പുടിനെതിരെ വീണ്ടും വീറോടെ

HIGHLIGHTS
  • അധികാരത്തില്‍ പുടിന്‍റെ ഇരുപതാം വര്‍ഷം
  • നവല്‍നിക്കെതിരെ കേസുകള്‍
alexei-navalny-s-protests-continue-against-vladimir-putin
അലക്സി നവല്‍നി ,വ്ളാഡിമീര്‍ പുടിന്‍
SHARE

റഷ്യയിലെ നിയന്ത്രിത ജനാധിപത്യത്തിലേക്ക് ഒരിക്കല്‍ കൂടി വെളിച്ചം വീശുകയാണ് കഴിഞ്ഞ ചിലവാരാന്ത്യങ്ങളിലായി അവിടെ  തലസ്ഥാന നഗരമായമോസ്ക്കോയില്‍ നടന്നുവരുന്ന പ്രതിഷേധ പ്രകടനങ്ങള്‍. പൊലീസിനെ കയറൂരി വിട്ടും ദീര്‍ഘകാലത്തേക്കു തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിയോടെയും പ്രകടനക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രസിഡന്‍റ് വ്ളാഡിമീര്‍ പുടിന്‍റെ ഗവണ്‍മെന്‍റ്. 

ജൂലൈ 27, ഓഗസ്റ്റ് മൂന്ന്, എന്നീ ശനിയാഴ്ചകളില്‍ നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തവരില്‍ ആയിരത്തിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കി. കുറേപേരെ പിന്നീടു വിട്ടയച്ചുവെങ്കിലും മറ്റു ചിലര്‍ റിമാന്‍ഡിലായി. പതിനഞ്ച് വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് അവരുടെ മേല്‍ ചുമത്തിയിട്ടുളളത്. 

putin

ഇതുകൊണ്ടൊന്നും തങ്ങള്‍ പിന്മാറുന്ന പ്രശ്നമില്ലെന്നും അടുത്ത ശനിയാഴ്ചയും (ഓഗസ്റ്റ് 10) പ്രക്ഷോഭം തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സമരനേതാക്കള്‍. നഗരമധ്യത്തില്‍ പൊലീസിന്‍റെ അനുമതിയില്ലാതെ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിന്‍റെ പേരിലാണ് അറസ്റ്റും കേസുകളും. 

ഇതുപോലൊരു സ്ഥിതിവിശേഷം ഇതിനു മുന്‍പുണ്ടായതു രണ്ടു വര്‍ഷംമുന്‍പായിരുന്നു. മോസ്ക്കോ ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നൂറിലേറെ നഗരങ്ങളിലും പട്ടണങ്ങളിലും ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയായിരുന്നു. പുടിന്‍ കള്ളനാണ്, പുടിന്‍ പുറത്ത്, പുടിന്‍ ഇല്ലാത്ത റഷ്യ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് അവര്‍ മുഴക്കിയത്. 

ആയിരത്തില്‍പ്പരം പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ചില സ്ഥലങ്ങളില്‍ പ്രകടനക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രകടനം തുടങ്ങുന്നതിനു മുന്‍പുതന്നെ അറസ്റ്റിലായ പ്രതിപക്ഷനേതാവ് അലക്സി നവല്‍നിയെ കോടതി മുപ്പതു ദിവസത്തേക്കു തടങ്കലിലാക്കുകയും ചെയ്തു.  

ഇത്തവണയും പ്രക്ഷോഭത്തെ നയിക്കുന്നതുഅഭിഭാഷകനും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്‍റെ നേതാവുമായ അലക്സി അനത്തൊലിയേവിച്ച് നവല്‍നിയാണ്. ഇത്തവണയും പ്രകടനങ്ങള്‍ തുടങ്ങുന്നതിനുമുന്‍പ് തന്നെ അദ്ദേഹം അറസറ്റിലാവുകയുംചെയ്തു.  

മുപ്പതു ദിവസത്തേക്കു റിമാന്‍ഡ് ചെയ്യപ്പെട്ട അദ്ദേഹം ജയിലില്‍വച്ച് പെട്ടെന്ന് അസുഖ ബാധിതനായി. മുഖം വീര്‍ക്കുകയും ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അലര്‍ജിയാണ് കാരണമെന്ന് ഔദ്യോഗിക വിശദീകരണം ഉണ്ടായെങ്കിലും നവല്‍നിയുടെ അനുയായികള്‍ ആരോപിക്കുന്നതു വിഷംതീണ്ടിയതാണെന്നാണ്. 

ആശുപത്രിയിലേക്കു മാറ്റിയ അദ്ദേഹത്തെ അധികൃതര്‍ പിറ്റേന്നു തന്നെ ജയലില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. നവല്‍നിയുടെ പെട്ടെന്നുണ്ടായ അസുഖത്തിന് ഉത്തരവാദി ഗവണ്‍മെന്‍റാണെന്ന് അദ്ദേഹത്തിന്‍റെ അനുയായികള്‍ കുറ്റപ്പെടുത്തുന്നു. പുടിനെ സംബന്ധിച്ചിടത്തോളം അത്രയും വലിയ എതിരാളിയായിരിക്കുകയാണ് നാല്‍പ്പത്തിമൂന്നുകാരനായ നവല്‍നി. 

protest-in-russia

മോസ്ക്കോ നഗരസഭയിലേക്ക് അടുത്തമാസം എട്ടിനു നടക്കുന്ന തിരഞ്ഞെടുപ്പാണ് പുതിയ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലം. അതില്‍ മല്‍സരിക്കുന്നതിന് ഒട്ടേറെ പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് അനുമതി നിഷേധിക്കപ്പെടുകയുണ്ടായി. 

തലസ്ഥാന നഗരത്തിന്‍റെ ചുമതല വഹിക്കുന്ന സഭയാണെങ്കിലും അതിനു ദേശീയ തലത്തില്‍  വലിയ പ്രാധാന്യമൊന്നുമില്ല. എന്നിട്ടും അത്തരംവേദികളില്‍നിന്നു പോലും എതിരാളികളെ അകറ്റിനിര്‍ത്താന്‍ പുടിന്‍ തന്ത്രങ്ങള്‍ മെനയുന്നുവെന്നാണ് ആരോപണം. അതില്‍ പ്രതിഷേധിച്ചാണ് സമരം. 

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പലരും സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടവരാണ്. അവരില്‍ ഒരാളായ ല്യൂബോവ് സൊബോള്‍ എന്ന വനിത മൂന്നാഴ്ചകളായി അതിനെതിരെ നിരാഹാര സത്യഗ്രഹം നടത്തിവരികയായിരുന്നു. അഭിഭാഷകയായ ഈ മുപ്പത്തൊന്നുകാരി നവല്‍നിയുടെ നേതൃത്വത്തിലുളള അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ ഒരു പ്രധാന പ്രവര്‍ത്തകയുമാണ്. 

നവല്‍നിയും അദ്ദേഹത്തിന്‍റെ പ്രസ്ഥാനവും ഈ സമരത്തിലൂടെ റഷ്യയ്ക്കകത്തു മാത്രമല്ല, പുറത്തും കുറേക്കൂടി ശ്രദ്ധയാകര്‍ഷിക്കുന്നു. 2011ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പുടിന്‍റെ കക്ഷി, യുനൈറ്റഡ് റഷ്യ ഭൂരിപക്ഷം ഉറപ്പിച്ചതു കള്ളവോട്ടുകളിലൂടെയാണെന്ന് ആരോപിച്ച് നടത്തിയ സമരത്തോടെയായിരുന്നു റഷ്യന്‍ രാഷ്ട്രീയത്തിന്‍റെ നടുത്തളത്തിലേക്കുള്ള നവല്‍നിയുടെ ആഗമനം. പുടിന്‍ മൂന്നാം തവണയും പ്രസിഡന്‍റാകുന്നതിന് എതിരായ സമരമായി അതു തുടരുകയും ചെയ്തു.

അതിനുവേണ്ടി നവല്‍നിയുടെ സംഘടന മുഖ്യമായി കൂട്ടുപിടിച്ചതു സാമൂഹിക മാധ്യമങ്ങളെയാണ്. ഭരണതലത്തില്‍ നടക്കുന്ന അഴിമതിയുടെ ഞെട്ടിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ ചിത്രസഹിതം സാമൂഹികമാധ്യമങ്ങളിലൂടെ ജനമധ്യത്തില്‍ എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പുടിന്‍റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടിയെ അവര്‍ കള്ളന്മാരുടെയും തട്ടിപ്പുകാരുടെയും കക്ഷിയെന്നു വിളിക്കുന്നു. 

പല തവണ നവല്‍നി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലാവുകയും ചെയ്തു. ക്രിമിനല്‍ കേസില്‍ കുടുങ്ങിയതു കാരണം പാര്‍ലമെന്‍റിലേക്കോ പ്രസിഡന്‍റ് സ്ഥാനത്തേക്കോ മല്‍സരിക്കാനായില്ല.

പുടിന്‍ ഏറ്റവും ഭയപ്പെടുന്ന റഷ്യന്‍ നേതാവ് എന്നുപോലും ചില അമേരിക്കന്‍ പത്രങ്ങള്‍ വിശേഷിപ്പിച്ച നവല്‍നി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പുടിന്‍റെ മുഖ്യ എതിരാളിയായിരിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഒരു പണമിടപാടു കേസില്‍ കോടതിയില്‍ നിന്നുണ്ടായ ജയില്‍ശിക്ഷ അതിനു തടസ്സമായി.    

ഈ കേസ് പുടിന്‍റെ ഗവണ്‍മെന്‍റ് നടത്തിയ ഗൂഡാലോചനയുടെ ഫലമാണെന്നാണ് നവല്‍നി കുറ്റപ്പെടുത്തിയത്. പുതിയ സമരത്തോടനുബന്ധിച്ച് അദ്ദേഹത്തിനെതിരെ സമാനമായ മറ്റൊരു കേസ് കൂടി പുറത്തെടുത്തിരിക്കുകയാണ് ഗവണ്‍മെന്‍റ്.

അതിനിടയില്‍ നാലാം തവണയും റഷ്യയില്‍ ഭരണത്തിന്‍റെ തലപ്പത്തു തുടരുകയാണ്  വ്ളാഡിമിര്‍ വ്ളാഡിമിറോവിച്ച് പുടിന്‍ (66). സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കു ശേഷം പ്രസിഡന്‍റ് ബോറിസ് യെല്‍സിന്‍റെ ഭരണത്തില്‍ റഷ്യ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കേ 1999ല്‍ യെല്‍സിന്‍റെ പ്രധാനമന്ത്രിയെന്ന നിലയിലായിരുന്ന അദ്ദേഹത്തിന്‍റെ ആഗമനം. അതിനുമുന്‍പ് സോവിയറ്റ് യൂണിയന്‍റെയും റഷ്യയുടെയും ചാരവകുപ്പുകളില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. 

alexie-speech

അടുത്ത വര്‍ഷം മുതല്‍ രണ്ടു തവണയായി എട്ടു വര്‍ഷം (2000-2008) പ്രസിഡന്‍റായി. തുടര്‍ച്ചയായി രണ്ടിലധികം തവണ പ്രസിഡന്‍റ് പദവി വഹിക്കാന്‍ പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥകാരണം 2008ല്‍ സ്ഥാനമൊഴിയുകയും തുടര്‍ന്നുളള നാലു വര്‍ഷം പ്രധാനമന്ത്രിയാവുകയും ചെയ്തു. 

ഉപപ്രധാനമന്ത്രിയായിരുന്ന വിശ്വസ്തന്‍ ദിമിത്രി മെദ്വദേവിനെയാണ് പ്രസിഡന്‍റാക്കിയത്. അപ്പോഴും ഭരണത്തിന്‍റെ കടിഞ്ഞാണ്‍ പുടിന്‍റെ കൈകളിലായിരുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2012ല്‍ മൂന്നാം തവണയും പ്രസിഡന്‍റായി. അതിനിടയില്‍ പ്രസിഡന്‍റിന്‍റെ സേവനകാലാവധി നാലു വര്‍ഷത്തില്‍നിന്ന് ആറു വര്‍ഷമാക്കി വര്‍ധിപ്പിക്കുകയുംചെയ്തു. 

കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പിലൂടെ നാലാം തവണയും പ്രസിഡന്‍റായ പുടിന്‍ മോസ്ക്കോയില്‍ അധികാരക്കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഇരുപതു വര്‍ഷമാകുന്നു. 31 വര്‍ഷം രാജ്യംഭരിച്ച സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിനു തൊട്ടുതാഴെയാണ് ഇക്കാര്യത്തില്‍ പുടിന്‍റെ സ്ഥാനം. അത്രയും ശക്തനായ ഒരു തന്ത്രശാലിയുമായിട്ടാണ് നവല്‍നി ഏറ്റുമുട്ടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA