പുതുയുഗത്തിലേക്ക് സുഡാന്‍

HIGHLIGHTS
  • മുന്‍ പ്രസിഡന്‍റ് വിചാരണയില്‍
  • സാമ്പത്തിക പ്രതിസന്ധി രൂക്ഷം
abdalla-hamdok-appointed-new-prime-minister-of-sudan
സുഡാനില്‍ പട്ടാള ഭരണാധികാരികളും പ്രക്ഷോഭകാരികളും തമ്മില്‍ ഒത്തുതീര്‍പ്പ്. ഇനി മൂന്നു വര്‍ഷവും മൂന്നു മാസവും പട്ടാളത്തിനുകൂടി പങ്കാളിത്തമുള്ള പതിനൊന്നംഗ പരമാധികാര സമിതിയുടെ ഭരണം. അതിനുശേഷം ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ്
SHARE

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ സുഡാന്‍ നീണ്ട മുപ്പതു വര്‍ഷത്തിനുശേഷം ഒരു പുതു യുഗത്തിലേക്കു കാലെടുത്തുവയ്ക്കുകയാണ്. 

കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീറിന്‍റെ ഏകാധിപത്യം അവസാനിച്ചതോടെതന്നെ അവിടത്തെ നാലു കോടി ജനങ്ങള്‍ അതു സ്വപ്നം കണ്ടതായിരുന്നു.

പക്ഷേ, ആ സ്വപ്നം സഫലമാകുന്നതിനുളള വഴിയൊരുങ്ങുന്നതു കാണാന്‍ അവര്‍ക്കു പിന്നെയും നാലു മാസം കാത്തിരിക്കേണ്ടിവന്നു. 

അഭൂതപൂര്‍വമായ ജനകീയ പ്രക്ഷോഭത്തിനിടയില്‍ പട്ടാളം ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. എങ്കിലും, ജനങ്ങളെ നിരാശരാക്കുന്ന വിധത്തില്‍ പട്ടാളം ഒരു ഒരു മിലിട്ടറി കൗണ്‍സിലില്‍ രൂപീകരിച്ച് സ്വയം നാടു ഭരിക്കാന്‍ തുടങ്ങി. 

ബഷീറിനെതിരെ നടന്നതുപോലുള്ള സമരം അവര്‍ക്കെതിരെയും ജനങ്ങള്‍ക്കു നടത്തേണ്ടിവന്നു. മറ്റ് അറബ് രാജ്യങ്ങളില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ള കടുത്ത സമ്മര്‍ദ്ദവും 

പട്ടാളം നേരിടുകയായിരുന്നു. ഒടുവില്‍ പട്ടാളം മുട്ടുമടക്കുകയും അധികാരം ഒഴിയാന്‍ സമ്മതിക്കുകയും ചെയ്തു. എങ്കിലും, യഥാര്‍ഥ ജനാധിപത്യം ഇപ്പോഴും അകലെയാണ്. മൂന്നു വര്‍ഷവും മൂന്നുമാസവും കഴിഞ്ഞ് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ മാത്രമേ അതു വന്നെത്തുകയുള്ളൂ. അതുവരെ പട്ടാളത്തിനുകൂടി പങ്കാളിത്തമുള്ള ഒരു പതിനൊന്നംഗ പരമാധികാര സമിതിയായിരിക്കും രാജ്യം ഭരിക്കുക. 

ഇതുസംബന്ധിച്ച കരാറില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 17) പട്ടാളനേതൃത്വവും സമരക്കാരുടെ സംഘടനയും ഒപ്പുവച്ചു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, അഭിഭാഷകര്‍ എന്നിവരുടെ കൂട്ടായ്മയാണ് സമരക്കാരുടെ സംഘടന. പ്രതിപക്ഷ കക്ഷികളും ട്രേഡ് യൂണിയനുകളും പിന്തുണ നല്‍കിയെങ്കിലും സമരത്തിന്‍റെ നേതൃത്വനിരയില്‍ അവര്‍ക്കു സ്ഥാനമുണ്ടായിരുന്നില്ല. 

FILES-SUDAN-UN-POLITICS

അയല്‍ രാജ്യങ്ങളായ ഇത്യോപ്യയിലെ പ്രധാനമന്ത്രി അബീ അഹമദ്, ദക്ഷിണ സുഡാനിലെ പ്രസിന്‍റ് സാല്‍വ കീര്‍, തുടങ്ങിയവര്‍ നടത്തിയ മാധ്യസ്ഥ ശ്രമങ്ങളുടെ ഫമായിട്ടാണ് പട്ടാളവും സമരക്കാരും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടായത്. തലസ്ഥാന നഗരമായ ഖാര്‍ത്തൂമില്‍ നടന്ന ഒപ്പിടല്‍ ചടങ്ങില്‍ അവരും ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ മറ്റു ചില രാജ്യങ്ങളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.  

കരാര്‍ പ്രകാരമുളള പരമാധികാര സമിതിയിലെ ആറു പേര്‍ സിവിലിയന്മാരും അഞ്ചുപേര്‍ പട്ടാളക്കാരുമാണ്. സിവിലിയന്മാരില്‍ രണ്ടു സ്ത്രീകളുളളതില്‍ ഒരാള്‍ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നു.  

ഭരണ നിര്‍വഹണത്തിനുവേണ്ടി ഒരു ഇരുപതംഗ മന്ത്രിസഭയ്ക്കും കരാറില്‍ വ്യവസ്ഥയുണ്ട്. ആഭ്യന്തരം, പ്രതിരോധം എന്നീ വകുപ്പുകളുടെ മന്ത്രിമാര്‍ പട്ടാളക്കാരായിരിക്കും. ബാക്കിയെല്ലാവരും സിവിലിയന്മാര്‍.  

യുഎന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്‍  അബ്ദുല്ല ഹംദോക്ക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റുകഴിഞ്ഞു. ഇദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം പ്രസിഡന്‍റ് ബഷീര്‍ തന്‍റെ ധനമന്ത്രിയാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ഹംദോക്ക് സമ്മതിച്ചില്ല. 

സുഡാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തുകയെന്ന വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് ഹംദോക്ക് ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ബഷീറിനെതിരെ പ്രക്ഷോഭം തുടങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതുതന്നെ അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങളായിരുന്നു. 

മിലിട്ടറി കൗണ്‍സിലിനു പകരമായുള്ള പരമാധികാര സമിതിയുടെ തലവനായി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും സ്ഥാനമേറ്റിട്ടുണ്ട്.  മിലിട്ടറി കൗണ്‍സിലിനെ നയിച്ചതും ഇദ്ദേഹമായിരുന്നു. മിലിട്ടറി കൗണ്‍സിലില്‍ അദ്ദേഹത്തിനു തൊട്ടുതാഴെ സ്ഥാനമുണ്ടായിരുന്ന ലെഫ്. ജനറല്‍ മുഹമ്മദ് ഹമദാന്‍ ദഗാലോയും പുതിയ സമിതിയിലുണ്ട്.  

A day after Bashir toppled, head of Sudan's military council steps down
Sudanese demonstrators wave their national flags and chants slogans as they protest against the army's announcement that President Omar al-Bashir would be replaced by a military-led transitional council, near Defence Ministry in Khartoum, Sudan, Friday. Photo: REUTERS/Stringer

കരാര്‍ അനുസരിച്ച് ഒരു വര്‍ഷവും ഒന്‍പതുമാസവൂം പരമാധികാര സമിതിയുടെ നേതൃത്വം പട്ടാളത്തിനാണ്. തുടര്‍ന്നുള്ള ഒന്നര വര്‍ഷം സിവിലിയന്‍ നേതൃത്വത്തിലായിരിക്കും. പൂര്‍ണമായും ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് അതിനുശേഷം മാത്രം.  

മിലിട്ടറി കൗണ്‍സിലും സിവിലിയന്‍ നേതൃത്വവും കരാര്‍ ഒപ്പിട്ട ദിവസം സുഡാനില്‍ ഉടനീളം ആഘോഷമായിരുന്നു. എങ്കിലും ജനങ്ങള്‍ക്കിടയില്‍ ഭാവിയെക്കുറിച്ചുളള സംശയങ്ങള്‍നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പട്ടാളത്തെ പലരും പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്നര്‍ഥം. 

ആ വിധത്തിലായിരുന്നു പ്രസിഡന്‍റ് ബഷീറിന്‍റെ പതനത്തിനു തൊട്ടുപിന്നാലെയുള്ള പട്ടാളത്തിന്‍റെ പെരുമാറ്റം. ബഷീറിനെതിരെ ജനങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ പ്രക്ഷോഭം ആരംഭിക്കുന്നതിനു മുന്‍പുവരെ പട്ടാളം അദ്ദേഹത്തിന്‍റെ പിന്നില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പ്രക്ഷോഭം ശക്തിപ്പെട്ടതോടെയാണ് അവര്‍ പെട്ടെന്ന് ചുവടു മാറ്റുകയും ബഷീറിനെ പുറത്താക്കുകയും തടങ്കലിലാക്കുകയും ചെയ്തത്.  

എന്നാല്‍, ഉടനെയൊന്നും അധികാരം ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാന്‍ പട്ടാളം ഉദ്ദേശിക്കുന്നില്ലെന്നു മനസ്സിലാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. പ്രക്ഷോഭകാരികള്‍ രോഷാകുലരായി. അവര്‍ പട്ടാളത്തിനെതിരെയും തിരിഞ്ഞു. 

ജൂണ്‍ മൂന്നിനു ഖാര്‍ത്തൂമിലെ സൈനിക ആസ്ഥാനം വളഞ്ഞ പ്രകടനക്കാരെ പട്ടാളം നിഷഠുരമായ വിധത്തിലാണ് നേരിട്ടത്. നൂറിലേറെ പേര്‍ മരിച്ചു. ബഷീറിന്‍റെ പതനത്തിനുശേഷം നടന്ന കുഴപ്പങ്ങളില്‍ മൊത്തം 250ല്‍ അധികംപേര്‍ മരിച്ചതായും കരുതപ്പെടുന്നു.

ഇതിനെല്ലാം മുഖ്യ ഉത്തരവാദിയായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത് മിലിട്ടറി കൗണ്‍സിലിലെ രണ്ടാമനായിരുന്ന ലെഫ്. ജന മുഹമ്മദ് ഹമദാന്‍ ദഗാലോയെയാണ്. ബഷീറിന്‍റെ വിശ്വസ്തരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന ദഗാലോ ഇപ്പോള്‍ സൈനിക നേതൃത്വത്തിലുള്ള പരമാധികാര സമിതിയിലും രണ്ടാമനാണ്. 

Sudan-Protest-1

സുഡാന്‍റെ പുതിയ ചരിത്രത്തിലെ മറ്റൊരു അധ്യായത്തിനുകൂടി ഇപ്പോള്‍ തുടക്കമായിട്ടുണ്ട്. മൂന്നു പതിറ്റാണ്ടു കാലം രാജ്യം അടക്കിഭരിച്ച ഉമര്‍ ഹസ്സന്‍ അല്‍ ബഷീര്‍ എഴുപത്തഞ്ചാം വയസ്സില്‍ അഴിമതിക്കേസില്‍ വിചാരണയെ നേരിട്ടുവരുന്നു. 

അധികാരം നഷ്ടപ്പെട്ട ശേഷം നടന്ന പരിശോധനയില്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ വിദേശ കറന്‍സികള്‍ ഉള്‍്പ്പെടെ ധാരാളം പണം കണ്ടെത്തുകയുണ്ടായി. നിയമവിരുദ്ധമായി സമ്പാദിച്ചതെന്നു സംശയിക്കപ്പെടുന്ന വില പിടിപ്പുള്ള സാധനങ്ങളും ഉണ്ടായിരുന്നു. ഇതു സംബന്ധിച്ചാണ് കേസ്. 

അതിനേക്കാള്‍ എത്രയോ ഗുരുതരമായ ഒരു കേസ് നേരത്തെതന്നെ രാജ്യാന്തര തലത്തില്‍ ബഷീറിനെതിരെയുണ്ട്. പശ്ചിമ സുഡാനിലെ ദാര്‍ഫുര്‍ പ്രവിശ്യയില്‍ 2003 മുതല്‍ ഏതാനും വര്‍ഷം നീണ്ടുനിന്ന വംശീയ കലാപത്തില്‍ ബഷീറിനു മുഖ്യപങ്കുണ്ടായിരുന്നുവെന്നാണ് ആരോപണം.

അറബ് വംശജരും ആഫ്രിക്കന്‍ വംശജരും തമ്മിലുള്ള നൂറ്റാണ്ടുകളുടെ പഴക്കംചെന്ന വൈരാഗ്യം കലാപമായി മാറുകയായിരുന്നു. ബഷീര്‍ അറബ് വംശജരുടെ പക്ഷം ചേരുകയും ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കുകയും ചെയ്തുവെന്നാണ് ആരോപണം.

രണ്ടു ലക്ഷംമുതല്‍ നാലു ലക്ഷംവരെ ആളുകള്‍ കൊല്ലപ്പെടുകയും 25 ലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തതായി ഐക്യരാഷ്ട്ര സംഘടനയുടെ പക്കലുള്ള കണക്കുകള്‍ പറയുന്നു. അതിന്‍റെ പേരില്‍ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) ബഷീറിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ട് ഇപ്പോള്‍ പത്തു വര്‍ഷം കഴിഞ്ഞു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ