sections
MORE

പാക്ക് അതിക്രമങ്ങൾക്ക് തിരിച്ചടി

HIGHLIGHTS
  • പാക്ക് വാദങ്ങൾ കോടതി തള്ളി
  • ശിക്ഷയ്ക്കുള്ള സ്റ്റേ തുടരുന്നു
PTI4_11_2017_000103B
ഇന്ത്യക്കാരനായ കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാൻ വധശിക്ഷ വിധിച്ചതു രാജ്യാന്തര വ്യവസ്ഥകൾ തീർത്തും അവഗണിച്ചായിരുന്നു. കേസ് പുനഃപരിശോധിക്കുകയും പുനർവിചാരണ നടത്തുകയും ചെയ്യണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ലോക കോടതി
SHARE

കണ്ണടച്ച് ഇരുട്ടാക്കുന്നതിൽ പണ്ടേ വിരുതന്മാരാണ് പാക്കിസ്ഥാനും അവിടത്തെ മാധ്യമങ്ങളും. കുൽഭൂഷൺ ജാദവ് കേസിൽ രാജ്യാന്തര നീതിന്യായ കോടതി ഇന്ത്യയ്ക്കെതിരെ വിധി പറഞ്ഞുവെന്നാണ് ഇപ്പോൾ അവരുടെ പ്രചാരണം. പക്ഷേ, സത്യം നേരെ മറിച്ചാണ്. പാക്കിസ്ഥാനാണ് തിരിച്ചടി ഉണ്ടായതെന്ന ഇന്ത്യയുടെ  അഭിപ്രായത്തോടു പ്രമുഖ രാജ്യാന്തര മാധ്യമങ്ങൾ യോജിക്കുന്നു. 

വധശിക്ഷയക്കു വിധിക്കപ്പെട്ട ഇന്ത്യക്കാരനായ ജാദവിന്റെ കേസ് ഫലപ്രദമായ വിധത്തിൽ പുനഃപരിശോധിക്കുകയും പുനർവിചാരണ നടത്തുകയും ചെയ്യണമെന്നാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 17) പാക്കിസ്ഥാനോട് കോടതി ആവശ്യപ്പെട്ടത്. വധശിക്ഷ നടപ്പാക്കുന്നതു രണ്ടു വർഷം മുൻപ്തന്നെ കോടതി നിർത്തിവച്ചിരുന്നു. 

The Hague: Kulbhushan Jadhav case proceedings begin at ICJ at The Hague, Netherlands on July 17, 2019. (Photo: IANS/UN)

പുനഃപരിശോധനയ്ക്കും പുനർവിചാരണയ്ക്കും ശേഷംഅന്തിമ തീർപ്പുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കാൻ പാടില്ലെന്നു കോടതി ഇപ്പോൾ ആവർത്തിച്ചിരിക്കുകയാണ്. ഇൗ കേസ് പാക്കിസ്ഥാൻ കൈകാര്യം ചെയ്തത് ഒട്ടും നീതിപൂർവകമായിരുന്നില്ല എന്നു കോടതി കരുതുന്നുവെന്നാണ് ഇതിനർഥം. 

ഇന്ത്യൻ നാവിക സേനയിൽ കമാൻഡറായിരുന്ന മഹാരാഷ്ട്ര സ്വദേശിയായ കുൽഭൂഷൻ സുധീർ ജാദവ് (49) എട്ടു വർഷംമുൻപ് ഉദ്യോഗത്തിൽനിന്നു സ്വയം വിരമിച്ചശേഷം ഇറാനിലെ ചാബഹാറിൽ ബിസിനസ് നടത്തുകയായിരുന്നു. ഒമാൻ ഉൾക്കടലിന്റെ തീരത്ത് ഇറാന്റെയും പാക്കിസ്ഥാന്റെയും അതിർത്തികൾ കൂട്ടിമുട്ടുന്നതിനു സമീപമാണ് ചാബഹാർ തുറമുഖം. ഇന്ത്യയുടെ സഹായത്തോടെയാണ് ഇറാൻ അതു നിർമിച്ചത്. 

ചാബഹാറിൽനിന്നു  2016 മാർച്ച് മൂന്നിനു പാക്ക് ചാരന്മാർ ജാദവിനെ തട്ടിക്കൊണ്ടുപോവുകയും ചാരനെന്നു പറഞ്ഞു തടവിലാക്കുകയുംചെയ്തു. ഇറാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജാദവ് ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്നും അവിടെനിന്നു പിടിയിലായതാണെന്നുമായിരുന്നു പാക്ക് വാദം. 

പാക്കിസ്ഥാനിലെ ഏറ്റവും വലുതും ഏറ്റവും അവികസിതവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. അവഗണനയും വിവേചനവും നേരിടുകയാണെന്ന കാരണത്താൽ ബലൂചിസ്ഥാൻ ദീർഘകാലമായി അസ്വസ്ഥമാണ്. വിഘടന വാദവും ശക്തം.  അവിടത്തെ കുഴപ്പങ്ങളിൽ ഇന്ത്യക്കു പങ്കുണ്ടെന്നും പാക്കിസ്ഥാൻ ആരോപിക്കുകയായിരുന്നു. അതിനുള്ള തെളിവായി ഒരു ഇന്ത്യക്കാരനെ ചൂണ്ടിക്കാണിക്കാൻ കൂടിയാണ് ജാദവിനെ തട്ടിക്കൊണ്ടുപോയതും അറസ്റ്റ് ചെയ്തതും. അദ്ദേഹം കുറ്റസമ്മതം നടത്തുന്നതായി കാണിക്കുന്ന ഒരു വിഡിയോ പാക്കിസ്ഥാൻ പുറത്തുവിടുകയുംചെയ്തു.

ഒരു വിദേശ രാജ്യത്തിലെ പൗരൻ അറസ്റ്റ് ചെയ്യപ്പെട്ടാൽ വിവരം ഉടൻതന്നെ അയാളുടെ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധികളെ അറിയിക്കേണ്ടതാണ്. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം സംബന്ധിച്ച് 1961ൽ നിലവിൽവന്ന വിയന്ന കരാറിന്റെ ആർട്ടിക്കിൾ 36ൽ അക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. 

UN-COURT-INDIA-PAKISTAN-POLITICS-ESPIONAGE

പക്ഷേ, ജാദവിന്റെ അറസ്റ്റ് പാക്ക് അധികൃതർ ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി കാര്യാലയത്തെ അറിയിച്ചതു മൂന്നാഴ്ചയ്ക്കുശേഷം മാർച്ച് 25നാണ്. മനഃപൂർവം വൈകിക്കുകയായിരുന്നു..

സ്വന്തം രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ കാണാൻ അവകാശമുണ്ടെന്ന കാര്യം പ്രതിയെ അറിയിക്കണമെന്നും വിയന്ന കരാറിലുണ്ട്. നിയമ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുവേണ്ടി അവർ തമ്മിലുളള കൂടിക്കാഴ്ചസൗകര്യപ്പെടുത്തിക്കൊടുക്കാനും പാക്കിസ്ഥാനു ബാധ്യതയുണ്ടായിരുന്നു.  

പക്ഷേ, പല തവണ ഇന്ത്യ ആവശ്യപ്പെട്ടിട്ടും അതൊന്നും  പാക്കിസ്ഥാൻ ചെയ്തില്ല.  ചാരവൃത്തിക്കും ഭീകരപ്രവർത്തനത്തിനും അറസ്റ്റ് ചെയ്യപ്പെട്ട ആൾക്ക് ആ വ്യവസ്ഥകളൊന്നും ബാധകമല്ലെന്നായിരുന്നു വാദം. 

സൈനിക കോടതിയാണ് ജാദവിനെ വിചാരണചെയ്തത്. സിവിലിയന്മാരെ സംബന്ധിച്ച കേസുകൾ സൈനിക കോടതി കൈകാര്യം ചെയ്യുന്ന പതിവ് പാക്കിസ്ഥാനിലും ഉണ്ടായിരുന്നില്ല. 

വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷാവറിൽ 2014 ഡിസംബറിൽ  ഒരു സ്കൂളിൽ താലിബാൻനടത്തിയ കൂട്ടക്കൊലയ്ക്കുശേഷം അത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സൈനിക കോടതികൾ ഏർപ്പെടുത്തുകയായിരുന്നു. 150ലേറെ പേരാണ് പെഷാവറിൽ കൊല്ലപ്പെട്ടത്. അധികവും കുട്ടികൾ.  

സിവിലിയൻ കോടതിയിൽ പ്രതികൾക്കുള്ള അവകാശങ്ങളൊന്നും സൈനിക കോടതിയിൽ ലഭ്യമല്ല. അവയുടെ പ്രവർത്തനം നീതിപൂർവകമല്ലെന്നു മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 478 കേസുകൾ വിചാരണ ചെയ്ത സൈനിക കോടതികൾ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചതു വെറും നാലു പേരെയാണത്രേ.  

284 പേരെ വധശിക്ഷയ്ക്കു വിധിക്കുകയും അവരിൽ 56 പേരെ തൂക്കിക്കൊല്ലുകയും ചെയ്തതായും കണക്കുകൾ പറയുന്നു. മറ്റു 192 പേർക്കു തടവുശിക്ഷ നൽകി. ഏറ്റവും കുറഞ്ഞ ശിക്ഷ അഞ്ചു വർഷം തടവ്. 

ജാദവിന്റെ വിചാരണ എല്ലാവിധത്തിലും ഒരു പ്രഹസനമായിരുന്നു. 2017 ഏപ്രിൽ പത്തിനു സൈനികകോടതി വധശിക്ഷ വിധിക്കുകയും പട്ടാളത്തലവൻ ജനറൽ ഖമർ ബാജ്വ അതംഗീകരിക്കുകയും ചെയ്തു.

kulbhushan-family

അതിനുശേഷം   മാതാവിനെയും പത്നിയെയും കാണാൻ ആ വർഷം ഡിസംബറിൽ ഒരു തവണ ജാദവിനെ അനുവദിച്ചു. ഇസ്ലാമാബാദിൽ പാക്ക് വിദേശകാര്യാലയത്തിൽ വച്ചായിരുന്നു 40 മിനിറ്റ് നേരത്തെ ഇൗ കൂടിക്കാഴ്ച. അതുതന്നെ കർശനമായ നിയന്ത്രണത്തോടെയുമായിരുന്നു. 

നെതർലൻഡ്സിലെ ഹേഗിൽ പ്രവർത്തിക്കുന്ന രാജ്യാന്തര നീതിന്യായ കോടതിയെ ഇന്ത്യ സമീപിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ജാദവിന്റെ വധശിക്ഷ പാക്കിസ്ഥാൻ ഇതിനകം നടത്തിക്കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ തീർപ്പു കൽപ്പിക്കുന്നത് യുഎൻ ആഭിമുഖ്യത്തിലുളള ഇൗ കോടതിയാണ്. പാക്കിസ്ഥാന്റെ എതിർന്യായങ്ങൾ തള്ളിക്കൊണ്ട് 2017 മേയ് 18നു കോടതി ശിക്ഷ സ്റ്റേ ചെയ്തു. 

പ്രതിക്ക് സ്വന്തം രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെടാനും അവരുടെ സഹായം തേടാനും വിയന്ന കരാറിലെ ആർട്ടിക്ക്ൾ 36 അനുസരിച്ചുളള അവകാശം ജാദവിനു പാക്കിസ്ഥാൻ നിഷേധിച്ചുവെന്ന കാര്യമാണ് രാജ്യാന്തര നീതിന്യായ കോടതിയിൽ ഇന്ത്യ മുഖ്യമായി അവതരിപ്പിച്ചത്. 

ചാരവൃത്തിക്ക് അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ആ വ്യവസ്ഥ  ബാധകമല്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. കോടതി അതു തള്ളി. വിയന്ന കരാറിൽ പങ്കാളികളായിരിക്കേതന്നെ നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച ഒരു  ഉഭയകക്ഷി കരാറിലും 2008ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ടിരുന്നു. 

രാഷ്ട്രീയമോ സുരക്ഷാപരമോ ആയ കേസുകളിൽ ഒാരോ കക്ഷിക്കും ഉചിതമായ തീരുമാനം എടുക്കാമെന്ന് അതിൽ പറഞ്ഞിട്ടുണ്ടെന്നും അതിനാൽതങ്ങളുടെ നടപടിയിൽ തെറ്റില്ലെന്നും പാക്കിസ്ഥാൻ വാദിക്കുകയുണ്ടായി. വിയന്ന കരാറിനെ മറികടക്കാൻ ആ കരാർ അനുമതി നൽകുന്നില്ലെന്നു പറഞ്ഞ് ആ വാദവും കോടതി തള്ളി. 

ജാദവ് നിരപരാധിയായതിനാൽ അദ്ദേഹത്തെ വിട്ടയക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ, അതു തങ്ങളുടെ അധികാര പരിധിയിൽ വരുന്ന കാര്യമെല്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതാണ് പാക്കിസ്ഥാന്റെ ഒരു വിജയമായി ഇസ്ലാമാബാദിലെ ഗവൺെമെന്റും പാക്ക് മാധ്യമങ്ങളും ആഘോഷിക്കുന്നത്. 

സൊമാലിയക്കാരനായ ജഡ്ജി അബ്ദുൽ ഖാവി അഹമദ് യൂസുഫിന്റെ അധ്യക്ഷതയിലുളള 16 അംഗ ബഞ്ച് ഒന്നിനെതിരെ 15ന്റെ ഭൂരിപക്ഷത്തോടെയാണ് വിധി പ്രഖ്യാപിച്ചത്. പാക്കിസ്ഥാനിൽ നിന്നുള്ള താൽക്കാലിക ജഡ്ജി തസ്സദുഖ് ഹുസൈൻ ജീലാനി മാത്രം വിയോജിപ്പ് പ്രകടിപ്പിച്ചു.  

PAKISTAN-ELECTION

ഇൗ വിധിയനുസരിച്ച് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളുമായി ബന്ധപ്പെടാൻ ജാദവിന് സൗകര്യം ഒരുക്കുമെന്നു പാക്കിസ്ഥാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിനെതിരായ കേസ് പുനഃപരിശോധനയ്ക്കും പുനർവിചാരണയ്ക്കും വിധേയമാക്കണമെന്ന കോടതിയുടെ ഉത്തരവ് അവർ എങ്ങനെയായിരിക്കും നടപ്പാക്കുകയെന്ന ചോദ്യം അവശേഷിക്കുന്നു. 

സൈനിക കോടതികൾ 2015ൽ നിലവിൽവന്നതു രണ്ടു വർഷത്തേക്കു മാത്രമായിട്ടായിരുന്നു. അതിനുവേണ്ടി ഭരണഘടന ഭേദഗതി ചെയ്തു. 2017ൽ രണ്ടു വർഷത്തേക്കുകൂടി കാലാവധി നീട്ടി. ഇൗ വർഷം മാർച്ചിൽ വീണ്ടും നീട്ടുന്നതിനുള്ള ഇമ്രാൻ ഖാൻ ഗവൺമെന്റിന്റെ ശ്രമം പ്രതിപക്ഷത്തിന്റെ നിസ്സഹകരണം കാരണം പരാജയപ്പെടുകയും ചെയ്തു. 

അതോടെ സൈനിക കോടതികൾ കാലഹരണപ്പെട്ടു.  ജാദവിനെതിരായ കേസ് പുനഃപരിശോധിക്കുന്നതു സിവിലിയൻ കോടതിയായിരിക്കുമോ ? ആരായാലും അദ്ദേഹത്തെ നിരുപാധികമായി മോചിപ്പിക്കാനുള്ള ശ്രമം ഇന്ത്യ വീറോടെ തുടരുമെന്ന കാര്യത്തിൽ സംശയമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA