സ്പെയിനില്‍ ഇടത്തു വലത്തും

HIGHLIGHTS
  • മുഖ്യ പ്രശ്നം കാറ്റലോണിയ
  • മുന്‍ മന്ത്രിസഭയില്‍ വനിതകള്‍ക്കു ഭൂരിപക്ഷം
SPAIN-POLITICS-PARTIES-GOVERNMENT
പെഡ്രോ സാഞ്ചെസ്
SHARE

നാലു വര്‍ഷത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ പൊതുതിരഞ്ഞടുപ്പായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച (ഏപ്രില്‍ 28) സ്പെയിനില്‍. അവിടത്തെ രാഷ്ട്രീയ അസ്ഥിരതയുടെ ആഴം അതില്‍നിന്നുതന്നെ മനസ്സിലാക്കാം. ആ സ്ഥിതി അവസാനിപ്പിക്കുക കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പിന്‍റെ ഉദ്ദേശ്യം. പക്ഷേ, ശ്രമം വിജയിച്ചില്ല. ഇത്തവണയും ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടിയില്ല. മധ്യ ഇടതുപക്ഷ കക്ഷിയായ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി 350 അംഗ പാര്‍ലമെന്‍റില്‍ 123 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെന്നു മാത്രം. അവരുടെ നേതാവായ പെഡ്രോ സാഞ്ചെസിന്‍റെ നേതൃത്വത്തില്‍ വീണ്ടുമൊരു ന്യൂനപക്ഷ മന്ത്രിസഭയ്ക്കാണ് വഴിയൊരുങ്ങുന്നത്. നാല്‍പ്പത്തിയേഴുകാരനായ അദ്ദേഹം മുന്‍പ് സാമ്പത്തിക ശാസ്ത്ര പ്രഫസറായിരുന്നു. ആരെല്ലാം സാഞ്ചെസിനെ പിന്തുണയ്ക്കുമെന്ന് അറിയാനിരിക്കുന്നതേയുളളൂ. പാര്‍ലമെന്‍റിന്‍റെ അംഗീകാരം നേടിയെടുക്കാന്‍ കഴിയുന്ന ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ ഒരു കക്ഷിക്കും സാധ്യമാകുന്നില്ലെങ്കില്‍ അടുത്തുതന്നെ വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നേക്കാം.

SPAIN-POLITICS/
മരിയാനോ റജോയി

ഇത്തവണ സുപ്രധാനമായ മറ്റൊരു സംഭവവികാസം കൂടിയുണ്ടായി. മൂന്നര പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി ഒരു തീവ്രവലതുപക്ഷ കക്ഷി സ്പെയിനിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിച്ചു. യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളില്‍ ഇത്തരം കക്ഷികള്‍ അടുത്തകാലത്തു നേടിയ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ഇതു സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്‍റിലും ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ സാഞ്ചെസ് 2018 ജൂണ്‍മുതല്‍ മറ്റുചില കക്ഷികളുടെ പിന്തുണയോടെ ഭരിക്കുക്കുകയായിരുന്നു. പക്ഷേ, രണ്ടു മാസംമുന്‍പ് ബജറ്റ് വോട്ടെടുപ്പ് വേളയില്‍ അവയില്‍ ചില കക്ഷികള്‍ പാലംവലിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട അദ്ദേഹം പാര്‍ലമെന്‍റ് പിരിച്ചുവിടുകയും പുതിയ തിരഞ്ഞെടുപ്പിനു തയാറാവുകയുംചെയ്തു.

യൂറോപ്പിന്‍റെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉത്തരാഫ്രിക്കയ്ക്കു സമീപം മെഡിറ്ററേനിയന്‍ തീരത്തു കിടക്കുന്ന രാജ്യമാണ് സ്പെയിന്‍.
യൂറോപ്പില്‍ അതു വലിപ്പത്തില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്നു. എങ്കിലും, പശ്ചിമയൂറോപ്പില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെപ്പോലെ സ്പെയിനിലെ തിരഞ്ഞെടുപ്പോ രാഷ്ട്രീയമോ കാര്യമായ ലോകശ്രദ്ധയാകര്‍ഷിക്കുക പതിവില്ല. ഇത്തവണ സ്ഥിതി വ്യത്യസ്തമായി. സ്പെയിനിലെ ഒരു സ്വയംഭരണ പ്രദേശമായ കാറ്റലോണിയയില്‍ 2017ല്‍ പൊട്ടിപ്പുറപ്പെട്ട സംഭവങ്ങളായിരുന്നു അതിനുകാരണം. കാറ്റലോണിയ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും കേന്ദ്ര ഭരണകൂടം ബലം പ്രയോഗിച്ച് അതു റദ്ദാക്കുകയും ചെയ്തു. അഭൂതപൂര്‍വമായ ആ സംഭവങ്ങള്‍ സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയുടെയും ആശങ്കകളുടെയും അന്തരീക്ഷം ഇപ്പോഴും നിലനില്‍ക്കുന്നു.

mariano-rajoy-pedro-sanchez-political-leaders
മരിയാനോ റജോയി, പെഡ്രോ സാഞ്ചെസ്

ഇറ്റലിയിലും ജര്‍മനിയിലും ഓസ്ട്രിയയിലും പോലെ സ്പെയിനിലും അടുത്തകാലത്തായി തീവ്രവലതുപക്ഷചിന്താഗതിക്കാരും സങ്കുചിത ദേശീയവാദികളും ശക്തിപ്പെട്ടുവരുന്നുവെന്നതാണ് മറ്റൊരു സംഭവവികാസം. ഇറ്റലിയിലും ഓസ്ട്രിയയിലും അവര്‍ക്കു അധികാരത്തില്‍ പങ്കാളികളാകാനും കഴിഞ്ഞു. കാലക്രമത്തില്‍ സ്പെയിനിലും അങ്ങനെ സംഭവിക്കുമോ എന്ന ഉല്‍ക്കണ്ഠയും ഈ തിരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം വര്‍ധിക്കാന്‍ കാരണമാവുകയായിരുന്നു.

യൂറോപ്പിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്‍റെ മുഖമുദ്രയായ ലിബറലിസത്തിനും മറ്റു പുരോഗമനാശയങ്ങള്‍ക്കും നേരെ വെല്ലുവിളി ഉയരുമോ എന്നായിരുന്നു പലരുടെയും ഭയം. അത് അസ്ഥാനത്തായില്ല. സമീപകാലത്തുമാത്രം സ്ഥാപിതമായ വോക്സ് എന്ന തീവ്രവലതു കക്ഷി പത്തു ശതമാനം വോട്ടുകളും 24 സീറ്റുകളും നേടി. നേരത്തെ ഇവര്‍ ആന്‍ഡലൂസിയ പ്രവിശ്യാ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം നേടുകയും പ്രവിശ്യാഗവണ്‍മെന്‍റില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു. 36 വര്‍ഷം നീണ്ടുനിന്നതും 1975ല്‍ അവസാനിച്ചതുമായ ജനറല്‍ ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ ഏകാധിപത്യത്തിനുശേഷം ഇത്തരമൊരു കക്ഷി സ്പെയിനില്‍ സാന്നിധ്യം ഉറപ്പിക്കുന്നത് ഇതാദ്യമാണ്.

മുഖ്യധാരാകക്ഷികളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കൊപ്പം സ്ഥാനമുണ്ടായിരുന്നവരാണ് മധ്യവലതുപക്ഷ കക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി. ഇത്തവണ അവര്‍ക്ക് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണേറ്റത്. സോഷ്യലിസ്റ്റ് പാര്‍ട്ടിക്കു മുന്‍പത്തേക്കാള്‍ 39 സീറ്റുകള്‍ കൂടുതല്‍ കിട്ടിയപ്പോള്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അംഗബലം 137ല്‍നിന്നു 66 ആയി കുറഞ്ഞു. അഴിമതിയായിരുന്നു പീപ്പിള്‍സ് പാര്‍ട്ടിയുടെ പരാജയത്തിനു മുഖ്യകാരണം. 2011 മുതല്‍ ഏഴുവര്‍ഷം അവരായിരുന്നു അധികാരത്തില്‍. അവരുടെ നേതാവായിരുന്ന പ്രധാനമന്ത്രി മരിയാനോ റജോയി അഴിമതിയാരോപണത്തിന്‍റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുകയായിരുന്നു.

അതിനെതുടര്‍ന്നാണ് സാഞ്ചെസ് പ്രധാനമന്ത്രിയായത്. സാഞ്ചെസിന്‍റെ ഭരണം ഏഴു മാസം മാത്രമേ നീണ്ടുനിന്നുളളൂവെങ്കിലും പലവിധത്തിലും ശ്രദ്ധേയമായിരുന്നു. കാറ്റലോണിയ പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ അദ്ദേഹം തീവ്രശ്രമം നടത്തി. വിജയിച്ചില്ലെന്നുമാത്രം. അദ്ദേഹത്തിന്‍റെ 17 മന്ത്രിമാരില്‍ 11 പേരും സ്ത്രീകളായിരുന്നു. ധനം, പ്രതിരോധം, വിദ്യാഭ്യാസം പോലുള്ള സുപ്രധാന വകുപ്പുകളുടെ ചുമതലയും അദ്ദേഹം വനിതാ മന്ത്രിമാര്‍ക്കു നല്‍കി. അവരില്‍ ഒരാളെ ഉപപ്രധാനമന്ത്രിയായും നിയമിച്ചു. ഇത്രയും വനിതാ പ്രാതിനിധ്യമുള്ള ഒരു ഗവണ്‍മെന്‍റ് ലോകത്തു വേറെയെവിടെയും ഉണ്ടായിരുന്നില്ല. ഇനിയും ആര് അധികാരത്തില്‍ എത്തിയാലും അവരെ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നം കാറ്റലോണിയയിലെ വിഘടനവാദം തന്നെയായിരിക്കും. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പോലുള്ള സാമ്പത്തിക പ്രശ്നങ്ങളും സ്പെയിനിനെ അലട്ടുന്നുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം കാറ്റലോണിയയായിരുന്നു.

സ്പെയിനിന്‍റെ 17 സ്വയംഭരണ മേഖലകളില്‍ ഒന്നാണ് രാജ്യത്തിന്‍റെ വടക്കു കിഴക്കു ഭാഗത്തു കിടക്കുന്ന കാറ്റലോണിയ (32108 ചതുരശ്ര കിലോമീറ്റര്‍). സാമ്പത്തിക സ്ഥിതിയില്‍ അതു മുന്നിട്ടുനില്‍ക്കുന്നു. പക്ഷേ, അത്രയും സമ്പന്നമല്ലാത്ത മറ്റു മേഖലകളിലെ ജനങ്ങളുമായി തങ്ങളുടെ സമ്പത്ത് പങ്കിടാന്‍ കാറ്റലോണിയന്മാര്‍ക്കു താല്‍പര്യമില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സ്പെയിനില്‍ ലയിച്ച കാറ്റലോണിയയുടെ തനതു സംസ്ക്കാരവും ഭാഷയും അവഗണിക്കപ്പെടുകയാണെന്ന പരാതിയും അവര്‍ക്കുണ്ട്. ജനറല്‍ ഫ്രാങ്കോയുടെ 36 വര്‍ഷം (1939-1975) നീണ്ടുനിന്ന ഏകാധിപത്യത്തില്‍ അവരുടെ ഭാഷ നിരോധിക്കപ്പെടുകയും അവര്‍ക്കു നല്‍കിയിരുന്നസ്വയം ഭരണാവകാശം പിന്‍വലിക്കപ്പെടുകയുമുണ്ടായി. സ്പെയിനില്‍ 1975ല്‍ ജനാധിപത്യം പുനഃസ്ഥാപിതമായശേഷം കാറ്റലോണിയയ്ക്കു സ്വയംഭരണം തിരിച്ചുകിട്ടിയെങ്കിലും 2010ല്‍ ഭരണഘടനാ കോടതി

അതു സംബന്ധിച്ച കരാര്‍ റദ്ദാക്കി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ കാറ്റലോണിയില്‍ വിഘടനവാദം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. കാറ്റലോണിയയിലെ പ്രാദേശിക ഗവണ്‍മെന്‍റ് 2017 ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയോടെ പ്രശ്നം ഗുരുതരമായി. ഹിതപരിശോധനയിലെ അനുകൂല വിധിയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക പാര്‍ലമെന്‍റ് കാറ്റലോണിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. മഡ്രിഡിലെ കേന്ദ്ര ഗവണ്‍മെന്‍റ് പ്രദേശിക ഗവണ്‍മെന്‍റിനെ പിരിച്ചുവിടുകയും കാറ്റലോണിയയിലെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഒട്ടേറെ കാറ്റലന്‍ നേതാക്കള്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി. അവരുടെ വിചാരണ ഇപ്പോഴും നടന്നുവരുന്നു.

കാറ്റലോണിയ പ്രശ്നംതന്നെയാണ് തീവ്രവലതുപക്ഷ കക്ഷിയായ വോക്സിന്‍റെ മുന്നേറ്റത്തിനും വഴിയൊരുക്കിയത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും അവരുമായി സഖ്യത്തിലായിരുന്ന പോഡമോസിന്‍റെയും നിലപാടുകള്‍ വിഘടനവാദത്തിനു വളംവച്ചുകൊടുക്കുന്നുവെന്നാണ് വോക്സിന്‍റെ ആരോപണം. കൂടുതല്‍ സ്വയംഭരണാധികാരം അനുവദിച്ചുകൊണ്ട് കാറ്റലോണിയ പ്രശ്നം പരിഹരിക്കാനുളള നീക്കങ്ങളെ അവര്‍് ശക്തമായിഎതിര്‍ക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍ എന്നിവരോടുള്ള സമീപനത്തില്‍ വോക്സ് പിന്തുടരുന്ന നയവും ശ്രദ്ധിക്കപ്പെടുന്നു. യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളില്‍ നേരത്തെതന്നെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞിട്ടുള്ള തീവ്രവലതു പക്ഷക്കാരുടെ അതേനയമാണിത്. പുരുഷമേധാവിത്തമാണ് അവരുടെ മറ്റൊരു മുഖമുദ്ര. ഫെമിനിസം, വനിതാശാക്തീകരണം എന്നിവ പോലുള്ള ആശയങ്ങളെയും വോക്സ് തള്ളിപ്പറയുന്നു. ചുരുക്കത്തില്‍, ഈ തിരഞ്ഞെടുപ്പോടെ സ്പെയിന്‍ യൂറോപ്പില്‍ മാത്രമല്ല, ലോകത്തു പൊതുവില്‍തന്നെ പ്രത്യേക ശ്രദ്ധയ്ക്കു പാത്രമാകുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ