sections
MORE

ഭീഷണിയിൽ ദിയെഗോഗാർഷ്യ

HIGHLIGHTS
  • ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന്റെ ഭാഗം
  • ബ്രിട്ടനെ യൂറോപ്പ് കൈയൊഴിഞ്ഞു
chagos-island-dispute-between-mauritius-and-uk
ദിയെഗോഗാർഷ്യ ഉൾപ്പെടുന്ന ചാഗോസ് ദ്വീപുകളുടെ മേൽ ബ്രിട്ടനു പരമാധികാരം ഇല്ലെന്നു രാജ്യാന്തര കോടതിയും യുഎൻ പൊതുസഭയും പറയുന്നു. സൈനിക താവളം നിർമിക്കാൻ ദിയെഗോഗാർഷ്യ അമേരിക്കയ്ക്കു ബ്രിട്ടൻ ദീർഘകാല പാട്ടത്തിനുകൊടുത്തതിനു നിയമസാധുത ഇല്ലെന്നുമാണ്് അതിനർഥം
SHARE

അമേരിക്കയുടെ അതിർത്തിക്കു പുറത്തുള്ള ഏറ്റവും വലിയ യുഎസ് സൈനിക താവളമാണ് ഇന്ത്യാ സമുദ്രത്തിലെ ദിയെഗോഗാർഷ്യ ദ്വീപ്. അതിന്റെ ഭാവിയുടെ മേൽ ചോദ്യചിഹ്നം ഉയർന്നിരിക്കുകയാണ്.

ദിയെഗോഗാർഷ്യ ഉൾപ്പെടുന്ന ചാഗോസ് ദ്വീപസമൂഹം ആരുടേതാണെന്നതു സംബന്ധിച്ച് മൗറീഷ്യസും ബ്രിട്ടനും തമ്മിൽ ദീർഘകാലമായി നടന്നുവരുന്ന തർക്കം പെട്ടെന്നു മൂർഛിച്ചതാണ് ഇതിനു കാരണം. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ പ്രശ്നം ഐക്യരാഷ്ട്ര പൊതുസഭയിലും രാജ്യാന്തര കോടതിയിലുമെത്തി. രണ്ടിടത്തും മൗറീഷ്യസിന് അനുകൂലമായിരുന്നു തീരുമാനം. 

അറുപതോളം ദ്വീപുകൾ അടങ്ങുന്ന ചാഗോസിന്റെ മേലുള്ള പരമാധികാരം തങ്ങൾക്കാണെന്നാണ് ബ്രിട്ടന്റെ അവകാശവാദം. കൂട്ടത്തിലെ ഏറ്റവും വലിയ ദ്വീപായ ദിയെഗോഗാർഷ്യ 1966ൽ അവർ അമേരിക്കയ്ക്കു സൈനികതാവളം നിർമിക്കാൻ ദീർഘകാല പാട്ടത്തിനു കൊടുത്തത് അതിന്റെ അടിസ്ഥാനത്തിലാണ്. 

പക്ഷേ, ബ്രിട്ടന്റെ കോളണിയായിരുന്ന മൗറീഷ്യസ് ഇതംഗീകരിക്കുന്നില്ല. ചാഗോസ് തങ്ങളുടെ ഭാഗമാണെന്നും 1968ൽ തങ്ങൾക്കു സ്വാതന്ത്യം നൽകുന്നതിനു മൂന്നു വർഷംമുൻപ് ബ്രിട്ടൻ നിയമവിരുദ്ധമായി അതു വേർപെടുത്തുകയായിരുന്നുവെന്നും  അവർ വാദിക്കുന്നു. 

കോളണികൾക്കു സ്വാതന്ത്ര്യം നൽകുന്നതിനുമുൻപ് അവ വിഭജിക്കുന്നതു 1960ലെ യുഎൻ പ്രമേയത്തിന്റെ ലംഘനമാണ്. അതിനാൽ ചാഗോസ് തങ്ങൾക്കു തിരിച്ചുകിട്ടണമെന്നും മൗറീഷ്യസ് ആവശ്യപ്പെടുന്നു. 

ഇക്കഴിഞ്ഞ് ഫെബ്രുവരിയിൽ രാജ്യാന്തരകോടതി അതിനോടു യോജിക്കുകയും  എത്രയും വേഗം ചാഗോസ് മൗറീഷ്യസിനു തിരിച്ചുകൊടുക്കണമെന്നു ബ്രിട്ടനോടു നിർദേശിക്കുകയും ചെയ്തു. കോടതിയിലെ 14 ജഡ്ജിമാരിൽ ഒരാൾമാത്രമാണ് അതിനെ എതിർത്തത്. അദ്ദേഹം അമേരിക്കക്കാരനായിരുന്നു.

രാജ്യാന്തര കോടതിയുടെ നിർദ്ദേശം ബ്രിട്ടൻ അനുസരിക്കാൻ തയാറില്ലെന്നു കണ്ടപ്പോഴാണ് മൗറീഷ്യസ് മറ്റു ചില ആഫ്രിക്കൻ രാജ്യങ്ങളുടെ പിന്തുണയോടെ  യുഎൻ പൊതുസഭയെ സമീപിച്ചത്. അവർ അവതരിപ്പിച്ച പ്രമേയത്തെ ഇക്കഴിഞ്ഞ ബുധനാഴ്ച (മേയ് 22) വെറും ആറു രാജ്യങ്ങൾ എതിർത്തപ്പോൾ അനുകൂലിച്ചത് ഇന്ത്യ ഉൾപ്പെടെ 116 രാജ്യങ്ങൾ. 56 രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്നു. 

ദിയെഗോ ഗാർഷ്യയുടെ കാര്യവും കൂടി ഉൾപ്പെടുന്ന പ്രശ്നമായതിനാൽ അമേരിക്കയും ബ്രിട്ടനോടൊപ്പം ചേർന്നു വ്യാപകമായ തോതിൽ പ്രചാരണം നടത്തുകയായിരുന്നു. എന്നിട്ടും ഇസ്രയേൽ, ഒാസ്ട്രേലിയ, ഹംഗറി, മാലദ്വീപ് എന്നീ നാലു രാജ്യങ്ങളെ മാത്രമേ അവർക്കു സ്വാധീനിക്കാൻ കഴിഞ്ഞുള്ളൂ. 

ഹംഗറിക്കുപുറമെ യൂറോപ്പിലെ ഒരു രാജ്യവും ബ്രിട്ടനെ സഹായിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. സ്പെയിൻ, ഗ്രീസ്, ഒാസ്ട്രിയ, അയർലൻഡ്, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവ  പ്രമേയത്തെ പിന്തുണച്ചപ്പോൾ ഫ്രാൻസ്, ജർമനി, പോർച്ചുഗൽ, പോളണ്ട്, റുമേനിയ എന്നിവ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മാറിനിന്നു. 

യൂറോപ്യൻ യൂണിയൻ വിട്ടുപോകാനുളള ബ്രിട്ടന്റെ തീരുമാനവും ഇതിൽ ഒരു പങ്കു വഹിച്ചതായി കരുതപ്പെടുന്നു.  

ആറുമാസത്തിനകം ചാഗോസ് ദ്വീപുകൾ മൗറീഷ്യസിനു വിട്ടുകൊടുക്കണമെന്നാണ് പൊതുസഭ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ രക്ഷാസമിതിയുടെ പ്രമേയം പോലെയല്ല, പൊതുസഭയുടെ പ്രമേയം. നടപ്പാക്കാനാവില്ല. ബ്രിട്ടനും അമേരിക്കയ്ക്കും വീറ്റോ അധികാരമുള്ളതിനാൽ ഇത്തരമൊരു പ്രമേയം രക്ഷാസമിതിയിൽ പാസ്സാവുകയുമില്ല. 

എങ്കിലും, ചാഗോസ് ദ്വീപുകളുടെ മേൽ ബ്രിട്ടനു പരമാധികാരം ഇല്ലെന്ന വസ്തുത ഇതോടെ കൂടുതൽ വ്യക്തമാവുന്നു. സൈനിക താവളം നിർമിക്കാൻ ദിയെഗോഗാർഷ്യ ദ്വീപ് ബ്രിട്ടൻ അമേരിക്കയ്ക്കു ദീർഘകാല പാട്ടത്തിനുകൊടുത്തതു നിയമവിരുദ്ധമാണെന്നുമാണ് അതിനർഥം. 

അൻപതു വർഷത്തെ ആദ്യത്തെ പാട്ടക്കരാർ 2016ൽ അവസാനിക്കുകയുണ്ടായി. തുടർന്നു 20 വർഷത്തേക്കു പുതുക്കി. അവസാനിക്കുന്നതു 2036ൽ.   

ആഫ്രിക്കയുടെ കിഴക്കൻ തീരഭാഗത്ത് ഇന്ത്യാസമുദ്രത്തിൽ കിടക്കുന്ന ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. 12 ലക്ഷം വരുന്ന ജനങ്ങളിൽ 75 ശതമാനംവരെ ഇന്ത്യൻ വംശജരാണെന്ന കാരണത്താൽ അത് ഇന്ത്യയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നു. 

ബ്രിട്ടീഷ് കോളണിയായിരുന്ന കാലത്തു മൗറീഷ്യസിലെ കരിമ്പിൻതോട്ടങ്ങളിൽ ജോലിചെയ്യാനായി ഇന്ത്യയിൽനിന്നു പോയവരുടെ പിന്മുറക്കാരാണിവർ. അവിടെ ഇതുവരെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി സേവനം ചെയ്തവരിൽ മിക്കവരും ഇന്ത്യയിൽ വേരുള്ളവരാണ്.  ഇന്ത്യയുമായി മൗറീഷ്യസ് സുദൃഢമായ സുഹൃത് ബന്ധം പുലർത്തിവരികയും ചെയ്യുന്നു.

മൗറീഷ്യസിൽനിന്നു 1500 കിലോമീറ്റർ അകലെ കിടക്കുന്ന ചാഗോസ് ദ്വീപുകൾ 1814 മുതൽ ബ്രിട്ടന്റെ അധീനത്തിലായിരുന്നു. അവരതു മൗറീഷ്യസിന്റെ ഭാഗമാക്കി ഭരിച്ചു. മൗറീഷ്യസിനു സ്വാതന്ത്ര്യം നൽകുന്നതിനു മുൻപ് ചാഗോസിനെ വേർപെടുത്തുകയും ബ്രിട്ടീഷ് ഇന്ത്യാസമുദ്ര  പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. 

പ്രതിഫലമായി മൗറീഷ്യസിനു 30 ലക്ഷം പവൻ നൽകിയിരുന്നുവെന്നു ബ്രിട്ടൻ പറയുന്നതു  മൗറീഷ്യസ് സമ്മതിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിലപേശലിന്നിടയിൽ തങ്ങൾ അതിനു നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് മൗറീഷ്യസിന്റെ വാദം. 

അക്കാലത്തുതന്നെ ദിയെഗോഗാർഷ്യ വിട്ടുകൊടുക്കുന്നകാര്യത്തിൽ അമേരിക്കയുമായി ബ്രിട്ടൻ രഹസ്യ ചർച്ചകൾ നടത്തിവരികയായിരുന്നുവെന്നും പറയപ്പെടുന്നു. ദിയെഗോഗാർഷ്യയിലുണ്ടായിരുന്ന രണ്ടായിരത്തിൽപ്പരം ജനങ്ങളെ പിന്നീട് ബലംപ്രയോഗിച്ചും തെറ്റിദ്ധരിപ്പിച്ചും കൂട്ടത്തോടെ ഒഴിപ്പിച്ചു. 

അവരെ മൗറീഷ്യസിലും സമീപത്തെ മറ്റൊരു ബ്രിട്ടീഷ് കോളണിയായിരുന്ന സെയ്ഷൽസിലും കുടിയിരുത്തി. തിരിച്ചുപോകാൻ ആവശ്യപ്പെടില്ലെന്ന നിബന്ധനയിൽ അവർക്കു കാശു കൊടുക്കുകയും ചെയ്തുവത്രേ. 

ഇന്ത്യാ സമുദ്ര മേഖലയിൽ സോവിയറ്റ് യൂണിയൻ നടത്തുന്ന സൈനിക നീക്കങ്ങൾ ചെറുക്കാനുളള ഉദ്ദേശ്യത്തോടെയാണ് ദിയഗോഗാർഷ്യയിൽ അമേരിക്ക പടുകൂറ്റൻ സൈനിക താവളം സ്ഥാപിച്ചത്. നാവികസേനയും വ്യോമസേനയും അതുപയോഗിക്കുന്നു. 

യുദ്ധക്കപ്പലുകളും ബോംബർ വിമാനങ്ങളും ആയിരക്കണക്കിനു പട്ടാളക്കാരും അവിടെയുണ്ട്. സമീപ പ്രദേശത്ത് ഒരു വിദേശരാജ്യത്തിന്റെ സൈനിക സംവിധാനം ഉയർന്നുവരുന്നത് അക്കാലത്ത് ഇന്ത്യയിൽ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിരുന്നു.

പിൽക്കാലത്തു അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുഎസ് യുദ്ധങ്ങളിൽ ദിയെഗോഗാർഷ്യ നിർണായക പങ്കുവഹിച്ചു. രാജ്യാന്തര ഭീകരർ, ലഹരിമരുന്നു കള്ളക്കടത്തുകാർ, കടൽക്കൊളളക്കാർ എന്നിവരെ  പിടികൂടാനുളള പ്രവർത്തനങ്ങളിലും അതുപകരിക്കപ്പെടുന്നതായി അമേരിക്ക അവകാശപ്പെടുന്നു. 

അമേരിക്കയിൽ 2001ൽ നടന്ന ഭീകരാക്രമണത്തെ തുടർന്നു തടവിലായ ചിലരെ കടുത്ത പീഢനത്തിന്റെ അകമ്പടിയോടെ ചോദ്യം ചെയ്തതും ദിയെഗോഗാർഷ്യയിലായിരുന്നു. ഇപ്പോൾ ഇന്ത്യാസമുദ്ര മേഖലയിൽ ചൈന നടത്തുന്ന നീക്കങ്ങൾ ചെറുക്കാൻ ഉപയോഗിക്കപ്പെടുന്ന ഒരു സുപ്രധാന സംവിധാനവുമാണിത്. 

രാജ്യാന്തര കോടതിയും ഐക്യരാഷ്ട്ര പൊതുസഭയും എന്തെല്ലാം പറഞ്ഞാലും ദിയെഗോഗാർഷ്യ മൗറീഷ്യസിനു  വിട്ടുകൊടുക്കാൻ ബ്രിട്ടനോ അമേരിക്കയോ തയാറാകാൻ ഇടയില്ലെന്നാണ് കരുതപ്പെടുന്നത്. അത്രയും പ്രധാനമാണ് അവരെ സംബന്ധിച്ചിടത്തോളം ഈ സൈനിക താവളം.

ഇൗ സാഹചര്യത്തിൽ മൗറീഷ്യസ് ഒരു നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ദിയെഗോഗാർഷ്യയുടെ കാര്യത്തിൽ അമേരിക്കയുമായി ഒരു പാട്ടക്കരാർ ഉണ്ടാക്കാൻ അവരും തയാറാണത്രേ. പക്ഷേ, ബ്രിട്ടനെ വിശ്വസിക്കുന്ന അതേവിധത്തിൽ മൗറീഷ്യസിനെ വിശ്വസിക്കാൻ അമേരിക്ക തയാറാകുമോ ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA