ഇന്തൊനീഷ്യയിൽ വീണ്ടും ജോക്കോവി

HIGHLIGHTS
  • ലോകത്തിൽ വച്ചേറ്റവും സങ്കീർണമായ തിരഞ്ഞെടുപ്പ്
  • 20,000 സീറ്റുകൾ, രണ്ടര ലക്ഷം സ്ഥാനാർഥികൾ
indonesian-presidential-election-joko-widodo-again-in-power
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ അടിസ്ഥാന സൗകര്യവികസന രംഗത്ത് ഇന്തൊനീഷ്യയിലുണ്ടായ വൻമുന്നേറ്റം പ്രസിഡന്റ് ജോക്കോവിയുടെ ഏറ്റവും വലിയ നേട്ടമായി എണ്ണപ്പെടുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള പുതിയ റോഡുകളും പാലങ്ങളും റയിൽപ്പാതകളും വിമാനത്താവളങ്ങളും വൈദ്യുതിനിലയങ്ങളും ഇതിനു സാക്ഷ്യം വഹിക്കുന്നു
SHARE

ഇന്തൊനീഷ്യയിലെ ബറാക് ഒബാമ എന്നറിയപ്പെട്ടിരുന്ന ജോക്കോ വിദോദോ രണ്ടാം തവണയും ആ രാജ്യത്തിന്റെ പ്രസിഡന്റാവുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച (ഏപ്രിൽ 17) നടന്ന തിരഞ്ഞെടുപ്പിന്റെ ഒൗദ്യോഗിക ഫലപ്രഖ്യാപനത്തിന് ഇനിയും ആഴ്ചകൾ കാത്തിരിക്കേണ്ടതുണ്ടങ്കിലും അദ്ദേഹം ജയിച്ചുവെന്നാണ് ഇപ്പോൾതന്നെയുള്ള വ്യക്തമായ സൂചനകൾ.

എന്നാൽ, എതിർ സ്ഥാനാർഥിയായ മുൻ സൈനികൻ ജനറൽ പ്രബോവോ സുബിയാന്റോ തോൽവി സമ്മതിക്കുന്നില്ല. താനാണ് ജയിച്ചതെന്നും ജോക്കോ വിദോദോയുടെ നിലവിലുള്ള കാലാവധി അവസാനിക്കുന്ന ഒക്ടോബർ മുതൽ താനായിരിക്കും ഇന്തൊനീഷ്യയുടെ പ്രസിഡന്റെന്നും അദ്ദേഹം അവകാശപ്പെടുന്നു. പൊതുവിൽ മിക്കവാറും ശാന്തമായി നടന്ന തിരഞ്ഞെടുപ്പിന്റെ ഇൗ അനന്തരഫലം ജനങ്ങളെ ഉൽക്കണ്ഠാകുലരാക്കുന്നു. 

അഞ്ചു വർഷംമുൻപ് ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ ജോക്കോ വിദോദോയ്ക്കു കിട്ടിയ വിശേഷണമായിരുന്നു ഇന്തൊനീഷ്യയിലെ ബറാക് ഒബാമ എന്നത്. രാഷ്ട്രീയ വരേണ്യവർഗത്തിൽ ഉൾപ്പെടാത്ത, എളിമയുള്ള, സൗമ്യനായ ജനപ്രിയ നേതാവ് എന്ന അർഥത്തിലായിരുന്നു ആ വിശേഷണം.  

ഇത്തരമൊരു നേതാവ് സ്വതന്ത്ര ഇന്തൊനീഷ്യയുടെ ഏതാണ്ടു മുക്കാൽ നൂറ്റാണ്ടുകാലത്തെ ചരിത്രത്തിൽ മുൻപുണ്ടായിരുന്നില്ല. ജനങ്ങൾക്കിടയിൽ ജോക്കോവി എന്ന ചുരുക്കപ്പേരിലും  ഇൗ അൻപത്തിയേഴുകാരൻ അറിയപ്പെടുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള പ്രതീക്ഷകൾക്കു കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ മങ്ങലേറ്റുവെങ്കിലും ഇന്നത്തെ ഇന്തൊനീഷ്യയിൽ അദ്ദേഹത്തിനു പകരക്കാരനായി മറ്റൊരാളില്ലെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. 

കഴിഞ്ഞ തവണയും (2014) ജോക്കോവിയുടെ എതിരാളിയായിരുന്നു അറുപത്തേഴുകാരനായ ജനറൽ പ്രബോവോ സുബിയാന്റോ പത്തു വർഷം മുൻപ് താൻതന്നെ സ്ഥാപിച്ച ജെറിൻദ്ര പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു അദ്ദേഹം. മറ്റു ചില പാർട്ടികളുടെയും പിന്തുണയുണ്ടായിരുന്നു. 

പ്രബോവോ സുബിയാന്റോ കൂടുതൽ അറിയപ്പെടുന്നതു 31 വർഷം രാജ്യം ഭരിച്ച സൈനിക സ്വേഛാധിപതി ജനറൽ സുഹാർത്തോയുടെ മുൻജാമാതാവെന്ന നിലയിലാണ്. സുഹാർത്തോയുടെ പിൻഗാമിയായും പലരും അദ്ദേഹത്തെ കണ്ടിരുന്നു. തീവ്രദേശീയവാദിയെന്ന വിശേഷണവുമുണ്ട്.

സുഹാർത്തോയുടെ പ്രതാപകാലത്തു സൈന്യം നടത്തിയ അതിക്രമങ്ങളിൽസുബിയാന്റോയ്ക്കുംപങ്കുണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. അതിന്റെ പേരിൽ സൈന്യത്തിൽനിന്നു പുറത്താവുകയും ചെയ്തു. ഇതുകാരണം അമേരിക്കയിൽ പ്രവേശനം നിഷേധിക്കപ്പെടുകയുമുണ്ടായി. 

എങ്കിലും, രാജ്യത്തിനു ശക്തമായ നേതൃത്വം നൽകാൻ കെൽപ്പുള്ള ഒരാളായി ഒട്ടേറെ പേർ അദ്ദേഹത്തെ കണ്ടു. അങ്ങനെയാണ് അദ്ദേഹം കഴിഞ്ഞ രണ്ടു തവണയും പ്രസിഡഡന്റ് തിരഞ്ഞെടുപ്പ് മൽസര രംഗത്തിറങ്ങിയത്. 

കഴിഞ്ഞ തവണ അദ്ദേഹത്തേക്കാൾ ആറു ശതമാനം കൂടുതൽ വോട്ടുകൾ നേടിയ ജോക്കോവിയുടെ ഭൂരിപക്ഷം ഇത്തവണ പത്തു ശതമാനത്തോളം വർധിച്ചതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.  വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകളുടെ അടിസ്ഥാനത്തിലുളളതാണ്  ഇൗ കണക്കുകൾ. പോളിങ്ങിനു  മുൻപ് നടന്ന അഭിപ്രായ സർവേകളിലും മാസങ്ങളായി ജോക്കോവിതന്നെയായിരുന്നു മുന്നിൽ. 

എന്നാൽ, ഇൗ കണക്കുകൾ സുബിയാന്റോ തള്ളിക്കളയുന്നു. കഴിഞ്ഞ തവണയും ഇതുതന്നെയായിരുന്നു സ്ഥിതി. താനാണ് ജനിച്ചതെന്ന് അവകാശപ്പെട്ട അദ്ദേഹം ജോക്കോവിയെ പ്രസിഡന്റായി പ്രഖ്യാപിച്ചതിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കുയുമുണ്ടായി. പക്ഷേ, അദ്ദേഹത്തിന്റെ ഹർജി കോടതി തള്ളിക്കളഞ്ഞു.  

ഇന്തൊനീഷ്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ കക്ഷികളിൽ ഒന്നായ പിഡിഎെപിയുടെ സ്ഥാനാർഥിയായിരുന്നു ജോക്കോവി. രാഷ്ട്രീയ, സൈനിക പാരമ്പര്യങ്ങളൊന്നുമില്ലാത്ത ഒരു എളിയ കുടുംബത്തിലെ അംഗം. ആദ്യം ഫർണിച്ചർ വ്യാപാരിയായിരുന്നു. 

ദ്വീപ്സമൂഹമായ ഇന്തൊനീഷ്യയുടെ മധ്യഭാഗത്തു കിടക്കുന്ന ജാവ ദ്വീപിലെ സോലോ നഗരത്തിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു പൊതുരംഗത്തേക്കുള്ള കടന്നുവരവ്. രാജ്യതലസ്ഥാനമായ ജക്കാർത്തയുടെ ഗവർണറായതോടെ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 

സാമ്പത്തിക വികസനത്തിലും സാമൂഹിക ക്ഷേമത്തിലും ഉൗന്നിക്കൊണ്ടായിരുന്നു 2014ലെ തിരഞ്ഞെടുപ്പിൽ ജോക്കോവിയുടെ പ്രചാരണം. ദാരിദ്ര്യവും അഴിമതിയും തുടച്ചുനീക്കുമെന്നും അദ്ദേഹം പ്രതിജ്ഞചെയ്തു. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും അദ്ദേഹം 2014ൽ ജയിച്ചത് അങ്ങനെയാണ്. 

കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടയിൽ അടിസ്ഥാന സൗകര്യവികസന രംഗത്ത് ഇന്തൊനീഷ്യയിലുണ്ടായ വൻമുന്നേറ്റം ജോക്കോവിയുടെ ഏറ്റവുംവലിയ നേട്ടമായി എണ്ണപ്പെടുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള പുതിയ റോഡുകളും പാലങ്ങളും റയിൽപ്പാതകളും വിമാനത്താവളങ്ങളും വൈദ്യുതിനിലയങ്ങളും ഇതിനു സാക്ഷ്യം വഹിക്കുന്നു. 

വിലക്കയറ്റം നിയന്ത്രിതമാവുകയും തൊഴിലില്ലായമയുടെ നിരക്കു കുറയുകയും ചെയ്തു. സാമ്പത്തിക രംഗത്തുണ്ടായ അഭൂതപുർവമായ ഇൗ മുന്നേറ്റത്തിൽ ധനമന്ത്രി മുൽയാനി ഇന്ദ്രവതി നിർണായക പങ്കു വഹിച്ച പങ്കും പ്രകീർത്തിക്കപ്പെടുന്നു. മുൻപ് ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടറായിരുന്നു ഇൗ വനിത. 

ലോകത്തിൽ വച്ചേറ്റവുമധികം മുസ്‌ലിങ്ങളുള്ള രാജ്യമെന്നതിനു പുറമെ ഏറ്റവും വലിയ ദ്വീപ് സമൂഹങ്ങളിൽ ഒന്നെന്ന പേരും ഇന്തൊനീഷ്യയ്ക്കുണ്ട്. 

ഇന്ത്യാസമുദ്രത്തിനും ശാന്തസമുദ്രത്തിനും ഇടയിൽ 4800 കിലോമീറ്റർ നീളത്തിൽ ചിതറിക്കിടക്കുകയാണ് ചെറുതും വലുതുമായ 17,000ൽപ്പരം ദ്വീപുകൾ. 26 കോടി ജനങ്ങളിൽ വൈവിധ്യമാർന്ന ഒട്ടേറെ മത-സാംസ്ക്കാരിക-ഭാഷാ പാരമ്പര്യമുള്ളവർ ഉൾപ്പെടുന്നു.

മൊത്തം 19 കോടി 30 ലക്ഷം വോട്ടർമാർക്ക് ഇത്തവണ തിരഞ്ഞെടുക്കാനുണ്ടായിരുന്നതു പ്രസിഡന്റിനെ മാത്രമല്ല. പാർലമെന്റിന്റെ ഇരു സഭകൾ, പ്രവിശ്യാ നിയമസഭകൾ, തദ്ദേശ ഭരണസമിതികൾ എന്നിവയിലെ മൊത്തം ഇരുപതിനായിരത്തിലേറെ അംഗങ്ങളെയും തിരഞ്ഞെടുക്കാനുണ്ടായിരുന്നു. രണ്ടര ലക്ഷം സ്ഥാനാർഥികളാണ് രംഗത്തുണ്ടായിരുന്നത്. എല്ലാ സീറ്റുകളിലെയും പോളിങ് നടന്നത് ഒറ്റദിവസം ആറു മണിക്കൂറിനിടയിൽ.  

INDONESIA-POLITICS-ELECTION-TRANSPORT

പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടൊപ്പം മറ്റു തിരഞ്ഞെടുപ്പുകളും നടത്തുന്നത് ഇന്തൊനീഷ്യയുടെ ചരിത്രത്തിൽതന്നെ ഇതാദ്യമാണ്. ലോകത്തിൽ വച്ചേറ്റവും സങ്കീർണമായ തിരഞ്ഞെടുപ്പ് എന്നു പോലും രാജ്യാന്തരമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചു. ഒരിടത്തും കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല. 

രണ്ടു നൂറ്റാണ്ടു കാലം ഡച്ച് (നെതർലൻഡ്സ്) കോളണിയായിരുന്നു ഇന്തൊനീഷ്യ. അതിനാൽ ഡച്ച് ഇൗസ്റ്റിൻഡീസ് എന്നപേരിലും അറിയപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ അധീനത്തിലായി. ഡച്ചുകാർക്കെതിരെ സുകാർണോയുടെ നേതൃത്വത്തിൽനടന്ന സമരമാണ് ഇന്തൊനീഷ്യയ്ക്കു സ്വാതന്ത്ര്യം നേടിക്കൊടുത്തത്. സ്വതന്ത്ര ഇന്തൊനീഷ്യയുടെ ആദ്യത്തെ പ്രസിഡന്റുമായി സുകാർണോ. 

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, ഇൗജിപ്തിലെ പ്രസിഡന്റ ജമാൽ അബ്ദുന്നാസർ, യൂഗോസ്ളാവ് പ്രസിഡന്റ് മാർഷൽ ജോസിഫ് ടിറ്റോ എന്നിവരോടൊപ്പം ചേർന്നു ചേരിചേരാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. അതിലേക്കു നയിച്ച 1955ലെ ആഫ്രോ-ഏഷ്യൻ സമ്മേളനം നടന്നത് ഇന്തൊനീഷ്യയിലെ ബാന്ദുങ്ങിലായിരുന്നു.

ഒാർക്കുമ്പോഴെല്ലാം ഇപ്പോഴും ഇന്തൊനീഷ്യക്കാരിൽ ഞെട്ടലുണ്ടാക്കുന്ന കൂട്ടക്കൊലകളുടെ പരമ്പര നടന്നതും സുകാർണോയുടെ ഭരണകാലത്താണ്. ചൈനയെ അനുകൂലിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി സുകാർണോയെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്ന കാരണത്താൽ 1965 ഒക്ടോബറിൽ ജനറൽ സുഹാർത്തോയുടെ നേതൃത്വത്തിൽ പട്ടാളം അവർക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. 

കമ്യൂണിസ്റ്റുകളോടൊപ്പം മറ്റ് ഇടതുപക്ഷക്കാരും ചൈനീസ്, ജാപ്പനീസ് വംശജരും പരക്കേ ആക്രമിക്കപ്പെട്ടു. യുഎസ് ചാരവിഭാഗം (സിഎെഎ) പട്ടാളത്തെ സഹായിച്ചതായും ആരോപണമുണ്ടായിരുന്നു.

ഏതാനും മാസങ്ങൾ നീണ്ടുനിന്ന ഇൗ ആക്രമണത്തിൽ അഞ്ചു ലക്ഷംമുതൽ പത്തു ലക്ഷംവരെ പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. സിഎെഎ തന്നെഅതിനെ വിശേഷിപ്പിച്ചത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നെന്നായിരുന്നു.

സുകാർണോ സ്ഥാനഭ്രഷ്ടനാവുകയും വീട്ടുതടങ്കിലാവുകയും ചെയ്തു. 1967ൽ ആക്ടിങ് പ്രസിഡന്റായി സ്ഥാനമേറ്റ സുഹാർത്തോ പിന്നീട് പ്രസിഡന്റായി. അഴിമതിയിലൂടെയും അതിക്രമങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ അദ്ദേഹത്തിന്റെ ഭരണം അവസാനിച്ചത് 31 വർഷത്തിനുശേഷമാണ്. 

ദുർഭരണത്തിലുളള ജനങ്ങളുടെ രോഷവും പട്ടാളത്തിലെ ചേരിതിരിവും 1998ൽ അദ്ദേഹത്തെ രാജിവയ്ക്കാൻ നിർബന്ധിക്കുകയായിരുന്നു. അതിനു ശേഷമുളള 20 വർഷങ്ങളിലാണ് ഇന്തൊനീഷ്യയിൽ ജനാധിപത്യം വേരുപിടിക്കാൻ തുടങ്ങിയത്. ഏറെക്കുറെ സ്വതന്ത്രവും നീതിപൂർവവുമായി നടന്ന തിരഞ്ഞെടുപ്പുകൾ അതിനു സഹായകമാവുകയും ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA