ഹോങ്കോങ്ങില്‍ പ്രശ്നം ചൈന

HIGHLIGHTS
  • ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു
  • സമരം അടിച്ചമര്‍ത്തുന്നു
Hong Kong Agitattion
സ്വന്തം സമഗ്രാധിപത്യ രാഷ്ടീയ വ്യവസ്ഥ ഹോങ്കോങ്ങില്‍ അടിച്ചേല്‍പിക്കാന്‍ ചൈന നിരന്തരമായി ശ്രമിക്കുകയാണെന്നു ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ ജനങ്ങള്‍, വിശേഷിച്ച് യുവാക്കള്‍ പല തവണ തെരുവിലിറങ്ങിയത് ഇതിന്‍റെ പേരിലാണ്
SHARE

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹോങ്കോങ്ങിലെ ഒരു പത്തൊന്‍പതുകാരന്‍ ഗര്‍ഭിണിയായ കാമുകിയുമൊത്ത് തയ്വാനിലേക്ക് ഉല്ലാസയാത്ര പോയി. അവിടെ വച്ച് കാമുകി കൊല്ലപ്പെട്ടു. കാമുകന്‍ കൊന്നതാണത്രേ. തയ്വാന്‍ അധികൃതര്‍ക്കു പിടികൊടുക്കാതെ അയാള്‍ നാട്ടിലേക്കു രക്ഷപ്പെട്ടു. 

തേടിയ വള്ളി കാലില്‍ചുറ്റിയതുപോലെയായി ഹോങ്കോങ് അധികൃതരെ സംബന്ധിച്ചിടത്തോളം ഈ സംഭവം. ആ യുവാവിനെപ്പോലുള്ളവരെ പിടികൂടി നിയമത്തിന്‍റെ മുന്‍പാകെ  കൊണ്ടുവരുന്നതിനുവേണ്ടിയെന്ന പ്രഖ്യാപനത്തോടെ അവര്‍ ഈ വര്‍ഷംഒരു പുതിയ നിയമഭേദഗതിയുമായി മുന്നോട്ടുവന്നു.

എന്നാല്‍, അവരുടെ യഥാര്‍ഥ ലക്ഷ്യം അതല്ലെന്നുംഹോങ്കോങ്ങിനെ   ചൈനയുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തുകയാണെന്നും അവിടത്തെ ജനങ്ങള്‍ ഭയപ്പെടുന്നു. നിലവില്‍ തങ്ങള്‍ അനുഭവിച്ചുവരുന്ന ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നഷ്ടപ്പെടുമെന്ന ചിന്തയില്‍  അവര്‍ നടുങ്ങുന്നു. കഴിഞ്ഞ ചില ദിവസങ്ങളില്‍ ഹോങ്കോങ്ങിനെ അപ്പാടെ ഇളക്കിമറിച്ച ജനകീയ പ്രക്ഷോഭം ഈ ഭയത്തില്‍നിന്നുണ്ടായതാണ്. 

ഇക്കഴിഞ്ഞ ഞായറാഴ്ച ( ജൂൺഒന്‍പത്) ഹോങ്കോങ് നഗരമധ്യത്തില്‍ നടന്ന പ്രകടനത്തില്‍ പത്തുലക്ഷത്തിലേറെ പേര്‍ പങ്കെടുത്തുവെന്നാണ് കണക്ക്. 1997 ല്‍ ബ്രിട്ടനില്‍നിന്നു ഹോങ്കോങ് ചൈനയ്ക്കു തിരിച്ചുകിട്ടിയതിനുശേഷം അവിടെ തെരുവുകള്‍ ജനരോഷത്താല്‍ പ്രകമ്പനംകൊള്ളുന്നത് ഇതാദ്യമല്ല. 

എന്നാല്‍, ഈ പ്രകടനം അതിനെയെല്ലാം കടത്തിവെട്ടി.  വിദ്യാര്‍ഥികളും തൊഴിലാളികളും ബിസിനസ്സുകാരും ഓഫീസ് ജോലിക്കാരും അധ്യാപകരും അഭിഭാഷകരും വീട്ടമ്മമാരും മറ്റു പല വിഭാഗങ്ങളില്‍പ്പെട്ടവരും അതില്‍ ആവേശപൂര്‍വം പങ്കുചേര്‍ന്നു. തലേദിവസങ്ങളില്‍ പ്രകടനക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍വാതകവും കുരുമുളകു സ്പ്രേയും പ്രയോഗിച്ചതിനാല്‍ ഞായറാഴ്ച പലരും പ്രകടനത്തിനെത്തിയത് സര്‍ജിക്കല്‍ മാസ്ക്കും ഹെല്‍മറ്റും ധരിച്ചായിരുന്നു. 

അതിന്‍റെ തുടര്‍ച്ചയായിരുന്നു ബുധനാഴ്ച നിയമസഭാ മന്ദിരത്തിനു മുന്നിലുണ്ടായ ഉപരോധം. അംഗങ്ങള്‍ക്കു സഭയില്‍ കടക്കാന്‍ കഴിയാതിരുന്നതുകാരണം പുതിയ നിയമഭേഗതിയുടെ ചര്‍ച്ച നീട്ടിവയ്ക്കേണ്ടിവന്നു. പ്രകടനക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് അവരെ തല്ലിച്ചതച്ചുവെന്നാണ് പരക്കേയുള്ള ആരോപണം. 

കാമുകിയെ വധിച്ചവനെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ വിചാരണയ്ക്കുവേണ്ടി തയ്വാനു വിട്ടുകൊടുക്കണമെങ്കില്‍ കുറ്റവാളികളെ അല്ലെങ്കില്‍ കുറ്റവാളികള്‍ എന്നു സംശയിക്കുന്നവരെ പരസ്പരം കൈമാറുന്നതു സംബന്ധിച്ച് ഉടമ്പടി ഉണ്ടായിരിക്കണം. അത്തരം ഉടമ്പടി തയ്വാനു ഹോങ്കോങ്ങുമായോ അതിന്‍റെമേല്‍ പരമാധികാരമുള്ള  ചൈനയുമായോ  ഇല്ല. തയ്വാനെ  ഒരു സ്വതന്ത്ര രാജ്യമായി ചൈന അംഗീകരിക്കുന്നുപോലുമില്ല.  

അതിനാല്‍ ഉടമ്പടിയില്ലാതെതന്നെ അത്തരം ആളുകളെ കൈമാറാന്‍ നിര്‍ദിഷ്ട നിയമഭേദഗതി ഹോങ്കോങ് ഭരണകൂടത്തിന്  അനുമതി നല്‍കുന്നു. ചൈനീസ് അധികൃതര്‍ ആവശ്യപ്പെടുന്നവരെ ഇതനുസരിച്ച് ചൈനയിലേക്കും അയക്കാനാവും. 

ചൈനാവിരുദ്ധരെന്ന് ആരോപിക്കപ്പെടുന്ന ഇത്തരം ഒട്ടേറെ പേരെ വിട്ടുകിട്ടാന്‍ ഇപ്പോള്‍തന്നെ കാത്തിരിക്കുകയാണ് ചൈന. നിലവിലുള്ള  നിയമം മറികടന്നുകൊണ്ട് പലരെയും തട്ടിക്കൊണ്ടുപോയി ചൈനയില്‍ ജയിലിലാക്കിയതായും ആരോപണമുണ്ട്.      

ഹോങ്കോങ്ങില്‍ നിലനില്‍ക്കുന്ന വിധത്തിലുള്ള സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ചൈനയിലില്ല. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി നിശ്ചയിക്കുന്നതാണ് നിയമം. ജഡ്ജിമാര്‍ അവരുടെ ചൊല്‍പ്പടിയിലാണ്. 

അതിനാല്‍ ചൈനയിലേക്കു വിട്ടുകൊടുക്കുന്നവര്‍ക്കു നീതി ലഭിക്കാനിടയില്ലെന്നു കരുതപ്പെടുന്നു. തലമുറകളായി ജനാധിപത്യവും പൗരസ്വാതന്ത്ര്യവും അനുഭവിച്ചുവരുന്ന ഹോങ്കോങ് നിവാസികളെ സംബന്ധിച്ചിടത്തോളം അത്യന്തം ഭീതിജനകമാണിത്. 

ചൈനീസ് വന്‍കരയുടെ തെക്കു കിഴക്കെ തീരത്തു 1106 ചതുരശ്ര കിലോമീറ്ററില്‍ കിടക്കുന്ന  ഹോങ്കോങ് (ജനസംഖ്യ 75 ലക്ഷം) ഏതാണ്ട് ഒരു നൂറ്റാണ്ടു കാലം ബ്രിട്ടന്‍റെ അധീനത്തിലായിരുന്നു. അവരുടെ ഭരണത്തില്‍ അതു ഏഷ്യയിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി.

ചില ഉറപ്പുകള്‍ നല്‍കിക്കൊണ്ടാണ് 1997 ജൂലൈ ഒന്നിന് ചൈന അതു  വീണ്ടെടുത്തത്. നിലവിലുള്ള രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകള്‍ 50 വര്‍ഷത്തേക്ക് (2047 വരെ) അതേപടി തുടരുമെന്നതാണ് അവയിലൊന്ന്. ഒറ്റ രാജ്യം, രണ്ടു രീതികള്‍ എന്ന തത്വം അംഗീകരിക്കപ്പെട്ടു. 

കമ്യൂണിസവുമായി പൊരുത്തപ്പെടാത്ത മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ ഹോങ്കോങ്ങില്‍ തുടര്‍ന്നു. വിദേശകാര്യം, രാജ്യസുരക്ഷ എന്നിവയിലൊഴികെ വലിയൊരളവുവരെ സ്വയം ഭരണാധികാരവുമുണ്ട്. കോടതികള്‍ സ്വതന്ത്രം. മാധ്യമസ്വാതന്ത്ര്യവും ജനങ്ങള്‍ക്കു സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്രവുമുണ്ട്. 

ഇതേസമയം,  സ്വന്തം  സമഗ്രാധിപത്യ രാഷ്ടീയ വ്യവസ്ഥ ഹോങ്കോങ്ങില്‍ അടിച്ചേല്‍പിക്കാന്‍ ചൈന നിരന്തരമായി ശ്രമിക്കുകയാണെന്ന പരാതിയും നിലനില്‍ക്കുന്നു.  കഴിഞ്ഞ 22 വര്‍ഷത്തിനിടയില്‍ ജനങ്ങള്‍, വിശേഷിച്ച് യുവാക്കള്‍ പല തവണ തെരുവിലിറങ്ങിയത് ഇതിന്‍റെ പേരിലായിരുന്നു. 

2014 ഒക്ടോബറില്‍ നടന്ന പ്രക്ഷോഭം പ്രത്യേകിച്ചും ഓര്‍മിക്കപ്പെടുന്നു. തലസ്ഥാന നഗര മധ്യത്തില്‍ പടുകൂറ്റന്‍ ബിസിനസ് സ്ഥാപനങ്ങളുടെ കേന്ദ്രകാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ് സമരക്കാര്‍ ദിവസങ്ങളോളം കൈയടക്കി. 

്അവരെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ വാതകവും കുരുമുളകു സ്പ്രേയും പ്രയോഗിച്ചപ്പോള്‍ അതിനെ ചെറുക്കാന്‍ അവര്‍ കുടകള്‍ നിവര്‍ത്തി പരിചകളാക്കി. കനത്ത മഴയെയും വെയിലിനെയും തടുക്കാനും കുടകള്‍ ഉപകരിച്ചു. പല നിറങ്ങളിലുമുള്ള, നിവര്‍ത്തിപ്പിടിച്ച ആയിരക്കണക്കിനു കുടകള്‍ സമരത്തിനു വര്‍ണപ്പകിട്ടു നല്‍കുകയും കുട വിപ്ലവം
എന്ന പേരു നേടിക്കൊടുക്കുകയും ചെയ്തു. 

ഹോങ്കോങ്ങിലെ മുഖ്യ ഭരണനിര്‍വഹണാധികാരിയായ ചീഫ് എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്ന രീതിയിലുള്ള എതിര്‍പ്പായിരുന്നു ആ പ്രക്ഷോഭത്തിനുകാരണം. സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്താമെന്ന ഉറപ്പ് ചൈന ലംഘിക്കുകയായിരുന്നു. ചീഫ് എക്സിക്യൂട്ടീവിനെ  1200 അംഗങ്ങളുള്ള ഒരു കമ്മിറ്റി തിരഞ്ഞെടുക്കുന്ന രീതി നടപ്പാക്കി.  

കമ്മിറ്റിയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും ചൈനയെ അനുകൂലിക്കുന്നവരായതിനാല്‍ ബെയ്ജിങ്ങിലെ ഭരണകൂടം അംഗീകരിക്കുന്ന ആള്‍ക്കുമാത്രമേ ചീഫ് എക്സിക്യൂട്ടീവാകാന്‍ കഴിയൂ. ഇപ്പോള്‍ ആ പദവി വഹിക്കുന്ന വനിതയായ കാരി ലാം ഉള്‍പ്പെടെ എല്ലാവരും അങ്ങനെയുള്ളവരാണ്. 

ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്കു മല്‍സരിക്കുന്നവര്‍ അതിന്  അര്‍ഹരാണോയെന്ന് മറ്റൊരു കമ്മിറ്റി തീരുമാനിക്കും. ഈ കമ്മിറ്റിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതും ചൈനാനുകൂലികള്‍ക്കു മുന്‍തൂക്കമുള്ള 1200 അംഗഇലക്ഷന്‍ കമ്മിറ്റിയാണ്. 

ഇതിനെതിരായ  പ്രതിഷേധമാണ് 2014ലെ കുടവിപ്ലവത്തില്‍ ആളിക്കത്തിയത്. ഈ രീതി മാറ്റണമെന്നും സുതാര്യവും സ്വതന്ത്രവും ജനാധിപത്യരീതിയിലുള്ളതുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുകയായിരുന്നു. 

പക്ഷേ, ചൈനാനുകൂല ഗവണ്‍മെന്‍റ് പിന്മാറിയില്ല. അവരുടെ അടിച്ചമര്‍ത്തല്‍ ചെറുത്തുനില്‍ക്കാനാവാതെരണ്ടര മാസത്തിനുശേഷം പ്രക്ഷോഭം കെട്ടടങ്ങി. അതിനു നേതൃത്വം നല്‍കിയ ഒട്ടേറെ പേര്‍ ജയിലിലായി.

ഇതേസമീപനമാണ് പുതിയ പ്രക്ഷോഭത്തിനെതിരെയുംഹോങ്കോങ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. എന്തുവന്നാലും ഈ മാസാവസാനത്തിനകം പുതിയ നിയമഭേദഗതി നടപ്പിലാക്കുകതന്നെ ചെയ്യുമെന്ന ദൃഢ നിശ്ചയത്തിലാണവര്‍. സമരക്കാരോടു വിട്ടുവീഴ്ചയക്കു തയാറില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ