പുകയുന്ന ഹോങ്കോങ് കണ്ണുരുട്ടുന്ന ചൈന

HIGHLIGHTS
  • സര്‍ക്കാര്‍ ജീവനക്കാരും പ്രകടനത്തില്‍
  • സമരക്കാര്‍ക്കെതിരെ ഗുണ്ടകളും
Hong Kong Protests
കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച നിയമത്തോടുള്ള എതിര്‍പ്പിന്‍റെ രൂപത്തിലാണ് ഹോങ്കോങ്ങിലെ സമരമെങ്കിലും അവിടത്തെ ജനങ്ങളുടെ അസംതൃപ്തിക്കും ആശങ്കകള്‍ക്കും കാരണങ്ങള്‍ വേറെയുമുണ്ട്. ചൈനയിലെ സമഗ്രാധിപത്യ രാഷ്ടീയ വ്യവസ്ഥ ഹോങ്കോങ്ങില്‍ അടിച്ചേല്‍പിക്കുന്നതും ജനങ്ങളെ രോഷാകുലരാക്കുന്നു
SHARE

ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ നടത്തിവരുന്ന പ്രക്ഷോഭം രണ്ടുമാസം പിന്നിട്ടുകഴിഞ്ഞു. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഓഗസ്റ്റ് രണ്ട്‌) ആയിരക്കണക്കിന് ഗവണ്‍മെന്‍റ് ജീവനക്കാരും തെരുവിലിറങ്ങി പ്രകടനം നടത്തിയതോടെ പ്രക്ഷോഭം പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കുകയുംചെയ്തു. 

ബ്രിട്ടന്‍റെ ഈ മുന്‍കോളണിയുടെ മേല്‍ 22 വര്‍ഷമായി പരമാധികാരം വഹിക്കുന്ന ചൈനയ്ക്കെതിരായ വെല്ലുവിളിയായിത്തീരുകയാണ് സ്ഥിതിഗതികള്‍. തിങ്കളാഴ്ച ഹോങ്കോങ്ങിനെ മുഴുവന്‍ സ്തംഭിപ്പിക്കുന്ന പൊതുപണിമുടക്കു നടക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

ചൈനാ വിരുദ്ധ വികാരങ്ങള്‍ ഇതിനു മുന്‍പും ഒന്നിലേറെ തവണ ഹോങ്കോങ്ങിലെ തെരുവുകളില്‍ അലയടിക്കുകയുണ്ടായി. 'കുടവിപ്ളവം' എന്ന പേരില്‍ അറിയപ്പെട്ട 2014ലെ പ്രക്ഷോഭം 79 ദിവസംവരെ നീണ്ടുനിന്നു. പക്ഷേ, അതൊന്നും ഇത്രയും ഗുരുതരമായ രൂപം കൈക്കൊണ്ടിരുന്നില്ല. 

Hong Kong Protest

ചൈനയുടെ പ്രതികരണത്തില്‍ നിന്നുതന്നെ പ്രശ്നത്തിന്‍റെ ആഴം മനസ്സിലാക്കാം. കഴിഞ്ഞ ചില ദിവസങ്ങളിലായി  രണ്ടു തവണയാണ് ചൈന പരസ്യമായി രോഷം പ്രകടിപ്പിക്കുകയും പ്രക്ഷോഭം തുടരുന്നതിനെതിരെ താക്കീതു നല്‍കുകയുംചെയ്തത്. ഹോങ്കോങ്ങിന്‍റെ കാര്യത്തില്‍ ചൈന ഇത്രയും തീവ്രമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്.  

ഹോങ്കോങ്ങില്‍ ചൈന നിര്‍ത്തിയിട്ടുളള സൈനിക വിഭാഗത്തിന്‍റെ തലവന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 31) നടത്തിയ പ്രസ്താവന ഏതാണ്ട് ഭീഷണിപ്പെടുത്തുന്ന വിധത്തിലാണെന്നതും ശ്രദ്ധിക്കപ്പെടുന്നു. ജനകീയ വിമോചന സേന എന്നറിയപ്പെടുന്ന ചൈനീസ് പട്ടാളത്തിലെ ആറായിരംഭടന്മാരാണ് ഹോങ്കോങ്ങിലുള്ളത്. വടക്കന്‍ ഹോങ്കോങ്ങില്‍ ചൈനയുമായുള്ള അതിര്‍ത്തിക്കടുത്താണ് ഇവരുടെ താവളം. 

നിയമവാഴ്ച അപകടത്തിലായാല്‍ സഹായത്തിനു ചൈനീസ് പട്ടാളത്തെ വിളിക്കാമെന്നു ഹോങ്കോങ്ങിലെ നിയമത്തില്‍ പറയുന്നുണ്ട്.  അക്രമികളെ എത്ര ശക്തമായിട്ടായിരിക്കും  നേരിടുകയെന്നു കാണിക്കുന്ന ഒരു വിഡിയോയും സൈന്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.  

ഒന്നേമുക്കാല്‍ ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗവും പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുകയാണെന്ന് അറിഞ്ഞതോടെ അതിനെതിരെ ഹോങ്കോങ്ങിലെ പ്രാദേശിക ഭരണകൂടം കര്‍ശനമായ താക്കീതു നല്‍കിയിരുന്നു. അതവഗണിച്ചുകൊണ്ടാണ് ഏതാണ്ട് 40000 ജീവനക്കാര്‍ നഗരമധ്യത്തില്‍ തടിച്ചുകൂടുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തത്.   

ചൈനീസ് വന്‍കരയുടെ തെക്കു കിഴക്കെ തീരത്തു കിടക്കുന്ന  ഹോങ്കോങ്  1997 ജൂലൈ ഒന്നിനു ബ്രിട്ടനില്‍നിന്നു ചൈനയ്ക്കു തിരിച്ചുകിട്ടുമ്പോള്‍ ഇത്തരമൊരു സ്ഥിതിവിശേഷം അധികമാരും സങ്കല്‍പ്പിച്ചിരിക്കാനിടയില്ല. അതിനു മുന്‍പുള്ള ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്‍റെ കോളണിയായിരുന്നു ഈ 1106 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. 

ആ സമയത്തു നിലവിലുണ്ടായിരുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകള്‍ 50 വര്‍ഷത്തേക്ക് (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നായിരുന്നു ബ്രിട്ടനും ചൈനയും തമ്മിലുണ്ടായ കരാറിലെ വ്യവസ്ഥ. ജനാധിപത്യത്തിലും നിമയവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ വ്യവസ്ഥ ചൈന ലംഘിക്കുന്നുവെന്നാണ് സമരക്കാരുടെ ആക്ഷേപം. 

ഹോങ്കോങ്ങിലെ ഭാഗികമായി സ്വയംഭരണാധികാരമുളള പ്രാദേശിക ഗവണ്‍മെന്‍റിനെ ചൈന അതിനുള്ള ചട്ടുകമായി ഉപയോഗിക്കുകയാണെന്നും അതിനുവേണ്ടി അവരെ ചൈന തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയിരിക്കുകയാണെന്നും ആരോപണമുണ്ട്. ഇതിലുള്ള ജനങ്ങളുടെ ആശങ്കകളാണ് പ്രക്ഷോഭത്തിന്  ഊര്‍ജം പകരുന്നത്.  

Hong-Kong-protest

വലിയ വിവാദമൊന്നും ഉണ്ടാക്കാന്‍ ഇടയാക്കില്ലെന്നു ഹോങ്കോങ്ങ് ഭരണകൂടം കരുതിയിരുന്ന ഒരു നിയമത്തെച്ചൊല്ലിയായിരുന്നു ജൂണ്‍ ആദ്യത്തില്‍ പുതിയ പ്രക്ഷോഭത്തിന്‍റെ തുടക്കം. വിചാരണയ്ക്കുവേണ്ടി മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന കുറ്റവാളികളെ ആ രാജ്യങ്ങള്‍ക്കു കൈമാറാന്‍ ഹോങ്കോങ്ങില്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല.  അതിനെ മറികടക്കാനുള്ള ഒരു ബില്ലുമായിട്ടാണ് വനിതയായ  മുഖ്യഭരണാധികാരി (ചീഫ് എക്സിക്യൂട്ടീവ്) കാരി ലാം മുന്നോട്ടുവന്നത്. 

ചൈനീസ് ഭരണകൂടത്തിന്‍റെ അപ്രീതിക്കു പാത്രമായ ഹോങ്കോങ്ങുകാരെ ചൈനയ്ക്ക് എളുപ്പത്തില്‍ വിട്ടുകൊടുക്കാനും ഈ നിയമം  സൗകര്യപ്പെടുത്തുന്നു എന്നതാണ് ഇതിന്‍റെ മറ്റൊരു വശം. ഹോങ്കോങ്ങില്‍ നിലനില്‍ക്കുന്ന വിധത്തിലുള്ള സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ചൈനയിലില്ല. അതിനാല്‍ ചൈനയ്ക്കു വിട്ടുകൊടുക്കപ്പെടുന്നവര്‍ക്കു ശിക്ഷ ഉറപ്പാണെന്നു ഹോങ്കോങ്ങുകാര്‍ ഭയപ്പെടുന്നു. 

സമരം പൊട്ടിപ്പുറപ്പെട്ടത് ഈ നീതിനിഷേധത്തിന് എതിരെയാണ്. മിക്കവാറും വാരാന്ത്യങ്ങളില്‍ നടന്നുവരുന്ന പ്രകടനങ്ങളില്‍ ജൂണ്‍ ആറിനു 10 ലക്ഷവും ജൂണ്‍ 16നു 20 ലക്ഷവും ആളുകള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങ്ങിലെ മൊത്തം ജനസംഖ്യ ഏതാണ് 70 ലക്ഷമാണ്. 

പ്രകടനക്കാരും പൊലീസും ഏറ്റുമുട്ടുകയും ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കണ്ണീര്‍ വാതക പ്രയോഗവും റബര്‍ ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവയ്പുമുണ്ടായി. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു.

നിയമസഭാ മന്ദിരം പ്രകടനക്കാര്‍ പിക്കറ്റ് ചെയ്തതിനെതുടര്‍ന്നു  സഭാപ്രവര്‍ത്തനം തടസ്സപ്പെട്ടു. നിര്‍ദിഷ്ട നിയമാവുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നു പല തവണ ആവര്‍ത്തിച്ച ചീഫ് എക്സിക്യൂട്ടീവ് കാരി ലാം ഒടുവില്‍ അതു നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതയായി. 

പക്ഷേ, അതുപോരെന്നും അവര്‍ ക്ഷമാപണം നടത്തണമെന്നും ആ നിയമവുമായി ഇനി വരില്ലെന്നു പ്രഖ്യാപിക്കണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നു. കാരി ലാം അതിനു തയാറില്ല. രാജിവയ്ക്കണമെന്ന മുറവിളിയും അവര്‍ അവഗണിക്കുന്നു. 

hongkong

പ്രകടനക്കാരെ രണ്ടു തവണ ഗുണ്ടാസംഘങ്ങള്‍ ആക്രമിക്കുകയുണ്ടായി. അവരെ അതിനു നിയോഗിച്ചതു  ഗവണ്‍മെന്‍റാണെന്നും പൊലീസ് ഇടപെട്ടില്ലെന്നും സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. 

കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച നിയമത്തോടുള്ള എതിര്‍പ്പിന്‍റെ രൂപത്തിലാണ് ഇപ്പോഴത്തെ സമരമെങ്കിലും ഹോങ്കോങ്ങുകാരുടെ അസംതൃപ്തിക്കും ആശങ്കകള്‍ക്കും കാരണം അതുമാത്രമല്ല. സ്വന്തം  സമഗ്രാധിപത്യ രാഷ്ടീയ വ്യവസ്ഥ ഹോങ്കോങ്ങില്‍ അടിച്ചേല്‍പിക്കാന്‍ ചൈന നിരന്തരമായി ശ്രമിക്കുകയാണെന്നും ആരോപിക്കപ്പെടുന്നു.  

ബ്രിട്ടനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 2047ല്‍ ഹോങ്കോങ് പൂര്‍ണമായും ചൈനയുടെ നിയന്ത്രണത്തിലാവും. 1977 മുതല്‍ നിലനില്‍ക്കുന്ന 'ഒരു രാജ്യം, രണ്ടു വ്യവസ്ഥകള്‍' എന്ന സ്ഥിതി അവസാനിക്കും. അതുവരെ കാത്തുനില്‍ക്കാന്‍ ചൈനയ്ക്കു ക്ഷമയില്ലെന്നും ഇപ്പോള്‍ തന്നെ ഹോങ്കോങ്ങിനെ സ്വന്തം ചൊല്‍പ്പടിയിലാക്കാന്‍ അവര്‍ശ്രമിക്കുകയാണെന്നുമാണ് ആക്ഷേപം.

hong-kong-attack

ഹോങ്കോങ്ങിലെ ഭരണത്തിനു ചുക്കാന്‍ പിടിക്കുന്ന ചീഫ് എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്ന രീതി ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  ജനാധിപത്യ രീതിയിലുള്ള സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ചൈന ഉറപ്പ് നല്‍കിയിരുന്നത്. പക്ഷേ, അവര്‍ അതു ലംഘിക്കുകയും ചീഫ് എക്സിക്യൂട്ടീവിനെ ഒരു 1200 അംഗ സമിതി തിരഞ്ഞെടുക്കുന്ന രീതി നടപ്പാക്കുകയുംചെയ്തു.   

സമിതിയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും ചൈനയെ അനുകൂലിക്കുന്നവരായതിനാല്‍ ചൈനയ്ക്ക് ഇഷ്ടമുള്ള ആള്‍ക്കുമാത്രമേ ചീഫ് എക്സിക്യൂട്ടീവാകാന്‍ കഴിയൂ. ആ  സ്ഥാനത്തേക്കു മല്‍സരിക്കുന്നവര്‍ അതിന്  അര്‍ഹരാണോയെന്ന് തീരുമാനിക്കാനും ഒരു സമിതിയുണ്ട്‌.  

അതിലെ  അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരവും ചൈനാനുകൂലികള്‍ക്കു മുന്‍തൂക്കമുള്ള 1200 അംഗ സമിതിക്കാണ്. ജനാധിപത്യത്തിനുവേണ്ടി ശബദമുയര്‍ത്തിയതു കാരണം ചൈനയുടെ അപ്രീതി സമ്പാദിച്ച പലര്‍ക്കും അക്കാരണത്താല്‍ തന്നെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടു. 

ഈ രീതി മാറണമെന്നും എല്ലാ വിധത്തിലും സുതാര്യവും സ്വതന്ത്രവും ജനാധിപത്യ രീതിയിലുള്ളതുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നു. ഹോങ്കോങ്ങില്‍ സ്വന്തം  രാഷ്ട്രീയ വ്യവസ്ഥ നടപ്പാക്കാനുള്ള പ്ലാനിന്‍റെ ഭാഗമായി മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, സ്കൂള്‍ സിലബസുകളില്‍ മാറ്റം വരുത്തുന്നു, നീതിന്യായ വ്യവസ്ഥയില്‍ ഇടപെടുന്നു എന്നിങ്ങനെയുളള ആരോപണങ്ങളും ചൈനയ്ക്കെതിരെ ഉന്നയിക്കപ്പെടുന്നുണ്ട്. 

പൊള്ളയായ ആരോപണങ്ങള്‍ എന്നു പറഞ്ഞു ചൈന ഇതെല്ലാം തള്ളിക്കളയുന്നു. ഹോങ്കോങ്ങിലെ കുഴപ്പങ്ങള്‍ക്കു പിന്നില്‍ അവര്‍ അമേരിക്കയുടെയും ബ്രിട്ടന്‍റെയും കരങ്ങള്‍ കാണുകയും ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ