ബ്രെക്സിറ്റിന്റെ ഇര : തെരേസ മേയ്

HIGHLIGHTS
  • രാജി പ്രഖ്യാപനം കണ്ണീരോടെ
  • പിൻഗാമിയാകാൻ ബോറിസ് ജോൺസൻ
theresa-may-and-brexit
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരായാലും പാർലമെന്റിനു സ്വീകാര്യമായ ഒരു പുതിയ ബ്രെക്സിറ്റ് കരാർ തയാറാക്കിയെടുക്കാൻ അധികമൊന്നും നാളുകൾ ബാക്കിയുണ്ടാവില്ല. ബ്രിട്ടൻ ഇയു വിട്ടുപോകാൻ നിശ്ചയിച്ചിട്ടുളള തീയതി ഒക്ടോബർ 31 ആണ്
SHARE

മൂന്നു വർഷങ്ങൾക്കിടയിൽ മൂന്നാമതൊരു പ്രധാനമന്ത്രിയെ കാത്തിരിക്കുകയാണ് ബ്രിട്ടൻ. നിലവിൽ ആ പദവിയിലിരിക്കുന്ന തെരേസ മേയ് ജൂൺ ഏഴിനു, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുന്നു. അവർക്കു പകരം പാർട്ടി തിരഞ്ഞെടുക്കുന്ന പുതിയ നേതാവായിരിക്കും അടുത്ത പ്രധാനമന്ത്രി.

ഏതാണ്ട്്  മൂന്നു വർഷം മുൻപ് തികച്ചും അപ്രതീക്ഷിതമായിട്ടാണ് മേയ്് പ്രധാനമന്ത്രിയായത്. അതിനുളള വാതിൽ തുറന്നിട്ടു കൊടുത്തതു ബ്രെക്സിറ്റായിരുന്നു-യൂറോപ്യൻ യൂണിയൻ (ഇയു) വിട്ടുപോകാനുള്ള ബ്രിട്ടന്റെ ഹിതപരിശോധനാ തീരുമാനം. 

ഇപ്പോൾ മേയുടെ ഭരണത്തിനു തിരശ്ശീല വീഴാൻ കാരണമായതും ബ്രെക്സിറ്റ് തന്നെ. ഇയുവുമായുള്ള നാലു പതിറ്റാണ്ടു കാലത്തെ ബന്ധം വേർപെടുത്താനുള്ള  തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച സങ്കീർണതകളുടെ ചുഴിയിൽപ്പെട്ടു നട്ടംതിരിയുകയായിരുന്നു അവർ ഇത്രയും നാളുകൾ.

theresa-may

ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരിക്കേയായിരുന്നു 2016 ജൂൺ 23നു ബ്രെക്സിറ്റ് ഹിതപരിശോധന. അതിന്റെ ഫലം അറിഞ്ഞതിന്റെ പിറ്റേന്നു തന്നെ അദ്ദേഹം രാജിവച്ചു.  ആ ഒഴിവിൽ കൺസർവേറ്റീവ് പാർട്ടിയുടെ ലീഡറായി മേയ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഒരു ചെറിയ പട്ടണത്തിലെ വികാരിയുടെ മകളായ അവർ അങ്ങനെ  അറുപതാം വയസ്സിൽ ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായി. 

അതിനുമുൻപ്് കാമറണിന്റെ ക്യാബിനറ്റിൽ ആറു വർഷം ആഭ്യന്ത്രമന്ത്രിയായിരുന്നു. അവരുടെ നേതൃത്വ പാടവത്തെപ്പറ്റി  അധികമാർക്കും സംശയമുണ്ടായിരുന്നില്ല.   

പക്ഷേ, ബ്രെക്സിറ്റ് തീരുമാനം നടപ്പാക്കാനുളള ശ്രമത്തിനിടയിൽ പ്രതിപക്ഷത്തിന്റെ മാത്രമല്ല, സ്വന്തം പാർട്ടിയിലെതന്നെ വലിയൊരു വിഭാഗത്തിന്റെ അതൃപ്തിയും അപ്രീതിയും അവജ്ഞയും മേയ്ക്കു നേരിടേണ്ടി വന്നു. ഇനിയും സഹിക്കവയ്യാതെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച (മേയ് 24) അവർ പാർട്ടിനേതൃത്വം രാജിവയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അപ്പോൾ അവരുടെ തൊണ്ട ഇടറുകയും കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തുവത്രേ. 

trump-usa

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  ബ്രിട്ടൻ സന്ദർശിക്കാനിരിക്കേയാണ് ഇൗ സംഭവം. പക്ഷേ, ജൂൺ മൂന്നു മുതൽ മൂന്നു ദിവസം ട്രംപ് ബ്രിട്ടനിലുള്ളപ്പോൾമേയ് തന്നെയായിരിക്കും പ്രധാനമന്ത്രി. പാർട്ടി നേതൃസ്ഥാനം അവർ രാജിവയ്ക്കുന്നത് അതിനുശേഷമാണ്. 

കൺസർവേറ്റീവ് പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയും അദ്ദേഹം അല്ലെങ്കിൽ അവർ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്യുമ്പോഴേക്കും ഒരുപക്ഷേ ജൂലൈ അവസാനമാകും.  ഇനിയും രണ്ടു മാസംകൂടി മേയ് പ്രധാനമന്ത്രി പദത്തിൽ ഉണ്ടായിരിക്കുമെന്നർഥം. എങ്കിലും, ബ്രിട്ടനിൽ ഏറ്റവും കുറഞ്ഞകാലം അധികാരത്തിൽ ഇരുന്നവരുടെ കൂട്ടത്തിലായിരിക്കും ചരിത്രത്തിൽ മേയുടെ സ്ഥാനം.

കഴിഞ്ഞ രണ്ടേമുക്കാൽ വർഷത്തിനിടയിൽ മേയ്ക്കു 24 തവണ ബൽജിയം സന്ദർശിക്കേണ്ടിവന്നതും ചരിത്രത്തിൽ ഒരുപക്ഷേ സ്ഥാനം പിടിച്ചേക്കാം.  ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിലാണ് 28 അംഗ ഇയുവിന്റെ ആസ്ഥാനം. ഇയുവുമായുള്ള ഭാവിബന്ധം സംബന്ധിച്ച കരാറുണ്ടാക്കാനായി അതിന്റെ നേതാക്കളുമായി ചർച്ച നടത്താനായിരുന്നു ഇൗ യാത്രകൾ. 

brexit.jpg.image.784.410

ചർച്ചകൾക്കുശേഷം തിരിച്ചെത്തി മേയ് തയാറാക്കിയ കരാർ മൂന്നു തവണ പാർലമെന്റ് നിഷ്്ക്കരുണം തള്ളിക്കളയുകയായിരുന്നു. ഇൗ വർഷം ജനുവരിയിൽ  നടന്ന വോട്ടെടുപ്പ് വിശേഷിച്ചും ഒാർമിക്കപ്പെടുന്നു. 650 അംഗ സഭയിലെ 202 പേർ കരാറിനെ അനുകൂലിച്ചപ്പോൾ അതിന്റെ ഇരട്ടിയിലേറെ പേർ (432) എതിർത്തു.  

ഇത്രയും ഭീമമായ പരാജയം ആധുനികകാല ബ്രിട്ടീഷ് പാർലമെന്റിൽ മുൻപൊരു ഗവൺമെന്റിനും നേരിടേണ്ടിവന്നിരുന്നില്ല. കൺസർവേറ്റീവ് പാർട്ടിയിലെ 313 അംഗങ്ങളിൽ 118 പേരും എതിർത്തു വോട്ടുചെയ്തവരിൽ ഉൾപ്പെടുന്നു.  

നേരത്തെതന്നെ മേയ്ക്കു പാർലമെന്റിൽ കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. വടക്കൻ അയർലൻഡിലെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി എന്ന പ്രാദേശിക കക്ഷിയുടെ പിന്തുണയിൽ ഭരിക്കുകയായിരുന്നു. ബ്രെക്സിറ്റ് കരാർ കാര്യത്തിൽ അവരും ഇടഞ്ഞു എതിർത്തുവോട്ടു ചെയ്തു. 

മേയ് രാജിവയ്ക്കണമെന്ന് അന്നുതന്നെ പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. പതിപക്ഷ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ  അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ,  ഇത്തവണ കൺസർവേറ്റീവ് പാർട്ടി ഒന്നടങ്കം  മേയുടെ പിന്നിൽ അണിനിരന്നതിനാൽ പ്രമേയം പാസ്സായില്ല. 

BRITAIN-EU

അതിനൊരു മാസം മുൻപ് സ്വന്തം പാർട്ടിതന്നെ അവിശ്വാസ പ്രമേയത്തിലൂടെ മേയെ നേതൃസ്ഥാനത്തുനിന്നു പുറത്താക്കാൻ ശ്രമിക്കുകയുമുണ്ടായി. അതിനെയും മേയ്  അതിജീവിച്ചു. ഒരു വർഷം പൂർത്തിയാകാതെ വീണ്ടുമൊരു അവിശ്വാസ പ്രമേയം പാടില്ലെന്നാണ് പാർട്ടിയിലെ നിയമം. മേയെ പുറത്താക്കാനായി ആ നിയമം മാറ്റാനും ശ്രമം നടന്നുവരികയായിരുന്നു. അതിനിടയിലാണ് അവരുടെ പെട്ടെന്നുള്ള രാജിപ്രഖ്യാപനം.

ബ്രെക്സിറ്റ് കാര്യത്തിൽ സ്വന്തം കരങ്ങൾ ശക്തിപ്പെടുത്തുന്നതിനു വേണ്ടി മേയ് നടത്തിയ ഒരു ചൂതാട്ടം നേരത്തെ പാളിപ്പോവുകയുമുണ്ടായി. കാമറണിൽനിന്നു 2016 ജൂലൈയിൽ അവർ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോൾ കൺസർവേറ്റീവ് പാർട്ടിക്കു സഭയിൽ നേരിയ ഭൂരിപക്ഷമാണുണ്ടായിരുന്നത്്്. 

അതു വർദ്ധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ 2017 ൽ മേയ് സഭ പിരിച്ചുവിടുകയും ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഉണ്ടായിരുന്ന ഭൂരിപക്ഷം പോലും നഷ്ടപ്പെട്ടു. ഭരണം നിലനിർത്താൻ പ്രാദേശിക കക്ഷിയായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പിന്തുണ തേടേണ്ടിവന്നത് അങ്ങനെയാണ്. 

മേയുടെ രാജിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു കൺസർവേറ്റീവ് പാർട്ടിയിലെ പല പ്രമുഖരും. മേയുടെ പിൻഗാമിയാകാൻ ആഗ്രഹിക്കുന്നവരുടെ  തിരക്കുപിടിച്ച നീക്കങ്ങളാണ് അവരുടെ രാജി പ്രഖ്യാപനത്തെ തുടർന്നുണ്ടായത്. ആദ്യത്തെ മൂന്നു ദിവസത്തിനിടയിൽതന്നെ രണ്ടു വനിതകൾ ഉൾപ്പെടെ എട്ടു പേർ മൽസര രംഗത്തിറങ്ങി. വേറെയും പലരും ഒരുങ്ങിനിൽക്കുന്നു. 

ഇതിനകം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരുടെ കൂട്ടത്തിൽതന്നെ മന്ത്രിമാരും മുൻമന്ത്രിമാരുമുണ്ട്. മുൻ വിദേശമന്ത്രി ബോറിസ് ജോൺസനും ഇപ്പോഴത്തെ വിദേശമന്ത്രി ജെറമി ഹണ്ടും രാജ്യാന്തര രംഗത്ത് അറിയപ്പെടുന്നവർ എന്ന നിലയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. 

കാമറൺ 2016ൽ രാജിവച്ചപ്പോൾ തന്നെ പ്രധാനമന്ത്രി പദത്തിൽ കണ്ണുവച്ചവച്ചവരിൽ ഒരാളായിരുന്നു മുൻ ലണ്ടൻ മേയർകൂടിയായ  ജോൺസൻ. കടുത്ത ബ്രെക്സിറ്റ് അനുകൂലിയാണ്. യൂറോപ്യൻ യൂണിയൻ (ഇയു) വിട്ടുപോയതിനുശേഷമുള്ള ബന്ധം സംബന്ധിച്ച് ബ്രിട്ടന് അനുകൂലമായ കരാർ ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ കരാറില്ലാതെ തന്നെ ബിട്ടൻ ഇയു വിടണമെന്നു വാദിക്കുന്നവരിൽ പ്രമുഖനുമാണ് ജോൺസൻ. 

ബ്രെക്സിറ്റ് കരാർ കാര്യത്തിൽ മേയുമായി ഇടഞ്ഞു പല തവണയായി മന്ത്രിസ്ഥാനം രാജിവച്ച മുപ്പതോളം പേരിൽ ഒന്നാമനുമാണ് ഇൗ അൻപത്തിനാലുകാരൻ. മേയുടെ പിൻഗാമിയാകാനുള്ള മൽസരത്തിൽ വിജയ സാധ്യതയും അദ്ദേഹത്തിനാണെന്നു മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നു. 

അടുത്ത പ്രധാനമന്ത്രി ആരായാലും പാർലമെന്റിനു സ്വീകാര്യമായ ഒരു പുതിയ ബ്രെക്സിറ്റ് കരാർ തയാറാക്കിയെടുക്കാൻ അധികമൊന്നും നാളുകൾ ബാക്കിയുണ്ടാവില്ല. ബ്രിട്ടൻ ഇയു വിട്ടുപോകുന്നതിനു നിശ്ചയിച്ചിട്ടുളള തീയതി ഒക്ടോബർ 31 ആണ്. 

നേരത്തെ മാർച്ച് 29 ആയിരുന്നത് ഏഴുമാസം നീട്ടാൻ ഇയു നേതാക്കൾ അനുവദിക്കുകയായിരുന്നു. ഇനിയും നീട്ടാനിടയില്ല. കരാറില്ലാതെതന്നെയുള്ള വിവാഹ മോചനത്തിനാണ് ബോറിസ് ജോൺസനെപ്പോലുള്ളവർ കാത്തിരിക്കുന്നതും. 

അതാണ് ബ്രിട്ടനു ഗുണകരം എന്നവർ വാദിക്കുമ്പോൾ, മറ്റുപലരും അതിന്റെ പ്രത്യാഘാതങ്ങൾ ഒാർത്തു നടുങ്ങുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ