അമേരിക്കയെ മോഹിപ്പിക്കുന്ന മഹാദ്വീപ്

HIGHLIGHTS
  • പ്രകൃതി വിഭവങ്ങളുടെ കലവറ
  • സൈനിക തന്ത്രപരമായും പ്രധാനം
donald-trump-want-to-buy-greenland
മറ്റു രാജ്യങ്ങളുടെ സ്ഥലങ്ങള്‍ അമേരിക്ക വിലകൊടുത്തു വാങ്ങുന്നതു പുതിയ കാര്യമല്ല. വെര്‍ജിന്‍ ദ്വീപുകള്‍, ലൂയിസിയാന, അലാസ്ക്ക എന്നിവ ഉദാഹരണം
SHARE

ലോകത്തില്‍ വച്ചേറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് വിലകൊടുത്തു വാങ്ങാന്‍ അമേരിക്ക ആഗ്രഹിക്കുന്നു എന്ന വാര്‍ത്ത വായിച്ച ഉടനെ പലരും നോക്കിയതു  കലണ്ടറിലേക്കായിരുന്നു : ഇന്ന് ഏപ്രില്‍ ഒന്നാം തീയതിയാണോ ?

ഇതൊരു തമാശയല്ലെന്നു മനസ്സിലായപ്പോള്‍ പക്ഷേ, അവര്‍ക്ക് അമ്പരപ്പല്ലാതെ അല്‍ഭുതമൊന്നും തോന്നിയില്ല. കാരണം, അമേരിക്ക ഇപ്പോള്‍ ഭരിക്കുന്നതു ഡോണള്‍ഡ് ട്രംപാണ്. അദ്ദേഹം പറയുന്നതിന്‍റെയും ചെയ്യുന്നതിന്‍റെയും പൊരുള്‍ പലപ്പോഴും ആളുകള്‍ക്കു പിടികിട്ടാറില്ല. 

മാത്രമല്ല, അദ്ദേഹം ഒരു മുന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്കാരനുമാണ്. നല്ല ഭൂമി എവിടെ കണ്ടാലും അതു സ്വന്തമാക്കാന്‍ താന്‍ ആഗ്രഹിക്കാറുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. 

പശ്ചിമ യൂറോപ്പിലെ ഡെന്മാര്‍ക്കിന്‍റെ ഭാഗമാണ് ഗ്രീന്‍ലന്‍ഡ്. അതു വിലകൊടുത്തു വാങ്ങുന്നതിനെപ്പറ്റി ട്രംപ് പല തവണ തന്‍റെ ഉപദേഷ്ടാക്കളുമായി ചര്‍ച്ച ചെയ്യുകയും സാധ്യത ആരായാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നു റിപ്പോര്‍ട്ട് ചെയ്തത് ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഓഗസ്റ്റ് 15) വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ എന്ന പ്രമുഖ യുഎസ് പത്രമാണ്. ചര്‍ച്ചയില്‍ പങ്കെടുത്തവരെ തന്നെ പേരുപറയാതെ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു റിപ്പോര്‍ട്ട്. 

അഞ്ചു ദിവസംവരെ ട്രംപ് ഇതു സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. ഒടുവില്‍ സ്ഥിരീകരിച്ചുവെങ്കിലും ഗ്രീന്‍ലന്‍ഡ് വാങ്ങുന്ന കാര്യം അമേരിക്കയെ സംബന്ധിച്ചിടത്തോളം അത്ര വലിയ കാര്യമല്ലെന്നു പറഞ്ഞു നിസ്സാരമാക്കുകയുംചെയ്തു. പിന്നെയെന്തിന് അദ്ദേഹം ഇതിനെപ്പറ്റി പല തവണ ചര്‍ച്ചചെയ്തുവെന്ന ചോദ്യം അവശേഷിക്കുന്നു. 

ഏതായാലും അടുത്ത മാസം രണ്ടിനു ട്രംപ് ഡെന്മാര്‍ക്ക് സന്ദര്‍ശിക്കുകയാണ്. അപ്പോള്‍ എന്തു സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  

ലോകത്തില്‍ വച്ചേറ്റവും വലിയ ദ്വീപ് യഥാര്‍ഥത്തില്‍ ഓസ്ട്രേലിയയാണെങ്കിലും ഭൂഖണ്ഡമായതു കാരണം അതിനെ ദ്വീപുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. ഏതാണ്ട് 22 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ഗ്രീന്‍ലന്‍ഡിന് ആ പട്ടികയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് അങ്ങനെയാണ്.  

അമേരിക്കയില്‍നിന്ന് ഏതാണ്ട് 5000 കിലോമീറ്റര്‍ അകലെ കാനഡയുടെ വടക്കുകിഴക്കു ഭാഗത്തു ഉത്തര അത്‌ലാന്‍റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുകയാണ് ഗ്രീന്‍ലന്‍ഡ്. അവിടെനിന്നു റഷ്യയിലേക്കും ഏതാണ്ട് അത്രതന്നെയാണ് ദൂരം.

ബഹുഭൂരിഭാഗവും ഉത്തര ധ്രുവത്തിലായതിനാല്‍ ഉറച്ചു കട്ടിയായ മഞ്ഞുകൊണ്ടു സദാ മൂടിക്കിടക്കുകയാണ് ഗ്രീന്‍ലന്‍ഡ്. ബാക്കിയുള്ള ഏതാണ്ട് അഞ്ചിലൊരു ഭാഗത്തെ തീരപ്രദേശങ്ങളിലാണ് ജനവാസം. 

ഭൂമിക്കടിയില്‍ ഇരുമ്പയിര്, കല്‍ക്കരി, ഈയം, വജ്രം, സ്വര്‍ണം, യുറേനിയം, എണ്ണ, ഗ്യാസ് എന്നിവ പോലുള്ള പ്രകൃതി വിഭവങ്ങളുടെ ഒരു വന്‍കലവറതന്നെയുണ്ടത്രേ. 

ലോകത്തിലെ എണ്ണ, വാതക നിക്ഷേപങ്ങളുടെ ഏതാണ്ടു കാല്‍ഭാഗം ഉത്തര ധ്രുവത്തിലാണ് കണ്ടെത്തിയിട്ടുള്ളത്. പക്ഷേ, കട്ടിയുള്ള മഞ്ഞുകൊണ്ടു മൂടിക്കിടക്കുന്നതു കാരണം അവയുടെയൊന്നും ഖനനം ഇപ്പോള്‍ പ്രായോഗികമല്ല. 

എങ്കിലും, ആഗോളതപനം മൂലം ഉത്തര ധ്രുവത്തിലെ ഹിമപാളികള്‍ അഭൂതപൂര്‍വമായ വേഗത്തില്‍ ഉരുകാന്‍ തുടങ്ങിയിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ 

കടലുകളിലെയും സമുദ്രങ്ങളിലെയും ജലനിരപ്പ് വന്‍തോതില്‍ ഉയരുകയും ഒട്ടേറെ ദ്വീപുകളും രാജ്യങ്ങളുടെ തീരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോവുകയും ചെയ്യും. 

വന്‍ദുരന്തമാണ് ലോകത്തെ കാത്തിരിക്കുന്നത്. പക്ഷേ, ഗ്രീന്‍ലന്‍ഡിലെ ഖനനത്തില്‍ താല്‍പര്യമുളളവര്‍ ആകാംക്ഷയോടെ കാണുന്നത് ഇതിന്‍റെ മറുവശമാണ്. ഹിമപാളികള്‍ ഉരുകിയില്ലാതാവുന്നതോടെ ഖനനം എളുപ്പമാകും. ഇപ്പോള്‍തന്നെ ഗ്രീന്‍ലന്‍ഡിലെ പല ബിസിനസ് സംരംഭങ്ങളിലും പങ്കാളിത്തമുള്ള ചൈന അതില്‍നിന്നു മുതലെടുക്കുമെന്നും അമേരിക്ക ഭയപ്പെടുന്നു.  

അതേസമയം, ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതിനു കാരണം  ഇതുമാത്രമാകാനും ഇടയില്ല. ആ പ്രദേശത്തിന്‍റെ സൈനിക തന്ത്രപരമായ 

കിടപ്പില്‍ അമേരിക്കയ്ക്കു നേരത്തെതന്നെ അഗാധമായ താല്‍പര്യമുണ്ട്. അവിടെ 1943 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന യുഎസ് വ്യോമസേനാതാവളം അതിനുദാഹരണമാണ്. 

ഭൂമിയുടെ ഏറ്റവും വടക്കു ഭാഗത്തെ യുഎസ് സൈനിക താവളമാണിത്. രണ്ടാം ലോകമഹായുദ്ധകാലത്തു ജര്‍മനിയുടെ ആക്രമണത്തില്‍നിന്നു ഡെന്മാര്‍ക്കിന്‍റെ 

കോളണികള്‍ക്കു സംരക്ഷണം നല്‍കുന്നതിനുവേണ്ടി  സ്ഥാപിച്ചതായിരുന്നു. പില്‍ക്കാലത്ത് അമേരിക്ക ഡെന്മാര്‍ക്കുമായി സുരക്ഷാ ഉടമ്പടിയുണ്ടാക്കുകയും ഈ താവളം സോവിയറ്റ് യൂണിയന്‍റെ വ്യോമസേനാ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സുപ്രധാന കേന്ദ്രമാക്കുകയും ചെയ്തു. 

ഇപ്പോള്‍ റഷ്യയുടെയും ചൈനയുടെയും നീക്കങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. ഉത്തര ധ്രുവ മേഖലയില്‍ റഷ്യയും ചൈനയും പെരുമാറുന്നത്

ആക്രമണോല്‍സുകമായ രീതിയിലാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കുറ്റപ്പെടുത്തിയിട്ട് അധികനാളായിട്ടില്ല.

എങ്കിലും, ഗ്രീന്‍ലന്‍ഡ് വിലകൊടുത്തു വാങ്ങാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍അത് അധികമാരും ഗൗരവത്തില്‍ എടുത്തില്ലെന്നതാണ് വാസ്തവം. അമേരിക്കയ്ക്കകത്തും പുറത്തുമുള്ള പലരും അദ്ദേഹത്തെ കളിയാക്കുകയുമുണ്ടായി. ടംപും അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റും ഒഴികെയുള്ള അമേരിക്കയെ അപ്പാടെ വാങ്ങാന്‍ ഡെന്മാര്‍ക്ക് ആഗ്രഹിക്കുന്നുവെന്നായിരുന്നു അമേരിക്കയിലെതന്നെ ഒരു പത്രം പ്രസിദ്ധീകരിച്ച ഹാസ്യലേഖനത്തിന്‍റെ ചുരുക്കം.

എന്നാല്‍, മറ്റുരാജ്യങ്ങളുടെ സ്ഥലങ്ങള്‍ അമേരിക്ക വിലയ്ക്കു വാങ്ങുന്നത് ഒരു പുതിയ കാര്യമല്ല. ഡെന്മാര്‍ക്കില്‍നിന്നുതന്നെ 1917ല്‍ കരീബിയന്‍ കടലിലെ ചില ദ്വീപുകള്‍ വാങ്ങുകയുണ്ടായി. വില രണ്ടരക്കോടി ഡോളര്‍. ഇവയാണ് ഇപ്പോള്‍ വെര്‍ജിന്‍ ദ്വീപുകള്‍ എന്നറിയപ്പെടുന്നത്. 

അമേരിക്കയുടെ 50 സംസ്ഥാനങ്ങളില്‍ ഒന്നായ ലൂയിസിയാനയുടെ വലിയൊരു ഭാഗം  1803ല്‍ ഒന്നരക്കോടി ഡോളര്‍ കൊടുത്തു ഫ്രാന്‍സില്‍നിന്നു വാങ്ങിയതാണ്. മറ്റൊരു സംസ്ഥാനമായ അലാസ്ക്ക 1867ല്‍ റഷ്യയില്‍നിന്ന് അവിടത്തെ രാജഭരണകാലത്തു 72 ലക്ഷം ഡോളര്‍ കൊടുത്തു വാങ്ങുകയായിരുന്നു. എണ്ണയും മറ്റു പ്രകൃതി വിഭവങ്ങളും ധാരാളമായി കുഴിച്ചെടുക്കുന്ന അലാസ്ക്ക ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഒന്നാണ്. 

ഗ്രീന്‍ലന്‍ഡ് തന്നെ വാങ്ങാന്‍ 1946ല്‍ പ്രസിഡന്‍റ് ഹാരി എസ്. ട്രൂമാന്‍റെ ഭരണത്തില്‍ ശ്രമം നടന്നിരുന്നു. ട്രൂമാന്‍ പത്തുകോടി ഡോളര്‍ വില പറഞ്ഞു. പക്ഷേ, വില്‍ക്കാന്‍ ഡെന്മാര്‍ക്ക് കൂട്ടാക്കിയില്ല. ഇപ്പോഴാണെങ്കില്‍ ഡെന്മാര്‍ക്കു സമ്മതിച്ചാലും കച്ചവടം നടക്കുകയുമില്ല.  ഗ്രീന്‍ലന്‍ഡിലെ സ്വയംഭരണാവകാശമുള്ള ജനങ്ങളും സമ്മതിക്കണം. 

അനേക നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കാനഡയില്‍നിന്നു കുടിയേറിപ്പാര്‍ത്തവരുടെ പിന്മുറക്കാരാണിവര്‍. എസ്കിമോകളുമായി വര്‍ഗപരമായ ബന്ധമുള്ള ഏതാണ്ട്  60,000 പേര്‍. ഗ്രീന്‍ലന്‍ഡിലെ ഗവണ്‍മെന്‍റും രാഷ്ട്രീയ നേതാക്കളും യുഎസ് പ്രസിഡന്‍റിന്‍റെ ആലോചനയെ അസംബന്ധം എന്നു പറഞ്ഞു പുഛിച്ചു തള്ളുകയാണ് ചെയ്തത്. 

രാജകീയ ഭരണമുളള  ഡെന്മാര്‍ക്കിന്‍റെ കോളണികളില്‍ഒന്നായിരുന്നു ഗ്രീന്‍ലന്‍ഡ്. സ്വയംഭരണം ലഭിച്ചിട്ട്ഇപ്പോള്‍ 40 വര്‍ഷമാകുന്നു. എപ്പോള്‍ വേണമെങ്കിലും

ഹിതപരിശോധന നടത്തി ഡെന്മാര്‍ക്കില്‍നിന്നു വിട്ടുപോകാനുള്ള സ്വാതന്ത്ര്യവും അവിടത്തെ ജനങ്ങള്‍ക്കുണ്ട്. പക്ഷേ, അവര്‍ തല്‍ക്കാലം അതിനു തയാറില്ല. കാരണം, വര്‍ഷംതോറും ഡെന്മാര്‍ക്കില്‍നിന്നു കിട്ടുന്ന ധനസഹായമില്ലാതെ ഗ്രീന്‍ലന്‍ഡിനു മുന്നോട്ടുപോകാനാവില്ല. 

അതിലേറെ തുക വാഗ്ദാനംചെയ്തുകൊണ്ട് ഗ്രീന്‍ലന്‍ഡുകാരെ സ്വാതന്ത്ര്യത്തിനുവേണ്ടിപ്രോല്‍സാഹിപ്പിക്കുക, അതിനുശേഷം സ്വതന്ത്ര ഗ്രീന്‍ലന്‍ഡിനെ അമേരിക്കയില്‍ ലയിപ്പിക്കാന്‍ ശമിക്കുക-ഇതിനു വേണ്ടിയായിരിക്കും ഒരുപക്ഷേ ട്രംപിന്‍റെ അടുത്തനീക്കമെന്നു പലരും കരുതുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA