെ ഗോലാൻ തീരുമാനത്തിലുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. 

ഗോലാൻ കുന്നുകൾ ഇസ്രയേൽ പിടിച്ചടക്കിയതു 1967 ജൂണിലെ ആറുദിവസത്തെ യുദ്ധത്തിലായിരുന്നു. അതേയുദ്ധത്തിൽതന്നെ ഇൗജിപ്തിനു  സീനായ് ഉപദ്വീപും ഗാസ മുനമ്പും ജോർദ്ദാനു  വെസ്റ്റ് ബാങ്കും  കിഴക്കൻ ജറൂസലമും നഷ്ടപ്പെട്ടു. 

പിന്നീടുണ്ടായ ഒത്തുതീർപ്പനുസരിച്ച് സീനായ് ഇൗജിപ്തിനു തിരിച്ചകിട്ടി. ഗാസയിൽനിന്ന് ഏകപക്ഷീയമായി ഇസ്രയേൽ ഒഴിഞ്ഞുപോയി. വെസ്റ്റ്ബാങ്കും  കിഴക്കൻ ജറൂസലമും പലസ്തീൻ പ്രശ്നപരിഹാരത്തിനുളള വിലപേശലിലെ തുരുപ്പുചീട്ടായി. 

ഗോലാൻ കുന്നുകൾ പൂർണമായി ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന മട്ടിലായിരുന്നു ഇസ്രയേലിന്റെ നീക്കങ്ങൾ. 1973ലെ യോംകിപ്പൂർ യുദ്ധത്തിൽ അതു തിരിച്ചുപിടിക്കാൻ സിറിയ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. 1981ലായിരുന്നു അതിനെ ഇസ്രയേലിൽ ലയിപ്പിച്ചതായുള്ള പ്രഖ്യാപനം. അവിടെ സ്വന്തം പൗരന്മാരെ ഇസ്രയേൽകുടിയിരുത്തുകയും ചെയ്തു.

ഗോലാൻ കുന്നുകൾ രാജ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നതാണ് അതു വിട്ടുകൊടുക്കാതിരിക്കാൻ ഇസ്രയേൽ പറയുന്ന കാരണം. അവിടെയുള്ള ജലസ്രോതസ്സുകൾ തുടർന്നും സ്വന്തമെന്നപോലെ ഉപയോഗിക്കാനും അവർ ആഗ്രഹിക്കുന്നു. 

ഗോലാൻ കുന്നുകൾ ഇസ്രയേലിൽ ലയിപ്പിച്ചതായുളള ഇസ്രയേലിന്റെ പ്രഖ്യാപനം വാസ്തവത്തിൽ അതിന്റെ പദവിയെ ഒരുവിധത്തിലും ബാധിച്ചിരുന്നില്ല. കാരണം, ആരും അതിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിച്ചിരുന്നില്ല. 

ഗോലാൻ കുന്നുകളുടെ മേൽ ഇസ്രയേലിന്റെ പരമാധികാരം അംഗീകരിക്കാനുള്ള യുഎസ് തീരുമാനത്തിന്റെ ഗതിയും ഇതുതന്നെയാണ്. മറ്റെല്ലാ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും കണ്ണിൽ ആ പ്രദേശം ഇപ്പോഴും സിറിയയുടെ ഭാഗമാണ്. 

എങ്കിലും, യുഎസ് പ്രഖ്യാപനം വളരെ ഗുരുതരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നു. യുദ്ധത്തിലോ സമാധാനപരമല്ലാത്ത മറ്റു മാർഗങ്ങളിലൂടെയോ ഇതര രാജ്യങ്ങളുടെ ഭാഗങ്ങൾ കൈക്കലാക്കി സ്വന്തമാക്കുന്നതിനെ ന്യായീകരിക്കാൻ ഇതു സഹായകമാവുന്നു.

benjamin-netanyahu-and-isreal-

സദ്ദാം ഹുസൈൻ 1990ൽ കുവൈത്തിനെ ആക്രമിക്കുകയും ഇറാഖിൽ ലയിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്ത രാജ്യങ്ങളിലൊന്ന് അമേരിക്കയായിരുന്നു. കുവൈത്തിനെ മോചിപ്പിക്കാനുള്ള യുദ്ധത്തിന് അമേരിക്ക നേതൃത്വംനൽകുകയും ചെയ്തു.

അടുത്തകാലത്തു നടന്ന  ഒരു സംഭവവും ഒാർമിക്കപ്പെടുന്നു. കിഴക്കൻ യൂറോപ്പിൽ യുക്രെയിന്റെ ഭാഗമായിരുന്ന ക്രൈമിയ 2014ൽ റഷ്യയിൽ ലയിപ്പിക്കപ്പെട്ടു. വിവാദപരമായ ഒരു ഹിതപരിശോധനയിലൂടെയാണ് റഷ്യ അതു തരപ്പെടുത്തിയത്. പക്ഷേ, രാജ്യാന്തര സമൂഹം അതംഗീകരിച്ചില്ല.

പാശ്ചാത്യരാജ്യങ്ങൾ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. പ്രമുഖ വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-8ൽ നിന്നു റഷ്യയെ പുറത്താക്കുകയും ചെയ്തു. അതിന്റെയെല്ലാം മുൻപന്തിയിലായിരുന്നു അമേരിക്ക. 

ഇസ്രയേലിന്റെ നടപടിയെ അംഗീകരിക്കുന്ന അമേരിക്കയ്ക്ക് ഇനിയെങ്ങനെ റഷ്യയുടെ നടപടിയെ തള്ളിപ്പറയനാവും ? ചൈനയുടെ ഭാഗമായിരുന്ന തയ്വാനെ ബലം പ്രയോഗിച്ച് പിടിച്ചടയ്ക്കുകയും ചൈനയിൽ ലയിപ്പിക്കുകയും ചെയ്താൽ അതിനോടുള്ള യുഎസ് പ്രതികരണം എന്തായിരിക്കും ? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ട്രംപിന്റെ മുന്നിൽ എഴുന്നു നിൽക്കുന്നത്. 

പലസ്തീൻകാരെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായ ഒരു ഭീഷണിയും അമേരിക്കയുടെ ഗോലാൻ നയംമാറ്റത്തിൽ അടങ്ങിയിരിക്കുന്നു. ഫലത്തിൽ ഇപ്പോഴും ഇസ്രയേലിന്റെ അധീനത്തിൽ തുടരുന്ന പലസ്തീൻ പ്രദേശമായ വെസ്റ്റ്ബാങ്കിന്റെ ഭാവിയാണ് ഭീഷണിയിലായിരിക്കുന്നത്. 

പൂർണമായോ ഭാഗികമായോ വെസ്റ്റ്്ബാങ്കും ഇസ്രയേലിൽ ലയിപ്പിക്കാൻ ട്രംപിന്റെ നടപടി  നെതന്യാഹുവിനെ പ്രോൽസാഹിപ്പിച്ചേക്കാമെന്നു പലരും ഭയപ്പെടുന്നു. ഇസ്രയേലിലെ തീവ്രവലതുപക്ഷക്കാർ വർഷങ്ങളായി അതിനുവേണ്ടി ആവശ്യപ്പെട്ടുവരികയാണ്. 

നെതന്യാഹു അതിനു തയാറാവുകയും അമേരിക്ക അതംഗീകരിക്കുകയും ചെയ്താൽ പലസ്തീൻ പ്രശ്ന പരിഹാരത്തിനുളള എല്ലാ വാതിലുകളും എന്നെന്നേക്കുമായി അടഞ്ഞുപോവുകയായിരിക്കും ഫലം. ട്രംപിന്റെ നടപടി അതിനുകൂടി വഴിയൊരുക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ