sections
MORE

പിതാവിനു വേണ്ടി പൊരുതുന്ന പുത്രി

HIGHLIGHTS
  • ഷരീഫിനെ ശിക്ഷിച്ച ജഡ്ജിക്കു സ്ഥാനചലനം
  • മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നു
PAKISTAN-POLITICS-SHARIF
ജയിലിൽ കഴിയുന്ന മുൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രി മറിയം ഇസ്ലാമാബാദിലെ ഗവൺമെന്റുമായുംഅതിനു പിന്തുണ നൽകുന്ന മിലിട്ടറി എസ്റ്റാബ്ളിഷ്മെന്റുമായും ഏറ്റുമുട്ടുന്നു
SHARE

‘‘വഖ്ത് കി ആവാസ്, മറിയം നവാസ്''. കാലത്തിന്റെ ശബ്ദം, മറിയം നവാസ്. പാക്കിസ്ഥാനിൽ ഇപ്പോൾ മുഴങ്ങിക്കൊണ്ടിരിക്കുന്ന മുദ്രാവാക്യമാണിത്. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളുടെ രാഷ്്ട്രീയമായ ഉയർച്ചയും വളർച്ചയും ഇതടയാളപ്പെടുത്തുന്നു.

മൂന്നു കുട്ടികളുടെ മാതാവായ നാൽപ്പത്തഞ്ചുകാരി മറിയം തന്റെ  മൂർച്ചയേറിയ നാവും ആരോടും ഏറ്റുമുട്ടാനുള്ള ചങ്കൂറ്റവുമായി പിതാവിനുവേണ്ടി നടത്തിവരുന്ന നിരന്തരമായ പോരാട്ടമാണ് ഇപ്പോൾ പാക്ക് രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കുന്നത്. 

അഴിമതിക്കേസിൽ ഷരീഫിനെ കഴിഞ്ഞ ഡിസംബറിൽ ഏഴു വർഷം തടവിനു ശിക്ഷിച്ച ജഡ്ജി ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ജൂലൈ 12) ആ സ്ഥാനത്തുനിന്നു നീക്കംചെയ്യപ്പെട്ടത് ഇൗ പോരാട്ടത്തിൽ മറിയം നേടിയ ഒരു വിജയമായി എണ്ണപ്പെടുന്നു.  

ജഡ്ജി അർഷാദ് മാലിക്ക് ഷരീഫിനെ കുറ്റക്കാരനെന്നു വിധിക്കുകയും ശിക്ഷിക്കുകയും ചെയ്തത് ആരുടെയോ സമ്മർദത്തിനും ഭീഷണിക്കും വഴങ്ങിയിട്ടാണെന്നാണ് ആരോപണം. ഇതു അന്തിമമായി  തെളിയിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. എങ്കിലും,ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് ജഡ്ജി മാലിക്കിനെ നീക്കംചെയ്യാൻ ആവശ്യപ്പെടുകയും ഗവൺമെന്റ് അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 

ജഡ്ജിയുടെ നിഷ്പക്ഷതയെയും നീതിനിഷ്ഠയെയും കുറിച്ചുള്ള സംശയം ഇതോടെ സ്ഥിരീകരിക്കപ്പെടുന്നു. ആ സ്ഥിതിക്ക് ഷരീഫിനെ ശിക്ഷിച്ച കേസിലെ അദ്ദേഹത്തിന്റെ വിധിയുടെ സാധുത ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്നു. അതിനാൽ ആ വിധി ഉടൻ റദ്ദാക്കണമെന്നും ഷരീഫിനെ ജയിലിൽനിന്നു വിട്ടയക്കണമെന്നും ആവശ്യപ്പെടുകയാണ് മറിയം നവാസ്. 

അതനുസരിച്ച് ഷരീഫ് മോചിതനാവുകയാണെങ്കിൽ അതിന്റെ മുഴുവൻ ബഹുമതിയും മറിയമിനായിരിക്കും. കാരണം, ജഡ്ജി മാലിക്കിനെതിരായ ആരോപണം കുത്തിപ്പൊക്കിക്കൊണ്ടുവന്നത് പാക്കിസഥാൻ മുസ്ലിം ലീഗ്-എൻ വൈസ് പ്രസിഡന്റ് കൂടിയായ മറിയമാണ്. 

Nawaz-Sharif-Maryam-Nawaz

മൂന്നു തവണ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്്ടിച്ച നവാസ് ഷരീഫായിരുന്നു ദീർഘകാലമായി പാർട്ടിയുടെ പ്രസിഡന്റ്. എന്നാൽ 2017 ജൂലൈയിൽ സുപ്രീം കോടതി അദ്ദേഹത്തിന് അയോഗ്യത കൽപ്പിച്ചതിനെ തുടർന്നു പ്രധാനമന്ത്രി സ്ഥാനത്തിനു പുറമെ പാർട്ടിനേതൃത്വവും ഒഴിയേണ്ടിവന്നു. പകരം അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഷഹബാസ് പ്രസിഡന്റായി. ഷഹബാസ് മുൻപ് മൂന്നു തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ആളും ഇപ്പോൾ നാഷനൽ അസംബ്ളിയിലെ പ്രതിപക്ഷ നേതാവുമാണ്. 

പക്ഷേ, പാർട്ടിയെ ഇപ്പോൾ ഫലത്തിൽ നയിക്കുന്നത് അദ്ദേഹമല്ല, മറിയമാണ്. പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും അദ്ദേഹത്തിനു പിന്തുണ നൽകുന്ന മിലിട്ടറി എസ്റ്റാബ്ളിഷ്മെന്റുമായും ഏറ്റുമുട്ടാൻ കാണിക്കുന്ന ചങ്കൂറ്റത്തിന്റെ കാര്യത്തിൽ അവർ പിതൃസഹോദരനെ ബഹുദൂരം പിൻതള്ളുന്നു. 

അതിനുദാഹരണമായിരുന്നു അഴിമതിക്കോടതി ജഡ്ജി അർഷാദ് മാലിക്കിനെതിരെ ജൂലൈ ആറിന് മറിയം പൊട്ടിച്ച ബോംബ്.  അഴിമതിക്കേസിൽ ഷരീഫിനെ താൻ ഏഴുവർഷം തടവിനു ശിക്ഷിക്കാൻ ഇടയായത് എങ്ങനെയെന്നു മാലിക്ക് വിവരിക്കുന്ന ഒരു വിഡിയോ ലഹോറിലെ ഒരു മാധ്യമ സമ്മേളനത്തിൽ മറിയം പുറത്തുവിടുകയായിരുന്നു. 

സൗദി അറേബ്യയിലെ അൽ അസീസിയ സ്റ്റീൽമിൽ, ബ്രിട്ടനിലെ ഫ്ളാഗ്ഷിപ് ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട രണ്ടു കേസുകളാണ് ഉണ്ടായിരുന്നത്. ആ കമ്പനികൾ ഷരീഫ് സ്ഥാപിച്ചതു കള്ളപ്പണം ഉപയോഗിച്ചാണെന്നായിരുന്നു ആരോപണം.കഴിഞ്ഞ വർഷം ഡിസംബറിൽ ആദ്യത്തെ കേസിൽമാത്രം ശിക്ഷിച്ചു. അതിനുതന്നെ മതിയായ തെളിവുണ്ടായിരുന്നില്ലെന്നും ആരുടെയോ സമ്മർദത്തിനും ഭീഷണിക്കും വഴങ്ങുകയായിരുന്നുവെന്നും മാലിക്ക് പറയുന്നു.

തന്നെ സംബന്ധിച്ച ഒരു രഹസ്യം പരസ്യമാക്കുമെന്നു പറഞ്ഞായിരുന്നുവത്രേ ഭീഷണി. മറിയത്തിന്റെ പാർട്ടിയിലെ ഒരു പ്രവർത്തകനായ നസീർ ബട്ടിനോടു ജഡ്ജി മാലിക്ക് ഇതെല്ലാം തുറന്നു പറയുന്നതാണ് വിഡിയോയിൽ ചി്ത്രീകരിപ്പെട്ടിരിക്കുന്നത്. സമ്മർദവും ഭീഷണിയും നടത്തിയത് ആരാണെന്നു മാലിക്ക് പറയുന്നില്ല. എങ്കിലും നസീർ ബട്ടിനെ അറിയാമായിരുന്നുവെന്നും അയാളുമായി സംസാരിച്ചിരുന്നുവെന്നും സമ്മതിക്കുന്നു.

ഏതാനും ദിവസങ്ങൾക്കുശേഷം മറിയം മറ്റു രണ്ടു വിഡിയോകൾകൂടി പുറത്തുവിട്ടു. ജഡ്ജിയുടെ ഒൗദ്യോഗിക കാർ ബട്ടിന്റെ വീട്ടിലെത്തുന്നതും പിന്നീട് ബട്ട് അതിന്റെ പിന്നാലെ ജഡ്ജിയുടെ വീട്ടിലേക്കു പോകുന്നതുമാണ് ഒരു വിഡിയോയിൽ. മറ്റെ വിഡിയോയിൽ ബട്ട് ജഡ്ജിയുടെ വീട്ടിൽ എത്തുന്നതും അദ്ദേഹം ബട്ടിനെ സ്വീകരിക്കുന്നതും കാണിക്കുന്നു.  

ഷരീഫിനെ താൻ ശിക്ഷിച്ചത് സമ്മർദത്തിനും ഭീഷണിക്കും വഴങ്ങിയിട്ടാണെന്നു താൻ പറയുന്നതായി കാണിക്കുന്ന വിഡിയോ വ്യാജമാണെന്നാണ് ജഡ്ജി മാലിക്ക് പിന്നീട് ഒരു പത്ര പ്രസ്താവനയിൽ അറിയിച്ചത്. മാത്രമല്ല, ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അതു സംബന്ധിച്ച് സത്യവാങ്മൂലം നൽകുകയും മറിയത്തിന്റെ സഹോദരൻ ഹുസൈൻ നവാസിനെതിരെ അതിൽ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തു.  

PAKISTAN-ELECTION

നവാസ് ഷരീഫിനെ താൻ ജയിൽശിക്ഷയ്ക്കു വിധിച്ച ശേഷം ഹുസൈൻ തന്നെ കണ്ടിരുന്നു. ആ വിധിതെറ്റായിരുന്നുവെന്നു പരസ്യമായി പറയാനും അതിന്റെ അടിസ്ഥാനത്തിൽ  ഉദ്യോഗം രാജിവയ്ക്കാനും ഹുസൈന്‍ തന്നോട് ആവശ്യപ്പെട്ടു. പ്രതിഫലമായി 50 കോടി രൂപ തരാമെന്നു പറഞ്ഞു. അമേരിക്കയിലോ കാനഡയിലോ മറ്റെവിടെ വേണമെങ്കിലുമോ തനിക്കും കുടുംബത്തിനും മാറിത്താമസിക്കാൻ സൗകര്യമുണ്ടാക്കാമെന്നും വാഗ്ദാനംചെയ്തു -ഇങ്ങനെയാണത്രേ ജഡ്ജി തന്റെ  സത്യവാങ്മൂലത്തിൽ പറയുന്നത്്. 

ആരോപണം ഹുസൈൻ നിഷേധിക്കുന്നു. സംഭവം ശരിയായിരുന്നുവെങ്കിൽ അന്നുതന്നെ ജഡ്ജി തന്റെ മേലധികാരികളെ വിവരം അറിയിക്കേണ്ടതായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അദ്ദേഹം അങ്ങനെ ചെയ്തിരുന്നില്ല.

നവാസ് ഷരീഫിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും അധികാരത്തിൽനിന്ന് അകറ്റിനിർത്താനായി പ്രധാനമന്ത്രി ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാക്കിസ്ഥാൻ തെഹ്രീഖെ ഇൻസാഫ് പാർട്ടിയും പട്ടാളവുമായി കൂട്ടുകെട്ടിലാണെന്നും അവർക്കു ജുഡീഷ്യറിയുടെ സഹായം കിട്ടുന്നുണ്ടെന്നുമുള്ളത് നേരത്തെതന്നെയുള്ള ആരോപണമാണ്. പട്ടാളം ഭരണം പിടിച്ചെടുത്തതിനെ ഒന്നിലേറെ തവണ നഗ്നമായി പിന്തുണച്ച ചരിത്രവും പാക്ക് ജുഡീഷ്യറിക്കുണ്ട്്. 

അഴിമതിക്കോടതിയിലെ ജഡ്ജിയുമായി ബന്ധപ്പെട്ട അപവാദം ഇതെല്ലാം ഒരിക്കൽകുടി ഒാർമിപ്പിക്കുന്നു. തന്റെ രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനായി അഴിമതിക്കേസുകളെ ഇമ്രാൻ ദുരുപയോഗം ചെയ്യുകയാണെന്ന  പരാതിയും നിലനിൽക്കുന്നു. 

മുൻ പ്രസിഡന്റും പ്രതിപക്ഷ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവുമായ ആസിഫ് അലി സർദാരി, അദ്ദേഹത്തിന്റെ സഹോദരിയും മുൻ പിപിപി-എംപിയുമായ ഫര്യാൽ താൽപുർ, ഷഹബാസ് ഷരീഫിന്റെ മകനും പഞ്ചാബ് പ്രവിശ്യയിലെ പ്രതിപക്ഷ നേതാവുമായ ഹംസ ഷഹബാസ് എന്നിവർ കഴിഞ്ഞ മാസം അഴിമതിക്കേസുകളിൽ അറസ്റ്റിലായത് ഇതിനുദാഹരണമായി എടുത്തുകാണിക്കപ്പെടുന്നു. 

തനിക്ക് ഇഷ്ടമില്ലാത്ത വാർത്തകൾ പുറത്തുവരുന്നുതു തടയാനായി ഇമ്രാൻ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അഴിമതിക്കോടതി ജഡ്ജിയെ സംബന്ധിച്ച വിഡിയോ പുറത്തുവിട്ടുകൊണ്ട് മറിയം നവാസ് നടത്തിയ മാധ്യമ സമ്മേളനം വിശദമായി റിപ്പോർട് ചെയ്ത ചില ടിവി ചാനലുകളുടെ പ്രക്ഷേപണം മുടങ്ങിയത് ഇതിനുദാഹരണമായിരുന്നു. 

"ഹം ന്യൂസ്' എന്ന ചാനൽ മറിയവുമായുള്ള അഭിമുഖം തൽസമയം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കേ പെട്ടെന്ന് അതു നിർത്തിവയ്ക്കപ്പെട്ടു. മുൻ പ്രസിഡന്റ് സർദാരിയുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്യുകയായിരുന്ന ‘ജിയോ ടിവി’ക്കും ഇതേ അനുഭവമുണ്ടായി. ‘അപ്രഖ്യാപിത സെൻസർഷിപ്പ്’ എന്നാണ് ഇൗ സംഭവങ്ങളെ മാധ്യമലോകം വിശേഷിപ്പിക്കുന്നത്. 

imran-nawaz-sharif

സ്വയം ഒരു കേസിൽ ശിക്ഷിക്കപ്പെട്ടതിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയാണ് മറിയം നവാസ് പിതാവിനുവേണ്ടി പോരാടുന്നതെന്നത് ശ്രദ്ധേയമാണ്. ലണ്ടനിൽ ഷരീഫും കുടുംബവും ആഡംബര ഫ്ളാറ്റ് വാങ്ങിയതു കള്ളപ്പണം ഉപയോഗിച്ചാണെന്നാണ് ആ കേസ്.അതിൽ മറ്റൊരു അഴിമതിക്കോടതി കഴിഞ്ഞ വർഷം ജൂലൈയിൽ ഷരീഫിനെ പത്തു വർഷം തടവിനു ശിക്ഷിച്ചു. സഹപ്രതികളായ മറിയമിനും ഭർത്താവ് മുഹമ്മദ് സഫ്ദറിനും യഥാക്രമം ഏഴു വർഷവും ഒരു വർഷവും തടവുശിക്ഷ ലഭിച്ചു.  

അപ്പീലിനെ തുടർന്നു മൂന്നു പേർക്കും പിന്നീട് ജാമ്യം കിട്ടിയെങ്കിലും കഴിഞ്ഞ വർഷം ഡിസംബറിൽ അൽ അസീസിയ കേസിലെ വിധിയെ തുടർന്നു ഷരീഫ്  വീണ്ടും ജയിലിലായി. ലഹോറിലെ കോട് ലാഖ്പത് ജയിലിൽ കഴിയുന്ന  പിതാവിനു രോഗിയെന്ന നിലയിലുള്ള പരിഗണന ഗവൺമെന്റ് നിഷേധിക്കുകയാണെന്നും മറിയം കുറ്റപ്പെടുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA