ചക്രവർത്തിയുടെയും രാജാവിന്റെയും കഥ

HIGHLIGHTS
  • ജപ്പാനിൽ സ്ഥാനത്യാഗം
  • തായ്​ലൻഡിൽ ഒരു വിവാഹവും
king-s-rule-in-thailand-and-japan
ഭരണഘടനാ വിധേയമായ രാജാധിപത്യമാണ് ജപ്പാനിലും തായ്​ലൻഡിലും. രണ്ടു രാജകുടുംബങ്ങളും നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്നു. ജാപ്പനീസ് ചക്രവർത്തിയും തായ് രാജാവും ദൈവാവതാരമായി കരുതപ്പെടുന്നു. പക്ഷേ, സാദൃശ്യങ്ങളേക്കാൾ വ്യത്യാസങ്ങളാണ് കൂടുതൽ
SHARE

ഭരണഘടനാ വിധേയമായ രാജാധിപത്യമാണ് ജപ്പാനിലും തായ്​ലൻഡിലും. രണ്ടു രാജകുടുംബങ്ങളും നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്നു. ജാപ്പനീസ് ചക്രവർത്തിയും തായ് രാജാവും  ദൈവാവതാരമായി കരുതപ്പെടുന്നു. പക്ഷേ, സാദൃശ്യങ്ങളേക്കാൾ വ്യത്യാസങ്ങളാണ് കൂടുതൽ

ഏഷ്യയിൽ ഇൗയിടെ ഒരാഴ്ചയ്ക്കിടയിലുണ്ടായ ചില സുപ്രധാന രാജകീയ സംഭവങ്ങൾ ലോകത്തു പൊതുവിൽ കൗതുകം ജനിപ്പിക്കുകയുണ്ടായി. ജപ്പാനിൽ അകിഹിതോ ചക്രവർത്തി സ്ഥാനമൊഴിയുകയും അദ്ദേഹത്തിന്റെ മൂത്തമകൻ നരുഹിതോ പുതിയ ചക്രവർത്തിയായി സ്ഥാനമേൽക്കുകയും ചെയ്തു. 

thailand-king
മഹാ വജിറലോംങ്ഗോണും ഭാര്യയും

അതിന്റെ പിന്നാലെയായിരുന്നു തായ്​ലൻഡിൽ പുതിയ രാജാവായ മഹാ വജിറലോംങ്ഗോണിന്റെ വിവാഹവും കിരീട ധാരണവും. ഇരു രാജ്യങ്ങളിലെയും രാജപദവിയുടെ സവിശേഷതകളും അവയുടെ അധിപന്മാരുടെ വ്യക്തിത്വങ്ങളും താരതമ്യം ചെയ്യപ്പെടാനുള്ള അവസരവുമായിത്തീർന്നു ഇൗ സംഭവങ്ങൾ.   

രണ്ടായിരത്തി അഞ്ഞൂറിലേറെ വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നതാണ് ജപ്പാനിലെ യമാട്ടോ രാജവംശം. ചക്രവർത്തിമാരെ മുൻകാലങ്ങളിൽ ജനങ്ങൾ കണ്ടിരുന്നതു ദൈവത്തിന്റെ അവതാരങ്ങളായിട്ടാണ്. എന്നാൽ അകിഹിതോ ചക്രവർത്തി കഴിഞ്ഞ മുപ്പതു വർഷം നാടുവാണത് ആവിധത്തിലായിരുന്നില്ല.  ജാവാൽസല്യവും എളിമയുമായിരുന്നു അദ്ദേഹത്തിന്റെ മുഖ മുദ്രകൾ.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രിൽ 30) എൺപത്തിയഞ്ചാം വയസ്സിൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. കാരണം, സ്വമേധയാ  സ്ഥാനമൊഴിയാൻ രാജകീയ നിയമം അനുവദിക്കുന്നില്ല. ജപ്പാനിലെ ചക്രവർത്തിമാരുടെ കാലാവധി മരണംവരെയാണ്. 

സ്ഥാനമൊഴിയാൻ താൻ ആഗ്രഹിക്കുകയാണെന്ന് അകിഹിതോ സൂചന നൽകിയിട്ടുതന്നെ രണ്ടര വർഷത്തിലേറെയായി. അനാരോഗ്യവും വാർധക്യവും  കാരണം രാഷ്ട്രത്തലവനെന്ന നിലയിലുള്ള ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ പ്രയാസം നേരിടുന്നു എന്നതായിരുന്നു അദ്ദേഹം പറഞ്ഞ കാരണം. ഹൃദയ ശസ്ത്രയ്ക്കു വിധേയനായ അദ്ദേഹം പ്രോസ്റ്റേറ്റ് കാൻസറിനുളള ചികിൽസയിലുമായിരുന്നു. 

ചക്രവർത്തിയുടെ ആഗ്രഹം സഫലമാകാൻ പാർലമെന്റ് പ്രത്യേക നിയമം പാസ്സാക്കേണ്ടിവന്നു. ഇൗ മാറ്റം ഇത്തവണത്തേക്കു മാത്രമാണെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അതനുസരിച്ചാണ് അകിഹിതോ സ്ഥാനമൊഴിയുകയും പിറ്റേന്നു മൂത്തമകൻ നരുഹിതോ (59) പുതിയ ചക്രവർത്തിയായി സ്ഥാനമേൽക്കുകയും ചെയ്തത്. ജപ്പാനിലെ ചക്രവർത്തിമാർക്കു കിരീടമില്ല. ലളിതമായ ചടങ്ങിൽ, സ്ഥാനസൂചകങ്ങളായ വാളും വജ്രമാലയും കൈമാറുകയായിരുന്നു. 

സ്ഥാനാരോഹണത്തിനു സാക്ഷ്യം വഹിക്കാൻ പക്ഷേ പുതിയ രാജാവിന്റെ മാതാവോ (മുൻ രാജ്ഞി) ഭാര്യയോ (പുതിയ രാജ്ഞി) സന്നിഹിതരായിരുന്നില്ല. അതാണ് ജപ്പാനിലെ കീഴ്​വഴക്കം. 

രണ്ടാം ലോകമഹായുദ്ധം (1939-1945) നടക്കുമ്പോൾ ജപ്പാന്റെ അധിപനായിരുന്ന ഹിരോഹിതോ ചക്രവർത്തിയുടെ മകനാണ് സ്ഥാനമൊഴിഞ്ഞ അകിഹിതോ.  1989ൽ അദ്ദേഹം ചക്രവർത്തിയായതു പിതാവിന്റെ നിര്യാണത്തെ തുടർന്നായിരുന്നു. 

യുദ്ധക്കുറ്റവാളിയായി മുദ്രകുത്തപ്പെട്ട ആളായിരുന്നു ഹിരോഹിതോ. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെ അദ്ദേഹം ജർമ്മനിയുമായും ഇറ്റലിയുമായുമായും കൂട്ടുകൂടി. അമേരിക്കയിലെ പേൾ ഹാർബറിൽ ജപ്പാൻ മിന്നലാക്രമണം നടത്തി. ഒടുവിൽ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങൾ അമേരിക്കയുടെ ആണവ ബോംബാക്രമണത്തിന് ഇരയാവുകയും ചെയ്തു. 

JAPAN-EMPEROR
നരുഹിതോ

ഭരണഘടനയനുസരിച്ച് ജാപ്പനീസ് ചക്രവർത്തിക്കു ഭരണ നിർവഹണാധികാരമില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രിസഭയ്ക്കാണ് അധികാരം. എങ്കിലും യുദ്ധത്തിന്റെ ഉത്തരവാദിയായി ഹിരോഹിതോയും മുദ്രകുത്തപ്പെട്ടു.   

യുദ്ധക്കുറ്റവാളിയെന്ന നിലയിൽ അദ്ദേഹത്തെ വിചാരണചെയ്യണമെന്ന മുറവിളിയും ഉയരുകയുണ്ടായി. പക്ഷേ, പ്രധാനമന്ത്രി ഹിദേക്കി ടോജോയെപ്പോലുള്ളവർ മാത്രമാണ് പ്രതിക്കൂട്ടിലായത്. മിക്കവരും വധശിക്ഷയ്ക്കു വിധേയരാവുകയുംചെയ്തു. 

അമേരിക്ക എഴുതിയുണ്ടാക്കിയ യുദ്ധാനന്തര ജാപ്പനീസ് ഭരണഘടനയനുസരിച്ച് ചക്രവർത്തിക്കു നേരത്തെ ഉണ്ടായിരുന്ന അധികാരങ്ങളിൽ പലതും നഷ്ടപ്പെട്ടു. ദേശീയ പ്രാധാന്യമുളള പൊതു ചടങ്ങുകളിൽ സംബന്ധിക്കുകയും വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുകയും ചെയ്യുന്നതുപോലുള്ള റോളുകൾ മാത്രം അവശേഷിച്ചു. 

അത്തരമൊരു പദവിയാണ് 1989ൽ അകിഹിതോ ഏറ്റെടുത്തത്. എങ്കിലും, ജനങ്ങളുടെ അത്യഗാധമായ പ്രീതിക്കും ആദരവിനും അദ്ദേഹം പാത്രമായി. ചക്രവർത്തിയെ പ്രജകളിൽനിന്ന് അകറ്റിനിർത്തുന്ന രാജീയ കീഴ്​വഴക്കങ്ങൾ അദ്ദേഹം മറികടന്നു. 

അത്തരമൊരു സന്ദർഭം പ്രത്യേകിച്ചും ഒാർമിക്കപ്പെടുന്നു. ഭൂകമ്പവും സുനാമിയുംകൂടി 2011ൽ ജപ്പാനെ പിച്ചിച്ചീന്തിയപ്പോഴായിരുന്നു അത്. ചക്രവർത്തിയും പത്നി മിച്ചികോയും അഭയാർഥി ക്യാംപിലെത്തി. 

ദുരിതബാധിതരുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന രാജദമ്പതികൾ അവരുടെ സങ്കടങ്ങൾ അനുതാപപൂർവം കേൾക്കുകയും അവരെ ആശ്വസിപ്പിക്കുകയുംചെയ്തു. 26 നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാപ്പനീസ് രാജവംശത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം മുൻപൊരിക്കലും ഉണ്ടായിട്ടില്ല.

രണ്ടാം ലോകമഹായുദ്ധത്തിൽ ചൈനയിലും കൊറിയയിലും മറ്റു ചില ഏഷ്യൻ രാജ്യങ്ങളിലും ജപ്പാൻ സൈന്യം അഴിച്ചുവിട്ട അക്രമങ്ങൾ സമാനതകളില്ലാത്തതായിരുന്നു. അതു കാരണം അതികഠിനമായ ജാപ്പനീസ് വിരോധമാണ് ആ രാജ്യങ്ങളിൽ നടമാടിയിരുന്നത്. അതിനു മാറ്റമുണ്ടായത് അവിടങ്ങളിൽ അകിഹിതോ നടത്തിയ സന്ദർശനങ്ങൾക്കും പരസ്യമായ ഖേദ പ്രകടനത്തിനും ശേഷമാണ്.  

പുതിയ ചക്രവർത്തിയായ നരുഹിതോയെപ്പറ്റി പുറംലോകത്തിന് അധികമൊന്നും അറിയില്ല. ഒാക്സ്ഫഡ് സർവകലാശാലയിൽ പഠിച്ചയാളാണ്. ഭാര്യ, പുതിയ ചക്രവർത്തിനിയായ മസാകോ പഠിച്ചത് അമേരിക്കയിലെ ഹവാർഡ് സർവകലാശാലയിലും. വിദേശവകുപ്പിൽ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്നു അവർ. 

മാനസിക സമ്മർദ്ദത്താൽ വിഷമിക്കുന്നുവെന്നായിരുന്നു ഏതാനും വർഷങ്ങൾക്കു മുൻപ്് അവരെപ്പറ്റിയുണ്ടായ ഒരു കിംവദന്തി. കിരീടാവകാശിയായ ഒരു പുത്രനു ജന്മം നൽകാൻ കഴിയാത്തതിലുള്ള ദുഃഖമായിരുന്നുവ്രേത കാരണം. 18 വയസ്സുള്ള ഒരു പുത്രിയാണ് അവർക്കുള്ളത്. 

നൂറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന കീഴ്​വഴക്കം അനുസരിച്ച് പുരുഷ സന്താനത്തിനു മാത്രമാണ് കിരീടാവകാശം. അതിനാൽ, പുതിയ ചക്രവർത്തിയുടെ പുത്രി അതിനുവേണ്ടി പരിഗണിക്കപ്പെടുന്നില്ല. 

അകിഹിതോയുടെ രണ്ടാമത്തെ മകനും നരുഹിതോയുടെ അനുജനുമായ അകിഷിനോ രാജകുമാരൻ (53) ആയിരിക്കും അടുത്ത ചക്രവർത്തി. അദ്ദേഹത്തിനുശേഷം സ്ഥാനം ലഭിക്കുന്നത് അദ്ദേഹത്തിന്റെ മകൻ, ഇപ്പോൾ 12 വയസ്സുളള ഹിസഹിതോയ്ക്കും.   

ജപ്പാനിലെപ്പോലെ ഭരണഘടനാ വിധേയമായ രാജാധിപത്യമാണ് തായ്​ലൻഡിലും. തായ് രാജകുടുംബവും നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്നു. രാജാവ് ദൈവാവതാരമായി കരുതപ്പെടുന്നു. സ്ത്രീകൾക്കു കിരീടാവകാശം നിഷേധിക്കുന്ന കാര്യത്തിൽ തായ്ലൻഡും ജപ്പാന്റെ കൂടെത്തന്നെ. പക്ഷേ, സാദൃശ്യങ്ങളേക്കാൾ വ്യത്യാസങ്ങളാണ്  കൂടുതൽ. ഇൗയിടെ അവ പ്രകടമാവുകയും ചെയ്തു. 

ജപ്പാനിൽ നരുഹിതോ ചക്രവർത്തി സ്ഥാനമേറ്റതിന്റെ നാലാം ദിവസമായിരുന്നു (മേയ് നാല്) തായ്​ലൻഡിൽ മഹാ വജിറലോങ്കോൺ രാജാവിന്റെ കിരീടധാരണം. 

ആർഭാടപൂർവമായ ചടങ്ങുകളും ആഘോഷവും മൂന്നു ദിവസം നീണ്ടുനിന്നു. ആദ്യ ദിവസംതന്നെ ബാങ്കോക്കിലെ രാജകൊട്ടാരത്തിൽവച്ച് ഏഴു കിലോഗ്രാം തൂക്കമുളള സ്വർണക്കിരീടാണ് രാജാവ് തലയിൽ അണിഞ്ഞത്. 

പിതാവായ ഭൂമിബോൽ അദുല്യദേജ് രാജാവ് നീണ്ട 70 വർഷം സിംഹാസനത്തിലിരുന്നുശേഷം 88ാംവയസ്സിൽ നിര്യാതനായത് 2016 ഒക്ടോബറിലായിരുന്നു. പിൻഗാമിയുടെ കിരീടധാരണം നടന്നത് അദ്ദേഹത്തിന്റെ സൗകര്യാർഥം രണ്ടര വർഷത്തിനുശേഷം. 

പുതിയ രാജാവിന്റെ സവിശേഷ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്നതായിരുന്നു അദ്ദേഹത്തിന്റെ കിരീടധാരണത്തിനു രണ്ടു ദിവസം മുൻപ് നടന്ന മറ്റൊരു സംഭവം-അറുപത്താറുകാരനായ അദ്ദേഹത്തിന്റെ നാലാം വിവാഹം. കഴിഞ്ഞ ചില വർഷങ്ങളായി അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന സുദിത അങ്ങനെ പുതിയ രാജ്ഞിയായി. 

രാജാവ് നേരത്തെ മൂന്നു തവണ വിവാഹം ചെയ്യുകയും ഏഴു സന്താനങ്ങൾക്കു ജന്മം നൽകുകയുമുണ്ടായി.  ആ വിവാഹങ്ങളെല്ലാം അലസിപ്പോവുകയായിരുന്നു. മുൻപ് തായ് എയർവേസിലെ ഫ്ളൈറ്റ് അസിസ്റ്റന്റായിരുന്നു പുതിയ രാജ്ഞി. 2016ൽ അവരെ അദ്ദേഹം തന്റെ അംഗരക്ഷക സേനയിലെ ഡപ്യൂട്ടി കമാൻഡറായി നിയമിക്കുകയും പട്ടാളത്തിലെ ജനറൽ പദവി നൽകുകയും ചെയ്തു. 

അധികമാരും അതിൽ അൽഭുതപ്പെടുകയുണ്ടായില്ല. കാരണം, നേരത്തെ അദ്ദേഹം തന്റെയൊരു പ്രിയപ്പെട്ട നായക്കുട്ടിക്ക് എയർ ചീഫ്് മാർഷൽ പദവി നൽകിയതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നായ ചത്തപ്പോൾ മൂന്നു ദിവസം നീണ്ടുനിന്ന ശവസംസ്ക്കാരച്ചടങ്ങുകളും ഉണ്ടായ്രേത.   

ജപ്പാനിലെപ്പോലെതന്നെ തായ്​ലൻഡിലും നൂറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന കീഴ്​വഴക്കം അനുസരിച്ച് ആൺകുട്ടിക്കു മാത്രമാണ് കിരീടാവകാശം. അതു കൊണ്ടാണ് പരേതനായ രാജാവിന്റ മുത്തമകൾ ജീവിച്ചിരിക്കേ അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്താനം പിൻഗാമിയായത്.

അധിക സമയവും യൂറോപ്പിൽ, പ്രത്യേകിച്ച് ജർമനിയിൽ സമയം ചെലവഴിച്ചിരുന്ന മഹാ വജിറലോങ്കോണിനെക്കുറിച്ചുളള ഒട്ടേറെ കഥകൾ പാശ്ചാത്യ മാധ്യമങ്ങളിൽ 

പ്രത്യക്ഷപ്പെടുകയുണ്ടായി. പക്ഷേ, തായ്​ലൻഡിൽ അതൊന്നും ചർച്ചചെയ്യപ്പെടാറില്ല. കാരണം, രാജകുടുംബത്തിലെ ആരെപ്പറ്റിയും അപവാദം പറയുന്നതു ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ