പോളിങ് ബൂത്തിൽ വീണ്ടും ഇസ്രയേൽ

HIGHLIGHTS
  • കൂട്ടുമന്ത്രിസഭ രൂപീകരിക്കൽ ക്ളേശകരം
  • അഴിമതിക്കേസുകളും പ്രശ്നം
Israel-election-voters-head-to-polls-for-second-time
ഇസ്രയേലിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വലതു പക്ഷ ലിക്കുഡ് പാർട്ടിയും മുൻപട്ടാളത്തലവൻ ബെന്നി ഗാന്റ്സ് നയിക്കുന്ന മധ്യനില കക്ഷിയായ ബ്ളൂ ആൻഡ് വൈറ്റ് പാർട്ടിയും വീണ്ടും ഏറ്റുമുട്ടുന്നു. ആര് പ്രധാനമന്ത്രിയാകും?
SHARE

ഇസ്രയേലിൽ അഞ്ചര മാസത്തിനിടയിലെ രണ്ടാമത്തെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന് (സെപ്റ്റംബർ 17) നടക്കുമ്പോൾ ബെന്യാമിൻ നെതന്യാഹുവിന്റെ പ്രധാനമന്ത്രിപദം മാത്രമല്ല, രാഷ്ട്രീയ ഭാവിതന്നെ തുലാസ്സിൽ തൂങ്ങുകയാണ്. 

അദ്ദേഹത്തിനെതിരായ അഴിമതിക്കേസുകളുടെ പ്രാരംഭ വിചാരണ നടക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ഇൗ തിരഞ്ഞെടുപ്പ്. ഇത്രയും കുറഞ്ഞ കാലത്തിനിടയിൽ രണ്ടു തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവന്ന സന്ദർഭം ഇസ്രയേലിന്റെ ചരിത്രത്തിൽ മുൻപുണ്ടായിട്ടുമില്ല. 

ഇതിനു പുറമെ മറ്റൊരു കാര്യവും ഇൗ തിരഞ്ഞെടുപ്പിലേക്കു പതിവിൽക്കവിഞ്ഞ ലോകശ്രദ്ധ ആകർഷിക്കപ്പെടാൻ പെട്ടെന്നു കാരണമായി.   

താൻ വീണ്ടും പ്രധാനമന്ത്രിയായാൽ പലസ്തീൻ പ്രദേശമായ വെസ്റ്റ്് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം ഇസ്രയേലിൽ ലയിപ്പിക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനമാണത്. 

ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും അറബ് ലീഗും ഇതിനെ കഠിനമായി വിമർശിച്ചിട്ടുണ്ട്. തീവ്രവലതു പക്ഷക്കാരെ പ്രീണിപ്പിച്ച് അവരുടെ വോട്ടുകൾ ആവുന്നത്ര നേടിയെടുക്കാനുള്ള അടവാണ് ഇൗ പ്രഖ്യാപനം. 

മുപ്പത്തൊന്നു പാർട്ടികൾ മൽസര രംഗത്തുണ്ടെങ്കിലും അവയിൽ ഒൻപതെണ്ണത്തിനു മാത്രമേ പാർലമെന്റിൽ സീറ്റു കിട്ടാനിടയുള്ളൂ. മുഖ്യ മൽസരം കഴിഞ്ഞ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിലെപ്പോലെതന്നെ. നെതന്യാഹുവിന്റെ വലതു പക്ഷ ലിക്കുഡ് പാർട്ടി  മുൻപട്ടാളത്തലവൻ ബെന്നി ഗാന്റ്സ് നയിക്കുന്ന മധ്യനില കക്ഷിയായ ബ്ള്ൂ ആൻഡ് വൈറ്റ് പാർട്ടിയുമായി ഏറ്റുമുട്ടുന്നു. 

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപ് മാത്രം രൂപീകൃതമായ പാർട്ടിയാണ് ബ്ളൂ ആൻഡ് വൈറ്റ്. അതേസമയം, പ്രഗൽഭരായ പല നേതാക്കളും നയിച്ചിരുന്ന, ഏറ്റവും പഴക്കംചെന്നകക്ഷികളിൽ ഒന്നായ ഇടതുപക്ഷ ലേബർ പാർട്ടി അതിന്റെ നിഴൽ മാത്രമായി അവശേഷിക്കുന്നു.    

ISRAEL-PALESTINIANS/NETANYAHU

ആർക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും 120 അംഗ പാർലമെന്റിൽ കഴിഞ്ഞ തവണ ഏറ്റവുമധികം സീറ്റുകൾ (35 വീതം) നേടിയത് ലിക്കുഡും ബ്ളൂ ആൻഡ് വൈറ്റുമായിരുന്നു. ഇത്തവണയും സ്ഥിതി ഏറെയൊന്നും വ്യത്യസ്തമാകില്ലെന്നാണ് അഭിപ്രായ വോട്ടുകൾ നൽകുന്ന സൂചന. ബ്ളൂ ആൻഡ് വൈറ്റ് മുന്നിലെത്തുമെന്നു കരുതുന്നവരുമുണ്ട്. 

ആരു ജയിച്ചാലും ഇത്രയും കുറഞ്ഞ സീറ്റുകളോടെ ഒറ്റയ്ക്കു ഭരിക്കാനാവില്ല. മറ്റു കക്ഷികളുടെ പിന്തുണ തേടുകയും കൂട്ടുമന്ത്രിസഭ രൂപീകരിക്കുകയും ചെയ്യേണ്ടിവരും. അതിനുവേണ്ടിയുളള വിലപേശലുകൾ ആഴ്ചകളോളം നീളുന്നു.  

പാർലമെന്റിൽ കേവലഭൂരിപക്ഷം കിട്ടാൻ 61 സീറ്റുകൾ വേണം. ഇസ്രയേലിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തിൽ അത്രയും സീറ്റുകൾ ഒരു കക്ഷിക്കും കിട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് ആനുപാതിക പ്രാതിനിധ്യ രീതിയിലായതാണ് ഇതിനൊരു കാരണമെന്നു പറയപ്പെടുന്നു. 

അതിനാൽ ഇത്രയുംകാലം ഭരിച്ചതു കൂട്ടുഗവൺമെന്റുകളാണ്. ഇതു കാരണം തിരഞ്ഞെടുപ്പിൽ ജയിക്കുന്ന അത്രതന്നെ പ്രധാനമാണ് അതിനുശേഷമുള്ള കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതിലെ വിജയവും. അതിന്റെ പ്രയാസം കഴിഞ്ഞ തവണത്തെപ്പോലെ മുൻപൊരിക്കലും നെതന്യാഹുവിന്അനുഭവപ്പെട്ടിരുന്നില്ല.   

ഭൂരിപക്ഷ പിന്തുണയുള്ള കൂട്ടുമന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് റ്യൂവൻ റിവ്ലിൻ ക്ഷണിച്ചതു നെതന്യാഹുവിനെയായിരുന്നു. പക്ഷേ, നിശ്ചിത സമയത്തിനകം (42 ദിവസം) ആ കൃത്യം നിർവഹിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇൗ വർഷംതന്നെ രണ്ടാമതൊരു തിരഞ്ഞടുപ്പ് വേണ്ടിവന്നതും. 

നെതന്യാഹുവിന്റെ കീഴിൽ മുൻപ് വിദേശമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന അവിഗ്ദോർ ലീബർമാന്റെ നിസ്സഹകരണമായിരുന്നു കാരണം. അഞ്ച് എംപിമാരുള്ള അദ്ദേഹത്തിന്റെ യിസ്രയേൽ ബെയ്തനു പാർട്ടി പിന്തുണയ്ക്കുകയാണെങ്കിൽ നെതന്യാഹുവിനു ഭൂരിപക്ഷം കിട്ടുമായിരുന്നു. പക്ഷേ അതിനുവേണ്ടി ലീബർമാൻ മുന്നോട്ടുവച്ച നിബന്ധന അദ്ദേഹത്തിനു സ്വീകരിക്കാനായില്ല. 

തീവ്രവലതുപക്ഷ നിലപാടുകളുള്ള യിസ്രയേൽ ബെയ്തനു ഒരു മതനിരപേക്ഷ കക്ഷിയുമാണ്. യാഥാസ്ഥിതിക ജൂത സെമിനാരികളിലെ വിദ്യാർഥികളെ നിർബന്ധ സൈനിക സേവനത്തിൽ നിന്നൊഴിവാക്കിയത് അവസാനിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. 

പക്ഷേ,  ലിക്കുഡുമായി സഖ്യത്തിലുള്ള ചില മതാധിഷ്ഠിത-യാഥാസ്ഥിതിക സഖ്യകക്ഷികൾ അതിനെ എതിർത്തു. മൊത്തം 16 സീറ്റുകൾ നേടിയ അവരെ പിണക്കാൻ നെതന്യാഹുവിനു സാധ്യമായിരുന്നില്ല. ഗത്യന്തരമില്ലാതെ നെതന്യാഹു ആറു സീറ്റുകളുളള ലേബർ പാർട്ടിയെ സമീപിക്കുകയും അവർക്കു പ്രധാന വകുപ്പുകൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. 

പക്ഷേ, അഴിമതിക്കേസുകളിൽ ചാർജ് ചെയ്യപ്പെടാൻ ഇടയുള്ള ആളുമായി സഹകരിക്കാൻ അവർ വിസമ്മതിച്ചു. മന്ത്രിസഭയുണ്ടാക്കാനുള്ള കാലാവധി അവസാനിച്ചതോടെ ലിക്കുഡ് പാർട്ടിതന്നെ പാർലമെന്റ് പിരിച്ചുവിടാൻ മുൻകൈയെടുത്തു. മന്ത്രിസഭയുണ്ടാക്കാൻ ജനറൽ ഗാന്റ്സിനെ പ്രസിഡന്റ് ക്ഷണിക്കുന്നത് അങ്ങനെ തടയുകയും ചെയ്തു. 

ലീബർമാന്റെ പാർട്ടിക്ക് ഇത്തവണ കൂടുതൽ സീറ്റുകൾ കിട്ടാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. പ്രധാനമന്ത്രിക്കസേരയിൽ അദ്ദേഹത്തിനും കണ്ണുണ്ട്. ചുരുങ്ങിയപക്ഷം അദ്ദേഹത്തിന് ഒരു കിങ്മേക്കർ ആകാനെങ്കിലും കഴിഞ്ഞേക്കാമെന്നും പലരും  കരുതുന്നു. 

എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാനുള്ള തീവ്രശ്രമത്തിലാണ് നെതന്യാഹു. മുഖ്യ കാരണം അദ്ദേഹത്തിനെതിരെയുള്ള മൂന്ന് അഴിമതിക്കേസുകൾതന്നെ. അവയുടെ പേരിൽ അദ്ദേഹത്തിന്റെ മേൽ കുറ്റം ചുമത്തുന്നതിനു മുൻപുളള വിചാരണയാണ് അടുത്തമാസം നടക്കാൻ പോകുന്നത്. അന്തിമ വിചാരണയിൽ കുറ്റക്കാരനാണെന്നു വിധിയുണ്ടാവുകയാണെങ്കിൽ പത്തു വർഷംവരെ ജയിലിൽ കിടക്കേണ്ടിവരും.

ISRAEL-NETANYAHU/

അതൊന്നും അടുത്തെങ്ങാനും സംഭവിക്കാനിടയില്ല. എങ്കിലും, ഇൗ കേസുകൾ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയുടെ മേൽ കരിനിഴൽ വീഴ്ത്തുന്നു. അഴിമതിക്കാരനെന്ന മുദ്രകുത്തപ്പെട്ട നിലയിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അദ്ദേഹത്തിന്റെ  മുൻഗാമിയായിരുന്ന പ്രധാനമന്ത്രി എഹുദ് ഒാൽമർട്ട് (കദിമ പാർട്ടി) അഴിമതിക്കേസിൽ 16 മാസം ജയിലിൽ കഴിയുകയുണ്ടായി. 

അധികാരത്തിലിരിക്കുന്നിടത്തോളം കാലം പ്രധാനമന്ത്രിക്ക് ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽനിന്നു സംരക്ഷണം നൽകുന്ന ഒരു നിയമം പാർലമെന്റിൽ പാസ്സാക്കിയെടുക്കാൻ ലിക്കുഡ് പാർട്ടി ഉദ്ദേശിക്കുന്നുണ്ടത്രേ. പക്ഷേ, അതുസാധ്യമാകണമെങ്കിൽ ഭരണത്തിന്റെ കടിഞ്ഞാൺ വീണ്ടും അദ്ദേഹത്തിന്റെതന്നെ  കൈകളിൽ എത്തണം. 

ഏറ്റവും നീണ്ട കാലം (13 വർഷത്തിലധികം) അധികാരത്തിലിരുന്ന ഇസ്രയേൽ പ്രധാനമന്ത്രിയെന്ന പദവി ഇതിനകം തന്നെ നെതന്യാഹു കരസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ട്. പ്രഥമ പ്രധാനമന്ത്രി  ഡേവിഡ് ബെൻഗൂരിയനായിരുന്നു മുൻപ് ഇൗ സ്ഥാനത്ത്. ഇക്കഴിഞ്ഞ ജൂലൈയിൽ അദ്ദേഹത്തെ നെതന്യാഹു മറികടന്നു. അഞ്ചാം തവണയും പ്രധാനമന്ത്രിയായി, മറ്റൊരു റെക്കോഡ്കൂടി സൃഷ്ടിക്കാനുള്ള ശ്രമത്തിലുമാണ് അറുപത്തൊൻപതാം വയസ്സിൽ നെതന്യാഹു.  

പക്ഷേ, ജനറൽ ഗാന്റ്സിന്റെ പാർട്ടി ഇത്തവണയും മുൻനിരയിൽ എത്താനുള്ള സാധ്യത നെതന്യാഹുവിന്റെ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുന്നു. അതേസമയം, ഗാന്റ്സിനും ഭൂരിപക്ഷ പിന്തുണയുള്ള കൂട്ടുമന്ത്രിസഭ ഉണ്ടാക്കാൻ പ്രയാസപ്പെടേണ്ടിവരുമെന്നാണ് സൂചനകൾ.  

അത്തരമൊരു സാഹചര്യത്തിൽ രണ്ടു മുഖ്യ കക്ഷികൾക്കും തുല്യ പങ്കാളിത്തമുള്ള ദേശീയ എെക്യ ഗവൺമെന്റിനു വേണ്ടിയുള്ള ആലോചനയും നടക്കാനിടയുണ്ട്. ഇത്തരം ഗവൺമെന്റുകൾ ഇസ്രയേലിന്റെ ചരിത്രത്തിൽ തീർത്തും അപൂർവമല്ല. 

എന്നാൽ, അഴിമതി ആരോപണ വിധേയനായ നെതന്യാഹുവുമായി ഭരണം പങ്കിടാൻ ഗാന്റ്സ് വിസമ്മതിക്കുകയാണെങ്കിൽ അതിനും തടസ്സമുണ്ടാകും. അവശേഷിക്കുന്ന പോംവഴി വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ്. 

ഒരു വർഷത്തിനിടയിൽ മൂന്നു തെരഞ്ഞെടുപ്പ്! ഇസ്രയേലിലെ വോട്ടർമാരിൽ പലർക്കും അതു സങ്കൽപ്പിക്കാൻപോലും കഴിയുന്നില്ലത്രേ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ