sections
MORE

ജനശ്ശക്തിയുടെ സുഡാൻ വീരഗാഥ

HIGHLIGHTS
  • 30 വർഷത്തെ ഏകാധിപത്യം
  • ഐസിസിയുടെ അറസ്റ്റ് വാറന്റ്
sudanese-protesters-jubilant-after-military-leader-rapidly-replaced
SHARE

ആഫ്രിക്കൻ രാജ്യമായ സുഡാന്റെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് എഴുതപ്പെടാൻ തുടങ്ങിയിരിക്കുന്നത്. പ്രസിഡന്റ് ഉമർ ഹസ്സൻ അൽ ബഷീറിന്റെ ഏതാണ്ടു മുപ്പതു വർഷത്തെ ഏകാധിപത്യം അവസാനിച്ചു. ജനങ്ങൾ നാലുമാസമായി അതിനുവേണ്ടി സമാധാനപരായ സമരത്തിലായിരുന്നു. ജനാധിപത്യം പുനഃസ്ഥാപിതമാകുന്നതുവരെ സമരം നിർത്തില്ലെന്ന വ്യക്തമായ സന്ദേശവും അവർ നൽകിക്കഴിഞ്ഞു. 

എഴുപത്തഞ്ചുകാരനായ ബഷീർ സ്വയം രാജിവച്ച് ഒഴിയുകയല്ല, പട്ടാളം ഇക്കഴിഞ്ഞ വ്യാഴാഴ്ച(ഏപ്രിൽ 11) അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. പക്ഷേ, അതിനു വഴിയൊരുക്കിയത് കഴിഞ്ഞ വർഷം ഡിസംബറിൽ തുടങ്ങിയതും അടിക്കടി ശക്തി പ്രാപിച്ചുകൊണ്ടിരുന്നതുമായ ജനകീയ പ്രക്ഷോഭമാണ്. അതിനെ അടിച്ചമർത്താൻ ബഷീർ ശ്രമിക്കുന്നതിനിടയിൽ പട്ടാളം പ്രക്ഷോഭകാരികളോട് അനുതാപം പ്രകടിപ്പിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 

എന്നാൽ, ബഷീറിനെ പുറത്താക്കുകയും തടങ്കലിലാക്കുകയും ചെയ്ത വിവരം അറിയിച്ചുകൊണ്ട് പ്രതിരോധമന്ത്രി ജനറൽ അവാദ് മുഹമ്മദ് അഹമദ് ഇബ്നു ഔഫ് സൈനിക വേഷത്തിൽ നടത്തിയ ടിവി പ്രക്ഷേപണം ജനങ്ങളുടെ ആഹ്ളാദത്തിനു പെട്ടെന്നു മങ്ങലേൽപ്പിക്കുകയാണ് ചെയ്തത്. 

 Omar al-Bashir

ഭരണഘടന താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ നടപ്പാക്കിയിട്ടുണ്ട്. ഒരുമാസം  നിശാനിയമവും നിലവിലുണ്ടായിരിക്കും. സൈനിക നേതൃത്വത്തിലുള്ള ഒരു സമിതി രണ്ടു വർഷത്തേക്കു ഭരണം ഏറ്റെടുക്കുകയാണെന്നും പറഞ്ഞ ജനറൽ ഒൗഫ് അതിന്റെ തലവനായി സ്വയം അവരോധിക്കുകയും ചെയ്തു.  

ബഷീറിന്റെ പതനത്തോടെ സുഡാനിൽ ജനാധിപത്യം തിരിച്ചുവരുന്നതു സ്വപ്നം കണ്ടിരുന്നവരെയെല്ലാം ഇത് അസ്വസ്ഥരാക്കിയതു സ്വാഭാവികം. ജനറൽ ഒൗഫ് ബഷീറിന്റെ വിശ്വസ്തനാണ്. ഏതാനും ആഴ്ചകൾക്കു മുൻപാണ് ബഷീർ അദ്ദേഹത്തെ ഒന്നാം വൈസ്പ്രസിഡന്റുകൂടിയായി നിയമിച്ചിരുന്നത്. 

ബഷീറിനുപകരം അദ്ദേഹത്തിന്റെ ശിങ്കിടികൾ ഭരിക്കുന്നതു സമര നേതാക്കൾക്കു സഹിക്കാനായില്ല.  താൽക്കാലിക ഭരണസമിതി സിവിലിയൻ നേതൃത്വത്തിത്തിലായിരിക്കണമെന്നും എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്നും  ആവശ്യപ്പെട്ട അവർ അതിനുവേണ്ടി സമരം തുടരാൻ തീരുമാനിക്കുകയും ചെയ്തു. നിശാനിയമം ലംഘിക്കാനും അവർ തയാറായി.

കുഴപ്പമുണ്ടാക്കാൻ അനുവദിക്കില്ലെന്ന താക്കീതോടെ സമരക്കാരെ വിരട്ടാൻ നോക്കിയ ജനറൽ ഒൗഫ് പെട്ടെന്നു ചുവടുമാറ്റാൻ നിർബന്ധിതനായി. താൽക്കാലിക ഭരണ സമിതിയുടെ ചെയർമാൻ സ്ഥാനം അദ്ദേഹം രാജിവച്ചു. അദ്ദേഹത്തിന്റെ അത്രതന്നെ കുഴപ്പക്കാരനല്ലെന്നു കരുതപ്പെടുന്ന ലെഫ്. ജനറൽ അബ്ദൽ ഫത്താഹ് അബ്ദൽ റഹ്മാൻ ബുർഹാനാണ് പുതിയ ചെയർമാൻ. ഇൗ മാറ്റവും സുഡാനിലെ ജനശ്ശക്തിയുടെ വിജയമായി എണ്ണപ്പെടുന്നു. 

ഡോക്ടർമാർ, എൻജിനീയർമാർ അധ്യാപകർ, അഭിഭാഷകർ എന്നിവരുടെ സംഘടനകളുടെ കൂട്ടായ്മയായ സുഡാനീസ് പ്രൊഫഷനൽസ് അസോസിയേഷനാണ് അഭൂതപൂർവമായ ഇൗ പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നത്. പ്രതിപക്ഷ കക്ഷികളും ട്രേഡ് യൂണിയനുകളും പിന്തുണ നൽകുന്നുണ്ടെങ്കിലും സമരത്തിന്റെ നേതൃത്വനിരയിൽ അവർക്കു സ്ഥാനമില്ല. 

ജനങ്ങളുടെ മുഖ്യഭക്ഷണമായ ഖുബ്ബൂസ് എന്ന ഗോതമ്പുറൊട്ടിയുടെ വില ഗവൺമെന്റ് പെട്ടെന്നു മൂന്നുമടങ്ങു വർധിപ്പിച്ചതോടെയായിരുന്നു സമരത്തിന്റെ തുടക്കം. അതിനാൽ അതിനു ഖുബ്ബൂസ് വിപ്ളവമെന്ന പേരു കിട്ടുകയുമുണ്ടായി. 

ഇന്ധനം ഉൾപ്പെടെയുള്ള മറ്റ് അവശ്യ സാധനങ്ങളുടെയും ക്രമാതീതമായ വിലക്കയറ്റം ജനങ്ങളെ വീർപ്പുമുട്ടിക്കുകയായിരുന്നു. ബഷീറിന്റെ ദുർഭരണത്തിൽ ജനങ്ങൾക്കിടയിൽ നേരത്തെതന്നെപുകഞ്ഞുകൊണ്ടിരുന്ന രോഷത്തിന്റെ പശ്ചാത്തലത്തിൽ സമരം ആളിക്കത്തിയതിൽ ആരും അൽഭുതപ്പെടുകയുണ്ടായില്ല. 

ബഷീർ 1989ൽ അധികാരത്തിലെത്തിയതും പട്ടാള വിപ്ളവത്തിലൂടെയായിരുന്നു. സൈന്യത്തിൽ കേണലായിരുന്ന അദ്ദേഹം ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി സാദിഖ് അൽ മഹ്ദിയുടെ ഗവൺമെന്റിനെയാണ് അട്ടിമറിച്ചത്. 

1956ൽ ബ്രിട്ടനിൽ നിന്നു സ്വതന്ത്രമായതിനുശേഷമുള്ള 33 വർഷങ്ങൾക്കിടയിൽ സുഡാനിലുണ്ടാകുന്ന അഞ്ചാമത്തെ പട്ടാള വിപ്ളവമായിരുന്നു അത്. പിൽക്കാലത്തു തനിക്കെതിരെ നടന്ന പല പട്ടാളവിപ്ളവ ശ്രമങ്ങളെയും ബഷീർ അതിജീവിക്കുകയും ചെയ്തു.   

alaa-salah-1

മൂന്നു തവണ ബഷീർ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും വൻഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തു. എല്ലാ  തിരഞ്ഞെടുപ്പുകളും പ്രഹസനമായിരുന്നുവെന്നുമാത്രം. ഏറ്റവും ഒടുവിൽ  2015ൽ നടന്ന തിരഞ്ഞെടുപ്പ് മിക്ക പ്രതിപക്ഷ കക്ഷികളും ബഹിഷ്ക്കരിക്കുകയായിരുന്നു. 

2020ൽ നടക്കുന്ന തിരഞ്ഞെടുപ്പിലും മൽസരിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു സമരത്തിന്റെ തുടക്കം. മൽസരിക്കില്ലെന്നും നിലവിലുള്ള കാലാവധി  പൂർത്തിയാകുന്നതോടെ സ്ഥാനമൊഴിയുമെന്നും പറഞ്ഞു ജനരോഷം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലുമുണ്ടായില്ല. 

വടക്കു കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടൽ തീരത്തു കിടക്കുന്ന സുഡാൻ നിരന്തരമായി ലോകശ്രദ്ധയ്ക്കു പാത്രമായത് ബഷീറിന്റെ ഭരണത്തിലാണ്.  

അൽഖായിദ ഭീകര സംഘത്തിനും അതിന്റെ നേതാവ് ഉസാമ ബിൻ ലാദനും ആദ്യം ആതിഥ്യം നൽകിയതു സുഡാനായിരുന്നു. അതിനുശേഷമാണ് അവർ അഫ്ഗാനിസ്ഥാനിലേക്കു താമസം മാറ്റിയത്.  

കിഴക്കൻ ആഫ്രിക്കയിലെ കെന്യയിലും ടാൻസനിയയിലും യുഎസ് എംബസികകൾക്കു നേരെയുണ്ടായ 1998ലെ ഭീകരാക്രമണം അൽഖായിദ ആസൂത്രണം ചെയ്തു നടപ്പാക്കിയത് സുഡാനിൽവച്ചായിരുന്നു. അതിന്റെ പേരിൽ അമേരിക്കയുടെ മിസൈൽ ആക്രമണത്തിനു വിധേയമായി. ഇരുപതു വർഷത്തോളം യുഎസ് സാമ്പത്തിക ഉപരോധവും നേരിടേണ്ടിവന്നു.  

പശ്ചിമ സുഡാനിലെ ദാർഫുർ പ്രവിശ്യയിൽ 2003 മുതൽ ഏതാനും വർഷം നീണ്ടുനിന്ന അതിഭീകരമായ വംശീയ കലാപവും സുഡാനു ബഷീർ നേടിക്കൊടുത്ത ദുരന്തമായി എണ്ണപ്പെടുന്നു. അറബ് വംശജരും ആഫ്രിക്കൻ വംശജരും തമ്മിൽ നൂറ്റാണ്ടുകളായി തുടർന്നുവന്ന തർക്കവും സംഘർഷവുമാണ് കലാപമായി മാറിയത്. 

അറബ് വംശജനായ ബഷീർ ആഫ്രിക്കൻ വംശജർക്കെതിരായ ആക്രമണങ്ങൾക്കു പിന്തുണയും പ്രോൽസാഹനവും നൽകിയെന്നാണ് ആരോപണം. രണ്ടു ലക്ഷംമുതൽ നാലു ലക്ഷംവരെ പേർ കൊല്ലപ്പെടുകയും  25 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തു. 

അതിന്റെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതി (എെസിസി) ബഷീറിനെതിരെ കേസെടുത്തു. യുദ്ധക്കുറ്റം, വംശഹത്യ, മനുഷ്യരാശിക്കെതിരായ പാതകങ്ങൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയത്. എെസിസി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രനേതാവിനെതിരെ എെസിസി ഇത്തരമമൊരു നടപടിയെടുക്കുന്നത് അതാദ്യമായിരുന്നു. 

രാജ്യത്തിന്റെ തെക്കൻ മേഖല വേറിട്ടുപോയി സ്വതന്ത്ര രാജ്യമായതും ബഷീറിന്റെ ഭരണകാലത്താണ്. തങ്ങൾ അവഗണിക്കപ്പെടുകയും വിവേചനത്തിനു വിധേയരാവുകയും ചെയ്യുകയാണെന്നു തെക്കൻ മേഖലയിലെ ജനങ്ങൾ ദീർഘകാലമായി പരാതിപ്പെടുകയായിരുന്നു. അതിന്റെ പേരിൽ യുദ്ധവുമുണ്ടായി. 

ഒടുവിൽ, ഒത്തുതീർപ്പുണ്ടാവുകയും തെക്കൻ മേഖലയിൽ ഹിതപരിശോധ നടക്കുകയും ചെയ്തു. അതിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തെക്കൻ മേഖല (സുഡാന്റെ ഏതാണ്ടു നാലിലൊരു ഭാഗം) 2011ൽ ദക്ഷിണ സുഡാൻ എന്ന പേരിൽ സ്വതന്ത്രരാജ്യമായത്. അതോടെ സുഡാന്റെ എണ്ണ നിക്ഷേപങ്ങളുടെ മുക്കാൽ ഭാഗവും കൈവിട്ടുപോയി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകാൻ തുടങ്ങുകയും ചെയ്തു.  

എട്ടുവർഷം മുൻപ്, ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും ദീർഘകാലത്തെ ഏകാധിപത്യത്തിനെതിരെ വീശിയടിച്ച ജനരോഷക്കൊടുങ്കാറ്റിനെ സുഡാനിലെ സമരം ഒാർമിപ്പിക്കുന്നു. തുനീസിയയിൽ സൈനൽ ആബിദീൻ ബിൻ അലിയുടെ 23 വർഷം നീണ്ടുനിന്ന ഭരണമാണ് ആദ്യം നിലം പതിച്ചത്. 

Alaa-Salah

തുടർന്ന് ഇൗജിപ്തിൽ ഹുസ്നി മുബാറക്ക് (30 വർഷം), ലിബിയയിൽ മുഅമ്മർ ഗദ്ദാഫി (42 വർഷം), യെമനിൽ അലി അബ്ദുല്ല സാലിഹ് (33 വർഷം) എന്നിവരുടെ ഉൗഴമായി. ആഫ്രിക്കയുടെ ദക്ഷിണ മേഖലയിൽ റോബർട് മുഗാബെ അധികാരത്തിലിരുന്നത് 37 വർഷമാണ്. 2017ൽ 95ാം വയസ്സിൽ അദ്ദേഹത്തെ പട്ടാളം പുറത്താക്കുകയായിരുന്നു. 

ഉത്തരാഫ്രിക്കയിലെ അൽജീരിയയിൽ 20 വർഷമായി അധികാരത്തിലിരിക്കുകയായിരുന്നു 82 വയസ്സുള്ള പ്രസിഡന്റ് അബ്ദൽ അസീസ് ബൂതഫ്ലീക്ക. 2013ൽ പക്ഷാഘാതമുണ്ടായതു മുതൽ ചക്രക്കസേരയിൽ കഴിയുന്നു. എന്നിട്ടും അഞ്ചാം തവണ പ്രസിഡന്റാകാനായി ഇൗ വർഷത്തെ തിരഞ്ഞെടുപ്പിലും മൽസരിക്കാൻ ഒരുങ്ങി. 

അതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. മൽസര രംഗത്തുനിന്നു പിൻവാങ്ങാൻ മാത്രമല്ല, പ്രസിഡന്റ് സ്ഥാനം ഒഴിയാനും അദ്ദേഹം നിർബന്ധിതനായി. അതിനുശേഷം ഏതാനും ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് സുഡാനിൽ ഉമർ ഹസ്സൻ അൽ ബഷീറിന്റെ പതനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA