വ്യാപാര യുദ്ധത്തിന്റെ അടിയൊഴുക്കുകൾ

HIGHLIGHTS
  • ചൈന ചതിക്കുന്നുവെന്നു ട്രംപ്
  • സോയാബീനും ആയുധം
trump-xi-meet
അമേരിക്കയും ചൈനയും ഇതിനകം അന്യോന്യം ചുമത്തിയ ഇറക്കുമതി തീരുവകൾ അതേപടി നിലനിൽക്കുന്നു. എന്നാൽ, ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 325 ശതകോടി ഡോളറിന്റെ ഉൽപ്പന്നങ്ങളുടെ മേൽകൂടി 25 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം നിർത്തിവച്ചു
SHARE

വീശിയടിച്ച കൊടുങ്കാറ്റിനിടയിൽ ശാന്തതയുടെ ഒരു ചെറിയ ഇടവേള ? അമേരിക്കയും ചൈനയും തമ്മിൽ മുറുകിക്കൊണ്ടിരുന്ന വ്യാപാരയുദ്ധത്തിൽ വീണ്ടുമൊരു വെടിനിർത്തൽ ഉണ്ടായിരിക്കുന്നതിനെ അങ്ങനെയാണോ കരുതേണ്ടത് ?അതെയെന്നും അല്ലെന്നും പറയുന്നവരുണ്ട്. 

ജപ്പാനിലെ ഒസാക്കയിൽ ജി 20 ഉച്ചകോടിക്കിടയിൽ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ തമ്മിൽ ജൂൺ 29നു നടന്ന കൂടിക്കാഴ്ചയെ തുടർന്നായിരുന്നു വെടിനിർത്തൽ പ്രഖ്യാപനം. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമത്തിന് ഇതോടെ വീണ്ടും വഴിയൊരുങ്ങി.  

ലോകം പൊതുവിൽ ഇതിനെ സ്വാഗതംചെയ്യുന്നു. കാരണം, ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികൾ തമ്മിലുളള വ്യാപാരയുദ്ധം അവയെ മാത്രമല്ല, ലോകസാമ്പത്തിക വ്യവസ്ഥയെതന്നെ അവതാളത്തിലാക്കാൻ തുടങ്ങുകയായിരുന്നു. അതിന്റെ അടയാളങ്ങൾ പലതവണ ഒാഹരി വിപണികളിൽ പ്രത്യക്ഷപ്പെടുകയുമുണ്ടായി. ഇതു തുടരുന്നത് അപകടമാണെന്നു രാജ്യാന്തരനാണയ നിധി മുന്നറിയിപ്പ് നൽകിയതും ശ്രദ്ധേയമായിരുന്നു. 

വികസിതവും വികസ്വരവുമായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്ന ഒരു സുപ്രധാന രാജ്യാന്തര കൂട്ടായ്മയാണ് ജി 20. കഴിഞ്ഞ വർഷം ഡിസംബർ ആദ്യത്തിൽ അൽജർന്റീനയിലെ ബ്യൂനസ് എെറിസിൽ ജി 20 സമ്മേളിച്ചപ്പോഴും വ്യാപാരയുദ്ധം  ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും സമയം കണ്ടെത്തുകയുണ്ടായി. 

തുടർന്നു 90 ദിവസത്തേക്കു വെടിനിർത്താനുളള തീരുമാനവുമുണ്ടായി. ചർച്ചയ്ക്കുവേണ്ടി യുദ്ധം നിർത്തിവയ്ക്കുന്നത് ഇതാദ്യമല്ലെന്നർഥം. വാഷിങ്ടണിലും ബെയ്ജിങ്ങിലുമായി പിന്നീട് ഒരു ഡസനോളം തവണ ഉന്നത തലങ്ങളിൽ ചർച്ച നടന്നു. 

ഇൗ വർഷം മേയിൽ യുഎസ് വ്യാപാര പ്രതിനിധി റോബർട്ട് ലൈറ്റ്ഹിസറും ചൈനീസ് ഉപപ്രധാനമന്ത്രി ലിവ് ഹേയും തമ്മിൽ വാഷിങ്ടണിൽ നടന്ന ചർച്ച ഒത്തുതീർപ്പിന്റെ വക്കോളമെത്തിയതായും സൂചനകൾ ഉണ്ടായിരുന്നു. പക്ഷേ, ഒടുവിൽ സ്തംഭനത്തിലായി.  സമ്മതിച്ചുകഴിഞ്ഞ പല കാര്യങ്ങളിലും ചൈന പിന്നോട്ടുപോയെന്നാണ് അമേരിക്കയുടെ ആരോപണം. യുദ്ധം പുനരാരംഭിക്കുകയും അടിയും തിരിച്ചടിയുമായി സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാവുകയും ചെയ്തു. ലോകം പൊതുവിൽ ആശങ്കയിലായി. ഇതു ബുദ്ധിപൂർവകമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇരു നേതാക്കളും വീണ്ടും തമ്മിൽ കാണുകയും ഒരിക്കൽകൂടി വെടിനിർത്തലിനു തയാറാവുകയും ചെയ്തിരിക്കുന്നത്. 

Donald-Trump-and-Xi-Jinping

അതേസമയം, യുദ്ധത്തിന്റെ ഭാഗമായി ഇരുകൂട്ടരും ഇതിനകം അന്യോന്യം ചുമത്തിയിട്ടുളള ഇറക്കുമതി തീരുവകൾ അതേപടി നിലനിൽക്കുന്നു. ചൈനയിൽനിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്ന 200 ശതകോടി ഡോളർ വിലവരുന്ന ചൈനീസ് ചരക്കുകളുടെ മേലുള്ള ഇറക്കുമതി തീരുവ ഇരട്ടിയിലേറെ വർധിപ്പിച്ചതാണ്. ഇക്കാര്യത്തിൽ ട്രംപ് കൈക്കൊണ്ട ഏറ്റവും ഒടുവിലത്തെ നടപടി.   

പത്തു  ശതമാനമായിരുന്ന തീരുവ അങ്ങനെ ഒറ്റയടിക്ക് 25 ശതമാനമായി. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 60 ശതകോടി ഡോളർ വിലയ്ക്കുളള ചരക്കുകളുടെ മേലുളള തീരുവ വർധിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ ഏതാനും ദിവസങ്ങൾക്കകം ചൈന അതിനു തിരിച്ചടി നൽകുകയും ചെയ്തു. കാർഷികോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള 4000ൽപ്പരം യുഎസ് സാധനങ്ങളുടെ മേൽ അഞ്ചു ശതമാനം മുതൽ 25 ശതമാനംവരെ തീരുവ  ഇതുമൂലം വർധിച്ചു. ഇതും മാറ്റമില്ലാതെ നിലനിൽക്കുന്നു.

ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 325 ശതകോടി ഡോളറിന്റെ  ഉൽപ്പന്നങ്ങളുടെ മേൽകൂടി 25 ശതമാനം തീരുവ ചുമത്താൻ ട്രംപിനു പരിപാടിയുണ്ടായിരുന്നു. അതോടെ ചൈനയിൽനിന്നുളള ചരക്കുകൾ ഏതാണ്ടു മുഴുവനും  കർശനമായ യുഎസ് ഇറക്കുമതി തീരുവയുടെ പരിധിയിലാകുമായിരുന്നു. 

പക്ഷേ, അതു നടപ്പായില്ല. വെടിനിർത്തലുണ്ടായ സ്ഥിതിക്ക് അതു നിർത്തിവച്ചിരിക്കുകയുമാണ്.  ഇതോടൊപ്പം മറ്റൊരു വിട്ടുവീഴ്ചയ്ക്കുകൂടി അമേരിക്ക തയാറായിട്ടുണ്ട്. ചൈനീസ് ടെലികമ്യൂണിക്കേഷൻ ഭീമനായ വാവേയ്ക്കു യുഎസ്  കമ്പനികൾ ഹാർഡ്വേർ ഘടകങ്ങൾ വിൽക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം തൽക്കാലത്തേക്കു പിൻവലിച്ചു.

അതേസമയം, ദേശീയ സുരക്ഷാപരമായ കാരണങ്ങളാൽ വാവേയിയെ കരിമ്പട്ടയിൽപ്പെടുത്തിയ നടപടി പിൻവലിച്ചിട്ടുമില്ല. സ്മാർട്ഫോൺ, ലാപ്ടോപ് എന്നിവ ഉൾപ്പെടെയുളള സ്വന്തം ഉൽപന്നങ്ങൾ വാവേയ് അമേരിക്കയിൽ വിൽക്കുന്നതിനുള്ള നിരോധനം തുടരുമെന്നർഥം. അതു സംബ്ന്ധിച്ച അന്തിമ തീരുമാനം അമേരിക്കയും ചൈനയും തമ്മിൽ നടക്കുന്ന പുതിയ ചർച്ചകളുടെ ഫലത്തെ ആശ്രയിച്ചിരിക്കുമത്രേ. 

അമേരിക്കയുടെ അടിയും ചൈനയുടെ തിരിച്ചടിയും തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. അതിനു മുൻപ് തന്നെ, വാസ്്തവത്തിൽ 2016 നവംബറിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനും മുൻപ്, ട്രംപ് ചൈനയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞിരുന്നു. 

അമേരിക്കയുടെ വ്യാപാരക്കമ്മി നികത്താൻ ചൈന സമ്മതിക്കുന്നില്ല, ബൗദ്ധിക സ്വത്തു മോഷ്ടടിക്കുന്നു, ചൈനയിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനികളിൽ സമ്മർദം ചെലുത്തി സാങ്കേതിക വിദ്യ കവർന്നെടുക്കുന്നുഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങൾ. ഇതിനെല്ലാം താൻ പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുമുണ്ടായി. 

Donald-Trump-Xi-Jinping

വാസ്തവത്തിൽ ട്രംപിന്റെ വ്യാപാര യുദ്ധം ചൈനയുമായി മാത്രമല്ല. പല രാജ്യങ്ങളുമായും നടക്കുന്ന വ്യാപാരത്തിൽ ദീർഘകാലമായി അമേരിക്കയ്ക്കു വൻതോതിലുള്ള കമ്മി അനുഭവപ്പെടുകയാണെന്ന പരാതിയാണ് ഇൗ യുദ്ധത്തിന്റെ പശ്ചാത്തലം. ഒരു രാജ്യം ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മൂല്യം കയറ്റുമതിചെയ്യുന്ന സാധനങ്ങളുടെ മൂല്യത്തേക്കാൾ അധികമാകുമ്പോഴാണ്  വ്യാപാരക്കമ്മി ഉണ്ടാകുന്നത്. 

യൂറോപ്യൻ യൂണിയൻ, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായും അമേരിക്കയ്ക്കു വ്യാപാരക്കമ്മിയുണ്ട്. പക്ഷേ, ഏറ്റവുമധികം കമ്മി ചൈനയുമായിത്തന്നെ. ഉദാഹരണമായി 2017ൽ 539.5 ശതകോടി ഡോളർ വിലയ്ക്കുളള ചരക്കുകളാണ് അമേരിക്ക ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നത്. 120.3 ശതകോടി ഡോളറിന്റെ സാധനങ്ങൾ ചൈനയിലേക്കു കയറ്റിയയയ്ക്കുകയും ചെയ്തു. വ്യാപാരക്കമ്മി 419.2 ശതകോടി ഡോളർ. 

ഇതിനു പുറമെ 300 ശതകോടി ഡോളറിന്റെ ബൗദ്ധിക സ്വത്തു മോഷണവും നടക്കുന്നതായി ട്രംപ് പരാതിപ്പെടുന്നു. ചൈനയിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന യുഎസ് കമ്പനികളെ ചൈനയ്ക്കാരുമായി ചേർന്നു സംയുക്ത സംരംഭത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയാണത്രേ. ഭൂരിപക്ഷ ഒാഹരി ചൈനക്കാർക്കായിരിക്കും. യുഎസ് സാങ്കേതിക വിദ്യ മോഷ്ടിക്കപ്പെടാൻ ഇതു കളമൊരുക്കുന്നു.  

അമേരിക്ക ചൈനയെ ചതിക്കുകയാണെന്നു പച്ചയായി പറയാനും ട്രംപിനു മടിയില്ല. ഇതെല്ലാം ചൈനയുമായുള്ള യുഎസ് വ്യാപാര യുദ്ധത്തെ കൂടുതൽ സങ്കീർണമാക്കുന്നു.ചൈനീസ് സാധനങ്ങളുടെ മേൽ പുതുതായി ഇറക്കുമതി തീരുവ ചുമത്തുകയോ നിലവിലുളള തീരുവ വർധിപ്പിക്കുകയോ ചെയ്യുന്നത് അമേരിക്കയിൽ അവയുടെ വില വർധിപ്പിക്കാൻ കാരണമാകും. കൂടിയ വിലയ്ക്ക് അവ വാങ്ങുന്നതിൽനിന്നു യുഎസ് ഉപയോക്താക്കൾ പിന്തിരിയുകയും താരതമ്യേന കുറഞ്ഞവിലയ്്ക്കുളള യുഎസ് ഉൽപന്നങ്ങളിലേക്ക് അവർ ആകർഷിക്കപ്പെടുകയും ചെയ്യും. 

ഇതു യുഎസ് വ്യാവസായിരംഗത്തിന് ഉൗർജം പകരുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നു ട്രംപ് പ്രതീക്ഷിക്കുന്നു.ചൈനയിൽ നിർമിക്കുന്ന സാധനങ്ങൾക്കു വില കൂടുന്നത് അവിടെ പ്രവർത്തിക്കുന്ന ഒട്ടേറെ അമേരിക്കൻ കമ്പനികളുടെ ലാഭം കുറയാനിടയാക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. 

മൊബൈൽ ഫോൺ മുതൽ മോട്ടോർ കാർവരെ നിർമിക്കുന്നവയാണ് ഇൗ കമ്പനികൾ. നാട്ടിലേക്കുതന്നെ പ്രവർത്തനം മാറ്റാൻ അവർ നിർബന്ധിതരാകുമെന്നും യുഎസ് വ്യാസായികരംഗം മെച്ചപ്പെടാൻ അതുമൊരു കാരണമായിത്തീരുമെന്നും ട്രംപ് പ്രതീക്ഷിക്കുകയാണത്രേ. 

എന്നാൽ, ഇതിനൊരു മറുവശവുമുണ്ടെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. പുതിയ വെടിനിർത്തലിന്റെ ഭാഗമായി അമേരിക്കയിൽനിന്നു കൂടുതൽ കാർഷികോൽപ്പന്നങ്ങൾ വാങ്ങാൻ ചൈന സമ്മതിച്ചിട്ടുള്ളത് ഇതിനൊരു ഉദാഹരണമാണ്. 

അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട കാർഷികോൽപ്പന്നങ്ങളിൽ ഒന്നാണ് സോയാബീൻ. പ്രതിവർഷം 21.6 ശതകോടി ഡോളർ വിലയ്ക്കുള്ള സോയാബീൻ അമേരിക്ക കയറ്റുമതിചെയ്യുന്നു. അതിൽ പകുതിയിലേറെയും  വാങ്ങുന്നതു ചൈനയാണ്. സോയാബീനു കഴിഞ്ഞ വർഷം 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതോടെതന്നെ ചൈനയിൽഅതിന്റെ വിലകൂടുകയും ഡിമാൻഡ് കുറയുകയും ചെയ്യുകയുണ്ടായി. 

ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിനിന്നുള്ളതും താരതമ്യേന കുറഞ്ഞ വിലക്കു കിട്ടുന്നതുമായ സോയാബീനിലേക്കു ചൈനക്കാർ തിരിഞ്ഞു. അതോടെ യുഎസ് സോയാബീൻ കയറ്റുമതി  കുറയുകയും സോയാബീൻ കൃഷിയിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന മൂന്നു ലക്ഷം അമേരിക്കക്കാർ കഷ്ടത്തിലാവുകയും ചെയ്തു. സോയാബീൻ ഇറക്കുമതി തീരുവ ചൈന പിന്നെയും വർധിപ്പിക്കാനുള്ള സാധ്യത അവരെ അലട്ടുകയായിരുന്നു. 

ഇതിനൊരു രാഷ്്ട്രീയ മാനംകൂടിയുണ്ട്. സോയാബീൻ ഉൽപ്പാദനത്തിൽ മുന്നിട്ടുനിൽക്കുന്ന യുഎസ് സംസ്ഥാനങ്ങൾ ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിക്കു സ്വാധീനമുള്ളവയാണ്്. ആ സംസ്ഥാനങ്ങളിലെ വോട്ടർമാർ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കുന്നതിൽനിർണായക പങ്കു വഹിക്കുകയുമുണ്ടായി.  വീണ്ടും പ്രസിഡന്റാകാനുള്ള 2020 നവംബറിലെ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ ഇവരുടെ അപ്രീതി സമ്പാദിക്കാതിരിക്കണമെന്നതു ട്രംപിനെ സംബന്ധിച്ചിടത്തോണം സുപ്രധാനമാണ്.  

അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിൽ സോയാബീൻ പോലുളള കാർഷികോൽപ്പന്നങ്ങളെയും ചൈന ആയുധമാക്കിയത് ഇതു കൂടി കണക്കിലെടുത്താവാം. അതിനാൽ ഇൗ യുദ്ധത്തിൽ അമേരിക്ക ആഗ്രഹിക്കുന്ന അത്രയും വേഗത്തിൽ അടിയറ പറയാൻ ചൈന തയാറാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ