sections
MORE

അടിയേറ്റിട്ടും പിടിവിടാതെ ബോജോ

HIGHLIGHTS
  • രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം
  • സുപ്രീംകോടതിക്കെതിരെ വിമർശനം
boris-johnson-faces-fury-in-parliament
യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകാനുളള തീയതി അടുത്തുകൊണ്ടിരിക്കേ ബ്രിട്ടനിൽരാഷ്ട്രീയ കോളിളക്കം. സുപ്രീം കോടതിവിധിയുടെപശ്ചാത്തലത്തിൽ പ്രധാനമന്ത്രി ജോൺസൻ രാജിവയ്ക്കണമെന്നു മുറവിളി
SHARE

ബ്രിട്ടനിൽ ഏറ്റവും കുറഞ്ഞകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ജോർജ് കാന്നിങ്ങായിരുന്നു. ഏതാണ്ടു രണ്ടു നൂറ്റാണ്ടുകൾക്കു മുൻപായിരുന്നു അത്. 

1827 ഒാഗസ്റ്റ് എട്ടിനു മരിക്കുന്നതുവരെ അദ്ദേഹം ഭരിച്ചതു വെറും 118 ദിവസം. ആ റെക്കോഡ് ഇപ്പോൾ തിരുത്തപ്പെടാൻ പോവുകയാണോ ?

ബ്രിട്ടനിലെ എഴുപത്തേഴാമത്തെ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൻ (സുഹൃത്തുക്കളുടെ ബോജോ) സ്ഥാനമേറ്റിട്ട് രണ്ടു മാസം ആയതേയുള്ളൂ. അദ്ദേഹംരാജിവയ്ണമെന്ന മുറവിളിയാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബർ 24) മുതൽ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷേ, ജോൺസൻ അതിനു വിസമ്മതിക്കുന്നു. വേണമെങ്കിൽ അവിശ്വാസപ്രമേയത്തിലൂടെ തന്നെ പുറത്താക്കാൻ നോക്കൂ എന്നു പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. 

ബ്രിട്ടനിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയാണ് ജോൺസനെ കുഴപ്പത്തിലാക്കിയത്. പാർലമെന്റ് സമ്മേളനം സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 14വരെ അഞ്ചാഴ്ചത്തേക്കു നിർത്തിവച്ചതു സംബന്ധിച്ച കേസിലാണ് 11 ജഡ്ജിമാരുടെ ഐക്യകണ്ഠ്യേനയുള്ള വിധി. 

ഇത്രയും നീണ്ട കാലത്തേക്കു സമ്മേളനം നിർത്തിവയ്ക്കാൻ രാജ്യത്തിന്റെ അധിപയായ രാജ്ഞിയെ ഉപദേശിച്ചതു പ്രധാനമന്ത്രിയെന്ന നിലയിൽ ജോൺസനാണ്. ബ്രിട്ടനിലെ അലിഖിത ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രിയുടെ ഉപദേശം അനുസരിക്കുകയേ രാജ്ഞിക്കു നിവൃത്തിയുള്ളൂ. 

പ്രധാനമന്ത്രിയുടെ ഉപദേശം നിയമവിരുദ്ധവും അസാധുവുമാണെന്നാണ് ചീഫ് ജസ്റ്റിസ് ബ്രെൻഡ ഹേൽ പ്രഭ്വി പ്രഖ്യാപിച്ചത്. അതിനാൽ പാർലമെന്റ് സമ്മേളനം നിർത്തിവച്ചിട്ടില്ലാത്തതായി കണക്കാക്കാമെന്നും അവർ വ്യക്തമാക്കി. പിറ്റേന്നുതന്നെ പാർലമെന്റ് പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു.   

ജോൺസന് ഇതൊരു വലിയ തിരിച്ചടിയായി. യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്കു പോയിരുന്ന അദ്ദേഹം പരിപാടി വെട്ടിച്ചുരുക്കി നാട്ടിൽ തിരിച്ചെത്തി. 

BRITAIN-EU

സമീപകാലത്തൊന്നും മറ്റൊരു പ്രധാനമന്ത്രിക്കും നേരിട്ടിട്ടില്ലാത്ത അത്രയും തീവ്രമായ രോഷപ്രകടനമാണ് പാർലമെന്റിൽ അദ്ദേഹത്തിനു നേരിടേണ്ടിവന്നത്. ബ്രെക്സിറ്റ് (യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം) സംബന്ധിച്ച കാര്യത്തിൽ സ്വന്തം വഴിയിലൂടെ മുന്നോട്ടുപോകാനുള്ള ജോൺസന്റെ തന്ത്രങ്ങൾ ഇതോടെ കൂടുതൽ സങ്കീർണമാവുകയും ചെയ്തു.

മൂന്നു വർഷത്തിലേറെയായി തുടർന്നുവരുന്ന ബ്രെക്സിറ്റ് വിവാദത്തിലേക്ക് രാജ്ഞിയും വലിച്ചിഴക്കപ്പെട്ടുവെന്നതാണ് ഇതിന്റെയെല്ലാം മറ്റൊരു വശം. രാജ്ഞിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിൽ പരമോന്നത നീതിപീഠം വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമാണ്. പാർലമെന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കോടതികൾ ഇടപെടുക പതിവില്ല.  

നിശ്ചിത തീയതിയായ ഒക്ടോബർ 31നു തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു) വിടുമെന്ന ദൃഢനിശ്ചയത്തിലാണ് ജോൺസൻ. തുടർന്നുള്ള ബന്ധത്തെപ്പറ്റി ഇയുവുമായി കരാറുണ്ടാക്കണം. അതിനു ബാക്കിയുളളത് ഒരു മാസം. അതിനകം കരാറുണ്ടായില്ലെങ്കിൽ കരാറില്ലാതെയുള്ള ബ്രെക്സിറ്റിനും ജോൺസൻ ഒരുങ്ങിനിൽക്കുന്നു.  

അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള ആശങ്കകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. സ്വന്തം പ്ളാനുമായി താൻ മുന്നോട്ടു പോകുന്നതു തടയാൻ ഭരണകക്ഷിയിലെ തന്നെ ചിലരുടെ പിന്തുണയോടെ പാർലമെന്റിൽ ശ്രമം നടക്കുമെന്നു ജോൺസൻഭയപ്പെട്ടു. പാർലമെന്റ് സമ്മേളനം അഞ്ചാഴ്ചത്തേക്കു നിർത്തിവയ്ക്കാനുള്ള നടപടി അതിനെ പരാജയപ്പെടുത്താൻ വേണ്ടിയായിരുന്നു. 

പക്ഷേ, രാജ്ഞിയെ ജോൺസൻ ബോധ്യപ്പെടുത്തിയതു മറ്റൊരു വിധത്തിലാണ്. പുതിയ ഗവൺമെന്റിന്റെ നയപരിപാടികൾ വിവരിച്ചുകൊണ്ടുള്ള രാജ്ഞിയുടെ പ്രസംഗത്തോടെ അടുത്ത സമ്മേളനം ഒക്ടോബർ 14നു തുടങ്ങാൻ ഉദ്ദേശിക്കുന്നുവെന്നും അതിന്റെ തയാറെടുപ്പിനു വേണ്ടി ഇൗ സമ്മേളനം അഞ്ചാഴ്ച നിർത്തിവയ്ക്കേണ്ടത് ആവശ്യമാണെന്നുമാണ് അദ്ദേഹം രാജ്ഞിക്കു നൽകിയ ഉപദേശം. 

എന്നാൽ, തന്റെ ബ്രെക്സിറ്റ് പ്ളാൻ പാർലമെന്റിന്റെ പരിശോധനയ്ക്കു വിധേയമാകുന്നതു തടയുകയാണ് ജോൺസന്റെ ഉദ്ദശ്യമെന്ന കാര്യത്തിൽ ആർക്കും സംശയുണ്ടായിരുന്നില്ല. അധികാര ദുർവിനിയോഗംഎന്ന പേരിൽ അന്നുതന്നെ അതു കഠിനമായി വിമർശിക്കപ്പെടുകയുണ്ടായി. 

ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ഹാം, ലീഡ്സ്, യോർക്ക്, ബെൽഫാസ്റ്റ്, എഡിൻബർഗ്, കേംബ്രിജ്, നോട്ടിങാം, ലിവർപൂൾ തുടങ്ങിയ മുപ്പതോളം നഗരങ്ങളിലും പട്ടണങ്ങളിലും ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രശ്നം കോടതികളിലുമെത്തി. 

boris-johnson

പൊതു പ്രവർത്തകയും ബിസിനസുകാരിയുമായ ജിന മില്ലറാണ് ലണ്ടനിലെ ഹൈക്കോടതിയെ സമീപിച്ചത്. തെക്കെ അമേരിക്കയിലെ ഗയാനയിൽ ജനിച്ച ഇന്ത്യൻ വംശജയായ ജിന നേരത്തെ ബ്രെക്സിറ്റുമായി ബന്ധമുള്ള മറ്റൊരു കേസിലും ഹർജിക്കാരിയായിരുന്നു. ബ്രിട്ടൻ ഇയു വിടുന്നതു പാർലമെന്റിന്റെ അംഗീകാരത്തോടെ വേണമെന്നു സുപ്രീംകോടതി 2017ൽ വിധിയെഴുതിയത് ആ കേസിലാണ്. 

പാർലമെന്റ് സമ്മേളനം നിർത്തിവച്ചതിനെതിരെ ജിന ലണ്ടനിലെ ഹൈക്കോടതിയിൽ ഫയൽചെയ്ത കേസിൽ മുൻപ്രധാനമന്ത്രി ജോൺ മേജറും കക്ഷിചേരുകയുണ്ടായി. അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ സ്വന്തം പാർട്ടിയിലെതന്നെ ഒരു മുൻഗാമി പരസ്യമായി രംഗത്തുവന്നത് അഭൂതപൂർവമാണ്. ബ്രെക്സിറ്റിന്റെയും അതു  നടപ്പാക്കുന്നതിന്റെയും കാര്യത്തിൽ ഭരണകക്ഷിയിൽ തന്നെയുള്ള ഭിന്നതയുടെ ആഴത്തിലേക്കാണ് അതു വിരൽ ചൂണ്ടിയത്.  

പക്ഷേ, ജിനയുടെ ഹർജി ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു. സഭ നിർത്തിവയ്ക്കാനുള്ള തീരുമാനം തികച്ചും രാഷ്്ട്രീയമാണെന്നും കോടതിക്ക്അതിൽ ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു വിശദീകരണം.  

സമാനമായ കേസ് എഡിൻബർഗിലെ സ്കോട്ടിഷ് കോടതിയിലും ഉണ്ടായിരുന്നു. സഭ നിർത്തിവച്ചതു നിയമ വിരുദ്ധവും പാർലമെന്റിന്റെ പ്രവർത്തനം തടയാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതുമാണെന്നായിരുന്നു ആ കോടതിയുടെ വിധി. ഇൗ രണ്ടു വിധികൾക്കും എതിരെ സമർപ്പിക്കപ്പെട്ട അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി. 

ലണ്ടൻ ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളുകയും സ്കോട്ടിഷ് കോടതി വിധി അംഗീകരിക്കുകയും ചെയ്തു. പാർലമെന്റ് സമ്മേളനം അഞ്ചാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ ന്യായമായ ഒരു കാരണവുമില്ലെന്നാണ് 11 ജഡ്ജിമാരും വ്യക്തമാക്കിയത്. 

ഇതു കാരണം ഭരണഘടനാപരമായ പ്രവർത്തനം നിർവഹിക്കുന്നതിനു പാർലമെന്റിനു തടസ്സം നേരിട്ടതായി അവർ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇൗ വിധി പാർലമെന്റ് നിർത്തിവയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം സംബന്ധിച്ചുളളതു മാത്രമാണെന്നും ബ്രെക്സിറ്റിനെക്കുറിച്ചുള്ളതല്ലെന്നും അവർ എടുത്തു പറഞ്ഞതും ശ്രദ്ധേയമായിരുന്നു.

പരമോന്നത നീതീപീഠത്തിന്റെ തീരുമാനം താൻ അംഗീകരിക്കുന്നുവെന്നാണ് ജോൺസൻ പ്രതികരിച്ചത്. അതല്ലാതെ അദ്ദേഹത്തിനു നിവൃത്തിയില്ല. അതേസമയം, സുപ്രീംകോടതിയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. 

തികച്ചും രാഷ്ട്രീയമായ ഒരു പ്രശ്നത്തിൽ കോടതി ഇടപെടാൻ പാടില്ലായിരുന്നുവെന്നും ഇതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുകയാണെന്നും ജോൺസൻ കുറ്റപ്പെടുത്തുന്നു. ബ്രെക്സിറ്റ് കാര്യത്തിൽ 2016 ജൂണിൽ നടന്ന ഹിതപരിശോധനയിൽ ഉണ്ടായ ജനവിധിയെ അട്ടിമറിക്കാൻ പലരും ശ്രമിക്കുകയാണെന്നു പറയാനും അദ്ദേഹം മടിച്ചില്ല. 

പാർലമെന്റിലും കോടതികളിലും നടക്കുന്ന ഇത്തരം കാര്യങ്ങൾ ഇയുവുമായി സ്വീകാര്യമായ കരാറുണ്ടാക്കാനുളള ശ്രമങ്ങളെ അവതാളത്തിലാക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. 

boris-johnson-2

ന്യൂയോർക്കിൽനിന്നു തിരക്കിട്ടു ലണ്ടനിലേക്കു മടങ്ങുന്നതിനുമുൻപ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ജോൺസൻ സംസാരിക്കുകയും അദ്ദേഹത്തോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയുമുണ്ടായി. ബ്രെക്സിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജോൺസനെ ശക്തമായി പിന്തുണയക്കുന്ന ആളാണ് ട്രംപ്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ജോൺസൻ രാജിവയ്ക്കുമോയെന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു:‘‘അദ്ദേഹത്തെ എനിക്കു നന്നായി അറിയാം. അദ്ദേഹം എങ്ങോട്ടും പോകുന്നില്ല’’

പക്ഷേ, രാജ്ഞിയെ തെറ്റിദ്ധരിപ്പിക്കുകയും പാർലമെന്റിനെ നിഷ്ക്രിയമാക്കുകയും ചെയ്തതിനു ജോൺസൻ മാപ്പ് പറയുകയും രാജിവയ്്ക്കുകയുംചെയ്യണമെന്ന മുറവിളി തുടരുകയാണ്. ബ്രെക്സിറ്റ് തീരുമാനം നടപ്പാക്കാനുള്ള അവസാന തീയതിഅതിവേഗം അടുത്തുകൊണ്ടിരിക്കേ ബ്രിട്ടീഷ് രാഷ്ട്രീയം തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്നു.

            

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA