പരസ്യമായ പരമരഹസ്യങ്ങൾ

HIGHLIGHTS
  • ചോർന്നത് ഏഴുലക്ഷം രേഖകൾ
  • അഭയം നൽകിയവർക്കു മനംമാറ്റം
wikileaks-founder-julian-assange-arrested-london-embassy
യുഎസ് രഹസ്യങ്ങൾ പരസ്യമാക്കിയ ജൂലിയൻ അസ്സാൻജ് ഇത്രയുംകാലം അമേരിക്കയുടെ പിടിയിലാകാതെ രക്ഷപ്പെട്ടു. എന്നാൽ, ഇപ്പോൾ പെട്ടെന്നു സ്ഥിതിഗതികൾ മാറുകയാണ്. അസ്സാൻജ് ലണ്ടനിൽ അറസ്റ്റിലായി
SHARE

ചിലർക്കു ഹീറോയും മറ്റു ചിലർക്കു വില്ലനുമാണ് വിക്കിലീക്സ് എന്ന ഒാൺലൈൻ ന്യൂസ് വെബ്സൈറ്റിന്റെ സ്ഥാപകൻ ജൂലിയൻ അസ്സാൻജ്. ഒൻപതു വർഷംമുൻപ് അമേരിക്കയുടെ പതിനായിരക്കണക്കിന് ഒൗദ്യോഗിക രഹസ്യരേഖകൾ കൂട്ടത്തോടെ പരസ്യമാക്കിക്കൊണ്ടായിരുന്നു  ലോകശ്രദ്ധയിലേക്കുള്ള വിക്കിലീക്സിന്റെയും അസ്സാൻജിന്റെയും നാടകീയമായ കടന്നുവരവ്.  

അതിന്റെ പേരിൽ അമേരിക്കയുടെ പിടിയിലാവുന്നതിൽനിന്ന് ഇത്രയുംകാലം അസ്സാൻജ് രക്ഷപ്പെട്ടു. എന്നാൽ,ഇപ്പോൾ പെട്ടെന്നു സ്ഥിതിഗതികൾ മാറുകയാണ്. അസ്സാൻജ് ലണ്ടനിൽ അറസ്റ്റിലായി. 

ചാരവൃത്തിയും രാജ്യദ്രോഹവുംവരെയുള്ള കുറ്റങ്ങളാണ്അസ്സാൻജിന്റെ മേൽ അമേരിക്കയിൽ ആരോപിക്കപ്പെട്ടിരുന്നത്. വിചാരണയ്ക്കുവേണ്ടി വിട്ടുകിട്ടാൻ അമേരിക്ക കാത്തിരിക്കുകയായിരുന്നു. ലണ്ടനിലെ അറസ്റ്റ്് അതിനുള്ള വഴി തുറന്നിടുന്നു.  

ഭരണകൂടങ്ങൾ രഹസ്യമാക്കി വച്ചിരിക്കുന്ന വിവരങ്ങൾ ചോർത്തിയെടുത്തു പ്രസിദ്ധീകരിക്കുന്നതിന്റെ ശരിതെറ്റുകൾ ഇതോടെ വീണ്ടും സജീവ ചർച്ചാവിഷയമാകുന്നു. യുഎസ് പ്രതിരോധവകുപ്പിന്റെ കംപ്യൂട്ടറുകളിൽ സൂക്ഷിച്ചിരുന്ന ഏഴു ലക്ഷം രഹസ്യരേഖകൾ വിക്കിലീക്സിനു ചോർത്തിക്കൊടുത്തത് ഇറാഖിൽ യുഎസ് മിലിട്ടറി ഇന്റലിജൻസ് അനലിസ്റ്റായിരുന്ന ബ്രാഡ്ലി മാന്നിങ് എന്ന  ചെൽസീ മാന്നിങ്ങാണ്.   അസ്സാൻജിനെപ്പോലെതന്നെ മാന്നിങ്ങിനെയും പുകഴ്ത്തുന്നവരും പഴിക്കുന്നവരുമുണ്ട്. 

ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങൾക്കിടയിൽ യുഎസ് സൈനികരുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾ പലതും യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുന്നതായിരുന്നു. ജനരോഷം ഭയന്നു പല വിവരങ്ങളും ഗവൺമെന്റ് മറച്ചുവച്ചു. അവ പുറത്തുകൊണ്ടു വരേണ്ടത് ധാർമികമായ ഉത്തരവാദിത്തമായി താൻ കരുതിയെന്നായിരുന്നു മാന്നിങ്ങിന്റെ ന്യായീകരണം. 

ഇതേ ന്യായത്തിലാണ് ആ രേഖകൾ വിക്കിലീക്സ് പ്രസിദ്ധീകരിച്ചതും. തുടർന്നു ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ്, യുഎസ് പത്രങ്ങളിലും പ്രസക്ത ഭാഗങ്ങൾ പ്രത്യക്ഷപ്പെടുകയുണ്ടായി. 

ഇറാഖ് യുദ്ധത്തിനിടയിൽ 2007ൽ യുഎസ് സൈനികർ സിവിലിയന്മാരുടെനേരെ ഹെലികോപ്്റ്ററുകളിൽനിന്നു വെടിവയ്ക്കുന്നതു ചിത്രീകരിച്ച ഒരു വിഡിയോയും വിക്കിലീക്സ് പ്രസിദ്ധീകരിച്ച രേഖകളുടെ കൂട്ടത്തിലുണ്ടായിരുന്നു. റോയിട്ടർ വാർത്താ ഏജൻസിയുടെ രണ്ടു റിപ്പോർട്ടർമാർ ഉൾപ്പെടെ ഇരുപതിലേറെ പേരാണ് ആ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അവർ സിവിലിയന്മാരായിരുന്നുവെന്ന വിവരം അമേരിക്ക ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. 

ECUADOR-WIKILEAKS-ASSANGE

ഇറാഖ് യുദ്ധത്തിൽ 66,000 സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക സമ്മതിക്കുന്നതാണ് വിക്കിലീക്സ പുറത്തുവിട്ട മറ്റൊരു രേഖ. അമേരിക്ക മുൻപ് അവകാശപ്പെട്ടിരുന്നത് 15,000 മാത്രമാണൊയിരുന്നു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർ അയച്ച രണ്ടുലക്ഷത്തിലേറെ സന്ദേശങ്ങളും വിക്കിലീക്സ് പ്രസിദ്ധീകരിച്ച  രേഖകളിൽ ഉൾപ്പെടുന്നു. പ്രമുഖ യുഎൻ ഉദ്യോഗസ്ഥരുടെ വിരലടയാളങ്ങൾ, ഡിഎൻഎ സാംപുളുകൾ എന്നിവ ശേഖരിക്കാൻ അമേരിക്ക ശ്രമിച്ചതായി ചില രേഖകൾ സൂചിപ്പിക്കുന്നു. 

ഏതാണ്ട് ഏഴു വർഷമായി ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു ഒാസ്ട്രേലിയക്കാരനായ അസ്സാൻജ്. പക്ഷേ, അതിനു പ്രേരിപ്പിച്ചത് അമേരിക്കയിലെ രഹസ്യരേഖാ കേസല്ല, സ്വീഡനിലെ രണ്ടു മാനഭംഗക്കേസുകളായിരുന്നു. 

സ്വീഡനിൽ 2010ൽ പ്രഭാഷണത്തിനു പോയപ്പോൾ ഒരു സ്ത്രീയെ ബലാൽസംഗം ചെയ്യുകയും മറ്റൊരു സ്ത്രീയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവത്രേ. യുഎസ് ചാരന്മാർ (സിഎെഎ) ഒരുക്കിയ ഒരു കെണിയായിരുന്നു ഇതെന്നു അസ്സാൻജ് വാദിച്ചുവെങ്കിലും സ്വീഡനിൽ നിന്നുള്ള വാറന്റ് അനുസരിച്ച് അസ്സാൻജ് 2012ൽ ലണ്ടനിൽ അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയശേഷമാണ് ഇക്വഡോർ എംബസ്സിയിൽ അഭയംതേടിയത്.

തെക്കെഅമേരിക്കയുടെ വടക്കു പടിഞ്ഞാറു ഭാഗത്തു ശാന്തസമുദ്ര തീരത്തുകിടക്കുന്ന ഒരു ചെറിയ രാജ്യമാണ് ഇക്വഡോർ. അഭയം മാത്രമല്ല, ഇക്വഡോർ പൗരത്വവും അസാൻജിനു കിട്ടി. പക്ഷേ, എംബസ്സിയിൽനിന്നു പുറത്തിറങ്ങിയാൽ ലണ്ടൻ പൊലീസിന്റെ പിടിയിലാകുമെന്ന കാരണത്താൽ ഇക്വഡോറിലേക്കു പോകാനായില്ല.  ഏഴു വർഷത്തോളം എംബസ്സിയിലെ കുടുസ്സുമുറിയിൽ കഴിയേണ്ടിവന്നു.  

ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രിൽ 11) അസ്സാൻജിനുളള അഭയം ഇക്വഡോർ റദ്ദാക്കുകയും ലണ്ടൻ പൊലീസ് എംബസ്സിക്കകത്തുകടന്ന് അസ്സാൻജിനെ അറസ്റ്റ് ചെയതു വലിച്ചിഴച്ചുകൊണ്ടു പോവുകയുംചെയതു. താടിയും മുടിയും അനിയന്ത്രിതമായി വളർന്ന നിലയിൽ ഒരു പടുവൃദ്ധനെപ്പോലെ പ്രത്യക്ഷപ്പെട്ട നാൽപത്തിയേഴുകാരനെ കണ്ട് ആളുകൾ പകച്ചുപോയത്രേ. 

ഇക്വഡോറിന്റെ പെട്ടെന്നുള്ള മനംമാറ്റത്തിനു പല കാരണങ്ങൾ പറഞ്ഞുകേൾക്കുന്നു. എംബസ്സി സ്റ്റാഫിന് അസ്സാൻജ്  ശല്യമായിത്തീർന്നുവത്രേ. അവരുമായി ശണ്ഠകൂടിക്കൊണ്ടിരുന്നുവെന്നും വൃത്തിയും വെടിപ്പും പാലിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു. അസ്സാൻജിനെ സംരക്ഷിക്കാനായി ഭീമമായ ഒരു തുകഇക്വഡോറിനു ചെലവാക്കേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്.  

മറ്റൊരു കാരണം ഇക്വഡോറിലുണ്ടായ ഭരണമാറ്റമാണ്. അമേരിക്കയുമായി ഇടഞ്ഞിരുന്ന പ്രസിഡന്റ് റഫേൽ കൊറിയ ഭരിക്കുമ്പേഴാണ് ഇക്വേഡോർ അസ്സാൻജിന് അഭയം നൽകിയിരുന്നത്. എന്നാൽ, 2017 മേയ് മുതൽ  അധികാരത്തിലിരിക്കുന്നത് അമേരിക്കയുമായും മറ്റുപാശ്ചാത്യ രാജ്യങ്ങളുമായും അടുക്കാൻ ആഗ്രഹിക്കുന്ന ലെനിൻ മൊറീനോവാണ്. അറസ്റ്റോടെ അസ്സാൻജ് ഇക്വഡോറിലെ ആഭ്യന്തര രാഷ്ട്രീയത്തിലും ചൂടുപിടിച്ച തർക്കവിഷയമായി. 

ECUADOR-ASSANGE

സ്വീഡനിലെ കേസുകളുടെ വിചാരണക്കായി അവിടേക്കു പോകേണ്ടിവന്നാൽ, അവിടെനിന്ന് അമേരിക്കയിലേക്കും താൻ എത്തിക്കപ്പെടുമെന്ന്  അസ്സാൻജ് ഭയപ്പെടുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒൗദ്യോഗിക രഹസ്യരേഖകൾ ചോർത്തുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നതു ഗുരുതരമായകുറ്റമാണ്. രാജ്യദ്രോഹക്കുറ്റമെന്ന പേരിൽ വധശിക്ഷവരെ നേരിടേണ്ടിവരികയും ചെയ്തേക്കാം.

എന്നാൽ, യുഎസ് ഭരണഘടന ഉറപ്പുനൽകുന്ന പത്രസ്വാതന്ത്യത്തിന്റെ പ്രശ്നവും ഇൗ സംഭവത്തിൽ അടങ്ങിയിട്ടുണ്ട്. ഗവൺമെന്റിന്റെ തെറ്റായ  നടപടികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ വിക്കിലീക്സ് പുറത്താക്കിയതു പൊതുതാൽപര്യംമുൻനിർത്തിയാണെന്ന് അസ്സാൻജ് വാദിക്കുന്നു.മുൻപ് ചില സമാനകേസുകളിൽ യുഎസ് കോടതികൾ ഇൗ വാദം അംഗീകരിക്കുകയും പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്യുകയുണ്ടായി. 

അങ്ങനെ രക്ഷപ്പെടാതിരിക്കാനാണത്രേ അസ്സാൻജിനെതിരെ അമേരിക്ക മറ്റൊരു കുറ്റംകൂടി ചുമത്തിയിട്ടുണ്ട്. യുഎസ് രഹസ്യരേഖകൾ പ്രതിരോധവകുപ്പിന്റെ കംപ്യൂട്ടറുകളിൽനിന്നു കൂട്ടത്തോടെ ചോർത്താൻ മാന്നിങ്ങിനെ അസ്സാൻജ് സഹായിച്ചുവെന്നാണ് ആരോപണം. 

മാന്നിങ്ങിനെ പട്ടാളക്കോടതി 35 വർഷത്തെ തടവിനു ശിക്ഷിക്കുകയുണ്ടായി. ഭാഗ്യത്തിനു പ്രസിഡന്റ് ബറാക് ഒബാമ മാപ്പുനൽകിയതിനാൽ ഏഴു വർഷത്തിനു ശേഷം മോചനം നേടുകയും ചെയ്തു. 

ഇതിനിടയിൽ മറ്റൊരു സംഭവം കൂടിയുണ്ടായി. രേഖകൾ ചോർത്തിയ കാലത്തു 31 വയസ്സുള്ള പുരുഷനായിരുന്ന മാന്നിങ് ഹോർമോൺ ചികിൽസയിലൂടെയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും സ്ത്രീയായി. ബ്രാഡ്ലി മാന്നിങ് അങ്ങനെ ചെൽസീ മാന്നിങ്ങായി. 

വിക്കിലീക്സിലൂടെ യുഎസ് രേഖകൾ മാന്നിങ് പുറത്തുവിട്ടു മൂന്നു വർഷമായപ്പോഴായിരുന്നു അമേരിക്കയെ പിടിച്ചുകുലുക്കിയ സമാനമായ മറ്റൊരു സംഭവം. ലോകമൊട്ടുക്കും അമേരിക്ക നടത്തുന്ന ചാരപ്പണിയുടെ വിശദ വിവരങ്ങൾ യുഎസ് ദേശീയ സുരക്ഷാ ഏജൻസിയുടെ (എൻഎസ്എ)  കംപ്യൂട്ടറുകളിൽനിന്നു ചോർന്നു. 

എൻഎസ്എയുടെ ഹവായ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന മുപ്പതുകാരൻ എഡ്വേർഡ് സ്നോഡണായിരുന്നു അതിനുത്തരവാദി. അറസ്റ്റിൽനിന്നു രക്ഷപ്പെടാനായി ഹോങ്കോങ്ങിലേക്കുരക്ഷപ്പെട്ട സ്നോഡൺ അവിടെനിന്നു മോസ്ക്കോയിലേക്കു പറന്നു. റഷ്യ അഭയംനൽകിയതിനാൽ അന്നുമുതൽ അവിടെയാണ് താമസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ