ശ്രീലങ്കയിൽ ചോരയും കണ്ണീരും

HIGHLIGHTS
  • പ്രത്യാശയുടെ പുണ്യദിനത്തിൽ കൂട്ടക്കൊല
  • മുന്നറിയിപ്പുകൾ പ്രധാനമന്ത്രി അറിഞ്ഞില്ല
SRI-LANKA-BLAST
പുണ്യദിനത്തിൽ ഒരേസമയത്തു ദേവാലയങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലായി നടന്ന സ്ഫോടനങ്ങൾ ഭീകരരുടെ പൈശാചിക ബുദ്ധിയിലേക്കു മാത്രമല്ല, അധികൃതരുടെ ഭാഗത്തുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കും വിരൽചൂണ്ടുന്നു
SHARE

ശ്രീലങ്കയിൽ തമിഴ് പുലികളുമായുള്ള കാൽനൂറ്റാണ്ടു നീണ്ടുനിന്ന  ആഭ്യന്തരയുദ്ധം അവസാനിച്ചതിന്റെ പത്താം വാർഷികമാണ് അടുത്തുവരുന്നത്. ഹിംസയുടെയും നാശത്തിന്റെയും ആ ഇരുണ്ട കാലഘട്ടം ഒരു അടഞ്ഞ അധ്യായമായതായി ആശ്വസിക്കാൻ തുടങ്ങുകയായിരുന്നു രണ്ടേകാൽ കോടി ജനങ്ങൾ. അതിനിടയിലാണ് രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ  ഏറ്റവും വലിയ ഭീകരാക്രമണ പരമ്പര അവരെ പിടിച്ചുലച്ചിരിക്കുന്നത്.  

ഇൗസ്റ്റർ ഞായറാഴ്ച (ഏപ്രിൽ 21), തലസ്ഥാനമായ കൊളംബോ ഉൾപ്പെടെയുള്ള മൂന്നു നഗരങ്ങളിലായി മൂന്നു ക്രൈസ്​തവ ദേവാലയങ്ങളും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും ഏതാണ്ട് ഒരേസമയത്ത് ചാവേർ ബോംബാക്രമണത്തിന് ഇരയായി. മുന്നൂറിലേറെ പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. 

പ്രത്യാശയുടെ പുണ്യദിനത്തിലുണ്ടായ ഇൗ കൂട്ടക്കൊല ശ്രീലങ്കയെ മാത്രമല്ല, ലോകത്തെ പൊതുവിൽ തന്നെ നടുക്കുകയും അഗാധമായ ദഃഖത്തിലാഴ്ത്തുകയും ചെയ്യുന്നു. 2296 പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബർ 11ലെ യുഎസ് സംഭവത്തിനു ശേഷം നടക്കുന്ന ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിൽ ഒന്നായിട്ടാണ് ഇത് എണ്ണപ്പെടുന്നത്. 

രണ്ടു ദിവസം കഴിഞ്ഞതോടെ ചില ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയിട്ടുമുണ്ട് : ഇതു തടയാൻ ശ്രീലങ്ക ഗവൺമെന്റിനു കഴിയുമായിരുന്നില്ലേ ? എന്തുകൊണ്ട് തടയാനായില്ല ?  

തമിഴ് പുലികൾ  (എൽടിടിഇ) തിരിച്ചുവരികയാണോ എന്ന സംശയമായിരുന്നു ആദ്യം തന്നെ ചിലരുടെയെങ്കിലും മനസ്സിൽ. പുലികൾ അവരുടെ പ്രതാപകാലത്തു നടത്തിയ ഭീകരാക്രമണങ്ങൾ ആ വിധത്തിലുള്ളതായിരുന്നു. 

ചാവേർ ബോംബാക്രമണം പ്രചാരത്തിലായതും അവരിലൂടെയായിരുന്നു. പുലികളുടെ ആവിർഭാവത്തിനു കാരണമായ പ്രശ്നങ്ങൾ ശ്രീലങ്കയിൽ  ഇപ്പോഴും അവശേഷിക്കുന്നുമുണ്ട്. 

എന്നാൽ, ആഭ്യന്തരയുദ്ധത്തിന്റെ അവസാനത്തിൽ 2009ൽ പുലിത്തലവൻ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതോടെ തന്നെ അവരുടെ കഥ കഴിയുകയുണ്ടായി. ഇന്നത്തെ നിലയിൽ അവർ തിരിച്ചുവരാൻ ഒരു സാധ്യതയുമില്ല. അതിനാൽ, പുലികളെക്കുറിച്ചുള്ള സംശയം പെട്ടെന്നുതന്നെ കെട്ടടങ്ങുകയും ചെയ്തു.  

സംശയത്തിന്റെ സൂചിമുനകൾ ഇസ്ലാമിക് സ്റ്റേറ്റ് (എെഎസ്) ഭീകരസംഘടനയുടെ നേരെയും തിരിഞ്ഞു. ശ്രീലങ്കയിലെ ചില സമ്പന്ന കുടുംബങ്ങളിലെ 32 അംഗങ്ങൾ എെഎസ്സിൽ ചേരാൻ സിറിയയിലേക്കു പോയതായി ഇൗയിടെ ഒരുമന്ത്രിതന്നെ പറഞ്ഞിരുന്നു. സിറിയയിൽ പഠിച്ചതു സ്വന്തം നാട്ടിൽ തിരിച്ചെത്തി അവർ നടപ്പാക്കിയതാണോ എന്നായിരുന്നു സംശയം.  

ആക്രമണം നടന്നാൽ അതിന്റെ ഉത്തരവാദിത്തം ഉടൻതന്നെ ഏറ്റെടുക്കുന്ന പതിവ് എെഎസ്സിനുണ്ട്. ശ്രീലങ്ക സംഭവത്തിൽ അതുണ്ടായതു മൂന്നാം ദിവസമാണ്. അതിനുമുൻപ് തന്നെ നാഷനൽ തൗഹീദ് ജമാഅത്ത് എന്നൊരു തദ്ദേശീയ തീവ്രവാദി സംഘടനയുടെ നേരെയും ഗവൺമെന്റ് വിരൽചൂണ്ടുകയുണ്ടായി. 

സംഭവത്തിനുശേഷമുള്ള ആദ്യമണിക്കൂറുകളിൽ തന്നെ ചിലരെ പൊലീസ് അറസ്റ്റ്് ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു  ഇൗ നിഗമനം.  

അടുത്ത കാലത്തു നടന്ന ചില കുഴപ്പങ്ങളിൽ പങ്കാളികളായിരുന്നുവെങ്കിലും ശ്രീലങ്കയിൽ തന്നെ അധികമൊന്നും അറിയപ്പെടാത്ത ഒരു സംഘടനയാണ് തൗഹീദ് ജമാഅത്ത്. ഇത്രയും വിപുലമായ തോതിലുള്ള ആക്രമണം തനിച്ച് നടത്താൻ മാത്രം അവർക്കു കഴിവുണ്ടോയെന്നും സംശയിക്കപ്പെടുന്നു. 

അതിനാൽ, രാജ്യത്തിനു പുറത്തുളള ഏതെങ്കിലും ഭീകര സംഘടനകളുടെ സഹായം അവർക്കു കിട്ടിയിരുന്നുവോ എന്ന കാര്യവും ഗവൺമെന്റ് അന്വേഷിക്കുന്നുണ്ട്. മുഖ്യമായും എെഎസ് തന്നെയാണ് പ്രതിക്കൂട്ടിൽ.  

മരിച്ചവരുടെ എണ്ണം പോലെ തന്നെ ആക്രമണം നടത്താൻ ഭീകരർ തിരഞ്ഞെടുത്ത സ്ഥലങ്ങൾ, സമയം, സന്ദർഭം എന്നിവയും അവരുടെ പൈശാചികമായ ദുഷ്ടതയ്ക്ക്് അടിവരയിടുന്നു. ഇൗസ്റ്റർ ദിനത്തിലെ പ്രഭാതത്തിൽ കൈ്രസ്തവ ദേവാലയങ്ങൾ ആരാധനയ്ക്കെത്തിയ വിശ്വാസികളാൽ നിറഞ്ഞിരിക്കുകയായിരുന്നു. 

അപ്പോഴാണ് കൊളംബോയിലെ ചരിത്ര പ്രസിദ്ധമായ സെന്റ് ആന്റണീസ് പള്ളിയിലും  30 കിലോമീറ്റർ വടക്കു നിഗംബോ നഗരത്തിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും രാജ്യത്തിന്റെ നേരെ എതിർവശത്തു കിഴക്കൻ തീരത്തുള്ള ബട്ടിക്കലോവയിലെ സിയോൻ പള്ളിയിലും ബോംബുകൾ പൊട്ടിയത്. 

ഏറ്റവുമധികം (120ലേറെ) ആളുകൾ മരിച്ചത് നിഗംബോ പള്ളിയിലാണ്. കൊളംബോ-നിഗംബോ മേഖലയിലാണ്  ക്രൈസ്​തവരിൽ അധികപേരും താമസിക്കുന്നത്. 

ശ്രീലങ്കയിലെ ഒരു ചെറിയ ന്യൂനപക്ഷമാണ് 15 ലക്ഷം വരുന്ന ക്രൈസ്തവർ. ജനങ്ങളിൽ വെറും 7.4 ശതമാനം. ബുദ്ധമതക്കാരാണ് ബഹുഭൂരിപക്ഷം-70.20 ശതമാനം. ഹിന്ദുക്കൾ 12 ശതമാനവും മുസ്ലിംകൾ 9.7  ശതമാനവും. കൈ്രസ്തവരിൽ 80 ശതമാനംവരെ റോമൻ കത്തോലിക്കർ. 

SRI-LANKA-BLASTS

ക്രൈസ്തവ ദേവാലയങ്ങൾക്കു പുറമെ കൊളംബോയിൽ വിദേശ സഞ്ചാരികളുടെ ഇഷ്ട താമസകേന്ദ്രങ്ങളായ ഷാൻഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഹോട്ടലുകളിലെ റസ്റ്ററന്റുകളിൽ പ്രാതലിന്റെ തിരക്കായിരുന്നു. 

ഉച്ചയ്ക്കുശേഷം കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപമുള്ള ഗസ്റ്റ്് ഹൗസിലും വടക്കൻ മേഖലയിലെ ഒരു വീട്ടിലും  ബോംബ്് പൊട്ടി. വീട്ടിൽ പൊലീസ് പരിശോധനയക്കു ചെന്നപ്പോഴായിരുന്നു സംഭവം. കൊളംബോയിലെ മുഖ്യ ബസ് സ്റ്റേഷനിലും ബണ്ടാരനായകെ രാജ്യാന്തര വിമാനത്താവളത്തിനടത്തും മറ്റുമായി നാടൻ ബോംബുകൾ കണ്ടെത്തി.  

ദേഹത്തു ബോംബുകൾ ഘടിപ്പിച്ചിരുന്ന ഏഴു ചാവേറുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ചാവേറുകളുടെ ശരീരാവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ കിട്ടിയ വിവരങ്ങളും അവർആരാണെന്നു  തിരിച്ചറിയാൻ  അധികൃതർക്കു സഹായകമായതായി കരുതപ്പെടുന്നു.  

മരിച്ചവരിൽ മിക്കവരും നാട്ടുകാർ തന്നെയാണെങ്കിലും മുപ്പതിലേറെ വിദേശികളുമുണ്ട്. ഇവരിൽ പത്ത്് ഇന്ത്യക്കാരും കാസർക്കോട്ടുനിന്നു കൊളംബോയിൽ കുടിയേറിയ മലയാളി കുടുംബത്തിലെ ശ്രീലങ്കൻ പൗരത്വമുള്ള ഒരു വനിതയും ഉൾപ്പെടുന്നു. 

ഡെന്മാർക്കിലെ ശതകോടീശ്വരനും ബ്രിട്ടനിലെ ബിസിനസ് പ്രമുഖനുമായ ആൻഡേർസ് ഹോച്ച് പൗൾസന്റെ നാലു കുട്ടികളിൽ മൂന്നൂപേരും മരിച്ചു. അദ്ദേഹവും  കുടുംബവും ഒഴിവുദിനങ്ങൾ ആസ്വദിക്കാൻ ശീലങ്കയിൽ എത്തിയതായിരുന്നു. 

ഹോട്ടലുകളിലായിരുന്നു വിദേശികളിൽ മിക്കവരുടെയും അന്ത്യം. മുൻപ് ഹോട്ടൽ ലങ്ക ഒാബറോയ് എന്നറിയപ്പെട്ടിരുന്ന സിന്നമൺ ഹോട്ടൽ 1984ൽ തമിഴ് പുലികളുടെ ആക്രമണത്തിനും ഇരയായിരുന്നു. 

sri-lanka-terror-attack1

പുണ്യദിനത്തിൽ ഒരേസമയത്തു വിവിധ സ്ഥലങ്ങളിലായി  നടന്ന ഇൗ സ്ഫോടനങ്ങൾ ഭീകരുടെ കുടില ബുദ്ധിയിലേക്കു മാത്രമല്ല, അധികൃതരുടെ ഭാഗത്തുണ്ടായ ഗുരുതരമായ 

സുരക്ഷാ വീഴ്ചയിലേക്കും വിരൽചൂണ്ടുന്നു. ആക്രമണം ഉണ്ടാകാൻ ഇടയുണ്ടെന്നു രണ്ടാഴ്ച മുൻപ്തന്നെ ഇന്ത്യയിലെയും അമേരിക്കയിലെയും ഇന്റലിജൻസ് കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചിരുന്നതായി ഗവൺമെന്റ് തന്നെ സമ്മതിച്ചിരിക്കുകയാണ്. പക്ഷേ, അതനുസരിച്ച് കരുതൽ നടപടികളെടുത്തില്ല.  

ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയ കാര്യം താനോ തന്റെ മന്ത്രിസഭയോ അറിഞ്ഞിരുന്നില്ലെന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പരസ്യമായി പരാതി പറഞ്ഞതും  ഇതിനോടു ചേർത്തു വായിക്കപ്പെടുന്നു. സുപ്രധാനമായ ഇൗ വിവരം പ്രസിഡന്റ് മൈത്രിപാല സിരിസേന തന്നിൽനിന്നു മറച്ചുവച്ചുവെന്നാണ് വിക്രമസിംഗെയുടെ പ്രസ്താവനയിലെ വ്യംഗ്യം. 

പ്രസിഡൻഷ്യൽ ഭരണരീതി പിന്തുടരുന്ന ശ്രീലങ്കയിൽ ഇന്റലിജൻസ് ഉൾപ്പെടുന്ന ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതു പ്രസിഡന്റാണ്. തന്നെ അദ്ദേഹം അവഗണിക്കുകയാണെന്നു നേരത്തെതന്നെ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. രണ്ടു പ്രമുഖ പാർട്ടികളെ പ്രതിനിധീകരിക്കുന്ന ഇരുവരും തമ്മിൽ ശീതസമരം  നടക്കുകയാണെന്നതും നാട്ടിലെ പാട്ടാണ്. 

ഇക്കഴിഞ്ഞ ഒക്ടോബറിൽ വിക്രമസിംഗെയെ സിരിസേന പുറത്താക്കുകയും പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി അവരോധിക്കുകയുമുണ്ടായി. പക്ഷേ വിക്രമസിംഗെ വഴങ്ങിയില്ല. സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച് അദ്ദേഹം ഡിസംബറിൽ പ്രധാനമന്ത്രിസ്ഥാനത്തു തിരിച്ചെത്തുകയുംചെയ്തു.  

അതിനുശേഷവും അവർ തമ്മിലുള്ള വടംവലി അവസാനിച്ചില്ല. ഭീകരാക്രമണത്തിനുശേഷം അനന്തര നടപടികൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കുകയുണ്ടായി. പക്ഷേ, പ്രസിഡന്റിന്റെ പക്ഷക്കാരായ മന്ത്രിമാർ അതിൽ പങ്കെടുത്തില്ല. 

ഭീകരാക്രമണം സൃഷ്്ടിച്ച ഗുരുതരാവസ്ഥയെ ഇവർ എങ്ങനെ ഒന്നിച്ചുനേരിടുമെന്ന ചോദ്യം ശ്രീലങ്കക്കാരെ പൊതുവിൽ അസ്വസ്ഥരാക്കുന്നുണ്ടാവണം. 

SRI-LANKA-BLAST

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിൽ ഒന്നായ ടൂറിസം വ്യവസായത്തിനു സംഭവിക്കാനിടയുള്ള നഷ്ടവും ഉൽക്കണ്ഠാജനകമാണ്.

ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ ടൂറിസം വ്യവസായം വിണ്ടും പച്ചപിടിക്കാൻ തുടങ്ങിയതായിരുന്നു. പ്രതിവർഷം 25 ലക്ഷം ടൂറിസ്റ്റുകൾ എത്തുന്നുവെന്നാണ് കണക്ക്. ഡോളറുകൾ നേടിക്കൊടുക്കുന്നതിനു പുറമെ പത്തു ലക്ഷം പേർക്ക് ഇൗ മേഖല തൊഴിൽ നൽകുകയും ചെയ്യുന്നു. 

എന്നാൽ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സ്ഫോടനങ്ങൾ ടൂറിസ്റ്റുകളെ ശ്രീലങ്കയിൽനിന്ന് അകറ്റാനിടയുണ്ട്. യൂറോപ്യൻ കോടീശ്വരന്റെ മൂന്നു മക്കൾ ഒന്നിച്ചു കൊല്ലപ്പെട്ട കാര്യം പ്രത്യേകിച്ചും അവരുടെ യാത്രയക്കു തടസ്സമാവും.

ടൂറിസം ഉൾപ്പെടെയുള്ള വ്യവസായങ്ങളിൽ പണംമുടക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന വിദേശ നിക്ഷേപകർക്കും മനംമാറ്റം ഉണ്ടാകുമോ എന്നു പലരും ഭയപ്പെടുകയാണത്രേ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA