എണ്‍പതു വര്‍ഷം മുന്‍പ് ഈ നാളുകളില്‍

HIGHLIGHTS
  • പോളണ്ടില്‍ കൊല്ലപ്പെട്ടവര്‍ 60 ലക്ഷം
  • ആവശ്യപ്പെടുന്നതു 85000 കോടി ഡോളര്‍
poland-seek-german-reparation-afer-80-years-of-world-war-2
രണ്ടാം ലോകമഹായുദ്ധത്തില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായതു പോളണ്ടിനായിരുന്നു. അതിന്‍റെ പേരില്‍ ജര്‍മനി വീണ്ടും പോളണ്ടുകാരോട് മാപ്പ് ചോദിക്കുന്നു. പോളണ്ട് നഷ്ടപരിഹാരം ആവശ്യപ്പെടുന്നു
SHARE

യൂറോപ്പില്‍ പോളണ്ടിന്‍റെ തലസ്ഥാനമായ വാഴ്സോയില്‍നിന്നു 230 കിലോമീറ്റര്‍ അകലെ വിയലന്‍ എന്നൊരു ചെറുനഗരമുണ്ട്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധമായ രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കം കുറിക്കപ്പെട്ടത് അവിടെയായിരുന്നു. അഡോള്‍ഫ് ഹിറ്റ്ലറുടെ ജര്‍മന്‍ സൈന്യം ബോംബര്‍ വിമാനങ്ങളും ടാങ്കുകളുമായി അതിര്‍ത്തി കടന്നു പോളണ്ടിനെ ആക്രമിക്കുകയായിരുന്നു. 

അതിന്‍റെ എണ്‍പതാം വാര്‍ഷികമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച (സെപ്റ്റംബര്‍ ഒന്ന്). ആ സംഭവത്തിന്‍റെ ഓര്‍മ പുതുക്കാനായി അന്നവിടെ സമ്മേളിച്ച നാല്‍പതോളം രാഷ്ട്ര നേതാക്കളുടെ കൂട്ടത്തില്‍ ആധുനിക ജര്‍മനിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിമ്മിയറും ഉണ്ടായിരുന്നു. 

തന്‍റെ പ്രസംഗത്തില്‍ സ്റ്റെയിമ്മിയര്‍ പറഞ്ഞു :

"വിയലനു നേരെയുണ്ടായ ആക്രമണത്തിന് ഇരയായവരുടെ മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. ജര്‍മനിയുടെ കൂരതയ്ക്ക് ഇരയായ പോളണ്ടുകാരുടെ മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. ഞാന്‍ മാപ്പ് ചോദിക്കുന്നു".

ആറു വര്‍ഷം നീണ്ടു നില്‍ക്കുകയും ലോകത്തിന്‍റെപല ഭാഗങ്ങളിലുമായി അഞ്ചുകോടിയിലെറെ മനുഷ്യരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ആ യുദ്ധത്തിന്‍റെ പാപ ഭാരതത്തില്‍നിന്നു ജര്‍മനിക്ക് ഇനിയും മോചനം നേടാനായിട്ടില്ലെന്നു ചൂണ്ടിക്കാട്ടുകയാണ് ഈ വാക്കുകള്‍. യുദ്ധാനന്തര ജര്‍മന്‍ നേതാക്കള്‍ ഇങ്ങനെ പരസ്യമായി ഖേദ പ്രകടനം നടത്തുന്നത് ഇതാദ്യമല്ല താനും.  

World War One Centenary Timeline

ഏതാണ്ട് അര നൂറ്റാണ്ടുമുന്‍പ് നടന്ന ഒരു സംഭവം പ്രത്യേകിച്ചും ഓര്‍മിക്കപ്പെടുന്നു. 1970 ഡിസംബറില്‍ അന്നത്തെ പശ്ചിമ ജര്‍മന്‍ ചാന്‍സലര്‍ വില്ലി ബ്രാന്‍റ് പോളണ്ട് സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു അത്. 

ജര്‍മന്‍ അധിനിവേശത്തിനെതിരെ വാഴ്സോയില്‍ 1943ല്‍ നടന്ന ജൂതകലാപത്തില്‍ വീരമൃത്യുവരിച്ചവരുടെ സ്‌മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുകയായിരുന്നു ബ്രാന്‍റ്. പെട്ടെന്നദ്ദേഹം അതിന്‍റെ മുന്നില്‍ മുട്ടുകുത്തി. ജര്‍മനി നടത്തിയ പാതകങ്ങള്‍ക്ക് അങ്ങനെ ഫലത്തില്‍ മാപ്പ്  ചോദിക്കുകയായിരുന്നു അദ്ദേഹവും. 

വിയലനുനേരെ 1939 സെപ്റ്റംബര്‍ ഒന്നിനു ജര്‍മനി വന്‍തോതിലുള്ള ആക്രമണം അഴിച്ചുവിട്ടതു പെട്ടെന്നായിരുന്നുവെങ്കിലും തീരെ അപ്രതീക്ഷിതമായിരുന്നില്ല. അതിനുമുന്‍പ്തന്നെ യൂറോപ്പില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ഹിറ്റ്ലര്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. 

അതിനെ ശക്തമായി ചെറുക്കുന്നതിനു പകരം വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളാണ് യൂറോപ്പിലെ മറ്റു നേതാക്കള്‍ നടത്തിയത്. അതിന് ഉദാഹരണമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി നെവില്‍ ചേംബര്‍ലെയ്ന്‍ 1938 സെപ്റ്റംബറില്‍ ഹിറ്റ്ലറുമായി ഉണ്ടാക്കിയ മ്യൂണിക് കരാര്‍.

ജര്‍മനിയുടെ മറ്റൊരു അയല്‍രാജ്യമായ ചെക്കോസ്ളാവാക്യ പിടിച്ചടക്കാന്‍ ഹിറ്റ്ലര്‍ കാത്തിരിക്കുകയായിരുന്നു. മറ്റു ചില യൂറോപ്യന്‍ നേതാക്കളോടൊപ്പം ജര്‍മനിയിലെ മ്യൂണിക്കില്‍ പോയി ഹിറ്റ്ലറെ കണ്ട ചേംബര്‍ലെയ്ന്‍ ഒത്തുതീര്‍പ്പുണ്ടാക്കി. ചെക്കോസ്ളാവാക്യയില്‍ ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള സുഡറ്റന്‍ലാന്‍ഡ് പ്രദേശം ജര്‍മനിക്കു വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. ഹിറ്റ്ലര്‍ അതുകൊണ്ടു സംതൃപ്തനാകുമെന്നും അദ്ദേഹം കരുതി.  

നമ്മുടെ കാലഘട്ടത്തിലെ സമാധാനത്തിനുവേണ്ടി അങ്ങനെ ചെയ്തുവെന്നായിരുന്നു ചേംബര്‍ലെയ്ന്‍റെ അവകാശവാദം. പക്ഷേ, ആറു മാസത്തിനകം ഹിറ്റ്ലര്‍ മൂണിക് കരാര്‍ പിച്ചിച്ചീന്തുകയും ചെക്കോസ്ളാവാക്യ മുഴുവന്‍ പിടിച്ചടക്കുകയും ചെയ്തു. അതിനുശേഷം അഞ്ചു മാസമായപ്പോളായിരുന്നു പോളണ്ടിനെതിരായ ആക്രമണത്തിന്‍റെ തുടക്കം. 

പോളണ്ടിനെ ആക്രമിച്ചാല്‍ നോക്കിനില്‍ക്കില്ലെന്നു ബ്രിട്ടനും ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തിനുശേഷം പിന്തിരിയാന്‍ അന്ത്യശാസനവും നല്‍കി. ഹിറ്റ്ലര്‍ അതവഗണിച്ചപ്പോള്‍  ജര്‍മനിക്കെതിരെ അവര്‍ യുദ്ധം പ്രഖ്യാപിക്കുകയുംചെയ്തു. 

Belgium World War One Centenary Timeline

സെപ്റ്റംബര്‍ 17നു മറ്റൊരു ഭാഗത്തുനിന്നു സോവിയറ്റ് യൂണിയനും പോളണ്ടിനെ ആക്രമിച്ചു. യൂറോപ്പ് പങ്കിട്ടെടുക്കാന്‍ സോവിയറ്റ് യൂണിയന്‍റെയും ജര്‍മനിയുടെയും വിദേശമന്ത്രിമാര്‍-വ്യാചെസ്ലാവ് മൊളോട്ടോവും ജോവാക്കിം വോണ്‍ റിബ്ബണ്‍ട്രോപും-തമ്മിലുണ്ടാക്കിയ രഹസ്യധാരണ അനുസരിച്ചായിരുന്നു ഈ ആക്രമണം. 

ഒന്നര വര്‍ഷത്തിനുശേഷം സോവിയറ്റ് യൂണിയനും ജര്‍മനിയും തമ്മില്‍ പിണങ്ങി. ജര്‍മനിയുടെ ആക്രമണത്തെ തുടര്‍ന്നു സോവിയറ്റ് യൂണിയന്‍ ബ്രിട്ടന്‍റെയും ഫ്രാന്‍സിന്‍റെയും പക്ഷത്തു ചേര്‍ന്നു. ജര്‍മനിയോടൊപ്പം ഇറ്റലിയും ജപ്പാനും അണി നിരന്നു.  

അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ നാവിക സേനാ താവളത്തില്‍ 1941 ഡിസംബറില്‍ ജപ്പാന്‍ നടത്തിയ അതിഭീകരമായ വ്യോമാക്രണത്തെ തുടര്‍ന്ന് അമേരിക്കയും യുദ്ധരംഗത്തിറങ്ങി. യുദ്ധം യൂറോപ്പില്‍ ഒതുങ്ങിനില്‍ക്കാതെ ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വ്യാപിക്കുകയും ചെയ്തു. 

മൊത്തം അഞ്ചു കോടിയിലേറെ പേര്‍ മരിച്ചതില്‍ ഏറെയും പോളണ്ടുകാരായിരുന്നു-60 ലക്ഷം. ഇന്നത്തെ നിരക്കില്‍ 85000 കോടി ഡോളറിന്‍റെ സാമ്പത്തിക നഷ്ടമുണ്ടായതായും കണക്കാക്കുന്നു. 

പോളണ്ടില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയിലേറെയും (32 ലക്ഷം) ജൂതരായിരുന്നു. ഓര്‍മയില്‍പോലും നടുക്കമുളവാക്കുന്ന കൊടിയ യാതനകളാണ് അവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. അവരെ പിടികൂടി പാര്‍പ്പിക്കാനും ഉന്മൂലനം ചെയ്യാനുമായി സ്ഥാപിച്ചിരുന്ന വിഷവാതക മുറികളോടു കൂടിയ തടങ്കല്‍ പാളയങ്ങളും മിക്കതും പോളണ്ടിലായിരുന്നു. അക്കാലത്തിന്‍റെ ഓര്‍മകള്‍ നിലനിര്‍ത്തിക്കൊണ്ട് ഇപ്പോഴും അവശേഷിക്കുകയാണ് ഏറ്റവും കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് തടങ്കല്‍ പാളയം ഉള്‍പ്പെടെയുള്ള ആ മരണ താവളങ്ങള്‍.  

ഈ സംഭവങ്ങളുടെയെല്ലാം പേരിലാണ് ജര്‍മനി തങ്ങളുടെ രാഷ്ട്രത്തലവന്‍റെ പ്രസംഗത്തിലൂടെ പോളണ്ടിനോടു വീണ്ടും ക്ഷമാപണം നടത്തിയത്. എന്നാല്‍, ഇത്തരം വാക്കുകള്‍ കൊണ്ടുമാത്രം സംതൃപ്തരാകാന്‍  പോളണ്ട് ഇപ്പോള്‍ തയാറില്ല. 85,000 കോടി ഡോളറിന്‍റെ നഷ്ടപരിഹാരവും ആവശ്യപ്പെടുകയാണവര്‍.  

തങ്ങളുടെ അത്രയും നാശനഷ്ടങ്ങള്‍ നേരിട്ടില്ലാത്ത രാജ്യങ്ങള്‍ക്കു നഷ്ട പരിഹാരം നല്‍കിയ ജര്‍മനിയില്‍നിന്നു തങ്ങള്‍ക്കൊരു ചില്ലിക്കാശും കിട്ടിയിട്ടില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. അതിനു കാരണം, പക്ഷേ ജര്‍മനിയായിരുന്നില്ല, യുദ്ധത്തെ തുടര്‍ന്നുണ്ടായ ജര്‍മന്‍ വിഭജനമായിരുന്നു. 

പോളണ്ട്, ചെക്കോസ്ളോവാക്യ തുടങ്ങിയ രാജ്യങ്ങളോടൊപ്പം കിഴക്കന്‍ ജര്‍മനി സോവിയറ്റ് നിയന്ത്രണത്തിലും പടിഞ്ഞാറന്‍ ജര്‍മനി യുഎസ് സ്വാധീനത്തിലുത്തിലുമായി. പോളണ്ടിന്‍റെ അതിര്‍ത്തി കിഴക്കന്‍ ജര്‍മനിയുമായിട്ടായിരുന്നു. അതിനാല്‍ അവര്‍  നഷ്ടപരിഹാരം തേടിയത് കിഴക്കന്‍ ജര്‍മനിയോടാണ്. 

Battle of Attu Anniversary

തങ്ങളുടെ രണ്ട് ആശ്രിത രാജ്യങ്ങള്‍ തമ്മിൽ തര്‍ക്കമുണ്ടായതു സോവിയറ്റ് യൂണിയന് ഇഷ്ടമായില്ല. നഷ്ടപരിഹാരം നേടിയെടുക്കാനുളള ശ്രമം അതോടെ പോളണ്ട് ഉപേക്ഷിക്കുകയും ചെയ്തു. 

ഇരു ജര്‍മനികളും കൂടിച്ചേര്‍ന്നു 1990 മുതല്‍ വീണ്ടും ഒറ്റ രാജ്യമായി. അതിര്‍ത്തി സംബന്ധിച്ച് പോളണ്ടും ജര്‍മിയും തമ്മില്‍ പുതിയ കരാറുമുണ്ടായി. നഷ്ടപരിഹാര പ്രശ്നം അന്നൊന്നും പോളണ്ട് ഉന്നയിച്ചിരുന്നില്ലെന്നു ജര്‍മനി ചൂണ്ടുക്കാട്ടുന്നു. 

പോളണ്ടില്‍ 2015 മുതല്‍ അധികാരത്തിലുളളതു പിഐഎസ് എന്ന ചുരുക്കപ്പേരുള്ള തീവ്ര വലതുപക്ഷ കക്ഷിയുടെ ഗവണ്‍മെന്‍റാണ്. അവരാണ് നഷ്ടപരിഹാരത്തിനുവേണ്ടി വീറോടെ വാദിക്കുന്നതും. ഇന്നത്തെ നിരക്കിലുള്ള 85,000 കോടി ഡോളറിന്‍റെ നഷ്ടം സംഭവിച്ചതായി കണക്കാക്കിയിട്ടുളളത് അവര്‍ നിയമിച്ച ഒരു സമിതിയുമാണ്. 

ആവശ്യം  ഇതുവരെ  പോളണ്ട് ഔപചാരികയമായി  ഉന്നയിച്ചിട്ടില്ല. ഉന്നയിക്കപ്പെടുന്നതോടെ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണമാകാനിടയുണ്ട്. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും അംഗങ്ങളാണ് ജര്‍മനിയും പോളണ്ടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA