പുകഞ്ഞ 'ബോള്‍ട്ടന്‍' പുറത്ത്

HIGHLIGHTS
  • ട്രംപ്-റൂഹാനി കൂടിക്കാഴ്ചയ്ക്കു സാധ്യത?
  • സംഘര്‍ഷത്തില്‍ അയവ്
donald-trump-fires-national-security-adviser-john-bolton
അടുത്ത വര്‍ഷം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പ്, എടുത്തുപറയാവുന്ന എന്തെങ്കിലും നേട്ടം വിദേശരംഗത്തു കൈവരിക്കാന്‍ പ്രസിഡന്‍റ് ട്രംപ് കലശലായി ആഗ്രഹിക്കുന്നു. പക്ഷേ, തന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍റെ കടുംപിടിത്തം അതിനു തടസ്സമായി
SHARE

ചക്കിയ്ക്കൊത്ത ചങ്കരന്‍ എന്നു പറഞ്ഞതു പോലെ അമേരിക്കയിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനു പറ്റിയ  ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ജോണ്‍ ബോള്‍ട്ടന്‍. അല്ലെങ്കില്‍ അങ്ങനെയാണ് പൊതുവില്‍ എല്ലാവരും കരുതിയിരുന്നത്. ഇറാന്‍, ഉത്തര കൊറിയ എന്നിവ ഉള്‍പ്പെടെ പല കാര്യങ്ങളിലും അവര്‍ക്കിടയിലുള്ള യോജിപ്പ് അത്രയും അഗാധമായിരുന്നു. 

പക്ഷേ, ഇക്കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 10) പെട്ടെന്നു ബോള്‍ട്ടനെ  ട്രംപ് പിരിച്ചുവിട്ടു. ബോള്‍ട്ടന്‍റെ സേവനം ഇനി ആവശ്യമില്ലെന്നു താന്‍ അദ്ദേഹത്തോടു പറഞ്ഞുവെന്നാണ് ട്രംപ് അറിയിച്ചത്. എന്നാല്‍, അതിനുശേഷം  ബോള്‍ട്ടന്‍ പറഞ്ഞത് താന്‍ രാജിവയ്ക്കുകയാണെന്നു  പ്രസിഡന്‍റിനെ അറിയിച്ചിരുന്നുവെന്നാണ്. 

രണ്ടര വര്‍ഷം മുന്‍പ് ട്രംപ് അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്‍റെ ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തില്‍നിന്നു പുറത്തായവരുടെ എണ്ണം നാല്‍പ്പതിലേറെവരും. ഇതൊരു റെക്കേഡാണ്. ബോള്‍ട്ടന്‍റെ രണ്ടു മുന്‍ഗാമികള്‍, ഒരു സ്റ്റേറ്റ് സെക്രട്ടറി (വിദേശമന്ത്രി), ഒരു ഡിഫന്‍സ് സെക്രട്ടറി (പ്രതിരോധമന്ത്രി) എന്നിവരും ഇവരില്‍ ഉള്‍പ്പെടുന്നു.     

ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ് മാത്രം നിയമിതനായ ബോള്‍ട്ടന്‍ ഇത്രയും വേഗം ട്രംപിന് അനഭിമതനായതിനു പലകാരണങ്ങളും പറയപ്പെടുന്നു. എങ്കിലും, ഏറ്റവുമൊടുവില്‍ പൊട്ടിത്തെറിക്ക്  ഇടയാക്കിയത് അഫ്ഗാനിസ്ഥാനാണ്.  

പതിനെട്ടു വര്‍ഷം മുന്‍പ് അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിനുപോയ അമേരിക്കയുടെ 14,000 ഭടന്മാര്‍ ഇപ്പോഴും അവിടെയുണ്ട്. അവരെ നാട്ടിലേക്കു തിരിച്ചുകൊണ്ടുവരുമെന്നതു ട്രംപിന്‍റെ 2016ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.    

അമേരിക്കയുടെ നേതൃത്വത്തിലുളള പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെയും ഭടന്മാര്‍ അവരോടൊപ്പമുണ്ട്. എല്ലാവരും തിരിച്ചുപോകണമെന്നത് അഫ്ഗാനിസ്ഥാനിലെ താലിബാന്‍റെ ആവശ്യവുമാണ്. 

താലിബാനായിരുന്നു 1996 മുതല്‍ 2001 വരെ അവിടെ ഭരണത്തില്‍. 2001 സെപ്റ്റംബറില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായ അല്‍ഖായിദയക്ക് അഫ്ഗാനിസ്ഥാനില്‍ താവളം നല്‍കിയതു താലിബാനായിരുന്നു. അതിന്‍റെ പേരില്‍ ആ വര്‍ഷം തന്നെ അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും താലിബാനെ അധികാരത്തില്‍നിന്നു പുറത്താക്കുകയും ചെയ്തു. 

അന്നുമുതല്‍ ഭരണത്തില്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് താലിബാന്‍. രാജ്യത്തിന്‍റെ വലിയൊരു ഭാഗം അവരുടെ പിടിയിലായിക്കഴിഞ്ഞു. അവരെ ചെറുക്കാനുള്ള ശ്രമത്തില്‍ അഫ്ഗാന്‍ ഗവണ്‍മെന്‍റിനെ സഹായിക്കുകയാണ് യുഎസ്-നാറ്റോ ഭടന്മാര്‍. 

ഇത്രയും നീണ്ട യുദ്ധം അമേരിക്കയക്കു  മറ്റൊരു രാജ്യത്തും നടത്തേണ്ടിവന്നിട്ടില്ല. 18 വര്‍ഷത്തിനുള്ളില്‍ 2400ല്‍പ്പരം യുഎസ് ഭടന്മാര്‍ മരിക്കുകയും 22,000 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 

ഈ പശ്ചാത്തലത്തിലാണ് ഭടന്മാരെ തിരിച്ചുകൊണ്ടുവരാന്‍ ട്രംപ് ശ്രമമാരംഭിച്ചത്. അഫ്ഗാന്‍ വംശജനായ യുഎസ് നയതന്ത്രജ്ഞന്‍ സല്‍മായ് ഖലീല്‍സാദിനെ അതിനുവേണ്ടി പ്രത്യേക ദൂതനായി നിയമിച്ചു. ഗള്‍ഫ് രാജ്യമായ ഖത്തറിലെ ദോഹയില്‍ അമേരിക്കയുടെയും താലിബാന്‍റെയും പ്രതിനിധികള്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. 

അല്‍ഖായിദയെപ്പോലുള്ള ഭീകരസംഘടനകള്‍ക്കു താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ താവളം അനുവദിക്കരുതെന്നായിരുന്നു അമേരിക്ക മുന്നോട്ടുവച്ച മുഖ്യമായ ആവശ്യം. താലിബാന്‍ അതിനു സമ്മതിച്ചു. 16 മാസങ്ങള്‍ക്കം പട്ടാളക്കാരെ പിന്‍വലിക്കാന്‍ അമേരിക്കയും തയാറായി. 

കരാര്‍ ഒപ്പിടുന്നതിനുവേണ്ടി അമേരിക്കയില്‍ പ്രസിഡന്‍റിന്‍റെ വിശ്രമകേന്ദ്രമായ ക്യാംപ് ഡേവിഡിലേക്കു ചെല്ലാന്‍ താലിബാന്‍ നേതാക്കളെ ട്രംപ്  ക്ഷണിച്ചു. അവരുമായി സംസാരിച്ചു ഭാവിയെക്കുറിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയെയും ക്ഷണിച്ചു. 

എല്ലാവരും അതിനുവേണ്ടി ഒരുങ്ങുകയായിരുന്നു. അതിനിടയിലാണ് പരിപാടി റദ്ദാക്കിയതായി ഇക്കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബര്‍ ഏഴ്) ട്രംപിന്‍റെ പെട്ടെന്നുള്ള അറിയിപ്പുണ്ടായത്. അതിന് ഒരാഴ്ച മുന്‍പ് താലിബാന്‍റെ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ ഒരു യുഎസ് ഭടന്‍ കൊല്ലപ്പെടുകയുണ്ടായി. ക്യാംപ് ഡേവിഡ് പരിപാടി റദ്ദാക്കാന്‍ കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത് ആ സംഭവമാണ്. 

ഈജിപ്തും ഇസ്രയേലും തമ്മിലുള്ള 1978ലെ സമാധാന ഉടമ്പടി പോലുള്ള പല ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച സ്ഥലമാണ് ക്യാംപ് ഡേവിഡ്. അമേരിക്കയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്കു  താവളം നല്‍കിയവരെ അവിടേക്കു ക്ഷണിക്കുകയും അവരെ കാണാന്‍ പ്രസിഡന്‍റ് സന്നദ്ധനാവുകയും അതിനുവേണ്ടി ഭീകരാക്രമണത്തിന്‍റെ വാര്‍ഷികവേള തന്നെ തിരഞ്ഞെടുക്കുകയും ചെയതിനെ ബോള്‍ട്ടന്‍ രൂക്ഷമായി വിമര്‍ശിച്ചുവത്രേ. 

ക്യാംപ് ഡേവിഡ് പരിപാടി റദ്ദാക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതില്‍ ഇതും ഒരു വലിയ പങ്കു വഹിച്ചതായി പറയപ്പെടുന്നു. സംഭവം വിവാദമായതും ട്രംപിനു ക്ഷീണമായി. അതിനും ഉത്തരവാദി ബോള്‍ട്ടനാണെന്ന് അദ്ദേഹം കരുതുന്നു.

നേരത്തെ ഉത്തര കൊറിയയുടെ കാര്യത്തിലും ഇരുവര്‍ക്കും ഇടയില്‍ കടുത്ത വിയോജിപ്പ് പ്രകടമാവുകയുണ്ടായി. ആണവ-മിസൈല്‍ പ്രശ്നത്തില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ട്രംപ് നേരിട്ടു സംസാരിക്കുകയും ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെ ബോള്‍ട്ടന്‍ എതിര്‍ത്തു. പഴയതു പോലുള്ള കര്‍ക്കശ നയം തുടരണമെന്നു വാദിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ വിയറ്റ്നാമിലെ ഹാനോയില്‍ നടന്ന ട്രംപ്-കിം ഉച്ചകോടി പരാജയപ്പെടാനുള്ള മുഖ്യകാരണവും ബോള്‍ട്ടനാണെന്നു പറയപ്പെടുന്നു. ഇക്കഴിഞ്ഞജൂണില്‍ ഇരുകൊറിയകള്‍ക്കും ഇടയിലുള്ള നിസ്സൈനീകൃത മേഖലയില്‍ അവര്‍ തമ്മിലുള്ള മൂന്നാം ഉച്ചകോടി നടക്കുമ്പോള്‍ ബോള്‍ട്ടനെ ട്രംപ് ഒപ്പം കൂട്ടിയിരുന്നുമില്ല.    

ട്രംപും ബോള്‍ട്ടനും തമ്മില്‍ തെറ്റിപ്പിരിയാനുള്ള മറ്റൊരു കാരണം ഇറാനാണ്. ഉത്തര കൊറിയയോടുള്ള സമീപനത്തിലെന്ന പോലെ ഇറാനോടുള്ള സമീപനത്തിലും നേരത്തെ ഇരുവരും തമ്മില്‍ യോജിപ്പാണുണ്ടായിരുന്നത്. 

മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭരണകാലത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങള്‍ ഇറാനുമായി ഒപ്പുവച്ച ആണവ ഉടമ്പടിയെ ഇരുവരും തള്ളിപ്പറയുകയുണ്ടായി. അതില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുകയാണെന്നു കഴിഞ്ഞ വര്‍ഷം മേയില്‍ ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ തൊട്ടു പിന്നില്‍ ബോള്‍ട്ടനുമുണ്ടായിരുന്നു. അദ്ദേഹം ഉദ്യോഗം ഏറ്റെടുത്തിട്ട് അപ്പോള്‍ ഒരു മാസം മാത്രമേ ആയിരുന്നുള്ളൂ. 

അതിനു ശേഷം ഇറാനെതിരെ ട്രംപ് ഉപരോധം ശക്തിപ്പെടുത്തുകയും എല്ലാ വിധത്തിലും ഇറാനെ തളയ്ക്കാന്‍  ശ്രമിക്കുകയും ചെയ്തു. പക്ഷേ, ഇറാന്‍ വഴങ്ങിയില്ല. അതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യത വര്‍ധിക്കുകയും ഗള്‍ഫ് മേഖലയില്‍ അതു സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. 

ഇറാന്‍റെ ആണവ പ്രശ്നം താന്‍ ആഗ്രഹിക്കുന്ന പോലെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ലെന്ന തിരിച്ചറിവിലേക്കാണ് ഇതു ട്രംപിനെ നയിച്ചത്. ചുവടു മാറ്റാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.  ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനിയുമായി നിരുപാധിക ചര്‍ച്ച നടത്താന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചത് അതിനെ തുടര്‍ന്നാണ്.  

അതിനുവേണ്ടി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മ്വാന്വല്‍ മക്രോണ്‍  അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു.  ഈ മാസം ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭാ സമ്മേളന വേളയില്‍ ട്രംപ്-റൂഹാനി കൂടിക്കാഴ്ച നടക്കാനിടയുണ്ടെന്നായിരുന്നു സൂചനകള്‍. 

പക്ഷേ, ബോള്‍ട്ടന്‍ എതിര്‍ത്തു. ആണവ പ്രശ്നം പരിഹരിക്കാന്‍ ഇറാന്‍റെ ആണവ നിലയങ്ങള്‍ ബോംബിട്ടു തകര്‍ക്കണമെന്നും അവിടത്തെ നിലവിലുള്ള ഭരണം അവസാനിപ്പിക്കണമെന്നും വാദിക്കുന്നയാളാണ് ബോള്‍ട്ടന്‍. 

അമേരിക്കയുടെ 2003ലെ ഇറാഖ് യുദ്ധത്തെ ശക്തമായി പിന്‍തുണച്ചവരിലും മുന്‍നിരയിലായിരുന്നു. ഇറാന്‍ കാര്യത്തില്‍ ട്രംപ് നടത്തുന്ന പുതിയ നീക്കങ്ങളെ അദ്ദേഹം എതിര്‍ക്കുകയും പ്രസിഡന്‍റുമായി തര്‍ക്കിക്കുകയും ചെയ്തുവത്രേ. 

അടുത്ത വര്‍ഷം വീണ്ടും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറെടുക്കുകയാണ് ട്രംപ്. വോട്ടര്‍മാരെ സമീപിക്കുന്നതിനു മുന്‍പ്, എടുത്തുപറയാവുന്ന എന്തെങ്കിലും നേട്ടം വിദേശരംഗത്തു കൈവരിക്കാന്‍ അദ്ദേഹം കലശലായി ആഗ്രഹിക്കുന്നു. 

അഫ്ഗാനിസ്ഥാന്‍, ഉത്തര കൊറിയ, ഇറാന്‍ എന്നീ പ്രശ്നങ്ങളിലുള്ള തന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍റെ കടുംപിടിത്തം അതിനു തടസ്സമാവുകയാണെന്നു ട്രംപിനു ബോധ്യമായി. അതോടെ ബോള്‍ട്ടന്‍റെ മുന്നില്‍ പുറത്തേക്കുള്ള വാതില്‍ തുറക്കപ്പെട്ടു. തുടര്‍ന്നു, ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് പെട്ടെന്ന് അയവു വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA