ഇറാൻ ആണവ കരാറിന്റെ അന്ത്യ ദിനങ്ങൾ ?

HIGHLIGHTS
  • യുഎസ് ഉപരോധം കൂടുതൽ ശക്തമായി
  • ഇറാൻ പ്രസിഡന്റിന്റെ അന്ത്യശാസനം
iran-president-hassan-rouhani-and-nuclear-issue
ആണവ കരാറിൽനിന്നു ഭാഗികമായി പിന്മാറാനുള്ള ഇറാന്റെ തീരുമാനം ബോംബ് നിർമാണത്തിലേക്കുള്ള തിരിച്ചുപോക്കായി അമേരിക്ക കരുതാനിടയുണ്ട്. അതു തടയാൻ ഏറ്റവും കർക്കശമായ ഉപരോധംപോലും മതിയാവില്ലെന്നും സൈനിക നടപടികൾതന്നെ വേണമെന്നും വാദിക്കുന്നവരും അമേരിക്കയിലുണ്ട്
SHARE

നാലു വർഷം മുൻപ് അമേരിക്ക ഉൾപ്പെടെയുള്ള ആറു ലോകരാഷ്്ട്രങ്ങൾ ഇറാനുമായി ഉണ്ടാക്കിയ ചരിത്രപ്രധാനമെന്നു വിശേഷിപ്പിക്കപ്പെട്ട ആണവ കരാർ ചരമഗതി പ്രാപിക്കാൻ പോവുകയാണോ ? 

കഴിഞ്ഞ വർഷം മേയിൽ കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങിയപ്പോൾ തന്നെ ഈ ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഇറാനും മറ്റു അഞ്ചു രാജ്യങ്ങളും (ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന) കരാറിൽ ഉറച്ചുനിന്നു. അതിനാൽ യുഎസ് നടപടിയെ കരാർ അതിജീവിക്കുമെന്നുതന്നെ പലരും കരുതി. 

അവരുടെ പ്രതീക്ഷകൾക്ക് ഇളക്കം തട്ടുന്ന വിധത്തിലുള്ളതാണ് പുതിയ പ്രസ്താവനകളും സൂചനകളും. കരാറിനെ തുടർന്നു നിർത്തിവച്ച ഉപരോധങ്ങൾ അമേരിക്ക പുനരാരംഭിക്കുകയും കൂടുതൽ കർശക്കശമാക്കുകയും ചെയ്തതാണ് ഇതിന്റെ പശ്ചാത്തലം.  ഇറാന്റെ സാമ്പത്തികസ്ഥിതി ഇതുകാരണം കൂപ്പുകുത്തി.  

ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാജ്യങ്ങൾ യുഎസ് പിന്മാറ്റം  തടയാൻ ശ്രമിക്കുകയുണ്ടായി. യുഎസ് തീരുമാനത്തെ പിന്നീട് അപലപിക്കുകയും ചെയ്തു. എന്നാൽ ഇറാനെതിരായ യുഎസ് ഉപരോധത്തിൽ അയവു വരുത്തുന്നതിനു കാര്യമായി ഒന്നും ചെയ്യാൻ അവർക്കായില്ല. 

ഈ സാഹചര്യത്തിൽ ആണവ കരാറിൽ നിന്ന് ഇറാനും ഭാഗികമായി പിൻവാങ്ങുകയാണെന്നാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (മേയ് എട്ട്) ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി പ്രഖ്യാപിച്ചത്. കരാറിൽനിന്നുള്ള  അമേരിക്കയുടെ  പിന്മാറ്റം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികമായിരുന്നു അന്ന്. 

donald-trump

ആണവബോംബ് നിർമാണത്തിൽനിന്നു ഇറാനെ പിന്തിരിപ്പിക്കുകയായിരുന്നു കരാറിന്റെ ഉദ്ദേശ്യം. അതിലെ വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ ബോംബ് നിർമാണത്തിന്റെ പേരിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. വ്യവസ്ഥകൾ പാലിക്കപ്പെടുന്ന കാര്യം ഉറപ്പുവരുത്താൻ അതിൽ ഒപ്പുവച്ച എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരുമാണ്. 

വൈദ്യുതി ഉൽപാദനം പോലുള്ള സമാധാനപരമായ ആവശ്യങ്ങൾക്കു വേണ്ടത്ര സമ്പുഷ്ടീകൃത യുറേനിയവും ഹെവിവാട്ടറും മാത്രമേ ഇറാൻ സൂക്ഷിക്കാൻ പാടുള്ളൂ. മിച്ചമുളളവ ആണവ ബോംബ് നിർമാണത്തിന് ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കാൻ അവ വിറ്റുകളയണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. അതവഗണിച്ചുകൊണ്ട് ഇൗയാഴ്ച മുതൽ അവ ഇറാൻ തന്നെ സൂക്ഷിക്കുമെന്നാണ് റൂഹാനി അറിയിച്ചത്. 

ഇതോടൊപ്പം  അദ്ദേഹം ഒരു  അന്ത്യശാസനം നൽകയും ചെയ്തു. തങ്ങളുടെ എണ്ണവ്യവസായവും രാജ്യാന്തര ബാങ്കിങ് ഇടപാടുകളും നിശ്ചലമാക്കുന്ന വിധത്തിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന് മറ്റ് അഞ്ച് രാജ്യങ്ങളും  60 ദിവസങ്ങൾക്കകം പരിഹാരമുണ്ടാക്കണം. 

IRAN-USA-SANCTIONS

ഇല്ലെങ്കിൽ കർശനമായ നടപടികൾക്ക് ഇറാൻ നിർബന്ധിതരാവുമത്രേ. അവ എന്താണെന്നു റൂഹാനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, യൂറേനിയം സമ്പുഷ്ടീകരണത്തിന്  ഏർപ്പെടുത്തിയിരുന്ന പരിധി ഇറാൻ മറികടക്കുമെന്നു വ്യാഖ്യാനിക്കപ്പെടുന്നു. 

റൂഹാനിയുടെ അന്ത്യശാസനം മുഖ്യമായും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. അവർ അതു തള്ളിക്കളഞ്ഞു. 

അനേക വർഷങ്ങളിലെ ചർച്ചകളുടെ ഫലമായി രൂപം കൊണ്ട ആണവ കരാർ ഉപേക്ഷിക്കരുതെന്ന് അവർ ഇറാനോട് അഭ്യർഥിക്കുകയും ചെയ്തു. കരാറിൽനിന്ന് ഇറാനും ഒഴിയുന്നതോടെ ഇറാനെതിരെ കൂടുതൽ കർക്കശമായ നടപടികൾ കൈക്കൊള്ളാൻ ട്രംപിനു വഴിതുറന്നു കിട്ടുമെന്നു കരുതുന്നവരുമുണ്ട്. രാജ്യാന്തര പ്രശ്നങ്ങൾ നയതന്ത്ര  മാർഗത്തിലൂടെ പരിഹരിക്കാനാവുമെന്ന വിശ്വാസത്തിന് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയുമായിരിക്കും അത്. 

അമേരിക്കയിൽ തന്റെ മുൻഗാമിയായ പ്രസിഡന്റ് ബറാക് ഒബാമ അധികാരത്തിലുണ്ടായിരുന്ന കാലത്തു രൂപംകൊണ്ട ഈ കരാർ ബോംബ് നിർമാണത്തിൽനിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ ഒട്ടും സഹായമല്ലെന്നാണ് ട്രംപിന്റെ അഭിപ്രായം. മാത്രമല്ല, ഇറാന്റെ മിസൈൽ പരിപാടി,  മധ്യപൂർവദേശത്തെ പല രാജ്യങ്ങളിലുമുള്ള ഇറാന്റെ അപകടകരമായ ഇടപെടൽ എന്നിവ അവസാനിപ്പിക്കാനുള്ള വ്യവസ്ഥകൾകൂടി കരാറിൽ ഉൾപ്പെടുത്തണ്ടതായിരുന്നുവെന്നും അദ്ദേഹം വാദിക്കുന്നു. 

അതെല്ലാം  ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ കരാറാണ് ട്രംപിന്റെ പരിഗണനയിൽ. പക്ഷേ, അതിനു സമ്മതിക്കാൻ റൂഹാനി തയ്യാറില്ല.  നിലവിലുള്ള കരാറിനു തന്നെ അദ്ദേഹം സമ്മതിച്ചതു സ്വന്തം നാട്ടിലെ ശക്തമായ ഒരു വിഭാഗത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു.  

കഴിഞ്ഞ വർഷം നവംബറിലായിരുന്നു യുഎസ് ഉപരോധത്തിന്റെ കൂടുതൽ കർക്കശമായ രണ്ടാം ഘട്ടത്തിന്റെ തുടക്കം. അതോടെ ഇറാനുമായുള്ള മറ്റു രാജ്യങ്ങളുടെ സാമ്പത്തിക ബന്ധങ്ങളിലും ട്രംപിന്റെ  കോടാലി വീണു. 

ആണവ കരാറിൽ ഒപ്പുവച്ച മറ്റ് അഞ്ച് രാജ്യങ്ങളിലുളളവർക്കും ഇതുമൂലം ഇറാനുമായി വ്യാപാര ഇടപാടുകൾ  നടത്താൻ പ്രയാസം നേരിട്ടു. അതിനെതിരെ ആ രാജ്യങ്ങളിലെ ഗവൺമെന്റ്ുകൾക്കു ഫലപ്രദമായി ഒന്നും ചെയ്യാനായതുമില്ല.

ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ മുഖ്യമായി ആശ്രയിച്ചിരുന്ന ഇന്ത്യയെയും ചൈനയെയും പോലുളള രാജ്യങ്ങൾക്ക് അതു തുടരാൻ അമേരിക്ക സമയം അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ മേയ് രണ്ടിന് അതവസാനിക്കുകയും ചെയ്തു. 

ഇറാന് ഏറ്റവുമധികം വിദേശനാണ്യം നേടിക്കൊടുക്കുന്ന ഉൽപന്നമാണ് എണ്ണ. യുഎസ് ഉപരോധം കാരണം അതിന്റെ കയറ്റുമതി തടസ്സപ്പെടുന്നു. രാജ്യാന്തര ബാങ്കിങ് ഇടപാടുകളിൽ ഏർപ്പെടുത്തിയ ഉപരോധവും കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. 

ഏറ്റവുമൊടുവിൽ ഇറാന്റെ ഇരുമ്പ്, ഉരുക്ക്, ചെമ്പ്, അലൂമിനിയം എന്നിവയുടെ കയറ്റുമതിയുടെ മേലും ട്രംപ് ഉപരോധം ഏർപ്പെടുത്തി. എണ്ണ കഴിഞ്ഞാൽ ഇറാന് ഏറ്റവുമധികം വിദേശനാണ്യം നേടിക്കൊടുക്കുന്നവയാണ് ഇൗ ലോഹങ്ങൾ. 

ആണവ കരാറിൽനിന്നു ഭാഗികമായി പിന്മാറാനുള്ള ഇറാന്റെ തീരുമാനം ബോംബ് നിർമാണത്തിലേക്കുള്ള തിരിച്ചുപോക്കായി അമേരിക്ക കരുതാനിടയുണ്ട്. അതു തടയാൻ ഏറ്റവും കർക്കശമായ ഉപരോധം പോലും മതിയാവില്ലെന്നും സൈനിക നടപടികൾതന്നെ വേണമെന്നും വാദിക്കുന്നവരും അമേരിക്കയിലുണ്ട്.

trump-rouhani

അവരിലൊരാളാണ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബോൾട്ടൻ. ഇറാന്റെ ബോംബ് തടയാൻ ഇറാനിൽ ബോംബിടണമെന്ന വാദവുമായി നാലു വർഷംമുൻപ് ന്യൂയോർക്ക് ടൈംസ് പത്രത്തിൽ അദ്ദേഹം എഴുതിയ ലേഖനം ഇപ്പോഴും ഓർമിക്കപ്പെടുന്നു. 2015ൽ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കേയായിരുന്നു ആ ലേഖനം.   

ഇറാഖിൽ 2003ൽ അമേരിക്ക നടത്തിയതു പോലുള്ള സൈനികാക്രമണം ഇപ്പോൾ ഇറാനെതിരെയും ആവശ്യമായി വന്നിരിക്കുന്നുവെന്നാണത്രേ ബോൾട്ടന്റെ അഭിപ്രായം.  ഇറാഖിൽ സദ്ദാം ഹുസൈനെ മറിച്ചിടാനുള്ള യുദ്ധത്തിനുവേണ്ടി അന്നത്തെ പ്രസിഡന്റ് ജോർജ് ബുഷിനെ ഏറ്റവുമധികം ശക്തമായി ഉപദേശിച്ചവരിൽ ഒരാളുമായിരുന്നു ബോൾട്ടൻ.

ഇറാന്റെ ആണവ നിലയങ്ങൾ അമേരിക്ക ബോംബിട്ടു തകർക്കുമെന്ന അഭ്യുഹങ്ങൾ, അതു തടയാനുള്ള നടപടിയെന്ന നിലയിൽ ഗൾഫിലെ എണ്ണക്കപ്പൽ ഗതാഗതം ഇറാൻ സ്തംഭിപ്പിച്ചേക്കാമെന്ന  സൂചനകൾ, അതിനുവേണ്ടി ഇറാൻ അവരുടെ സ്വാധീനത്തിലുള്ള ഹിസ്ബുല്ലയെ പോലുള്ള മിലീഷ്യകളെ ഉപയോഗിക്കുമെന്ന അനുമാനങ്ങൾ-ഇവയെല്ലാം കൂടി ഇപ്പോൾ മധ്യപൂർവദേശത്തെ അന്തരീക്ഷത്തിനു വീണ്ടും ചൂടുപിടിപ്പിക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ