എരിതീയിൽ എണ്ണപ്പാടവും

HIGHLIGHTS
  • ആരോപണങ്ങൾ ഇറാനെതിരെ
  • യെമനിലെ ഹൂതികളും രംഗത്ത്
iran-us-tensions
SHARE

അമേരിക്കയുടെയും ഇറാന്റെയും പ്രസിഡന്റുമാർ അടുത്ത ആഴ്ച തമ്മിൽ കാണുകയും അതോടെ ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയിൽ അയവുണ്ടാവുകയും ചെയ്യുമെന്ന പ്രതീക്ഷ നേരിയ തോതിലാണെങ്കിലും ഉയരുകയായിരുന്നു. പെട്ടെന്ന് അതു തകിടം മറിയുക മാത്രമല്ല, സംഘർഷാവസ്ഥ മറ്റെന്നത്തേക്കാളും വർധിച്ചിരിക്കുകയുമാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച (സെപ്റ്റംബർ 14) സൗദി അറേബ്യയിലെ ഒരു എണ്ണപ്പാടത്തിനും എണ്ണ സംസ്ക്കരണ ശാലയ്ക്കും നേരെയുണ്ടായ ഡ്രോൺ ആക്രമണം ആ വിധത്തിലുളളതായിരുന്നു. എണ്ണ കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യത്തിന്റെ എണ്ണ വ്യവസായത്തിന്റെ ഹൃദയഭാഗമാണ് ആക്രമിക്കപ്പെട്ടത്. അവരുടെ എണ്ണ ഉൽപ്പാദനം പകുതിയോളം കുറയാൻ ഇതു കാരണമാവുകയും ചെയ്തു. 

ആക്രമണത്തിന് ഉത്തരവാദി ഇറാനാണെന്നാണ് ആരോപണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്് പോംപിയോ വ്യക്തമായിത്തന്നെ ഇറാനെ കുറ്റപ്പെടുത്തുകയുണ്ടായി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും അദ്ദേഹവും വിരൽ ചൂണ്ടിയത് ഇറാന്റെ നേരെത്തന്നെയാണ്. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നതിനു തെളിവുണ്ടെന്നു സൗദി അറേബ്യയും ചൂണ്ടിക്കാട്ടുന്നു.

ഇൗ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ അമേരിക്ക പൂർണമായും തയാറായിരിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. ആരോപണം ഇറാൻ നിഷേധിക്കുകയാണ് ചെയ്തത്. മാത്രമല്ല, ഇൗ സംഭവത്തിന്റെ പേരിൽ ഇറാനെ അമേരിക്ക ആക്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഇതിനിടയിൽ മറ്റൊരു കൂട്ടർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സൗദി അറേബ്യയുടെ തെക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന രാജ്യമായ യെമനിലെ ഹൂതി വിമതരാണ് ഇവർ. യെമനിൽ നാലു വർഷമായി നടന്നുവരുന്ന ആഭ്യന്തര യുദ്ധത്തിൽ സൗദികൾ തങ്ങളെ എതിർക്കുന്നതിനു പകരം വീട്ടിയതാണെന്ന് അവർ വിശദീകരിക്കുന്നു. യെമനിൽനിന്നു സൗദികൾ പിന്മാറിയില്ലെങ്കിൽ ആക്രമണം കൂടുതൽ വലിയ തോതിൽ ആവർത്തിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. 

ഇതോടെ യെമനിലെ സ്ഥിതിഗതികളും ലോകത്തിന്റെ സവിശേഷ ശ്രദ്ധയ്ക്കു പാത്രമായിരിക്കുയാണ്. എണ്ണ സമ്പന്നമായ ഗൾഫ് മേഖലയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ യെമനിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും വിലയിരുത്തപ്പെടുന്നു. യെമനിലെ ഹൂതികൾ ഇതിനു മുൻപും പല തവണ സൗദി അറേബ്യയുടെ നേർക്കു ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയുണ്ടായി. എന്നാൽ, ശനിയാഴ്ചയിലെ ആക്രമണത്തിൽ ഉപയോഗിക്കപ്പെട്ട ഡ്രോണുകളുടെ നിർമാണത്തിൽ അടങ്ങിയ ഉയർന്ന തരത്തിലുള്ള സാങ്കേതിക വിദ്യ അവരുടെ കഴിവുകൾക്ക് അതീതമാണെന്നു കരുതപ്പെടുന്നു. 

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇറാനെതിരായ ആരോപണം. ഡ്രോണുകൾ എത്തിയതു യെമനിൽ നിന്നല്ലെന്നും ഇറാന്റെ ഭാഗത്തുനിന്നാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇതേ അഭിപ്രായമാണ് സൗദി അറേബ്യക്കുമുള്ളത്. 

ഇറാനടുത്തുള്ള ഇറാഖിന്റെ തെക്കൻ മേഖലയിൽ നിന്നാണ് ഡ്രോണുകൾ പുറപ്പെട്ടതെന്ന മറ്റൊരു അഭിപ്രായവും പ്രചരിക്കുകയാണ്. അവിടെ ഇറാൻ അനുകൂല മിലീഷ്യകളുണ്ടെന്നതു രഹസ്യമില്ല. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ എംബസ്സികൾ സ്ഥിതിചെയ്യുന്ന സുരക്ഷിത മേഖലയിലേക്ക് ഏതാനും മാസങ്ങൾക്കു മുൻപ് റോക്കറ്റ് ആക്രമണം നടത്തിയത് അവരാണെന്നും സൂചനകളുണ്ടായിരുന്നു. 

സൗദിയിലെ ആക്രമണത്തിനു പിന്നിൽ ഇവരായാലും ഹൂതികളായാലും അവരുമായുള്ള ബന്ധം കാരണം പ്രതിക്കൂട്ടിലായിരിക്കുന്നതു മുഖ്യമായും ഇറാൻ തന്നെയാണ്. ഇൗ വിധത്തിലുളള ആരോപണങ്ങൾ ഇറാന്റെനേരെ ഉയരുന്നത് ഇതാദ്യമല്ലതാനും. കഴിഞ്ഞ ചില മാസങ്ങളിൽ ഗൾഫിൽ സൗദി അറേബ്യ, യുഎഇ, ജപ്പാൻ, നോർവെ എന്നീ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളും ഇതുമായി ചേർത്തു വായിക്കാവുന്നതാണ്. ആ സംഭവങ്ങൾക്കും ഉത്തരവാദി ഇറാനാണെന്നായിരുന്നു ആരോപണം. 

അതിനെയെല്ലാം കവച്ചുവയ്ക്കുന്നതാണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഖുറൈസ് എണ്ണപ്പാടത്തിലും അബ്ഖൈയ്ഖ്് എണ്ണ സംസ്ക്കരണശാലയിലും ശനിയാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണം. ഖുറൈസ്്സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണപ്പാടവും അബ്ഖൈഖ് ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ സംസ്ക്കരണശാലയുമാണ്. സൗദി തലസ്ഥാനമായ റിയാദിന്റെ 330 കിലോമീറ്റർ വടക്കു കിഴക്കാണ് അബ്ഖൈഖ്. 

ആക്രമണത്തെ തുടർന്നുണ്ടായ സ്ഫോടനവും തീപ്പിടിത്തവും കാരണം പ്രതിദിന എണ്ണ ഉൽപാദനത്തിൽ 50 ലക്ഷം ബാരലിന്റെ കുറവുണ്ടായി. നേരത്തെ 97 ലക്ഷം ബാരലായിരുന്ന ഉൽപ്പാദനം ഏതാണ്ടു പകുതിയായി. ലോകത്തിലെ മൊത്തം എണ്ണ ഉൽപ്പാദനം അഞ്ച് ശതമാനം കുറയാനും ഇതു കാരണമായി. തുടർന്നു രാജ്യാന്തര തലത്തിൽ എണ്ണവില വർധിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ അമ്പരപ്പും ഭീതിയും ജനിപ്പിക്കുന്നവയാണെങ്കിലും ഒട്ടും അപ്രതീക്ഷിതമല്ലെന്നതാണ് വാസ്തവം. ആണവകരാർ സംബന്ധിച്ച പ്രശ്നത്തിൽ ഇറാനുമായി അമേരിക്ക ഏറ്റുമുട്ടാൻ തുടങ്ങിയതു മുതൽക്കുതന്നെ ഇക്കാര്യത്തിൽ പലരും മുന്നറിയിപ്പ് നൽകിയിരുന്നു. 

അമേരിക്ക ഉൾപ്പെടെയുള്ള ആറു രാജ്യങ്ങൾ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിൽനിന്ന്് അമേരിക്ക പിന്മാറുകയാണെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിട്ട് ഇപ്പോൾ ഒന്നേകാൽ വർഷമാവുകയാണ്. ഇറാനെതിരായ ഉപരോധം അദ്ദേഹം പുനഃസ്ഥാപിക്കുക മാത്രമല്ല, കർക്കശമാക്കുകയും ചെയ്തു. ഇതുകാരണം, എണ്ണയുടെ കയറ്റുമതി മിക്കവാറും സ്തംഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് ഇറാൻ. എണ്ണയാണ് ഇറാന്റെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ല്. 

പ്രതികാരമെന്ന നിലയിൽ ഗൾഫിലെ യുഎസ് താൽപര്യങ്ങളുടെയും സഖ്യരാജ്യങ്ങളുടെയും നേരെ ഇറാൻ തിരിയുമെന്നു സൂചനകളുണ്ടായിരുന്നു. അതിനുവേണ്ടി അവർ യെമനിലെ ഹൂതികളെയോ ലെബനനിലെ ഹിസ്ബുല്ല, പലസ്തീനിലെ ഇസ്ലാമിക് ജിഹാദ്, ഇറാഖിലെ ഹഷ്ദ് അൽ ഷആബ് എന്നിവ പോലുളള ഇറാൻ അനുകൂല മിലീഷ്യകളെയോ ഉപയോഗപ്പെടുത്തുമെന്നു മുന്നറിയിപ്പ് നൽകിയവരുമുണ്ട്. 

അമേരിക്കയെയോ സഖ്യരാജ്യങ്ങളെയോ ഇറാൻ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ചുട്ടുചാമ്പലാക്കുമെന്ന മട്ടിലാണ് പ്രസിഡന്റ് ട്രംപ് മുൻപ് പ്രസംഗിച്ചിരുന്നത്. അമേരിക്കയുടെ സൈനിക ശക്തി അജയ്യമാണെന്ന് എല്ലാവരെയും അദ്ദേഹം ഒാർമിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിന് അടിവരയിടുന്ന വിധത്തിൽ ഒരു പടുകൂറ്റൻ വിമാനവാഹിനിയുടെ നേതൃത്വത്തിൽ അമേരിക്കയുടെ ഒരു വലിയ യുദ്ധക്കപ്പൽ വ്യൂഹം ഇറാനു സമീപമുള്ള കടലിൽ ചുറ്റിക്കറങ്ങുന്നുമുണ്ട്. 

എന്നാൽ, അടുത്ത കാലത്തായി യുദ്ധം ട്രംപിന്റെ അജൻഡയിലില്ല. കഴിഞ്ഞ ജൂണിൽ നടന്ന ഒരു സംഭവം അതിനുദാഹരണമായിരുന്നു. അമേരിക്കയുടെ ഒരു ഡ്രോൺ തങ്ങളുടെ അതിർത്തി ലംഘിച്ചുവെന്ന പേരിൽ ഇറാൻ വെടി വച്ചുവീഴ്ത്തുകയുണ്ടായി. അതിനുള്ള തിരിച്ചടിയെന്ന നിലയിൽ ഇറാനെതിരെ മിസൈൽ ആക്രമണം നടത്താൻ ട്രംപ് ഒരുങ്ങി. പക്ഷേ, അവസാന നിമിഷത്തിൽ അദ്ദേഹത്തിനു മനംമാറ്റമുണ്ടാവുകയും പരിപാടി ഉപേക്ഷിക്കുകയും ചെയ്തു. 

സിറിയയ്ക്കെതിരെ 2017 ഏപ്രിലിൽ അമേരിക്ക മിസെൽ ആക്രമണം നടത്തിയതു ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റ് കഷ്ടിച്ച് മൂന്നു മാസം മാത്രം കഴിഞ്ഞപ്പോഴായിരുന്നു. സിറിയയിലെ പ്രസിഡന്റ് ബഷാർ അൽ അസ്സദ് തനിക്കെതിരെ പോരാടുന്നവർക്കു നേരെ രാസായുധം പ്രയോഗിച്ചതിനുളള ശിക്ഷാനടപടിയെന്ന പേരിലായിരുന്നു അത്. അത്തരം നടപടികൾക്കൊന്നും ഇപ്പോൾ, തന്റെ ഉദ്യോഗ കാലാവധിയുടെ അവസാന ഘട്ടത്തിൽ ട്രംപ് തയാറില്ലെന്നാണ് സൂചനകൾ. 

രണ്ടാം തവണയും പ്രസിഡന്റാകാൻ ശ്രമിക്കാനുള്ള തിരഞ്ഞെടുപ്പിന് ഒര വർഷവും ഒരു മാസവും മാത്രമാണ് അദ്ദേഹത്തിന്റെ മുന്നിൽ ബാക്കിയുള്ളത്്. അതിനിടയിൽ എങ്ങനെ, എപ്പോൾ അവസാനിക്കുമെന്നു തിട്ടപ്പെടുത്താനാവാത്ത അതിഭീകരമായ ഒരു സങ്കീർണ യുദ്ധത്തിലേക്ക് എടുത്തു ചാടുന്നത് ബുദ്ധിശൂന്യമാകുമോ എന്ന ചിന്ത ട്രംപിനെ അലട്ടാനിടയുണ്ട്. 18 വർഷം പഴക്കമുള്ള അഫ്ഗാൻ യുദ്ധത്തിൽനിന്ന്് അമേരിക്കയെ മോചിപ്പിക്കുമെന്ന 2016ലെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ ഇതുവരെ അദ്ദേഹത്തിനു സാധ്യമായിട്ടുമില്ല. 

സൗദി അറേബ്യയിൽ ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ അമേരിക്ക പൂർണമായി ഒരുങ്ങിയിരിക്കുകയാണെന്നു ട്രംപ് പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ നിലപാടിൽ പിന്നീട് മാറ്റംവന്നുവെന്നാണ് സൂചനകൾ. ഇറാനെതിരെ പുതിയ ഉപരോധ നടപടികൾ കൈക്കൊള്ളാനാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ തീരുമാനം. എങ്കിലും, സൗദി അറേബ്യയിലെ ഭീകരമായ ആക്രമണത്തെ തുടർന്നുണ്ടായ ആശങ്കകൾ അവശേഷിക്കുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാനുളള സാധ്യത ആരും തള്ളിക്കളയുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ