ജപ്പാനെ വലയ്ക്കുന്ന കൊറിയന്‍ പ്രശ്നം

HIGHLIGHTS
  • ജപ്പാന്‍ കമ്പനികള്‍ക്കെതിരെ കേസ്
  • തര്‍ക്കം ഒളിംപിക്സിലേക്കും
Japan-Korea-dispute
ഏഷ്യയില്‍ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സഖ്യ രാജ്യങ്ങള്‍ തമ്മില്‍ കലഹം. പ്രശ്നത്തിന്‍റെ അടിസ്ഥാനം പഴയ ചരിത്രം
SHARE

ഉത്തര കൊറിയയെക്കുറിച്ചുള്ള ഭീതി കാരണം ഒന്നിച്ചുനില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് ദക്ഷിണ കൊറിയയും ജപ്പാനും. അക്കാരണത്താല്‍തന്നെ അമേരിക്കയുമായി അവര്‍ ഒരു ത്രികക്ഷി സൈനിക സഖ്യത്തിലുമാണ്. ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി 80,000 യുഎസ് ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നുമുണ്ട്.

പക്ഷേ, ഇടയ്ക്കിടെ പരസ്പരം അകലുകയും ശത്രുതയോടെ പെരുമാറുകയും ചെയ്യുകയാണ് ഏഷ്യയിലെ ഈ രണ്ടു സമ്പന്ന രാജ്യങ്ങള്‍. അതിന് ഇടയാക്കുന്നത് അവര്‍ തമ്മിലുളള നൂറ്റാണ്ടു പഴക്കമുളള ഒരു പ്രശ്നവും. ഇപ്പോഴും കഥ അതുതന്നെ.  

ദക്ഷിണ കൊറിയയിലും ജപ്പാനിലും ആശങ്ക ജനിപ്പിക്കുന്ന വിധത്തില്‍ ഉത്തര കൊറിയ അതിന്‍റെ ഹ്രസ്വദൂര മിസൈലുകളുടെ പരീക്ഷണം പുനരാംഭിച്ചിരിക്കേയാണ് ഈ സംഭവ വികാസം. ഒന്നര വര്‍ഷത്തോളമായി ഉത്തര കൊറിയ മിസൈല്‍-ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 

എന്നാല്‍, ജൂലൈ അവസാനത്തില്‍ പെട്ടെന്നു ഹ്രസ്വദൂര മിസൈലുകള്‍ വീണ്ടും പരീക്ഷിക്കാന്‍ തുടങ്ങി. അതിനുശേഷമുള്ള ഏഴാമത്തെ പരീക്ഷണമായിരുന്നു ഇക്കഴിഞ്ഞ വെളളിയാഴ്ച. രണ്ടു ദിവസത്തിനുശേഷം, ഒന്നിലേറെ മിസൈലുകള്‍ ഒരേസമയം വിക്ഷേപിക്കുന്ന മള്‍ട്ടിപ്പിള്‍ ലോഞ്ചറുടെ പരീക്ഷണവും നടന്നു.  അയല്‍ രാജ്യങ്ങളായ ദക്ഷിണ കൊറിയയെയും ജപ്പാനെയും ലക്ഷ്യം വച്ചിട്ടുള്ളതാണ് ഇതെല്ലാം.   

ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുണ്ടാക്കിയ ഒരു സുപ്രധാന കരാര്‍ അപകടത്തിലായതും ഇതിനിടയിലാണ്. മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്തര കൊറിയയുടെ നീക്കങ്ങള്‍ രഹസ്യമായി ശേഖരിച്ച് അന്യോന്യം കൈമാറാനുള്ളതാണ് 2016ലെ ഈ കരാര്‍. അതില്‍നിന്നു ദക്ഷിണ കൊറിയ ഏകപക്ഷീയമായി പിന്‍വാങ്ങി.

JAPAN-ELECTION
ജപ്പാന്‍ പ്രധാനമന്ത്രി ഷിൻസോ ആബെ

ഇത്തരം രഹസ്യ വിവരങ്ങള്‍ ഈ രാജ്യങ്ങള്‍ ഇനി അന്യോന്യം പങ്കുവയ്ക്കില്ല. അമേരിക്ക മുഖേന വളഞ്ഞ വഴിയിലൂടെ വിവരങ്ങള്‍ കരസ്ഥമാക്കേണ്ടിവരും. സ്വാഭാവികമായും അതിനു കൂടുതല്‍ സമയം ആവശ്യമായി വരികയും അതു പ്രതിരോധ നടപടികളെ ബാധിക്കുകയും ചെയ്യും. 

അതിനു മുന്‍പുതന്നെ വാണിജ്യരംഗത്തു ജപ്പാന്‍ ദക്ഷിണ കൊറിയയ്ക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി. ജപ്പാന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കു നല്‍കിയിരുന്ന പ്രത്യേക പരിഗണന അതിനുദാഹരണമായിരുന്നു.

ആ പരിഗണന ജപ്പാന്‍ നിര്‍ത്തലാക്കി. മാത്രമല്ല, ദക്ഷിണ കൊറിയയിലെ ഇലക്ട്രോണിക് വ്യവസായത്തിന് അത്യന്താപേക്ഷിതമായ ചില സാധനങ്ങളുടെ കയറ്റുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. 

അതിനുളള തിരിച്ചടിയാണ് രഹസ്യവിവരങ്ങള്‍ പങ്കിടല്‍ കരാറില്‍ നിന്നുളള തങ്ങളുടെ പിന്മാറ്റമെന്നു ദക്ഷിണ കൊറിയ അവകാശപ്പെടുന്നു. ഇതോടെ പ്രശ്നം വ്യാപാര തലത്തില്‍നിന്നു സുരക്ഷാ തലത്തിലേക്കു കടക്കുകയും പ്രശ്നം കൂടുതല്‍ ഗുരുതരമാവുകയും ചെയ്തു. 

ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ തങ്ങളും അനുഭവിക്കേണ്ടി വരുമെന്നതു ദക്ഷിണ കൊറിയ കാര്യമാക്കുന്നില്ല. ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണി ദക്ഷിണ കൊറിയ വേണ്ട വിധത്തില്‍ മനസ്സിലാക്കുന്നില്ലെന്നാണ് ഇതിനര്‍ഥമെന്നു ജപ്പാന്‍ കുറ്റപ്പെടുത്തുന്നു. 

വാസ്തവത്തില്‍ പ്രശ്നം ഉടലെടുത്തത് കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയിലെ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയെ തുടര്‍ന്നായിരുന്നു. 

അതാണെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന നൂറ്റാണ്ടു പഴക്കമുള്ള വൈരാഗ്യവുമായി ബന്ധമുളള ഒരു കേസിലും. 

South-Korean-President-Moon-Jae-in
ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ

ദക്ഷിണ കൊറിയയും ഉത്തര കൊറിയയും കൂടിയുള്ള അവിഭക്ത കൊറിയ 1910 മുതല്‍ 35 വര്‍ഷം ജപ്പാന്‍റെ അധിനിവേശത്തിലായിരുന്നു. 1945ല്‍  രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ അതു നീണ്ടുനിന്നു. ചൈന, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ മറ്റു ചില രാജ്യങ്ങള്‍ക്കും ഈ ദുര്യോഗം അനുഭവിക്കേണ്ടിവന്നു. 

ജപ്പാനിലെ ഫാക്ടറികളില്‍ ജോലിചെയ്യിക്കാനായി അക്കാലത്ത് ഈ നാടുകളില്‍നിന്ന് ഒട്ടേറെ പേരെ കൊണ്ടുപോവുകയുണ്ടായി. ജപ്പാന്‍ പട്ടാളക്കാരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ഒട്ടേറെ സ്ത്രീകളെയും കൊണ്ടുപോയി. അധികപേരും കൊറിയക്കാരായിരുന്നു. മിക്കവരെയും ബലം പ്രയോഗിച്ചും മറ്റു ജോലികള്‍ക്കെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചും കൊണ്ടുപോയതാണെന്നാണ് ആരോപണം.

ഈ സ്ത്രീകള്‍ അനുഭവിച്ച പീഡനങ്ങളുടെയും അവഹേളനങ്ങളുടെയും ഓര്‍മകളും അതോടനുബന്ധിച്ചുള്ള തര്‍ക്കങ്ങളും ജപ്പാന്‍-കൊറിയ ബന്ധത്തെ പല തവണ പിടിച്ചുലയ്ക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷമുണ്ടായ ദക്ഷിണ കൊറിയന്‍ സുപ്രീം കോടതി വിധി പക്ഷേ, ഈ സ്ത്രീകളുമായി ബന്ധപ്പെട്ടതല്ല, ജപ്പാന്‍ ഫാക്ടറികളിലെ കൊറിയന്‍ തൊഴിലാളികളെ സംബന്ധിച്ചുളളതാണ്. 

അവര്‍ക്കു ന്യായമായ വേതനം നിഷേധിക്കുകയും അവരോടു മനുഷ്യത്വ രഹിതമായി പെരുമാറുകയും ചെയ്തുവെന്ന കേസില്‍ രണ്ടു വന്‍ ജാപ്പനീസ് കമ്പനികള്‍ക്കെതിരെയാണ് വിധിയുണ്ടായത്. മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 134,000 ഡോളറും നിപ്പോണ്‍ സ്റ്റീല്‍ കോര്‍പറേഷന്‍88,000 ഡോളറും ഹര്‍ജിക്കാര്‍ക്കു നല്‍കണമെന്നു കോടതി ഉത്തരവിട്ടു. 

ജപ്പാനെ ഇത് അമ്പരപ്പിക്കുകയും രോഷത്തിലാക്കുകയും ചെയ്തു. വാണിജ്യരംഗത്തു ദക്ഷിണ കൊറിയയ്ക്കെതിരെ ജപ്പാന്‍ ആഞ്ഞടിച്ചത് അതിനെ തുടര്‍ന്നാണ്. പ്രശ്നം കായികരംഗത്തേക്കു കൂടി വലിച്ചിഴയ്ക്കപ്പെടുന്ന ലക്ഷണവുമുണ്ട്.

ജപ്പാന്‍റെ തലസ്ഥാനമായ ടോക്യോയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഒളിംപിക്സ് ഗെയിംസില്‍ പങ്കെടുക്കുന്ന തങ്ങളുടെ കളിക്കാര്‍ക്കു ഭക്ഷണം തയാറാക്കുന്നതിനു സ്വന്തമായ ഏര്‍പ്പാടുണ്ടാക്കുന്നതിനു തങ്ങളെ അനുവദിക്കണമെന്നു ദക്ഷിണ കൊറിയ ജപ്പാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.  

കാരണം, എല്ലാ കളിക്കാര്‍ക്കുമായി പൊതുവില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ ആണവ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ സംശയിക്കുന്നു. 2011ലെ ഭൂകമ്പത്തിലും സുനാമിയിലും ജപ്പാന്‍റെ ഫുകുഷിമ ആണവനിലയം തകരുകയുണ്ടായി. 

അതിന്‍റെ  പശ്ചാത്തലത്തിലാണ് ഈ സംശയം. അതേസമയം, മറ്റൊരു രാജ്യവും ഇതുവരെ ഈ സംശയം പ്രകടിപ്പിച്ചിട്ടുമില്ല. 

tokyo-olympics

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ ജപ്പാന്‍റെ എംബസ്സിയുടെ എതിര്‍ വശത്ത് എട്ടുവര്‍ഷമായി സ്ഥിതിചെയ്യുന്ന പ്രതിമയും പറയുന്നതു ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന കാലുഷ്യത്തിന്‍റെ കഥയാണ്. നഗ്നപാദയായ ഒരു കൊറിയന്‍ യുവതി കസേരയില്‍ ഇരിക്കുന്ന രൂപത്തിലാണ് പ്രതിമ. ജപ്പാന്‍ പട്ടാളക്കാരുടെ ലൈംഗിക പീഡനത്തിന് ഇരയായ പതിനായിരക്കണക്കിനു കൊറിയന്‍  സ്ത്രീകളുടെ പ്രതീകമാണത്.  

ആ സ്ത്രീകള്‍ അനുഭവിച്ച നരക യാതനകളുടെ കുറ്റം ജപ്പാന്‍ ഏല്‍ക്കുകയും ഔദ്യോഗികമായി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നു വര്‍ഷങ്ങളായി ദക്ഷിണ കൊറിയക്കാര്‍ ആവശ്യപ്പെടുകയാണ്. ജപ്പാന്‍ പല തവണ ദുഃഖം പ്രകടിക്കുകയുണ്ടായി. എന്നാല്‍, കുറ്റം ഏല്‍ക്കാനോ നഷ്ടപരിഹാരം നല്‍കാനോ തയാറില്ല. 

ദക്ഷിണ കൊറിയക്കാര്‍ക്കു നഷ്ടപരിഹാരം നല്‍കിയാല്‍ ഉത്തര കൊറിയ, ചൈന, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുളളവരും തൊട്ടുപിന്നാലെ എത്തുമെന്നു ജപ്പാന്‍ ഭയപ്പെടുന്നു. മാത്രമല്ല, 1965ല്‍ ദക്ഷിണ കൊറിയയും ജപ്പാനും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചപ്പോള്‍ ഈ പ്രശ്നം ഒത്തുതീര്‍ന്നതാണെന്നു  ജപ്പാന്‍ അവകാശപ്പെടുകയും ചെയ്യുന്നു. 

ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ സഖ്യരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉലയുമ്പോഴെല്ലാം മുന്‍പ് അതില്‍ ഇടപെടുകയും സമാധാനം ഉണ്ടാക്കുകയും ചെയ്തിരുന്നത് അമേരിക്കയായിരുന്നു. എന്നാല്‍, ഇത്തവണ അതിന്‍റെ ലക്ഷണമൊന്നും കാണാനില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ