sections
MORE

ഒരു ഈജിപ്ഷ്യന്‍ ദുരന്തകഥ

HIGHLIGHTS
  • നേരിട്ടത് ഒട്ടേറെ കേസുകള്‍
  • രാജ്യം വീണ്ടും പട്ടാളനിയന്ത്രണത്തില്‍
EGYPT-MURSI
മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ പെട്ടെന്നുള്ള മരണം ഈജിപ്തിലെ സ്ഥിതിഗതികളിലേക്കു ലോകശ്രദ്ധ ആകര്‍ഷിക്കുന്നു
SHARE

ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്‍റായിരുന്ന ഡോ. മുഹമ്മദ് മുര്‍സി അധികാരത്തിലിരുന്നതു വെറും ഒരു വര്‍ഷവും മൂന്നു ദിവസവും. പട്ടാളം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ കുഴപ്പങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. അതിനുശേഷം ആറുവര്‍ഷമായി ജയിലിലായിരുന്നു അറുപത്തേഴുകാരനായ മുര്‍സി. 

ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ട അദ്ദേഹം മറ്റു ചില കേസുകളില്‍ വിചാരണയെ നേരിടുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ 17)  ഒരു കേസിന്‍റെ വിചാരണയ്ക്കിടയില്‍ അദ്ദേഹം പ്രതിക്കൂട്ടില്‍ കുഴഞ്ഞുവീണു. ഹൃദയാഘാതമാണത്രേ. ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചു. ഈജിപ്തുകാരുടെ ജനാധിപത്യ സ്വപ്നങ്ങളുടെ പെട്ടെന്നുള്ള തകര്‍ച്ചയുടെയും അതിനു കാരണമായ പ്രശ്നങ്ങളുടെയും ദാരുണമായ കഥ പറയുകയാണ് മുര്‍സിയുടെ അന്ത്യം.  

അറബ് വസന്തം എന്ന പേരില്‍ അറിയപ്പെട്ട ജനകീയ പ്രക്ഷോഭത്തിന്‍റെ ഏറ്റവും വലിയ വിജയമായിരുന്നു 2011 ഫെബ്രുവരിയില്‍ ഈജിപ്തില്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക്കിന്‍റെ പതനം. അദ്ദേഹത്തിന്‍റെ 30 വര്‍ഷത്തെ ഏകാധിപത്യത്തിനാണ് വെറും 18 ദിവസങ്ങളിലെ സമരത്തിലൂടെ ജനങ്ങള്‍ തിരശ്ശീല വീഴ്ത്തിയത്. 

hosni-mubarak
ഹുസ്നി മുബാറക്ക്

മുര്‍സി പ്രസിഡന്‍റായത് അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിലാണ്. എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടുകയും അമേരിക്കയില്‍ പോയി മെറ്റീരിയല്‍ സയന്‍സില്‍ പിഎച്ച്ഡി കരസ്ഥമാക്കുകയും അവിടെ അധ്യാപകനാവുകയും ചെയ്ത അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി കയ്റോ സര്‍വകലാശാലയില്‍ പഠിപ്പിക്കുകയായിരുന്നു. 

ഇഖ്വാനുല്‍ മുസ്ലിമീന്‍ അഥവാ മുസ്ലിം ബ്രദര്‍ഹുഡ് എന്ന സംഘടനയുടെ നേതാക്കളില്‍ ഒരാളെന്ന നിലയില്‍ മുബാറക് വിരുദ്ധ സമരത്തില്‍ പങ്കെടുക്കുകയുമുണ്ടായി. 

ഒരു കാലത്ത് അറബ് ലോകത്തിന്‍റെ നായക സ്ഥാനമുണ്ടായിരുന്ന രാജ്യമാണ് ഈജിപത്. ആഫ്രിക്കയുടെ വടക്കു കിഴക്കു ഭാഗത്തുനിന്ന് ഏഷ്യയുടെ തെക്കു പടിഞ്ഞാറെ മൂലയിലോളം വ്യാപിച്ചുകിടക്കുന്ന അത് അറബ് ലോകത്തു  ജനസംഖ്യയിലും മുന്നിട്ടുനില്‍ക്കുന്നു.

വിജയകരമായ ജനാധിപത്യ പരീക്ഷണങ്ങളിലൂടെ ഈജിപ്ത് വീണ്ടും അറബ് ലോകത്തിനു നേതൃത്വം നല്‍കുമെന്നു പലരും കരുതി. കാര്യമായ പരാതികള്‍ക്കൊന്നും ഇടനല്‍കാതെ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പും പ്രസിഡന്‍റ് തിരഞ്ഞെടുപ്പും അതു സംബന്ധിച്ച പ്രതീക്ഷകള്‍ക്കു പിന്‍ബലമേകുകയും ചെയ്തു. 

രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയം നേടിയത് മുസ്ലിം ബ്രദര്‍ഹുഡ് രൂപീകരിച്ച ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയാണ്. ദീര്‍ഘകാലമായി ഈജിപ്തില്‍ വേരോട്ടമുളള സുസംഘടിത സാമൂഹിക പ്രസ്ഥാനമാണ് മുസ്ലിം ബ്രദര്‍ഹുഡ്. അതിനാല്‍ അവരുടെ വിജയം ആരെയും അല്‍ഭുതപ്പെടുത്തിയില്ല. 

EGYPT-MURSI
മുഹമ്മദ് മുര്‍സി

അതേസമയം പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനവും മുര്‍സിക്കു കിട്ടിയ വോട്ടുകളുടെ എണ്ണവും ചൂണ്ടിക്കാട്ടിയത് അദ്ദേഹത്തിനു ജനങ്ങളില്‍ ഒരു ന്യൂനപക്ഷത്തിന്‍റെ പിന്തുണയേയുള്ളൂവെന്നാണ്. എന്നിട്ടും, സ്വന്തം അജന്‍ഡ ഏകപക്ഷീയമായി നടപ്പാക്കാന്‍ ബ്രദര്‍ഹുഡ് ധൃതികാട്ടി. അതവര്‍ക്കു തന്നെ വിനയാവുകയും ചെയ്തു. 

മുബാറക്കിനെതിരെ നടന്ന സമരത്തിന്‍റെ സ്വഭാവവും അവര്‍ കണക്കിലെടുത്തില്ല. ഏതെങ്കിലുമൊരു പ്രത്യേക സംഘടനയുടെ കൊടിക്കീഴില്‍ നടന്ന സമരമായിരുന്നില്ല അത്. ബ്രദര്‍ഹുഡിന്‍റേതില്‍ നിന്നു വ്യത്യസ്തമായ ആശയങ്ങള്‍ പിന്തുടരുന്നവരും അതിന്‍റെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. അവരെയെല്ലാം അവഗണിച്ചുകൊണ്ട് സ്വന്തം  സംഘടനയുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് അനുസൃതമായ ഒരു മതാധിഷ്ഠിത ഭരണം നടപ്പാക്കാനാണ് മുര്‍സി ശ്രമിച്ചത്.  

അദ്ദേഹത്തിന്‍റെ നയപരിപാടികള്‍ ഈജിപ്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിലും മതനിരപേക്ഷകരിലും ആശങ്ക ജനിപ്പിച്ചു. അറബ് ലോകത്തെ മറ്റു പല രാജ്യങ്ങളെയും അസ്വസ്ഥമാക്കുകയും ചെയ്തു.  

മുബാറക്കിനെതിരെ നടന്നതു പോലുള്ള പ്രക്ഷോഭത്താല്‍ ഈജിപ്ത് വീണ്ടും ഇളകിമറിയാന്‍ തുടങ്ങിയതായിരുന്നു അതിന്‍റെ ഫലം. 2011 ജൂണില്‍ മുര്‍സി അധികാരമേറ്റതിനുശേഷം കഷ്ടിച്ച് ഒരു വര്‍ഷം ആയതേയുണ്ടായിരുന്നു അപ്പോള്‍. സംഘട്ടനങ്ങളും ചോരച്ചൊരിച്ചലുമുണ്ടായി. ക്രമസമാധാനം പാലിക്കാനെന്ന പേരില്‍ 2013 ജൂലൈ മൂന്നിനു പട്ടാളം ഇടപെടുകയും മുര്‍സിയെ പുറത്താക്കുകയും ചെയ്തു. 

mohamed-morsi-egypt
മുഹമ്മദ് മുര്‍സി

മുര്‍സി തന്നെ പട്ടാളത്തലവനും പ്രതിരോധ മന്ത്രിയുമായി നിയമിച്ച ജനറല്‍ അബ്ദല്‍ ഫത്താഹ് അല്‍ സിസിയുടെ നേതൃത്വത്തിലായിരുന്നു ഈ നടപടി. മുര്‍സി ഉള്‍പ്പെടെ ഒട്ടേറെ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ജയിലിലായി.

അതിനെതിരെ തെരുവില്‍ ഇറങ്ങിയ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ പട്ടാളവുമായി ഏറ്റുമുട്ടുകയും അവരില്‍  ആയിരത്തിലേറെ  പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത്രയും ഭീകരമായ ചോരച്ചൊരിച്ചല്‍ ഈജിപ്തിന്‍റെ സമീപകാല ചരിത്രത്തിലില്ലെന്നു പറയപ്പെടുന്നു. 

മുബാറക്കിന്‍റെ ഭരണകാലത്തു നിയമിതനായ ഭരണഘടനാകോടതിയിലെ മുഖ്യ ജഡ്ജി ആദ്ലി മന്‍സൂറാണ് ഇടക്കാല പ്രസിഡന്‍റായി അവരോധിക്കപ്പെട്ടത്. 2014ല്‍ നടന്ന വിവാദപരമായ തിരഞ്ഞെടുപ്പിലൂടെ  സിസി തന്നെ പ്രസിഡന്‍റായി. അതേമാതിരി 2018ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 

പ്രസിഡന്‍റിന്‍റെ ഉദ്യോഗകാലാവധി നാലു വര്‍ഷമെന്നത് ഈ വര്‍ഷം ഏപ്രിലില്‍ നടത്തിയ ഹിതപരിശോധനയിലൂടെ ആറു വര്‍ഷമാക്കി. അങ്ങനെ 2024വരെ സിസിക്കു തുടരാം. അതിനുശേഷം വീണ്ടും ആറു വര്‍ഷം കൂടി അധികാരത്തിലിരിക്കാനും ഇന്നത്തെ നിലയില്‍ തടസ്സമൊന്നുമില്ല.  

ചെറിയൊരു ഇടവളയ്ക്കു ശേഷം അങ്ങനെ ഈജിപ്ത്‌ വീണ്ടും സൈനിക കരങ്ങളിലായി. 1952ല്‍ രാജാധിപത്യം അവസാനിച്ചതിനെ തുടര്‍ന്നു രാജ്യം ഭരിച്ച നാലു പ്രസിഡന്‍റുമാരും (മുഹമ്മദ് നജീബ്, ജമാല്‍ അബ്ദുന്നാസര്‍, അന്‍വര്‍ സാദാത്ത്, ഹുസ്നി മുബാറക്) സൈനികരായിരുന്നു. 

മുസ്ലിം ബ്രദര്‍ഹുഡിനെ സിസി നിരോധിക്കുകയും ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. അവരുടെ  ആസ്ഥാനവും ആസ്തികളും കണ്ടുകെട്ടി. അവരെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ ഒട്ടേറെ മാധ്യമങ്ങള്‍ക്കെതിരെയും നടപടിയുണ്ടായി. നിരവധിയാളുകള്‍ ഗവണ്‍മെന്‍റിന്‍റെ നോട്ടപ്പുള്ളികളാവുകയും പലരും ജയിലിലാവുകയും ചെയ്തു.

രാജ്യദ്രോഹം, ചാരവൃത്തി, പ്രക്ഷോഭകാരികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ തുടങ്ങിയ ഒട്ടേറെ കേസുകളാണ് മുര്‍സിക്കെതിരെ ചുമത്തിയിരുന്നത്. ഒരു കേസില്‍ വധശിക്ഷ വിധിച്ചെുവെങ്കിലും അതു പിന്നീട് ജീവപര്യന്തമാക്കി. 

രോഗിയായിരുന്ന മുര്‍സിക്ക് ആവശ്യമായ ചികില്‍സ ലഭിച്ചില്ലെന്നും ജയിലില്‍ തറയിലാണ് കിടക്കേണ്ടിവന്നിരുന്നതെന്നും ആരോപണമുണ്ട്. മിക്കസമയത്തും ഏകാന്ത തടവിലുമായിരുന്നുവത്രേ. ഇതെല്ലാമാണ് അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മരണത്തിനു കാരണമായതെന്നും പറയപ്പെടുന്നു. 

ഇതിനെക്കുറിച്ചെല്ലാം സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്‍റര്‍നാഷനലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ആവശ്യപ്പെട്ടിരിക്കുകയാണ്. യുഎന്‍ മനുഷ്യാവകാശ വിഭാഗവും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA