കുറ്റവിചാരണയുടെ ഭീഷണികൾ

HIGHLIGHTS
  • മുള്ളർ റിപ്പോർട്ടിലെ പലതും അജ്ഞാതം
  • തിരഞ്ഞെടുപ്പിൽ ട്രംപിനെ റഷ്യ സഹായിച്ചു
TRUMP
അന്യരാജ്യം, അതുമൊരു യുഎസ് വിരുദ്ധശക്തി അമേരിക്കൻ ജനാധിപത്യത്തിനു തുരങ്കം വയ്ക്കുകയായിരുന്നു. അതു തടയുകയാണ് ട്രംപ് ചെയ്യേണ്ടിയിരുന്നത്. അധികൃതരെ വിവരം അറിയിക്കേണ്ടതായിരുന്നു. ആ ഉത്തരവാദിത്തം അദ്ദേഹം നിർവഹിച്ചില്ല
SHARE

പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറ്റവിചാരണ ചെയ്തു നീക്കാനുള്ള ആലോചനയ്ക്ക് അമേരിക്കയിൽ വീണ്ടും ചൂടുപിടിക്കുകയാണ്. ഇടക്കാലത്ത് അതു മിക്കവാറും വിസ്മരിക്കപ്പെട്ട നിലയിലായിരുന്നു. എന്നാൽ, 2016ൽ ട്രംപ് ജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് അനുകൂലമായി റഷ്യ ഇടപെട്ടതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കുറേക്കൂടി പുറത്തുവന്നതോടെ സ്ഥിതിഗതികൾ മാറിവരുന്നു. 

കുറ്റവിചാരണ അഥവാ ഇംപീച്ച്മെന്റ് വിജയിക്കാനുള്ള സാധ്യത ഇപ്പോഴും വിദൂരമാണ്. എന്നിട്ടും പ്രതിപക്ഷ ഡമോക്രാറ്റിക് പാർട്ടിയിൽ അതിനുവേണ്ടിയുള്ള മുറവിളി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. മുള്ളർ റിപ്പോർട്ടിലെ പുതുതായി പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ട്രംപിന് ഇനിയും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നാണ്അവരുടെ അഭിപ്രായം.  

മുൻ കേന്ദ്ര കുറ്റാന്വേഷണ വിഭാഗം (എഫ്ബിഐ) ഡയറക്ടർ റോബർട്ട്് മുള്ളർ 22 മാസത്തെ അന്വേഷണത്തിനുശേഷം തയാറാക്കിയതാണ് 448 പേജുള്ള റിപ്പോർട്ട്. അതു നീതിന്യായ വകുപ്പിന്റെ തലവനായ   അറ്റോർണി ജനറൽ വില്യം ബാറിനു നൽകിയതു മാർച്ച്് 22നായിരുന്നു. അതിന്റെ വെറും നാലുപേജ് സംഗ്രഹമാണ് രണ്ടു ദിവസത്തിനുശേഷം ബാർ പുറത്തുവിട്ടത്. 

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്  അനുകൂലമായി ഇടപെടാൻ അദ്ദേഹമോ അദ്ദേഹത്തിന്റെ ആളുകളോ റഷ്യയുമായി കൂട്ടുകൂടുകയും ഗൂഡാലോചനയിൽ ഏർപ്പെടുകയും ചെയ്തുവെന്നായിരുന്നു അന്വേഷണത്തിനു വിധേമായ പ്രധാന ആരോപണം. മുള്ളർ അതു തള്ളിക്കളയുകയും ട്രംപിനെ കുറ്റവിമുക്തനാക്കുകയും ചെയ്തുവെന്നായിരുന്നു ബാർ നൽകിയ സംഗ്രഹത്തിന്റെ സാരം. 

ഡമോക്രാറ്റുകൾ ഇത് ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. അവരുടെ നിയന്ത്രണത്തിലുള്ള പ്രതിനിധിസഭയിലെ നീതിന്യായ സമിതി മുള്ളർ റിപ്പോർട്ടിന്റെ പൂർണരൂപം നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ, അതനുസരിച്ച് ഏപ്രിൽ 18 നു ബാർ നൽകിയതും റിപ്പോർട്ടിന്റെ പൂർണരൂപമല്ല. പല വരികളും കറുത്ത മഷികൊണ്ടു മറച്ചുവച്ചിരിക്കുകയാണ്. 

അതിലും പറയുന്നത് തിരഞ്ഞെടുപ്പിൽ ഇടപെടാൻ ട്രംപോ അദ്ദേഹത്തിന്റെ ആളുകളോ റഷ്യയുമായി കൂട്ടുകൂടുകയും ഗൂഡാലോചന നടത്തുകയും ചെയ്തുവെന്നതിനു തെളിവില്ലെന്നുതന്നെ. പക്ഷേ, മുള്ളർ എങ്ങനെ ഇൗ നിഗമനത്തിൽ എത്തിച്ചേർന്നുവെന്ന് അറിയാനാവുന്നില്ല. കാരണം, ആ ഭാഗങ്ങളും കറുത്ത മഷികൊണ്ടു മറച്ചുവച്ചവയിൽ ഉൾപ്പെടുന്നു. 

robert-mueller

ഇതുകാരണം റിപ്പോർട്ടിന്റെ പൂർണരൂപം മുള്ളർ നൽകിയ അതേ രൂപത്തിൽതന്നെ ഹാജരാക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. അതു കിട്ടിയ ശേഷമായിരിക്കും ഡമോക്രാറ്റുകളുടെ അടുത്ത നീക്കം. 

ആരോപണത്തിനു തെളിവില്ലെന്നു പറയുമ്പോഴും മുള്ളർ ഒരു കാര്യം സംശയാതീതമായി സ്ഥിരീകരിക്കുന്നുണ്ട് : തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി റഷ്യ ഇടപെട്ടുവെന്നു പറയുന്നതു സത്യമാണ്. ഇടപെടൽ നടക്കുന്നുണ്ടെന്നു ട്രംപിനുതന്നെ അറിയാമായിരുന്നു. റഷ്യൻ ഇടപെടൽ അദ്ദേഹത്തിനു പ്രയോജനപ്പെടുകയും ചെയ്തു. 

അന്യരാജ്യം, അതുമൊരു യുഎസ് വിരുദ്ധശക്തി അമേരിക്കൻ ജനാധിപത്യത്തിനു തുരങ്കം വയ്ക്കുകയായിരുന്നു. അതു തടയുകയാണ് ട്രംപ് ചെയ്യേണ്ടിയിരുന്നത്. അധികൃതരെ വിവരം അറിയിക്കേണ്ടതായിരുന്നു. ആ ഉത്തരവാദിത്തം അദ്ദേഹം നിർവഹിച്ചില്ല. 

hilary-clinton

എതിരാളിയായ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹിലരി ക്ളിന്റനെ എങ്ങനെയെങ്കിലും തോൽപ്പിക്കാനുള്ള വ്യഗ്രതയിലായിരുന്നു ട്രംപ്. ഹിലരി പ്രസിഡന്റാകരുതെന്നതു റഷ്യയുടെയും ആവശ്യമായിരുന്നു. അതു ട്രംപിനും അറിയാമായിരുന്നു. 

ഹിലരിയെ കെണിപ്പെടുത്താൻ ഉപകരിക്കുന്ന വിവരം നൽകാമെന്ന വാഗ്ദാനവുമായി ഒരു റഷ്യൻ അഭിഭാഷക 2016 ജൂണിൽ ട്രംപിന്റെ ഇലക്ഷൻ ടീമിനെ സമീപിക്കുകയുണ്ടായി. അതനുസരിച്ച് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ്് ജൂനിയർ, മകൾ ഇവാങ്കയുടെ ഭർത്താവ് ജാറിദ് കുഷ്നർ തുടങ്ങിയവർ ന്യൂയോർക്കിലെ ട്രംപ് ടവറിൽ സമ്മേളിക്കുകയും ആ സ്ത്രീയുമായി സംസാരിക്കുകയും ചെയ്തു. പ്രയോജനമുണ്ടായില്ലെന്നുമാത്രം. ഇതും മുള്ളർ തന്റെ റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. 

റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിനുമായി ചങ്ങാത്തം സ്ഥാപിക്കാൻ ട്രംപ് ഉൽസുകനായിരുന്നുവെന്നും മുള്ളർ വ്യക്തമാക്കുന്നുണ്ട്. പുടിന്റെ ഒത്താശയോടെ മോസ്ക്കോയിൽ ഒരു കൂറ്റൻ കെട്ടിടം (ട്രംപ് ടവർ) നിർമിക്കാനും ട്രംപ്  ആഗ്രഹിക്കുകയായിരുന്നു. 

പുടിന്റെ സഹായത്തിനു പ്രതിഫലമായി മോസ്്ക്കോ ട്രംപ് ടവറിൽ അദ്ദേഹത്തിനു അഞ്ചു കോടി ഡോളർ വിലമതിക്കുന്ന ആഡംബര ഫ്ളാറ്റ് നൽകാനും ഉദ്ദേശിച്ചിരുന്നുവത്രേ. തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെടുന്നതു ട്രംപ് തടയാതിരുന്നതിനെ പലരും നോക്കിക്കാണുന്നത് ഇതെല്ലാം കൂടിയുള്ള പശ്ചാത്തലത്തിലുമാണ്. 

റഷ്യൻ ഇടപെടലിൽ സഹകരിച്ചതിനെക്കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്താനും അങ്ങനെ നീതിനിർവഹണത്തിൽ ഇടപെടാനും ശ്രമിച്ചുവെന്ന ഗുരുതരമായ മറ്റൊരു ആരോപണവും ട്രംപിനെതിരെ ഉന്നയിക്കപ്പെടുകയുണ്ടായി. ഇതിന് ഉദാഹരണമായ പത്തു സംഭവങ്ങൾ മുള്ളർതന്നെ പ്രതിപാദിക്കുന്നുണ്ട്.

റഷ്യൻ ഇടപെടലിനെക്കുറിച്ച് ആദ്യം അന്വേഷണം നടത്തിയ എഫ്ബിഎെ ഡയരക്ടർ ജെയിംസ് കോമിയെ 2017ൽ ട്രംപ് പിരിച്ചുവിട്ടതായിരുന്നു ഒരു സംഭവം. സമഗ്രമായ അന്വേഷണത്തിനുള്ള വിപുലമായ അധികാരത്തോടുകൂടിയ സ്പെഷ്യൽ കൗൺസലായി മുള്ളർ നിയമിതനായത് അതിനുശേഷമാണ്. 

മുൻപ് 12 വർഷം എഫ്ബിഐ യുടെ തലവനായിരുന്ന മുള്ളർ ഒരുവിധ സമ്മർദത്തിനും വഴങ്ങാത്ത ആളെന്ന നിലയിൽ പ്രസിദ്ധനായിരുന്നു. അദ്ദേഹത്തിന്റെ നിയമനം അറിഞ്ഞപ്പോൾ ട്രംപ് ഞെട്ടിയെന്നും അതിന് ഉത്തരവാദിയായ അന്നത്തെ അറ്റോർണി ജനറൽ ജെഫ് സെഷൻസിനോട് ക്ഷോഭിച്ചുവെന്നുമായിരുന്നു റിപ്പോർട്ടുകൾ.  

മുള്ളറെയും പിരിച്ചുവിടാൻ ട്രംപ് ശ്രമിച്ചു. അതിനുവേണ്ടി വൈറ്റ്ഹൗസ് അഭിഭാഷകൻ ഡോൺ മക്്ഗാഹനു നിർദേശം നൽകുകയും ചെയ്തു. അദ്ദേഹം വിസമ്മതിച്ചപ്പോൾ താൻ അങ്ങനെ പറഞ്ഞ കാര്യം നിഷേധിക്കണമെന്നും ആവശ്യപ്പെട്ടു. 

മറ്റു ചില ഉദ്യോഗസ്ഥർ നേരിട്ട് എതിർപ്പ് പ്രകടിപ്പിക്കാതെതന്നെ പ്രസിഡന്റിന്റെ നിർദേശം അവഗണിക്കുയായിരുന്നു. ഇൗ വിവരങ്ങളും അവർതന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുള്ളർ തന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. 

മുളളറുടെ അന്വേഷണത്തെ  "യക്ഷിവേട്ട'യെന്നു കുറ്റപ്പെടുത്തിയ ട്രംപ് അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. നേരിട്ടു സംസാരിക്കാൻ അനുവദിക്കണമെന്ന മുള്ളറുടെ അപേക്ഷ അദ്ദേഹം തള്ളിക്കളഞ്ഞു. 

മുള്ളർ എഴുതി നൽകിയ ചോദ്യങ്ങൾക്ക് മറുപടി എഴുതി നൽകുകമാത്രം ചെയ്തു. അതിനാൽ ഉപചോദ്യങ്ങൾ ചോദിക്കാൻ മുള്ളർക്കു കഴിഞ്ഞില്ല. അന്വേഷണത്തിൽ ട്രംപ് ഇടപെടുകയോ നീതിനിർവഹണം തടസ്സപ്പെടുത്തുകയോ ചെയ്തതായി മുള്ളർ സ്ഥിരീകരിക്കുന്നില്ല. അതേസമയം, ആ കുറ്റത്തിൽനിന്നു ട്രംപിനെ അദ്ദേഹം തീർത്തും വിമുക്തനാക്കുന്നുമില്ല. 

"നീതിനിർവഹണം പ്രസിഡന്റ് ശരിക്കും തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിൽ അങ്ങനെ പറയുമായിരുന്നു....വസ്തുതകളുടെയും നിയമപരമായ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ അത്തരമൊരു നിഗമനത്തിൽ എത്താൻ കഴിയുന്നില്ല''. ഇങ്ങനെയാണ് മുള്ളർ വിശദീകരിക്കുന്നത്്്. നീതിനിർവഹണത്തിൽ പ്രസിഡന്റ് ഇടപെട്ടുവെന്ന ആരോപണം നിലനിൽക്കുന്നുവെന്നാണ് ഇതിനർഥമെന്നു ഡമോക്രാറ്റുകൾ വാദിക്കുന്നു.

തെളിവുകൾ വേണ്ടത്രയുണ്ടായിട്ടും ഇക്കാര്യത്തിൽ ട്രംപിനെ കുറ്റപ്പെടുത്താൻ മുള്ളർ വിസമ്മതിച്ചത് എന്തുകൊണ്ടാണ് ? അധികാരത്തിലുള്ള പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ആരോപിക്കാൻ യുഎസ് നീതിന്യായ വകുപ്പിന് അധികാരമില്ലെന്ന  നയമാണ്രേത ഇതിനുകാരണം. 

എന്നാൽ, ഇൗ വിലക്ക് കോൺഗ്രസിനു ബാധകമല്ല. ഇതോടെ പന്ത് ശരിക്കും കോൺഗ്രസിന്റെ കോർട്ടിൽ ചെന്നുവീണിരിക്കുകയാണ്.  

trump-usa

ഇൗ പശ്ചാത്തലത്തിലാണ് കുറ്റവിചാരണയുടെ ആലോചന വീണ്ടും ഉയർന്നിരിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിയിലെ മുൻനിരക്കാരിയായ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിക്ക് ഇക്കാര്യത്തിൽ താൽപര്യമില്ല. എന്നാൽ, അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ടിക്കറ്റിനുവേണ്ടി മൽസരിക്കാൻ ഇപ്പോൾതന്നെ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന എലിസബത്ത് വാറനെപ്പോലുള്ളവർ വാശിയിലാണ്്. 

പ്രതിനിധിസഭയിൽ ഡമോക്രാറ്റിക് പാർട്ടിക്കു ഭൂരിപക്ഷമുള്ളതിനാൽ കുറ്റവിചാരണയുടെ ആദ്യകടമ്പ കടക്കാൻ പ്രയാസമുണ്ടാവില്ല. പ്രമേയം പാസ്സാകാൻ അവിടെ കേവല ഭൂരിപക്ഷം മതിയാകും.

എന്നാൽ, പ്രസിഡന്റിനെ നീക്കം ചെയ്യാൻ സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം.  സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ളിക്കൻ പാർട്ടിയുടെ കൈകളിലുമാണ്. 47 ഡമോക്രാറ്റുകളോടൊപ്പം റിപ്പബ്ളിക്കൻ പാർട്ടിയിലെ 20 പേരും ചേരണം. ഇന്നത്തെ നിലയിൽ അതിനു സാധ്യതയില്ല. 

എന്നിട്ടും കുറ്റവിചാരണാനീക്കവുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഡമോക്രാറ്റുകളിൽ ഒരു വിഭാഗത്തിന്റെ തീരുമാനം. അത്രയും രൂക്ഷമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടുള്ള അവരുടെ എതിർപ്പും അവജ്ഞയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ