കപ്പലുകൾ ഭയപ്പെടുന്ന കടലിടുക്ക്

HIGHLIGHTS
  • ഇറാന് ട്രംപിന്റെ താക്കീത്
  • മധ്യസ്ഥതയ്ക്കും ശ്രമം
rising-tensions-between-america-and-iran
(ഗൾഫിൽനിന്നുള്ള എണ്ണക്കപ്പലുകൾ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കു പോകുന്നതു ഒമാൻ ഉൾക്കടലിന്റെ പ്രവേശന മാർഗത്തിലുളള ഹോർമൂസ് കടലിടുക്കിലൂടെയാണ്. ഇൗ ഇടുങ്ങിയ വഴിയിൽ കപ്പലുകൾ തകർത്തിട്ടുകൊണ്ട് ഗതാഗത തടസ്സമുണ്ടാക്കാൻ ഇറാൻ ശ്രമിക്കുമോ ?)
SHARE

അമേരിക്കയോ ഇറാനോ പരസ്പരം യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ, അങ്ങനെയാണ് അവയുടെ നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത്. കാരണം, അത്തരമൊരു യുദ്ധത്തിന്റെ അതിഭീകരമായ അനന്തരഫലങ്ങളെക്കുറിച്ച് ഇരുകൂട്ടർക്കും പൂർണബോധ്യമുണ്ട്. 

എന്നിട്ടും യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാൻ ഇടയുണ്ടെന്ന ഭീതി ജനിപ്പിക്കുന്ന വിധത്തിലുള്ള സംഭവങ്ങളാണ് ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  

ഒരുപക്ഷേ അബദ്ധത്തിലായിരിക്കും യുദ്ധത്തിന്റെ തുടക്കമെന്നും ഇത്തരം സംഭവങ്ങൾ നമ്മെ ഒാർമിപ്പിക്കുന്നു. അവയിൽ ഏറ്റവും ഒടുവിലത്തേതാണ്  ഇക്കഴിഞ്ഞ വ്യാഴാഴ്ച (ജൂൺ 13) ഇറാനു സമീപമുള്ള ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരിടേണ്ടിവന്ന  ആക്രമണം. 

നോർവെ ഉടമസ്ഥതയിലുളള ഫ്രണ്ട് ഒാൾടെയർ എന്ന കപ്പൽ യുഎഇയിലെ റുവൈസിൽനിന്നു നാഫ്തയുമായി തയ്വാനിലേക്കു പോവുകയായിരുന്നു. 

സൗദി അറേബ്യയിൽനിന്നും ഖത്തറിൽനിന്നുമുള്ള മെതനോളുമായി സിംഗപ്പൂറിലേക്കു പോവുകയായിരുന്നു ജപ്പാൻ ഉടമസ്ഥതയിലുള്ള കോകുക കറേജിയസ്. 

കടലിൽ വിതറിയ മൈനുകൾ പൊട്ടിത്തെറിച്ചാണത്രേ രണ്ടു കപ്പലുകൾക്കും കേടുപറ്റി. ഒരെണ്ണത്തിനു തീപ്പിടിച്ചു. സമീപത്തുണ്ടായിരുന്ന മറ്റു ചില കപ്പലുകൾ കുതിച്ചെത്തി തീയണയ്ക്കുകയും രണ്ടു കപ്പലുകളിലെയും ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.  

US blames Iran for attack on oil tankers, Tehran calls accusation alarming
An Iranian navy boat tries to stop the fire of an oil tanker after it was attacked in the Gulf of Oman, on Thursday. Photo: Tasnim News Agency/Handout via REUTERS

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ശരിക്കും ഒരു മാസംമുൻപ് (മേയ് 12) ഒമാൻ ഉൾക്കടലിൽതന്നെ യുഎഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം നാല് എണ്ണക്കപ്പലുകൾ ഇതേവിധത്തിൽ ആക്രമിക്കപ്പെടുകയുണ്ടായി. സൗദി അറേബ്യയുടെയും (രണ്ട്) യുഎഇ, നോർവെ എന്നിവയുടെതുമായിരുന്നു ഇൗ കപ്പലുകൾ. രണ്ടു ദിവസത്തിനുശേഷം സൗദി അറേബ്യയുടെ എണ്ണ പൈപ്പ്ലൈനുകളുടെ നേരെ ഡ്രോൺ ആക്രമണവുമുണ്ടായി. 

സൗദി പൈപ്പ്ലൈൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം സൗദിയുടെ തെക്കു ഭാഗത്തുളള യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തു. യെമനിലെ രാജ്യാന്തര അംഗീകാരമുള്ള ഗവൺമെന്റിനെതിരെ ഇറാന്റെ  സഹായത്തോടെ യുദ്ധം ചെയ്യുന്നവരാണ് ഹൂതികൾ. സൗദി നഗരങ്ങൾക്കു നേരെയും അവർ ഇടക്കിടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്.

മേയിൽ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക ഇറാനെ കുറ്റപ്പെടുത്തിയെങ്കിലും ഇറാൻ അതു നിഷേധിക്കുകയാണ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയിലെ സംഭവങ്ങളിൽ ഇറാനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവു കിട്ടിയതായും അമേരിക്ക അവകാശപ്പെടുന്നു. കടലിൽ മൈനുകൾ വിതറിയത് ഇറാനാണെന്നാണ് ആരോപണം. 

പൊട്ടാത്ത ഒരു മൈൻ പിന്നീട്, ഇറാന്റെ സുപ്രധാന സൈനിക വിഭാഗമായ റവലൂഷണറി ഗാർഡ് നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്ക പ്രസിദ്ധീകരിക്കുകയും ചെയ്തു. സൗദി അറേബ്യയും ബ്രിട്ടനും ഇതു സംബന്ധിച്ച് ഇറാനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. 

ആണവ പ്രശ്നത്തിൽ ഇറാനെതിരെ ഒരു വർഷമായി അമേരിക്ക പ്രയോഗിച്ചു വരുന്ന സമ്മർദമാണ് ഇതിന്റെയെല്ലാം പശ്ചാത്തലം. അമേരിക്ക ഉൾപ്പെടെയുളള ആറ് ലോകരാഷ്ട്രങ്ങൾ ഇറാനുമായി ഉണ്ടാക്കിയ 2015ലെ ആണവ കരാറിൽനിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ വർഷം മേയിൽ പിന്മാറുകയും 

ഇറാനെതിരെ  ഉപരോധം പുനരാരംഭിക്കുകയും ചെയ്തു. ഇതുമൂലം എണ്ണയുടെ കയറ്റുമതി മിക്കവാറും സ്തംഭിച്ചതുകാരണം പൊറുതിമുട്ടിയ നിലയിലായി ഇറാൻ. എണ്ണയാണ് ഇറാന്റെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ല്.         

പ്രതികാരമെന്ന നിലയിൽ ഗൾഫിലെ യുഎസ് താൽപര്യങ്ങളുടെയും സഖ്യരാജ്യങ്ങളുടെയും നേരെ ഇറാൻ തിരിയുമെന്നു പലരും കരുതുന്നു. 

അതിനുവേണ്ടി അവർ യെമനിലെ ഹൂതികളെയോ ലെബനിലെ ഹിസ്ബുല്ലയെയും പലസ്തീനിലെ ഇസ്ലാമിക് ജിഹാദിനെയും പോലുളള മിലീഷ്യകളെയോ ഉപയോഗപ്പെടുത്തുമെന്നു കരുതുന്നവരുമുണ്ട്. 

ഇറാനുമായി അതിർത്തി പങ്കിടുന്ന ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിനുനേരെ മേയ് 19നുണ്ടായ റോക്കറ്റ് ആക്രമണവും ഇതുമായി ചേർത്തുവായിക്കപ്പെടുന്നു. അമേരിക്ക ഉൾപ്പെടെയുളള രാജ്യങ്ങളുടെ എംബസ്സികൾ സ്ഥിതിചെയ്യുന്ന മേഖലയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇറാഖിൽ യുഎസ് സൈനികരും സേവനം ചെയ്യുന്നുണ്ട്.

trump-rouhani

ഇറാനെ അനുകൂലിക്കുന്ന മിലീഷ്യകൾ ഇറാഖിലും ഉണ്ടെന്നതും രഹസ്യമല്ല. അവരുടെ ആക്രമണം ഭയന്നു അമേരിക്ക ഇറാഖിലെ സ്വന്തം എംബസ്സിയിലെ ജീവനക്കാരിൽ ഗണ്യമായ ഒരു വിഭാഗത്തെ പിൻവലിക്കുകയുമുണ്ടായി. 

ഗൾഫിൽനിന്നുള്ള എണ്ണക്കപ്പലുകൾ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കു പോകുന്നതു ഒമാൻ ഉൾക്കടലിന്റെ പ്രവേശന മാർഗത്തിലുളള ഹോർമൂസ് കടലിടുക്കിലൂടെയാണ്. ഇറാൻ, ഒമാൻ എന്നിവയ്ക്കിടയിലുള്ള ഇൗ ഇടുങ്ങിയ വഴിയിൽ കപ്പലുകൾ തകർത്തിട്ടുകൊണ്ട് ഗതാഗത തടസ്സമുണ്ടാക്കാൻ ഇറാനു കഴിയും. അക്കാര്യം ഇറാൻതന്നെ പല തവണ സൂചിപ്പിക്കുകയുമുണ്ടായി.  

ഹോർമൂസിൽ ഗതാഗത തടസ്സമുണ്ടായാൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ പുറത്തേക്കു കൊണ്ടുപോകാൻ കഴിയാതാവും. അതിനെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ രാജ്യങ്ങളുടെ സ്ഥിതി അവതാളത്തിലാകും. എണ്ണയുടെ ക്രമാതീതമായ വിലക്കയറ്റത്തിലൂടെ അതിന്റെ അനന്തര ഫലങ്ങൾ ലോകമൊട്ടുക്കും അനുഭവപ്പെടുകയും ചെയ്യും.  

ഇതനുവദിക്കില്ലെന്ന്് അമേരിക്ക പല തവണ ഇറാനു മുന്നറിയിപ്പ് നൽകുകയുണ്ടായി. ഏബ്രഹാം ലിങ്കൺ എന്ന പടുകൂറ്റൻ വിമാനവാഹിനിയുടെ നേതൃത്വത്തിൽ അമേരിക്കയുടെ ഒരു വലിയ യുദ്ധക്കപ്പൽ വ്യൂഹം ഒരു മാസത്തിലേറെയായി ഇറാനു സമീപമുള്ള കടലിൽ നീങ്ങിക്കൊണ്ടിരിക്കുന്നതും ഇൗ പശ്ചാത്തലത്തിലാണ്. 

ഇറാനുമായുളള യുദ്ധത്തിനുവേണ്ടി 120000 ഭടന്മാരെ ഒരുക്കിനിർത്താനുളള പ്ളാൻ അമേരിക്ക തയാറാക്കിയിട്ടുണ്ടെന്ന വാർത്തയും ഇതിനിടയിൽ പുറത്തുവന്നു. അമേരിക്ക അതു നിഷേധിച്ചുവെങ്കിലും ഇറാനെതിരെ കടുത്തഭാഷയിൽ ഭീഷണി മുഴക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  മടികാണിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു.

അമേരിക്കയുമായി ഇറാൻ യുദ്ധത്തിനു ചെന്നാൽ അത് ഇറാന്റെ അവസാനമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാനെ ട്രംപ്  ഭീഷണിപ്പെടുത്തുന്നത്  ഇതാദ്യമല്ലെങ്കിലും മുമ്പൊരിക്കലും അദ്ദേഹം ഇത്രയും വെട്ടിത്തുറന്നു സംസാരിച്ചിരുന്നില്ല. 

Hassan-Rouhani-Donald-Trump.jpg.image.784.410

പക്ഷേ, ട്രംപിന്റെ  ഇത്തരം പ്രസ്താവനകൾ വിരട്ടൽമാത്രമാണെന്നു കരുതുന്നവർ അമേരിക്കയിൽ തന്നെയുണ്ട്. ഒന്നര വർഷംമുൻപ് ഉത്തര കൊറിയയ്ക്കെതിരെയും അദ്ദേഹം സമാനമായ ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ചർച്ചയ്ക്കു തയാറാവുകയും ചെയ്തു. 

ഇറാനുമായും ചർച്ച നടത്താൻ താൻ ഒരുക്കമാണെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മുൻഗാമിയായ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് 2015ൽ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിനു പകരം സമഗ്രമായ മറ്റൊരു കരാർ ഉണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. 

ആണവ ബോംബ് നിർമാണത്തിൽനിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ 2015ലെ കരാർ ഒട്ടും സഹായകമല്ലെന്നു കരുതുന്ന ട്രംപ് അതിലെ പഴുതുകൾ അടക്കാൻ മാത്രമല്ല ഉദ്ദേശിക്കുന്നത്. ഇറാന്റെ മിസൈൽ പരിപാടി, മധ്യപൂർവദേശത്തെ പല രാജ്യങ്ങളിലുമുള്ള ഇറാന്റെ അപകടകരമായ ഇടപെടൽ എന്നിവ അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നു. 

അതെല്ലാം ഉൾക്കൊളളുന്നതാണ് അദ്ദേഹത്തിന്റെ പരിഗണനയിലുള്ള പുതിയ കരാർ. അതിനുവേണ്ടിഇറാനെക്കൊണ്ടു സമ്മതിപ്പിക്കാൻ കഴിഞ്ഞാൽ ട്രംപിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലായിരിക്കുംഅത്. നയതന്ത്രജ്ഞതയിൽ ഒബാമയെ കടത്തിവെട്ടിയതായി അഭിമാനിക്കാനുമാവും.   

പുതിയ കരാറിനെപ്പറ്റി ചർച്ച നടത്താൻ ഇറാനെ ട്രംപ് ക്ഷണിക്കുകയുമുണ്ടായി. അമേരിക്കയുമായി ചർച്ച നടത്താൻ ഇറാനു വിരോധമൊന്നുമില്ല. അതേസമയം, ഭീഷണിക്കും സമ്മർദത്തിനും വഴങ്ങില്ലെന്നും പുതിയ കരാറിനു സമ്മതിക്കുന്ന പ്രശ്നമേയില്ലെന്നും ഇറാൻ നേതാക്കൾ വ്യക്തമാക്കിയിട്ടുമുണ്ട്. 

IRAN-JAPAN-US-DIPLOMACY

ഇറാനു നേരെയുള്ള അമേരിക്കയുടെ താക്കീതും ഭീഷണിയും യുദ്ധക്കപ്പൽ നീക്കങ്ങളുമെല്ലാം ഇറാനെക്കൊണ്ട് പുതിയ കരാറിനു സമ്മതിപ്പിക്കാനുളള ട്രംപിന്റെ സമ്മർദ തന്ത്രമാണെന്നാണ് പല നിരീക്ഷകരും കരുതുന്നത്. മധ്യസ്ഥരെക്കൊണ്ട് ഇടപെടുവിക്കാനുള്ള നീക്കങ്ങളും നടന്നുവരുന്നു. 

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇൗയിടെ ഇറാൻ സന്ദർശിച്ചത്് ഇതിന് ഉദാഹരണമായിരുന്നു. ട്രംപിന്റെ സന്ദേശവുമായാണ് അദ്ദേഹം ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയെയും പരമോന്നത ആത്മീയനേതാവ് ആയത്തുല്ല ഖമനയിയെയും കണ്ടത്. 40 വർഷം മുൻപത്തെ ഇസ്ലാമിക വിപ്ളവത്തിനുശേഷം ഇറാനിൽ ജപ്പാനിലെ ഒരു പ്രധാനമന്ത്രി എത്തുന്നത് ഇതാദ്യമായിരുന്നു. 

പക്ഷേ, ആബെയുടെ ദൗത്യം വിജയിച്ചില്ല. മാത്രമല്ല, ആ സന്ദർഭത്തിലാണ്്  ഒമാൻ ഉൾക്കടലിൽ ജപ്പാന്റേത് ഉൾപ്പെടെയുള്ള രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതും. ഇറാൻ പ്രശ്നത്തിന്റെ സങ്കീർണതകൾക്ക് ഇതു മറ്റൊരു അടിവരകൂടിയിടുന്നു.  

                                                      -----------------

(അപ്ഡേറ്റ് : ഹോങ്കോങ്ങിലെ ചൈനാവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തുന്നതിൽ അവിടത്തെ ചൈനാനുകൂല ഗവൺമെന്റ് ഇത്തവണ പരാജയപ്പെട്ടു. കുറ്റവാളികളെയും കുറ്റക്കാരോപിതരെയും വിചാരണയ്ക്കായി ചൈനയ്ക്കു കൈമാറാൻ അനുവദിക്കുന്ന നിയമഭേദഗതിക്ക് എതിരെയാണ്  

പ്രക്ഷോഭം. (വിദേശരംഗം : ഹോങ്കോങ്ങിൽ പ്രശ്നം ചൈന. ജൂൺ-14). 

ഇതു സംബന്ധിച്ച ബില്ലുമായി മുന്നോട്ടു പോകുമെന്ന വാശിയിലായിരുന്നു ഗവൺമെന്റ്. പക്ഷേ, സമരം ശക്തിപ്പെട്ടതിനെ തുടർന്നു ബിൽ പാസ്സാക്കുന്നതു മാറ്റിവച്ചു. അതു പോരെന്നും ബിൽ പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ഇതിനുവേണ്ടി ഇക്കഴിഞ്ഞ ഞായറാഴ്ച (ജുൺ 16) നടന്ന പ്രകടനത്തിൽ പത്തുലക്ഷത്തിലേറെ പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ