യുദ്ധത്തിന് വഴിയൊരുക്കിയ സമാധാന ഉടമ്പടി

HIGHLIGHTS
  • തോറ്റവരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചില്ല
  • ഹിറ്റ്ലര്‍ മുതലെടുത്തു
Battle of Attu Anniversary
ഒന്നാം ലോകമഹായുദ്ധത്തിന് ഔപചാരികമായ അന്ത്യംകുറിച്ച 1919 ജൂണ്‍ 28ലെ ഉടമ്പടി രണ്ടാം ലോകമഹായുദ്ധത്തിനു വഴിയൊരുക്കിതായി പല ചരിത്രകാരന്മാരും കരുതുന്നു. ആ വിവാദ ഉടമ്പടിയുടെ നൂറാം വാര്‍ഷികത്തില്‍ ഒരവലോകനം
SHARE

എല്ലാ യുദ്ധങ്ങളുടെയും അന്ത്യം കുറിക്കുന്ന യുദ്ധമെന്നു ബ്രിട്ടീഷ് സാഹിത്യകാരന്‍ എച്ച്. ജി. വെല്‍സ് പറഞ്ഞത് ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചായിരുന്നു. 1914-1918ലെ ആ യുദ്ധം സൃഷ്ടിച്ച അഭൂതപൂര്‍വമായ നാശനഷ്ടങ്ങളുടെ നടുക്കമുണ്ടാക്കുന്ന ഓര്‍മകള്‍ അത്തരമൊരു യുദ്ധത്തിലേക്കു വീണ്ടും എടുത്തുചാടുന്നതില്‍നിന്നു രാഷ്ട്രനേതാക്കളെ വിലക്കുമെന്ന് ഒരുപക്ഷേ അദ്ദേഹം ആശിച്ചിരിക്കാം. 

എന്നാല്‍, ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്‍റെ പിറ്റേ വര്‍ഷംതന്നെ രണ്ടാം ലോക മഹായുദ്ധത്തിന്‍റെ വിത്തുപാകലും നടന്നുവെന്നു കരുതപ്പെടുന്നു. അതിനുശേഷം 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ യൂറോപ്പില്‍തന്നെയായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിന്‍റെയും തുടക്കം.   

ആദ്യയുദ്ധത്തിന് ഔപചാരികമായ അന്ത്യംകുറിച്ച് ഫ്രാന്‍സിലെ വെര്‍സായ് നഗരത്തില്‍ 1919 ജൂണ്‍ 28ന് ഒപ്പുവച്ച ഉടമ്പടി ഇരു യുദ്ധങ്ങള്‍ക്കുമിടയിലുള്ള കണ്ണിയായി എണ്ണപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് അതു വഴിയൊരുക്കിയെന്നാണ് പല ചരിത്രകാരന്മാരും വിലയിരുത്തുന്നത്. വിവാദപരമായ ആ ഉടമ്പടിയുടെ നൂറാം വാര്‍ഷികമാണ് ഈ വെളളിയാഴ്ച. 

World War One Centenary Timeline

ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കാരണമായിത്തീര്‍ന്ന ഒരു കൊലപാതകത്തിന്‍റെ 105ാം വാര്‍ഷികംകൂടിയാണ് അന്ന്. ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിന്‍റെ കിരീടാവകാശിയായ രാജകുമാരന്‍ ഫ്രാന്‍സ് ഫെര്‍ഡിനന്‍റ് വെടിയേറ്റു മരിച്ചതു 1914 ജൂണ്‍ 28നായിരുന്നു. 

ഫ്രാന്‍സിലെ തന്നെ കോംപിയേനില്‍ 1918 നവംബര്‍ 11നു വെടിനിര്‍ത്തലുണ്ടായതോടെതന്നെ ഒന്നാം ലോകമഹായുദ്ധത്തിനു ഫലത്തില്‍ തിരശ്ശീല വീഴുകയുണ്ടായി. പക്ഷേ, സമാധാന ഉടമ്പടി ഉണ്ടായതു ആറു മാസങ്ങള്‍ക്കുശേഷമാണ്. അതിനു വേദിയായതു ഫ്രാന്‍സില്‍തന്നെ പാരിസിനടത്തുളള വെര്‍സായില്‍ 18-ാം നൂറ്റാണ്ടില്‍ ലൂയി പതിനാലാമന്‍ പണിത മനോഹരമായ കൊട്ടാരം.

ജര്‍മനി, ഓസ്ട്രിയ-ഹംഗറി, ഓട്ടോമന്‍ തുര്‍ക്കി എന്നിവയുടെ നേതൃത്വത്തിലുളള കേന്ദ്രശക്തികളെ യുദ്ധത്തില്‍ തോല്‍പ്പിച്ച സഖ്യകക്ഷികളുടെ നേതാക്കള്‍ ആ ദിനങ്ങളില്‍ പാരിസില്‍ സുദീര്‍ഘമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. മുഖ്യമായി നാലുപേര്‍-ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയിഡ് ജോര്‍ജ്, ഫ്രഞ്ച് പ്രധാനമന്ത്രി ജോര്‍ജ് ക്ളമന്‍സു, ഇറ്റലി പ്രധാനമന്ത്രി വിട്ടോറിയോ ഇമ്മ്വാനുവല്‍, യുഎസ് പ്രസിഡന്‍റ് വുഡ്രോ വില്‍സന്‍. 

തോറ്റ രാജ്യങ്ങളുടെ നേതാക്കളില്‍ ആരെയും ചര്‍ച്ച്ക്കു ക്ഷണിച്ചിരുന്നില്ല. വെര്‍സായില്‍ എത്തി, നിബന്ധനകളെല്ലാം അംഗീകരിച്ച് ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. ജര്‍മന്‍ നേതാക്കള്‍ മടിച്ചുനിന്നപ്പോള്‍ അവര്‍ക്ക് അന്ത്യശാസനം നല്‍കുകയും ജര്‍മനിയെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. 

അതിന്‍റെയെല്ലാം വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുന്‍പ് യുദ്ധത്തിലേക്കു നയിച്ച സംഭവങ്ങളിലേക്കും യുദ്ധത്തിന്‍റെ അനന്തരഫലങ്ങളിലേക്കും ഒന്നു കണ്ണോടിക്കാം. യൂറോപ്പില്‍ ഉടനീളം രാജ്യങ്ങള്‍ സൈനിക സഖ്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന കാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വര്‍ഷങ്ങള്‍. ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ അതിനെ സഹായിക്കാന്‍ സഖ്യരാജ്യങ്ങള്‍ ബാധ്യസ്ഥരായിരുന്നു. 

World War One Centenary Timeline

ഇതോടൊപ്പം ജനങ്ങള്‍ക്കിടയിലെ തീവ്രദേശീയതയും വംശീയ വികാരങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ആയുധപ്പന്തയവും കൂടിച്ചേര്‍ന്ന് അന്തരീക്ഷം സംഘര്‍ഷഭരിതമാക്കി. ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിന്‍റെ കിരീടാവകാശി ബോസ്നിയ-ഹെര്‍സഗോവിനയുടെ തലസ്ഥാനമായ സരയേവോവില്‍ പത്നിയോടൊപ്പം വധിക്കപ്പെട്ടത് അതിനിടയിലായിരുന്നു.   

ഒരു യുവ സെര്‍ബ് ദേശീയവാദിയായിരുന്നു ഘാതകന്‍. അയല്‍രാജ്യമായ സെര്‍ബിയയുടെ ചില ഭാഗങ്ങള്‍ (ബോസ്നിയ ഉള്‍പ്പെടെ) ഓസ്ട്രിയ-ഹംഗറി വെട്ടിപ്പിടിച്ചതിനു പകരം വീട്ടുകയായിരുന്നു അയാള്‍. തിരിച്ചടിയെന്ന നിലയില്‍ ഓസ്ട്രിയ-ഹംഗറി സെര്‍ബിയയെ ആക്രമിച്ചു. 

സൈനിക സഖ്യങ്ങളുടെ വിളയാട്ടമാണ് തുടര്‍ന്നുണ്ടായത്. സെര്‍ബിയയെ സഹായിക്കാന്‍ റഷ്യയിലെ സാര്‍ നിക്കൊളാസ് രണ്ടാമന്‍ മുന്നോട്ടുവന്നു. ജര്‍മനിയിലെ കൈസര്‍ വില്യം രണ്ടാമന്‍ ഓസ്ട്രിയ-ഹംഗറിയുടെ രക്ഷയ്ക്കെത്തി. ഫ്രാന്‍സിനും ബെല്‍ജിയത്തിനും എതിരെ ജര്‍മനി തിരിഞ്ഞതോടെ അവരെ സഹായിക്കാന്‍ ബ്രിട്ടന്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.  

തുര്‍ക്കി ആസ്ഥാനമായ ഓട്ടോമന്‍ സാമ്രാജ്യം ഓസ്ട്രിയ-ഹംഗറിക്കും ജര്‍മനിക്കും ഒപ്പം ചേര്‍ന്നതോടെ യുദ്ധം യൂറോപ്പിന്‍റെ പുറത്തേക്കും വ്യാപിച്ചു. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയുടെ ആഫ്രിക്കന്‍ കോളണികള്‍ക്കെതിരെയും തിരിഞ്ഞു. 

ആദ്യഘട്ടത്തില്‍ അമേരിക്ക യുദ്ധത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു. എങ്കിലും ബ്രിട്ടനും ഫ്രാന്‍സും മറ്റും ഉള്‍പ്പെടുന്ന സഖ്യകക്ഷികളെ സഹായിക്കാന്‍ 1917ല്‍ അമേരിക്കയും രംഗത്തിറങ്ങി. 

പേരുംപെരുമയും ഉണ്ടായിരുന്ന നാലു സാമ്രാജ്യങ്ങളുടെ നാശത്തിനുകൂടി സാക്ഷ്യം വഹിച്ചുകൊണ്ടാണ് യുദ്ധം അവസാനിച്ചത്. ജര്‍മന്‍ കൈസറും ഓട്ടോമന്‍ സുല്‍ത്താനും ഓസ്ട്രിയ-ഹംഗറി ചക്രവര്‍ത്തിയും റഷ്യന്‍ സാറും അപ്രത്യക്ഷരായി. റഷ്യയിലെ രാജഭരണം അവസാനിച്ചത് യുദ്ധത്തിനിടയില്‍തന്നെയുണ്ടായ 1917ലെ രണ്ടു വിപ്ളവങ്ങളെ തുടര്‍ന്നായിരുന്നു. 

JAPAN-OBAMA/HIROSHIMA

യൂറോപ്പിലും പശ്ചിമേഷ്യയിലും പുതിയ രാജ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു യുദ്ധത്തിന്‍റെ മറ്റൊരു അനന്തരഫലം. യുദ്ധത്തില്‍ ജയിച്ചവര്‍ പഴയ സാമ്രാജ്യങ്ങള്‍ വെട്ടിമുറിക്കുകയും ഭൂപടം ഏകപക്ഷീയമായി മാറ്റിവരയ്ക്കുകയും ചെയ്തത് പില്‍ക്കാലത്തു സംഘര്‍ഷത്തിനും സംഘട്ടനങ്ങള്‍ക്കും കാരണമാവുകയും ചെയ്തു. 

ഒന്നാം ലോഹമഹായുദ്ധം ഔപചാരികമായി അവസാനിപ്പിക്കാനായി യുദ്ധത്തിലെ വിജയികളും പരാജിതരും അര ഡസന്‍ ഉടമ്പടികളില്‍ ഒപ്പുവയ്ക്കുകയുണ്ടായി. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വെര്‍സായ് ഉടമ്പടി. പുതിയൊരു യുദ്ധം ജര്‍മനിക്കു തീര്‍ത്തും അസാധ്യമാക്കുന്ന വിധത്തില്‍ സൈനികമായും സാമ്പത്തികമായും ജര്‍മനിയെ തളര്‍ത്തുകയായിരുന്നു ഉദ്ദേശ്യം.

ജര്‍മനിക്ക് അതിന്‍റെ സൈനിക ശക്തി നന്നായി വെട്ടിക്കുറക്കേണ്ടിവന്നു. 60 ലക്ഷം ഭടന്മാരുണ്ടായിരുന്ന സ്ഥാനത്ത് അനുവദിക്കപ്പെട്ടതു വെറും ഒരു ലക്ഷം. മുങ്ങിക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിക്കാന്‍ പാടില്ലാതായി. നാവിക സേന ചെറിയ ആറു യുദ്ധക്കപ്പലുകളില്‍ ഒതുങ്ങി. 

യുദ്ധം തുടങ്ങിവച്ചതു ജര്‍മനിയല്ലാതിരുന്നിട്ടും അതിന്‍റെ ഉത്തരവാദിത്തം മുഖ്യമായി ജര്‍മനി ഏറ്റെടുക്കേണ്ടിവന്നു. മറുപക്ഷത്തെ രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കു ഭീമമായ തുക നഷ്ടപരിഹാരം നല്‍കാമെന്നു സമ്മതിക്കാനും നിര്‍ബന്ധിതമായി.

യുദ്ധത്തില്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ അതതു രാജ്യങ്ങള്‍ക്കു തിരിച്ചുകൊടുത്തതിനുപുറമെ സ്വന്തം ചില സ്ഥലങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കു വിട്ടുകൊടുക്കാനും സമ്മതിക്കേണ്ടിവന്നു. വന്‍വ്യവസായമേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെടെ അങ്ങനെ  ജര്‍മനിക്കു നഷ്ടമായതു 65,000 ചതുരശ്ര കിലോമീറ്റര്‍. ജര്‍മനിയുടെ ആഫ്രിക്കന്‍ കോളണികള്‍ ജേതാക്കള്‍ വീതിച്ചെടുത്തു.  

France Vichy Documents

ഈ വ്യവസ്ഥകള്‍ തികച്ചും ഏകപക്ഷീയവും യാഥാര്‍ഥ്യത്തിനു നിരക്കാത്തതുമാണെന്നു യുദ്ധത്തില്‍ജയിച്ച രാജ്യങ്ങള്‍ക്കിടയില്‍പോലും അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജര്‍മനിയിലെ ജനങ്ങള്‍ക്കിടയില്‍ അതിവേഗം പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങിയതില്‍ അല്‍ഭുതമുണ്ടായിരുന്നില്ല. 

നവംബറില്‍ വെടിനിര്‍ത്താനും ജൂണില്‍ ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനും സമ്മതിച്ചവര്‍ ജര്‍മനിയെ പിന്നില്‍നിന്നു കുത്തിയെന്നായിരുന്നു ആക്ഷേപം. അവര്‍ 'നവംബറിലെ ക്രിമിനലുകളാ'യി മുദ്രകുത്തപ്പെട്ടു. രാജ്യം അപമാനിതമായെന്ന ചിന്തയും ജനങ്ങളെ അസ്വസ്ഥമാക്കി.

വലതു പക്ഷ നാഷനല്‍ സോഷ്യലിസ്റ്റ് (നാസി) പാര്‍ട്ടിയും അതിന്‍റെ നേതാവ് അഡോള്‍ഫ് ഹിറ്റ്ലറും ഇതില്‍നിന്നു സമര്‍ഥമായി മുതലെടുത്തു. 1933ല്‍ നാസികള്‍  അധികാരത്തില്‍ എത്തുകയും ഹിറ്റ്ലര്‍ ജര്‍മന്‍ ചാന്‍സലര്‍ അഥവാ പ്രധാനമന്ത്രിയാവുകയും ചെയ്തു. പിന്നീട് ഫ്യൂറര്‍ (മഹാനേതാവ്) എന്ന പേരോടെ ഹിറ്റ്ലര്‍ പരമാധികാരിയുമായി. 

യുദ്ധത്തിലെ പരാജയത്തിനും വെര്‍സായ് ഉടമ്പടിക്കും പകരംവീട്ടുക, ജര്‍മനിയുടെ പഴയ പ്രതാപം വീണ്ടെടുക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ഹിറ്റ്ലര്‍ രഹസ്യമായി സൈനികശക്തി വര്‍ധിപ്പിക്കാന്‍ തുടങ്ങി. അയല്‍രാജ്യമായ പോളണ്ടിനെ 1939 സെപ്റ്റംബര്‍ 11 ന് ആക്രമിച്ചുകൊണ്ടു രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കമിടുകയും ചെയ്തു. 

ബ്രിട്ടനും ഫ്രാന്‍സും പോളണ്ടിന്‍റെ സഹായത്തിനെത്തി. ക്രമേണ ജര്‍മനിയോടൊപ്പം ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും മറുഭാഗത്തു സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെ മറ്റ് ഒട്ടേറെ രാജ്യങ്ങളും അണിനിരന്നു. 

Nuke Free World

ഈ യുദ്ധത്തിലും ഇടപെടാന്‍ ആദ്യഘട്ടത്തില്‍ അമേരിക്ക മടിക്കുകയായിരുന്നു. എന്നാല്‍, അവരുടെ പേള്‍ ഹാര്‍ബര്‍ നാവികസേനാ താവളം ജപ്പാന്‍ ബോംബിട്ടു തകര്‍ത്തതോടെ സ്ഥിതിമാറി. ഒടുവില്‍ 1945ല്‍ ജപ്പാനിലെ ഹിരോഷിമയിലും  നാഗസാക്കിയിലും അമേരിക്ക ആണവബോംബുകളിട്ടു. ആ വര്‍ഷം സെപ്റ്റംബറില്‍ യുദ്ധം ഔപചാരികമായി അവസാനിക്കുന്നതിനു മുന്‍പ്തന്നെ ഹിറ്റ്ലര്‍ ആത്മഹത്യചെയ്തു.

വെര്‍സായ് ഉടമ്പടിയുടെ നൂറാം വാര്‍ഷികം ഈ സംഭവങ്ങളെയെല്ലാം ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ