sections
MORE

ഇറാന്‍റെ ‘ചെറിയ സാത്താന്‍’

HIGHLIGHTS
  • പിന്നില്‍ അമേരിക്കയെന്ന് ഇറാന്‍
  • ബ്രിട്ടീഷ് എണ്ണക്കപ്പലിനു ഭീഷണി
iran-president
(ബ്രിട്ടന്‍ പിടിച്ചുവച്ചിട്ടുള്ള എണ്ണക്കപ്പലിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ബ്രിട്ടന്‍റെ കപ്പല്‍ പിടിച്ചെടുക്കണമെന്ന ആഹ്വാനവും ഇറാനില്‍ ഉയര്‍ന്നിട്ടുണ്ട്)
SHARE

ഇറാനിലെ ഇസ്ലാമിക വിപ്ളവകാരികള്‍ അമേരിക്കയെ ‘വലിയ  സാത്താന്‍’ എന്നു വിളിക്കാന്‍ തുടങ്ങിയ കാലത്ത് അവരുടെ പട്ടികയില്‍ രണ്ടു ചെറിയ സാത്താന്മാര്‍ കൂടിയുണ്ടായിരുന്നു-ഇസ്രയേലും ബ്രിട്ടനും. 

അമേരിക്കയോടും ഇസ്രയേലിനോടുമുള്ള ഇറാന്‍റെ വൈരാഗ്യം കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ വര്‍ധിച്ചതേയുള്ളൂ. അതേസമയം, ബ്രിട്ടനുമായി ഇറാനു കാര്യമായി ഇടയേണ്ടിവന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു. എന്നാല്‍, കഴിഞ്ഞ ചില ദിവസങ്ങളായി അതല്ല സ്ഥിതി. ബ്രിട്ടനെ വീണ്ടും ചെറിയ സാത്താനായി കാണാന്‍ തുടങ്ങുകയാണ് ഇറാന്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുന്നു.  

ജൂലൈ നാലിനു നേരം വെളുക്കുന്നതിനു മുന്‍പ് മെഡിറ്ററേനിയന്‍ കടലില്‍ ജിബ്രാള്‍ട്ടറിനു സമീപത്തുവച്ച് ഇറാന്‍റെ ഒരു പടുകൂറ്റന്‍ എണ്ണക്കപ്പല്‍ (സൂപ്പര്‍ ടാങ്കര്‍) ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തതാണ് ഇതിനു കാരണം. അതിനുവേണ്ടി ബ്രിട്ടനില്‍നിന്നു കമാന്‍ഡോകള്‍ ഹെലികോപ്റ്ററുകളില്‍ എത്തുകയായിരുന്നു.

സ്പെയിനിന്‍റെ തെക്കെ മുനമ്പിലുള്ള ഒരു ബ്രിട്ടീഷ് അധീന പ്രദേശമാണ് കഷ്ടിച്ച് ഏഴു ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ജിബ്രാള്‍ട്ടര്‍. അതിന്മേലുളള ഉടമസ്ഥതാവകാശം സംബന്ധിച്ച് ബ്രിട്ടനും സ്പെയിനും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കവുമുണ്ട്. അതിനാല്‍ ബ്രിട്ടീഷ് നടപടി സ്പെയിനിനും ഇഷ്ടമായിട്ടില്ല.

ജിബ്രാള്‍ട്ടറിലെ കോടതി രണ്ടാഴ്ചത്തേക്കു കപ്പല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഉത്തരവിട്ടു. അതിലെ 28ലെ ജോലിക്കാരെയും തടഞ്ഞുവച്ചിരിക്കുകയാണ്. ഇന്ത്യക്കാരാണ് ഇവരില്‍ മിക്കവരും. പാക്കിസ്ഥാന്‍കാരും യുക്രെയിനില്‍നിന്നുള്ളവരുമുണ്ട്. 

grace-1-iran
ഗ്രെയ്സ്1

ഇരുപതു ലക്ഷം ബാരല്‍ എണ്ണ വഹിക്കാന്‍ ശേഷിയുള്ള ‘ഗ്രെയ്സ്1’ എന്ന ഈ കപ്പല്‍ സിറിയയിലേക്കുളള എണ്ണയുമായി പോവുകയായിരുന്നുവെന്നാണ് ആരോപണം. എട്ടു വര്‍ഷമായി ആഭ്യന്തര യുദ്ധം നടന്നുവരുന്ന സിറിയയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍റെ (ഇയു) ഉപരോധം നിലവിലുണ്ട്. 

അതിനാല്‍ സിറിയയില്‍ എണ്ണയെത്തിക്കുന്നതു ബ്രിട്ടന്‍റെ കണ്ണില്‍ നിയമവിരുദ്ധമാണ്. അതുകൊണ്ടാണ് ജിബ്രാള്‍ട്ടറിന്‍റെ സമുദ്രാതിര്‍ത്തിക്കകത്തുവച്ച് കപ്പല്‍ പിടിച്ചെടുത്തതെന്നു ബ്രിട്ടന്‍ ന്യായീകരിക്കുന്നു. ഇങ്ങനെയൊരു സംഭവം ഇതാദ്യമാണ്.  

പക്ഷേ, ഇയു ഉപരോധം ഇറാന്‍ അംഗീകരിക്കുന്നില്ല. മാത്രമല്ല, എണ്ണ സിറിയയിലേക്കുള്ളതല്ലെന്നും അവര്‍ വാദിക്കുന്നു. ബ്രിട്ടീഷ് നടപടിയെ കടല്‍ക്കൊള്ളയെന്നാണ് ഇറാന്‍ വിശേഷിപ്പിക്കുന്നതും. ടെഹറാനിലെ ബ്രിട്ടീഷ് അംബാസ്സഡറെ ഇറാന്‍ അധികൃതര്‍ മൂന്നു തവണ വിളിച്ചുവരുത്തി, പ്രതിഷേധം അറിയിക്കുകയും ചെയ്തു. 

അമേരിക്കയ്ക്കു വേണ്ടിയാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തതെന്നും ഇറാന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ആണവ പ്രശ്നത്തിന്‍റെ പേരില്‍ ഒരു വര്‍ഷത്തിലേറെയായി അമേരിക്കയുടെ കടുത്ത സമ്മര്‍ദം നേരിടുകയാണ് ഇറാന്‍. 

Trump violates US Constitution by blocking his Twitter critics, rules court

അതിനിടയിലുണ്ടായ പല സംഭവങ്ങളും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ വര്‍ധിക്കാന്‍ കാരണമായിട്ടുമുണ്ട്. ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത് അമേരിക്കയുടെ നിര്‍ദേശം അനുസരിച്ചാണെന്ന ആരോപണം ഇതിനു ഗുരുതരമായ മറ്റൊരു മാനം നല്‍കുന്നു. 

ഈ ആരോപണത്തോട് അമേരിക്ക പ്രതികരിച്ചിട്ടില്ല. എങ്കിലും, ഇറാന്‍റെ എണ്ണക്കപ്പല്‍ ബിട്ടീഷ് സൈന്യം പിടിച്ചെടുത്തതില്‍ യുഎസ് പ്രസിഡന്‍റിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ അന്നുതന്നെ ആഹ്ളാദം പ്രകടിപ്പിക്കുകയുണ്ടായി. ആണവ പ്രശ്നത്തില്‍ തങ്ങളുടെ നിലപാടുകള്‍ ഇറാനെക്കൊണ്ടു സ്വീകരിപ്പിക്കാനുള്ള അതിതീവ്രമായ സമ്മര്‍ദ തന്ത്രത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ട്രംപ് ഭരണകൂടം. 

കപ്പലിനെ ബ്രിട്ടന്‍ ഉടന്‍ മോചിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇല്ലെങ്കില്‍ ബ്രിട്ടന്‍റെ ഒരു കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കണമെന്ന ആഹ്വാനവും ഇറാനില്‍ ഉയര്‍ന്നിട്ടുണ്ട്. ആ രാജ്യത്തിന്‍റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ ഉപദേശക സംഘത്തിലെ അംഗവും മുന്‍ റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുമായ മുഹസിന്‍ റസായിയാണ് ഈ നിര്‍ദേശം ഉന്നയിച്ചിരിക്കുന്നത്. 

ഇതുകാരണം, ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ അങ്കലാപ്പിലായിരിക്കുകയാണന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തില്‍ വച്ചേറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ ബ്രിട്ടീഷ് പെട്രോളിയത്തിന്‍റെ (ബിപി) ‘ബ്രിട്ടീഷ് ഹെരിറ്റേജ്’എന്ന സൂപ്പര്‍ടാങ്കര്‍  ഈയിടെ ഇറാനടുത്തുള്ള ഇറാഖിലെ ബസ്ര തുറമുഖത്തേക്കു പോവുകയായിരുന്നു. ഇറാനില്‍നിന്നുള്ള ഭീഷണിയെതുടര്‍ന്ന് അതു പെട്ടെന്നു പിന്തിരിയുകയും സൗദി തീരത്ത് അഭയം പ്രാപിക്കുകയും ചെയ്തിരിക്കുകയാണത്രേ.  

CORRECTION-IRAN-NAVY-DEFENCE-POLITICS
ആയത്തുല്ല അലി ഖമനയി

എണ്ണക്കപ്പലുകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമല്ലെന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഉണ്ടായ മറ്റു ചില സംഭവങ്ങളും ഓര്‍മപ്പെടുത്തുന്നത്. ലോകത്തിലെ എണ്ണക്കപ്പല്‍ ഗതാഗതത്തിന്‍റെ മുഖ്യഭാഗവുംനടക്കുന്ന ഹോര്‍മുസ് കടലിടുക്കിനു സമീപംവച്ച് ആറു കപ്പലുകള്‍ ആക്രമിക്കപ്പെടുകയുണ്ടായി. 

മേയ് 12, ജൂണ്‍ 13 എന്നീ തീയതികളിലായി നടന്ന ആ സംഭവങ്ങളില്‍ സൗദി അറേബ്യ, യുഎഇ, നോര്‍വെ, ജപ്പാന്‍ എന്നിവയുടെ കപ്പലുകളാണ് അപകടത്തിലായത്. അതിന് അമേരിക്ക ഇറാനെ കുറ്റപ്പെടുത്തി. ജൂണ്‍ 13ലെ സംഭവത്തിന് ഇറാനെ കുറ്റപ്പെടുത്തുന്നതില്‍ ബ്രിട്ടനും പങ്കു ചേര്‍ന്നു. 

ആണവപ്രശ്നത്തിന്‍റെ പേരിലുള്ള യുഎസ് ഉപരോധം സഹിക്കവയ്യാതാവുമ്പോള്‍ ഹോര്‍മുസ് കടലിടുക്കില്‍ എന്തെങ്കിലും അതിസാഹസികതയ്ക്ക് ഇറാന്‍ മുതിരുമെന്ന ഭീതി നേരത്തെതന്നെയുണ്ട്. ഗള്‍ഫില്‍നിന്നുള്ള എണ്ണക്കപ്പലുകള്‍ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു നീങ്ങുന്നത് ഇറാന്‍, ഒമാന്‍ എന്നിവയ്ക്കിടയിലുള്ള ഈ ഇടുങ്ങിയ വഴിയിലൂടെയാണ്. കപ്പലുകള്‍ തകര്‍ത്തിട്ടുകൊണ്ട് വഴി മുടക്കാന്‍ ഇറാനു കഴിയും. 

അക്കാര്യം ഇറാന്‍തന്നെ പല തവണ സൂചിപ്പിക്കുകയുമുണ്ടായി. അതനുവദിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അമേരിക്കയുമായി ഇറാന്‍ യുദ്ധത്തിനു ചെന്നാല്‍ അത് ഇറാന്‍റെ അവസാനമായിരിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ്  ഭീഷണിപ്പെടുത്തിയതും ഓര്‍മിക്കപ്പെടുന്നു.    

1149298174

ആണവ പ്രശ്നത്തില്‍ ഇറാനുമായി ആറു പ്രമുഖ രാജ്യങ്ങള്‍ 2015ല്‍ ഉണ്ടാക്കിയ കരാറില്‍നിന്ന് അമേരിക്കകഴിഞ്ഞ വര്‍ഷം മേയില്‍ പുറത്തുപോയതാണ് ഇതിന്‍റെയെല്ലാം പശ്ചാത്തലം. അതോടൊപ്പം ഇറാനെതിരായ ഉപരോധം അമേരിക്ക ശക്തിപ്പെടുത്തുകയും ചെയ്തു. 

കരാറില്‍ പങ്കാളികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നീ മറ്റു രാജ്യങ്ങള്‍ ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നു. എങ്കിലും അമേരിക്കയുടെ എതിര്‍പ്പു മൂലം കരാര്‍ തകര്‍ന്നുപോകുന്നത് ഒഴിവാക്കാനായി കാര്യമായി ഒന്നും ചെയ്യാന്‍ അവര്‍ക്കാവുന്നില്ല. 

അതിനിടയിലാണ് അക്കൂട്ടത്തില്‍ ഒരു രാജ്യം ഇപ്പോള്‍ ഇറാനുമായി നേരിട്ടുളള ഏറ്റമുട്ടലിന്‍റെ പാതയിലും എത്തിനില്‍ക്കുന്നത്. തങ്ങള്‍ക്കെതിരെ അമേരിക്കയോടൊപ്പം ബ്രിട്ടനും ചേര്‍ന്നതായി ഇറാന്‍ ഇതിനെ കാണുന്നു. ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് 

കമാന്‍ഡോകള്‍ പിടിച്ചെടുത്ത നടപടിയും അതിനെതിരെ അതേവിധത്തില്‍ ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യതയും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണവും അപകടകരവുമാക്കുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA