മുഗാബെ: ഒരു പോസ്റ്റ്മോർട്ടം

HIGHLIGHTS
  • ബിരുദങ്ങൾ വാരിക്കൂട്ടിയ നേതാവ്
  • ഭാര്യ കാരണം അധികാര നഷ്ടം
the-history-of-robert-former-zimbabwe-president-robert-mugabe
നെൽസൻ മണ്ടേലയെപ്പോലെ ജനങ്ങളുടെ ഐക്യത്തിന്റെയും രഞ്ജിപ്പിന്റെയും പ്രതീകമാകാൻ ഒരു പക്ഷേ, മുഗാബെയ്ക്കും കഴിയുമായിരുന്നു. അതിനദ്ദേഹം തുടക്കം കുറിക്കുകയുമുണ്ടായി. പക്ഷേ, പിഴവു പറ്റി
SHARE

നെൽസൻ മണ്ടേല ജയിൽ വിമോചിതനാവുകയും ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുകയും ചെയ്യുന്നതിനു വർഷങ്ങൾക്കു മുൻപ് ആഫ്രിക്കക്കാരെ ആവേശഭരിതരാക്കിയിരുന്ന മറ്റൊരു നേതാവുണ്ടായിരുന്നു-സിംബാബ്വെയുടെ സ്വാതന്ത്ര്യ സമര നായകനും പ്രസിഡന്റുമായ റോബർട്ട് മുഗാബെ. 

പക്ഷേ, 37 വർഷം രാജ്യം ഭരിച്ച അദ്ദേഹത്തെ ഒടുവിൽ സ്വന്തം സഹപ്രവർത്തകർതന്നെ അധികാരത്തിൽനിന്നു നീക്കം ചെയ്യുകയായിരുന്നു. അതിനുമുൻപ് ഏതാനും ദിവസം വീട്ടുതടങ്കലിൽ കഴിയേണ്ടിയും വന്നു. സ്വാതന്ത്ര്യ സമരത്തിനുവേണ്ടി താൻ വളർത്തിക്കൊണ്ടുവന്ന സാനു-പിഎഫ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടു. 

അങ്ങനെ തീർത്തും ഒറ്റപ്പെട്ട്, രണ്ടു വർഷത്തോളമായി പഴയ പ്രതാപത്തിന്റെ ഒാർമകളുമായി മാത്രം ജീവിക്കുകയായിരുന്നു റോബർട്ട് ഗബ്രിയേൽ മുഗാബെ. അതിനിടയിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച (സെപ്റ്റംബർ ആറ്) സിംഗപ്പൂരിലെ ഒരു സ്വകാര്യ  ആശുപത്രിയിൽ  95ാം വയസ്സിൽ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. 

അവിടെ അദ്ദേഹം മാസങ്ങളായി ചികിൽസയിൽ കഴിയുകയായിരുന്നുവെന്നു നാട്ടുകാർ അറിഞ്ഞിരുന്നില്ല. രോഗം എന്തായിരുന്നുവെന്നും അറിവായിട്ടില്ല. ഭാര്യയും മറ്റു ചില കുടുംബാംഗങ്ങളും മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. 

പക്ഷേ, മുൻപ് മുഗാബെയെ തഴഞ്ഞ സഹപ്രവർത്തകർ ഇപ്പോൾ പെട്ടെന്ന് അദ്ദേഹത്തെ വീണ്ടും ആദരവോടെ ഒാർമിക്കുകയും അദ്ദേഹത്തിന്റെ അപദാനങ്ങൾ പ്രകീർത്തിക്കുകയുമാണ്. ദക്ഷിണാഫ്രിക്കയിലായിരുന്ന പ്രസിഡന്റ് എമ്മേഴ്സൻ എംനാൻഗഗ്വ പരിപാടി വെട്ടിക്കുറച്ച് നാട്ടിൽ തിരിച്ചെത്തുകയും മുഗാബെയെ ദേശീയ നായകനായി പ്രഖ്യാപിക്കുകയും ചെയ്തു. സിംബാബ്‌വെയിലെ ഏറ്റവും ഉന്നതമായ മരണാനന്തര ബഹുമതിയാണ് ദേശീയ നായകപദവി. 

ZIMBABWE-MUGABE

സ്വാതന്ത്ര്യസമരത്തിൽ വീരമൃത്യുവരിച്ചവരുടെ മൃതദേഹങ്ങൾ മറവുചെയ്ത കുടീരത്തിൽതന്നെ മുഗബെയെ സംസ്ക്കരിക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. മുഗാബെയുടെ ഏറ്റവും അടുത്ത സഹപ്രവർത്തകരിൽ ഒരാളും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റുമായിരുന്നു എംനാൻഗഗ്വ. ഒടുവിൽ അദ്ദേഹം തന്നെയാണ് മൂഗാബെയെ അധികാരത്തിൽനിന്നു പുറത്താക്കുന്നതിനു നേതൃത്വം നൽകിയതും. 

സിംബാബ്വെയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മുഗാബെ നടത്തിയ സമരവും സഹിച്ച ത്യാഗവും ഭരണത്തിന്റെ ആദ്യഘട്ടത്തിൽ അദ്ദേഹം പ്രകടിപ്പിച്ച നേതൃത്വപാടവവും അവിസ്മരണീയമായിരുന്നു. മരണശേഷം അദ്ദേഹം വീണ്ടും പഴയതുപോലെ ആദരിക്കപ്പെടുന്നതിന് അർഥം അതാണ്. 

ആഫ്രിക്കയുടെ ദക്ഷിണ മേഖലയിൽ സ്ഥിതിചെയ്യുന്ന സിംബാബ്വെ ബ്രിട്ടന്റെ കോളണിയായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ജനങ്ങൾ (ബഹുഭൂരിപക്ഷവും കറുത്ത വർഗക്കാർ) സമരം നടത്തിക്കൊണ്ടിരിക്കേ അസാധാരണമായ ഒരു സംഭവമുണ്ടായി. കറുത്ത വർഗക്കാർക്ക് അധികാരം കിട്ടുന്നതു തടയാൻ 1965ൽ വെള്ളക്കാർ ഏകപക്ഷീയമായി ഭരണം പിടിച്ചെടുത്തു. 

സിംബാബ്വെ ആഫിക്കൻ നാഷനൽ യൂണിയൻ (സാനു) എന്ന ഗറിലാ സംഘടനയെ നയിച്ചുകൊണ്ട് മുഗാബെ അവർക്കെതിരെയും പോരാടി. പത്തുവർഷം ജയിലിൽ കിടക്കേണ്ടിവന്നു. 

ZIMBABWE-MUGABE

1980ൽ സിംബാബ്വെ സ്വതന്ത്രമായശേഷം ഏഴു വർഷത്തോളം പ്രധാനമന്ത്രിയായിരുന്നു മുഗാബെ. 1987 മുതൽ 30 വർഷം പ്രസിഡന്റുമായി. ജനങ്ങളിൽ ഏറെ പ്രതീക്ഷകൾ ഉയർത്തിക്കൊണ്ടായിരുന്നു ഭരണത്തിന്റെ തുടക്കം. വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ രംഗങ്ങളിൽ സിംബാബ്വെ ആഫ്രിക്കയക്കു മാതൃകയായി. 

വിദ്യാഭ്യാസത്തിനു മുഗാബെ ഏറ്റവും പ്രാധാന്യം കൽപ്പിച്ചതിൽ അൽഭുതമുണ്ടായിരുന്നില്ല. സമര രംഗത്തിറങ്ങുന്നതിനു മുൻപ് അദ്ദേഹം അധ്യാപകനായിരുന്നു. അക്കാലത്തും പിന്നീടുമായി വിവിധ സർവകലാശാലകളിൽ നിന്ന് അര ഡസനോളം ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടി. 

പിൽക്കാലത്തെ നെൽസൻ മണ്ടേലയെപ്പോലെ ജനങ്ങളുടെ ഐക്യത്തിന്റെയും രഞ്ജിപ്പിന്റെയും പ്രതീകമാകാനും ഒരു പക്ഷേ, മുഗാബെയ്ക്കും കഴിയുമായിരുന്നു. അതിനദ്ദേഹം തുടക്കം കുറിക്കുകയുമുണ്ടായി. പക്ഷേ, പിഴവു പറ്റി. അധികാരം തലയ്ക്കു പിടിച്ചു. അതു നിലനിർത്താനായി അവിഹിത മാർഗങ്ങൾ തേടി. 

ZIMBABWE-MUGABE

വിമർശനങ്ങളുടെ നേരെ അക്ഷമനാവുകയും എതിരാളികളെ അടിച്ചമർത്തുകയും ചെയ്തു.  വിവാദങ്ങളുടെ ചുഴിയിൽപ്പെടുകയും ജനങ്ങളുടെയും സഹപ്രവർത്തകരുടെ പോലും എതിർപ്പിനു പാത്രമാവുകയും ചെയ്തു. 

വെള്ളക്കാരുമായുള്ള മുഗാബെയുടെ ഏറ്റുമുട്ടൽ രാജ്യാന്തര തലത്തിൽതന്നെ വലിയ ഒച്ചപ്പാടുസൃഷ്ടിക്കുകയുണ്ടായി. സിംബാബ്വെയിലെ ഭൂമിയിൽ ഭൂരിഭാഗവും ബ്രിട്ടീഷ് വംശജരായ വെള്ളക്കാരുടെ  കൈകളിലായിരുന്നു. മുഗാബെ ഭൂപരിഷ്ക്കരണം നടപ്പാക്കുകയും വെള്ളക്കാരുടെ പക്കൽ അധികമുണ്ടായിരുന്ന ഭൂമി പിടിച്ചെടുത്തു ഭൂരഹിതരായ കറുത്ത വർഗക്കാർക്കിടയിൽ വിതരണം നടത്തുകയും ചെയ്തു. 

ഇതിന്റെ പ്രയോജനം അധികവും ലഭിച്ചതു മുഗാബെയുടെ ഇഷ്ടക്കാർക്കാണെന്ന ആരോപണവുമുണ്ടായി. ബ്രിട്ടൻ ക്ഷോഭിച്ചു. നേരത്തെമുഗാബെയ്ക്കു നിൽകിയിരുന്ന നൈറ്റ്ഹുഡ് (സർ പദവി) അവർ തിരിച്ചെടുത്തു.

വ്യക്തിപരമായ വിവാദങ്ങളിൽ മുഗാബെ മുങ്ങാൻതുടങ്ങിയതു ഭരണത്തിന്റെയും ജീവിതത്തിന്റെയും അവസാന ഘട്ടത്തിലായിരുന്നു. വിശേഷിച്ച് രണ്ടാം വിവാഹത്തിനുശേഷം. രണ്ടാം ഭാര്യയായ ഗ്രെയ്സാണ് മുഗാബെയുടെ പതനത്തിനു കാരണമായതെന്നു പോലും പലരും കരുതുന്നു.

ആദ്യഭാര്യയായ ഘാനക്കാരി സാലി മാന്യവും അന്തസ്സുറ്റതുമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ മനംകവർന്നിരുന്നു. മാരകരോഗവുമായി മല്ലിട്ട് അവർ ആശുപത്രിയിൽ കിടക്കുന്നതിനിടയിലാണ് ഗ്രെയ്സ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കടന്നുചെന്നത്. മുഗാബെയേക്കാൾ 41 വർഷത്തിന്റെ പ്രായക്കുറവുള്ള അവർ അദ്ദേഹത്തിന്റെ ഒാഫീസിലെ ടൈപ്പിസ്റ്റായിരുന്നു. 

ZIMBABWE-MUGABE

വിവാഹത്തിനുമുൻപ് തന്നെ ഗ്രെയ്സ് അദ്ദേഹത്തിന്റെ രണ്ടുകുട്ടികളുടെ മാതാവായി. വിവാഹശേഷം അദ്ദേഹത്തിന്റെ വലംകൈയാവുകയും ഭരണകക്ഷിയുടെ വനിതാവിഭാഗത്തിന്റെ നേതൃസ്ഥാനത്തേക്ക് ഉയരുകയുംചെയ്തു. അതിനിടയിൽ അവരുടെ ധാർഷ്്ട്യത്തെയും ധൂർത്തിനെയും കുറിച്ചുള്ള വാർത്തകളും പ്രചരിക്കുകയായിരുന്നു. അവരെ മുഗാബെ തന്റെ പിൻഗാമിയാക്കാൻ ഉദ്ദേശിക്കുകയാണെന്ന അഭ്യൂഹങ്ങളുമുണ്ടായി. 

അതിനുമുൻപ് മുഗാബെയുടെ പിൻഗാമിയാകുമെന്നു കരുതിയിരുന്നതു രണ്ടു വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എമ്മേഴ്സൻ എംനാൻഗഗ്വയായിരുന്നു. അദ്ദേഹവുമായുള്ള ഗ്രെയ്സിന്റെ വടംവലിയിൽ മുഗാബെ ഭാര്യയുടെ പക്ഷം പിടിച്ചു. എംനാൻഗഗ്വ തന്നെ അട്ടിമറിക്കാൻ നോക്കുകയാണെന്നു പറഞ്ഞ് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. അറസ്റ്റ് ഭയന്ന് എംനാൻഗഗ്വ അയൽരാജ്യമായ മൊസാംബിക്കിലേക്കു രക്ഷപ്പെട്ടു.   

സ്വാതന്ത്ര്യസമരകാലം മുതൽക്കുതന്നെ മുഗാബെയ്ക്കൊപ്പം പ്രവർത്തിച്ചിരുന്നവരിൽ ഒരാളായിരുന്നു എംനാൻഗഗ്വ. അദ്ദേഹത്തിനുണ്ടായ ദുരനുഭവം ഭരണകക്ഷിയിലെയും ഗവൺമെന്റിലെയും മറ്റു പല മുതിർന്ന സഹപ്രവർത്തകരെയും ആശങ്കാകുലരാക്കി. ഗ്രെയ്സിനെ തടയാനും അവർ ആഗ്രഹിച്ചു. 

അവരുടെ പ്രേരണയിൽ 2017 നവംബറിൽ പട്ടാളം ഇടപെടുകയും സ്ഥാനമൊഴിയാൻ മുഗാബെയോട് ആവശ്യപ്പെടുകയായിരുന്നു. ഏതാനും ദിവസം ചെറുത്തുനിന്നുവെങ്കിലും ഒടുവിൽ രാജിവയ്ക്കുകയല്ലാതെ അദ്ദേഹത്തിനു പോംവഴിയില്ലാതായി. 

പൊതുരംഗത്തുനിന്നു തീർത്തും അപ്രത്യക്ഷനായ മുഗാബെ വീണ്ടും വാർത്തയായത് ഏതാണ്ടു രണ്ടു വർഷത്തിനു ശേഷം ഒരു വിദൂര നാട്ടിൽ വച്ചുള്ള അദ്ദേഹത്തിന്റെ മരണത്തോടെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA