പൊതു ശത്രുവിന് എതിരെ രണ്ടു മിത്രങ്ങൾ

HIGHLIGHTS
  • പുടിന് പാശ്ചാത്യരുടെ അവഗണന
  • പുടിൻ ആത്മസുഹൃത്തെന്നു ഷി
vladimir-putin-and-xi-jinping-against-common-enemy
സമീപകാല ചരിത്രത്തിൽ മറ്റെന്നത്തേക്കാളുമേറെ റഷ്യയും ചൈനയും തമ്മിൽ അടുത്തുകൊണ്ടിരിക്കുന്നു. ഇരു രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളിൽനിന്നു, വിശേഷിച്ച് അമേരിക്കയിൽനിന്നു നേരിട്ടുവരുന്ന "ശത്രുതാപരമായ' നിലപാടുകളാണ് ഇതിനു കാരണം
SHARE

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഒരു ഡസനിലേറെ രാഷ്ട്ര നേതാക്കൾ ഇൗയിടെ ബ്രിട്ടനിലും ഫ്രാൻസിലും ഒത്തുചേർന്നതു ആധുനിക ലോക ചരിത്രത്തിലെ ഒരു സുപ്രധാന ദിവസത്തിന്റെ ഒാർമ പുതുക്കാനായിരുന്നു. പക്ഷേ, റഷ്യയുടെയോ ചൈനയുടെയോ നേതാക്കൾ അക്കൂട്ടത്തിലുണ്ടായിരുന്നില്ല.

ആ സമയത്തു റഷ്യയിൽ പ്രസിഡന്റ് വ്ളാഡിമീർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ചർച്ചയിലായിരുന്നു. തങ്ങളുടെ രാജ്യങ്ങളുടെ നേർക്കുളള അമേരിക്കയുടെ "ശത്രുതാപരമായ' നീക്കങ്ങളെ എങ്ങനെ ചെറുക്കാം എന്നതായിരുന്നു മുഖ്യചർച്ചാവിഷയം. 

എഴുപത്തഞ്ച് വർഷം മുൻപായിരുന്നു രണ്ടാം ലോകമഹായുദ്ധത്തെ പരിസമാപ്തിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച  നോർമൻഡി ആക്രമണം. അതിന്റെ രോമാഞ്ചകരമായ ഒാർമകൾ അടയാളപ്പെടുത്തുകയായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂൺ ആറ്) പാശ്ചാത്യ രാഷ്ട്ര നേതാക്കൾ. 1944ലെ ആ ദിനം ഡി-ഡേ എന്നറിയപ്പെടുന്നു.

normandy-tribute-1
നോർമൻഡി ആക്രമണത്തിന്റെ രോമാഞ്ചകരമായ ഒാർമകൾ അടയാളപ്പെടുത്തുകയായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂൺ ആറ്) പാശ്ചാത്യ രാഷ്ട്ര നേതാക്കൾ.

അന്നു നേരം പുലരുന്നതിനുമുൻപ് ബ്രിട്ടന്റെ തെക്കൻ തീരത്തുളള പോർട്സ്മൗത്തിൽ നിന്ന് ആയിരക്കണക്കിനു കപ്പലുകളിലും ബോട്ടുകളിലുമായി ഇംഗ്ളിഷ് ചാനൽ താണ്ടി ഫ്രാൻസിന്റെ വടക്കൻ മേഖലയിലെ നോർമൻഡി കടപ്പുറത്ത് എത്തിച്ചേർന്നത് ഒന്നര ലക്ഷത്തിലേറെ ഭടന്മാരാണ്. അധികപേരും അമേരിക്ക, ബ്രിട്ടീഷ്, കാനഡ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ. പലരും കൗമാരപ്രായം കഴിഞ്ഞിട്ടില്ലാത്തവർ.   

യുദ്ധക്കപ്പലുകളും ബോംബർ വിമാനങ്ങളുമായി  നാവിക-വ്യോമസേനകൾ അവർക്കു പിൻബലമേകി. ഇത്രയും വിപുലമായ തോതിലുളള സൈനികാക്രമണം അതിനു മുൻപോ പിമ്പോ ലോകചരിത്രത്തിലില്ല. ഫ്രാൻസ് പിടിച്ചടക്കിയിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ നാസി ജർമൻ സൈന്യവുമായി അവർ ഏറ്റമുട്ടി. 

രണ്ടര മാസങ്ങൾക്കകം അവർ ഫ്രാൻസിനെ  ജർമൻ  അധിനിവേശത്തിൽനിന്നു മോചിപ്പിച്ചു. യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിൽ യുദ്ധം പിന്നെയും തുടർന്നുവെങ്കിലും ഒടുവിൽ, ഹിറ്റ്ലർ ആത്മഹത്യ ചെയ്യുകയും 1945 മേയ് എട്ടിനു ജർമനി കീഴടങ്ങുകയും ചെയതു. നോർമൻഡി ആക്രമണത്തിനുശേഷം അപ്പോൾ ഒരു വർഷം കഴിഞ്ഞതേയുണ്ടായിരുന്നുളളൂ. അതിൽ പങ്കെടുത്തവരിൽ 72,000 പേർ മരിച്ചു. 

D-DAY ANNIVERSARY
പിൽക്കാലത്ത് അമേരിക്കയുടെ പ്രസിഡന്റായ ജനറൽ ഡൈ്വറ്റ് എെസൻഹോവറായിരുന്നു നോർമൻഡി ആക്രമണത്തിൽ പങ്കെടുത്ത സഖ്യസേനയുടെ തലവൻ.

പിൽക്കാലത്ത് അമേരിക്കയുടെ പ്രസിഡന്റായ ജനറൽ ഡൈ്വറ്റ് എെസൻഹോവറായിരുന്നു നോർമൻഡി ആക്രമണത്തിൽ പങ്കെടുത്ത സഖ്യസേനയുടെ തലവൻ. യുദ്ധതന്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയതും നോർമൻഡി ആക്രമണമായിരുന്നു. അതോടൊപ്പം പാശ്ചാത്യ ലോകത്തിന്റെ നായക പദവിയിലേക്ക്് അമേരിക്കയും ഉയർന്നു.

എന്നാൽ, യുറോപ്പിൽ നാസി ജർമനിയുടെ ജൈത്രയാത്ര തടയുകയും ഒടുവിൽ അവരെ പൂർണമായി പരാജയപ്പെടുത്തുകയും ചെയ്തതിന്റെ ബഹുമതി മുഴുവൻ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടുന്ന രാജ്യങ്ങൾക്കു മാത്രം അവകാശപ്പെട്ടതായിരുന്നില്ല. നോർമൻഡി ആക്രമണത്തിനു മൂന്നു വർഷം മുൻപ് തന്നെ യൂറോപ്പിന്റെ കിഴക്കൻ മേഖലയിൽ ജർമനിയുമായി  ഘോരയുദ്ധത്തിലായിരുന്നു സോവിയറ്റ് യൂണിയൻ. 

തങ്ങളെ സഹായിക്കാനായി പാശ്ചാത്യ രാജ്യങ്ങൾ ജർമനിക്കെതിരെ ഒരു രണ്ടാം യുദ്ധമുഖം തുറക്കണമെന്നു സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനോടു നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടുമിരുന്നു. നോർമൻഡി ആക്രമണത്തിലൂടെ അത്തരമൊരു നീക്കം നടത്താൻ വൈകിയതായി പിന്നീടു സോവിയറ്റ് നേതാക്കൾ പരാതിപ്പെടുകയുമുണ്ടായി.

നാസി ജർമനിയെ പരാജയപ്പെടുത്താനുള്ള യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ അത്രയോ അതിലേറെയോ  നാശനഷ്ടങ്ങൾ തങ്ങൾക്ക് അനുഭവിക്കേണ്ടിവന്നതായും സോവിയറ്റ് യൂണിയൻ ചൂണ്ടിക്കാട്ടിയിരുന്നു.  സൈനികരും സാധാരണ ജനങ്ങളും ഉൾപ്പെടെ അവരുടെ രണ്ടരക്കോടി ആളുകൾ മരിച്ചതായും കണക്കുകളുണ്ട്. 

ഇതെല്ലാം ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത് ഒരു പ്രത്യേക പശ്ചാത്തലത്തിലാണ്. നോർമൻഡിയിൽ നടന്ന ഡി ഡേ ജൂബിലിയിൽ ഇത്തവണ റഷ്യൻ പ്രസിഡന്റ് പുടിൻ പങ്കെടുത്തില്ല. സോവിയറ്റ് യൂണിയന്റെ പിൻഗാമിയെന്ന നിലയിൽ ഇത്തരം സന്ദർഭങ്ങളിൽ റഷ്യയും പരിഗണിക്കപ്പെടാറുണ്ടായിരുന്നു.

OIL-OPEC-PUTIN
റഷ്യയിൽ പ്രസിഡന്റ് വ്ളാഡിമീർ പുടിൻ

2014ൽ നോർമൻഡി ആക്രമണത്തിന്റെ എഴുപതാം വാർഷികത്തിൽ പുടിൻ പങ്കെടുക്കുകയുമുണ്ടായി.  ഇത്തവണ അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ലെന്നതാണ് വാസ്തവം.

താനിതു പ്രശ്നമാക്കുന്നില്ലെന്നും കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ തനിക്കു നാട്ടിൽ തന്നെ ചെയ്യാനുണ്ടായിരുന്നുവെന്നുമാണ് പുടിൻ പിന്നീടു പ്രതികരിച്ചത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ വരവേൽക്കുകയും അദ്ദേഹവുമായി ചർച്ചകൾ നടത്തുകയും ചെയ്യുന്ന തിരക്കിലായിരുന്നു പുടിൻ. 

ആറു വർഷംമുൻപ് ചൈനയിൽ അധികാരം ഏറ്റെടുത്ത ഷി ഇതിനകം പല സന്ദർഭങ്ങളിലായി പുടിനെ കണ്ടു സംസാരിച്ചത് 30 തവണയാണ്. അദ്ദേഹം മോസ്ക്കോ സന്ദർശിക്കുന്നത് ഇത് എട്ടാം തവണയും. ഇക്കഴിഞ്ഞ ഏപ്രിലിൽ പുടിൻ ബെയ്ജിങ് സന്ദർശിക്കുകയുമുണ്ടായി.

മോസ്ക്കോയിൽ എത്തിയ ഷി പുടിനെ വിശേഷിപ്പിച്ചത് ആത്മസുഹൃത്തെന്നാണ്.  റഷ്യ-ചൈന ബന്ധം അഭൂതപൂർവമായ തലത്തിലേക്ക് ഉയർന്നതായി പുടിൻ പ്രഖ്യാപിക്കുകയും ചെയ്തു. 

xi-jingping
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

സമീപകാല ചരിത്രത്തിൽ മറ്റെന്നത്തേക്കാളുമേറെ ഇരു രാജ്യങ്ങളും തമ്മിൽ അടുത്തുകൊണ്ടിരിക്കുന്നുവെന്ന വസ്തുതയക്ക് അടിവരയിടുകയാണ് ഇൗ സന്ദർശനങ്ങൾ.  

ഇരു രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നു, വിശേഷിച്ച് അമേരിക്കയിൽ നിന്നു നേരിട്ടുവരുന്ന "ശത്രുതാപരമായ' നിലപാടുകളാണ് ഇതിനു കാരണമെന്നതും സുവിദിതമാണ്. 

അയൽരാജ്യമായ യുക്രെയിനിൽ 2014ൽ റഷ്യ ഇടപെടുകയും യുക്രെയിന്റെ ഭാഗമായ കൈ്രമിയ സ്വന്തമാക്കുകയും ചെയ്തതായിരുന്നു അതിന്റെ പശ്ചാത്തലം. അതിനുള്ള ശിക്ഷയെന്ന നിലയിൽ പാശ്ചാത്യ രാജ്യങ്ങൾ  റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും പ്രമുഖ വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-8ൽ നിന്നു റഷ്യയെ പുറത്താക്കുകയും ചെയ്തു. പിന്നീട്, സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ റഷ്യ വൻതോതിൽ  സഹായിക്കാൻതുടങ്ങിയതും പാശ്ചാത്യ രാജ്യങ്ങളെ കൂടുതൽ രോഷാകുലരാക്കുകയായിരുന്നു.

ഇതിന്റെ മറ്റൊരു വശമാണ് ചൈനയ്ക്കെതിരെ അമേരിക്ക നടത്തിവരുന്ന വ്യാപാരയുദ്ധം. അതിന്റെ തുടർച്ചയായി ചൈനയിലെ വാവെയ് എന്ന വൻ ടെലികമ്യൂണിക്കേഷൻ കമ്പനിക്കെതിരെ രാജ്യസുരക്ഷാപരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അമേരിക്ക കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അങ്ങനെ ചെയ്യാൻ ചില സഖ്യരാജ്യങ്ങളെ അമേരിക്ക പ്രേരിപ്പിക്കുകയും ചെയ്തു. 

ഇൗ പ്രശ്നത്തിലും ഇപ്പോൾ റഷ്യയും ചൈനയും കൈകോർക്കുകയാണ്. ജി5 സാങ്കേതികവിദ്യ  റഷ്യയിൽ ലഭ്യമാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. 

റഷ്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ എംടിഎസ്സുമായി ഇതു സംബന്ധിച്ച  കരാറിൽ വാവെയ് ഒപ്പുവച്ചു. വരും ദിനങ്ങളിൽ റഷ്യ-ചൈന ബന്ധം കൂടുതൽ വിപുലവും ശക്തവുമായിത്തീരുമെന്നാണ് സൂചനകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ