ബ്രിട്ടനില്‍ ഒരു ജൂണിയര്‍ ട്രംപ്

HIGHLIGHTS
  • രണ്ടു തവണ ലണ്ടനില്‍ മേയര്‍
  • വിവാദങ്ങളുടെ തോഴന്‍
boris-johnson-chosen-as-new-uk-leader
പുതിയ ബ്രെക്സിറ്റ് കരാര്‍ തയാറാക്കാനും അതിനു പാര്‍ലമെന്‍റിന്‍റെ അംഗീകാരം നേടിയെടുക്കാനും ബോറിസ് ജോണ്‍സന്‍റെ മുന്നിലുള്ളത് മൂന്നു മാസവും ഏതാനും ദിവസങ്ങളും മാത്രം. അതിനകം കരാര്‍ ഉണ്ടായില്ലെങ്കില്‍ കരാര്‍ ഇല്ലാതെതന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
SHARE

ചീകിയൊതുക്കാത്ത മഞ്ഞത്തലമുടിയാണ് ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ട്രേഡ് മാര്‍ക്ക്. വിവാദ പ്രസ്താവനകളുടെയും അബദ്ധ പരാമര്‍ശങ്ങളുടെയും കോമാളിക്കളിയുടെയും തോഴന്‍ എന്ന കുപ്രസിദ്ധിയുമുണ്ട് അദ്ദേഹത്തിന്. രാഷ്ട്രീയ നിലപാടുകളിലെ മനഃപൊരുത്തം കാരണം ബ്രിട്ടനിലെ ഡോണള്‍ഡ് ട്രംപെന്നും വിശേഷിപ്പിക്കപ്പെടുന്നു. ട്രംപും ജോണ്‍സനും പരസ്പരം പുകഴ്ത്തി സംസാരിച്ച സന്ദര്‍ഭങ്ങളും ഏറെയാണ്. ഏറ്റവുമൊടുവില്‍, ജോണ്‍സന്‍ ബ്രിട്ടനിലെ ട്രംപാണെന്നു യുഎസ് പ്രസിഡന്‍റ്തന്നെ പറയുകയുംചെയ്തു.

ഈ കാരണങ്ങളാല്‍, സമീപകാല ബ്രിട്ടീഷ് ചരിത്രത്തിലെ തന്‍റെ മുന്‍ഗാമികളെക്കാളെല്ലാം കൂടുതലായി ജോണ്‍സന്‍ ലോകത്തിന്‍റെ കൗതുകം ഉണര്‍ത്തുകയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്നതു സ്വാഭാവികം. ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 24) പുതിയ പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ തുടക്കംതന്നെ അതിനു സാക്ഷ്യം വഹിച്ചുകൊണ്ടായിരുന്നു.  

തനിക്കുമുന്‍പ് ആ സ്ഥാനം വഹിച്ചിരുന്ന സ്വന്തം പാര്‍ട്ടിക്കാരിതന്നെയായ തെരേസ മേയുടെ കീഴില്‍പ്രവര്‍ത്തിച്ചിരുന്ന മന്ത്രിമാരില്‍ മിക്കവര്‍ക്കും ജോണ്‍സന്‍റെ മന്ത്രിസഭയില്‍ സ്ഥാനമില്ല. പലരെയും അദ്ദേഹം ഒഴിവാക്കുകയാണ് ചെയ്തത്. മറ്റു ചിലര്‍ അദ്ദേഹത്തിന്‍റെ ക്ഷണം നിരസിച്ചു.  

പ്രധാനമന്ത്രിയാകാനുള്ള മല്‍സരത്തില്‍ ജോണ്‍സനോടു തോറ്റ വിദേശമന്ത്രി ജെറമി ഹണ്ട് തല്‍സ്ഥാനത്തു തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ജോണ്‍സന്‍ വച്ചുകാട്ടിയതു മറ്റൊരു വകുപ്പാണ്. അതു സ്വീകരിക്കാന്‍ ഹണ്ട് വിസമ്മതിച്ചു. 

boris-johnson

സുപ്രധാനമായ രണ്ടു വകുപ്പുകള്‍ ജോണ്‍സന്‍ നല്‍കിയിരിക്കുന്നത് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ കുടുംബ വേരുകളുള്ളവര്‍ക്കാണ്. ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിനെ ആഭ്യന്തര മന്ത്രിയും പാക്ക് ദമ്പതികളുടെ മകന്‍ സാജിദ് ജാവിദിനെ ധനമന്ത്രിയുമാക്കി. 

തെരേസ മേയുടെ ക്യാബിനറ്റില്‍ ജാവിദ് ആഭ്യന്തര മന്ത്രിയായിരുന്നു. പ്രീതി പട്ടേല്‍ രണ്ടു വര്‍ഷം മേയുടെ രാജ്യാന്തര വികസന മന്ത്രിയായി പ്രവര്‍ത്തിക്കുകയുമുണ്ടായി. മറ്റു രണ്ട് ഇന്ത്യന്‍ വംശജര്‍ക്കും പുതിയ മന്ത്രിസഭയില്‍ സ്ഥാനമുണ്ട്.    

ബ്രെക്സിറ്റ് കാര്യത്തിലുള്ള സ്തംഭനാവസ്ഥയെ ജോണ്‍സന്‍റെ നേതൃത്വത്തില്‍ ബ്രിട്ടന്‍ എങ്ങനെ മറികടക്കുമെന്ന ചോദ്യമാണ് അദ്ദേഹത്തെ ലോകത്തിന്‍റെ സവിശേഷ ശ്രദ്ധയ്ക്കു പാത്രമാക്കുന്നത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കും അതിലൂടെ പ്രധാനമന്ത്രി പദത്തിലേക്കും ഉയരാന്‍ ജോണ്‍സനു വഴി തുറന്നിട്ടുകൊടുത്തതുതന്നെ ബ്രെക്സിറ്റ് ആണെന്നതാണ്  വാസ്തവം. 

ബ്രെക്സിറ്റ് അഥവാ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള (ഇയു) ബ്രിട്ടന്‍റെ പിന്മാറ്റം എങ്ങനെ സുഗമമായി നടപ്പാക്കുമെന്നതാണ് പ്രശ്നം. ഇയു നേതാക്കളുമായി നടത്തിയ ചര്‍ച്ചകളിലൂടെ തെരേസ മേയ് ഇതു സംബന്ധിച്ച് തയാറാക്കിയ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് മൂന്നു തവണ തള്ളിക്കളയുകയായിരുന്നു. 

നിരാശയായ മേയ് രാജി പ്രഖ്യാപിച്ചു. അതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു പുതിയ നേതാവും ബ്രിട്ടനു പുതിയ പ്രധാനമന്ത്രിയും ആവശ്യമായിവന്നത്.    

ദീര്‍ഘകാലമായി പ്രധാനമന്ത്രി പദത്തില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു അന്‍പത്തഞ്ചുകാരനായ അലക്സാന്‍ഡര്‍ ബോറിസ് ഡെ ഫെഫല്‍ ജോണ്‍സന്‍. കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ 'ആല്‍' എന്നും സുഹൃത്തുക്കള്‍ 'ബോജോ' എന്നും വിളിക്കുന്നു.

പ്രധാനമന്ത്രി പദത്തിനു വേണ്ടി 2016 ജൂലൈയില്‍ നടന്ന മല്‍സരത്തില്‍തന്നെ ജോണ്‍സന്‍ മുന്നിട്ടിറങ്ങുകയുണ്ടായി. ആ വര്‍ഷം മാര്‍ച്ചില്‍ നടന്നഹിതപരിശോധനയില്‍ ബ്രെക്സിറ്റ് അനുകൂല വിധിയുണ്ടായതിനെ തുടര്‍ന്നു അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു അത്. 

പക്ഷേ, കാമറണിന്‍റെ കീഴില്‍ ആഭ്യന്ത്രരമന്ത്രിയായിരുന്ന തെരേസ മേയ്ക്കാണ് വിജയസാധ്യതയെന്നു ബോധ്യമായപ്പോള്‍ ജോണ്‍സന്‍ പിന്‍വാങ്ങി. മേയുടെ ക്യാബിനറ്റില്‍ വിദേശമന്ത്രിയായി. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ബ്രെക്സിറ്റ് പിന്മാറ്റ കരാറിന്‍റെ കാര്യത്തില്‍ മേയുമായി ഏറ്റുമുട്ടുകയും രാജിവയ്ക്കുകയുംചെയ്തു.

മേയ് രാജി പ്രഖ്യാപിച്ചതോടെ ഇത്തവണ ആദ്യംതന്നെ  മല്‍സര രംഗത്തിറങ്ങിയവരിലും ജോണ്‍സന്‍ ഉള്‍പ്പെടുന്നു. ആറാഴ്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തിന്‍റെ എതിരാളിയായി അവശേഷിച്ചത് മേയുടെ വിദേശമന്ത്രിയായിരുന്ന ജെറമി ഹണ്ട് മാത്രം. 

boris johns

വന്‍ഭൂരിപക്ഷത്തോടെ ഹണ്ടിനെ മലര്‍ത്തിയടിച്ചാണ് ജോണ്‍സന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവും തുടര്‍ന്നു ബ്രിട്ടന്‍റെ എഴുപത്തേഴാമത്തെ പ്രധാനമന്ത്രിയുമായിരിക്കുന്നത്. 

മുന്‍പ് തുടര്‍ച്ചയായി രണ്ടു തവണ ലണ്ടന്‍ നഗരത്തിന്‍റെ മേയറായിരുന്നു ജോണ്‍സന്‍. ദീര്‍ഘകാലമായി ലേബര്‍ പാര്‍ട്ടിയുടെ അധീനത്തിലായിരുന്ന തലസ്ഥാന നഗരത്തിന്‍റെ ഭരണം അദ്ദേഹത്തിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആദ്യമായി പിടിച്ചെടുക്കുകയായിരുന്നു. ജോണ്‍സന്‍ മേയറായിരുന്നപ്പോഴാണ് 2012ല്‍ മുപ്പതാമതു ഒളിംപിക്സിന് ലണ്ടന്‍ ആതിഥ്യം അരുളിയതും. 

ബ്രിട്ടീഷ് ദമ്പതികളുടെ മകനായി ന്യൂയോര്‍ക്കില്‍ ജനിച്ച ജോണ്‍സനു യുഎസ് പൗരത്വമുണ്ടായിരുന്നു. 2016ലാണ് അതുപേക്ഷിച്ചത്. ഒട്ടേറെ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ വാര്‍ത്തെടുത്ത ഈറ്റന്‍ സ്കൂളിലും ഓക്സ്ഫഡ് സര്‍വകലാശാലയിലും പഠിച്ചു.

ആളുകളെ രസിപ്പിക്കുന്ന വിധത്തില്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു. പ്രസംഗങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയ സന്ദര്‍ഭങ്ങളും ഏറെ. അതുകാരണം, ഡോണള്‍ഡ് ട്രംപിനെപ്പോലെ വംശീയാരോപണങ്ങളെയും ലൈംഗികാപവാദങ്ങളെയും നേരിടേണ്ടിവന്നു. 

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് പത്രപ്രവര്‍ത്തകനായിരുന്നു. 1988ല്‍ ലണ്ടന്‍ ടൈംസില്‍ റിപ്പോര്‍ട്ടര്‍ ട്രെയിനീയായി ചേരുകയും ഒരു വര്‍ഷത്തിനകം പിരിച്ചുവിടപ്പെടുകയും ചെയ്തു. ഒരു ഉദ്ധരണിയില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു ആരോപണം. പിന്നീട് ടെലഗ്രാഫ് പത്രത്തിലും സ്പെക്ടേറ്റര്‍ മാഗസിനിലും പ്രവര്‍ത്തിച്ചു. ഏതാനും പുസ്തകങ്ങളും എഴുതി.

യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസ്സല്‍സില്‍ (ബെല്‍ജിയം) ടെലഗ്രാഫിന്‍റെ ലേഖകനായിപ്രവര്‍ത്തിച്ച കാലം ജോണ്‍സനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. അന്നുമുതല്‍ക്കുതന്നെ യൂറോപ്യന്‍ യൂണിയനെ സംശയിക്കാനും വെറുക്കാനും തുടങ്ങി. 

boris

ഇയുവില്‍ അംഗമായതിലൂടെ ബ്രിട്ടനു നഷ്ടമേ ഉണ്ടായിട്ടുളളൂവെന്നും അതില്‍നിന്നു പുറത്തുകടക്കണമെന്നുമുള്ള വിചാരങ്ങള്‍ മനസ്സില്‍ കടന്നുകൂടി. ഒടുവില്‍ ജോണ്‍സന്‍ ബ്രെക്സിറ്റിന്‍റെ ഏറ്റവും ശക്തരായ വക്താക്കളില്‍ ഒരാളാവുകയും ചെയ്തു. 

ബ്രെക്സിറ്റ് തീരുമാനം നടപ്പാക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ളത് ഒക്ടോബര്‍ 31 ആണ്. നേരത്തെ അതു മാര്‍ച്ച് 29 ആയിരുന്നു. പിന്മാറ്റം സംബന്ധിച്ച കരാറിന് അതിനകം പാര്‍ലമെന്‍റിന്‍റെ അംഗീകാരം നേടിയെടുക്കാന്‍ മുന്‍പ്രധാനമന്ത്രി തെരേസ മേയ്ക്കു കഴിയാതെ പോയി. അതിനാല്‍ തീയതി നീട്ടുകയായിരുന്നു.

പുതിയ കരാര്‍ തയാറാക്കാനും അതിനു പാര്‍ലമെന്‍റിന്‍റെ അംഗീകാരം നേടിയെടുക്കാനും ബോറിസ് ജോണ്‍സന്‍റെ മുന്നിലുള്ളത് മൂന്നു മാസവും ഏതാനും ദിവസങ്ങളും മാത്രം. അതിനകം കരാര്‍ ഉണ്ടായില്ലെങ്കില്‍ കരാര്‍ ഇല്ലാതെതന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുമെന്നും ജോണ്‍സന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  

അതുകൊണ്ട് ഒരു ദോഷവും സംഭവിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.എങ്കിലും ബ്രിട്ടനിലെ ഒട്ടേറെപേര്‍ ഭാവിയെക്കുറിച്ചുളള ആശങ്കയിലാണ്. 

അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന മറ്റൊരു പ്രശ്നവും ഇപ്പോള്‍ ബ്രിട്ടനെ തുറിച്ചുനോക്കുന്നുണ്ട്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന  തിരക്കിനിടയില്‍ ഇതില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധ വേണ്ടത്ര പതിഞ്ഞുവോ എന്നു പോലും പലരും സംശയിക്കുന്നു. 

ബ്രിട്ടന്‍റെ ഒരു എണ്ണക്കപ്പല്‍ ഗള്‍ഫ് മേഖലയിലെ ഹോര്‍മുസ് കടലിടുക്കില്‍വച്ച് ഇറാന്‍റെ ഇസ്ലാമിക വിപ്ളവ ഗാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയാണ് പ്രശ്നം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു (ജൂലൈ 19) സംഭവം. 

അതിനു രണ്ടാഴ്ച മുന്‍പ് ഇറാന്‍റെ ഒരു എണ്ണക്കപ്പല്‍ മെഡിറ്ററേനിയന്‍ കടലില്‍ ജിബ്രാള്‍ട്ടറിനടുത്തുവച്ച് ബ്രിട്ടീഷ് കമാന്‍ഡോകള്‍ പിടിച്ചെടുക്കുകയുണ്ടായി. ഇറാന്‍റെ നടപടി അതിനുള്ള പകവീട്ടലായിരുന്നു. 

ആണവ പ്രശ്നം സംബന്ധിച്ച് ഇറാനുമായി ഉണ്ടാക്കിയ രാജ്യാന്തര കരാറില്‍നിന്നു കഴിഞ്ഞ വര്‍ഷം അമേരിക്ക പിന്മാറിയതാണ് ഇതിന്‍റെ പശ്ചാത്തലം. ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കേ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ വര്‍ധിക്കുകയാണ്. 

boris-johnson3

അതിനിടയിലാണ് പുതിയ സംഭവങ്ങള്‍. പ്രശ്നം കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാവുക. ഇക്കാര്യത്തിലും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമീപനം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ