ഹോങ്കോങ്: എല്ലാ കണ്ണുകളും ചൈനയിൽ

HIGHLIGHTS
  • സൈനിക താവളത്തിൽ കൂടുതൽ ഭടന്മാർ
  • വാണിജ്യരംഗം അവതാളത്തിൽ
ഹോങ്കോങ്: എല്ലാ കണ്ണുകളും ചൈനയിൽ
ഹോങ്കോങ്ങിലെ സമരം നിർത്തണമെങ്കിൽ അഞ്ച് ആവശ്യങ്ങൾ അനുവദിച്ചുകിട്ടണമെന്നു സമരക്കാർ. അവയിൽ ചിലതു പരിഗണിക്കുന്ന കാര്യം സങ്കൽപ്പിക്കാൻ പോലും ചൈനയ്ക്ക് അസാധ്യം
SHARE

ഹോങ്കോങ്ങിൽ നാലു മാസമായി നടന്നുവരുന്ന പ്രക്ഷോഭവും അതിന്റെ നേരെയുള്ള ചൈനയുടെ സമീപനവും നിർണായകമായ ഒരു പുതിയ ഘട്ടത്തിലേക്കു പ്രവേശിക്കുകയാണോ ? ചൈനയിൽ കമ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായതിന്റെ എഴുപതാം വാർഷികം (ഒക്ടോബർ ഒന്ന്) കടന്നുപോയത് ഇൗ ചോദ്യം ബാക്കിവച്ചുകൊണ്ടാണ്.

ചൈനയേക്കാൾമുൻപ് കമ്യൂണിസ്റ്റ് ഭരണം നിലവിൽവന്ന സോവിയറ്റ് യൂണിയനിൽ അതു നീണ്ടുനിന്നതു 69 വർഷമായിരുന്നു. സോവിയറ്റ് യൂണിയൻ തന്നെ ഛിന്നഭിന്നമായി. അതിനെ ചൈന മറികടക്കുകയും അവിടത്തെ  കമ്യൂണിസ്റ്റ് ഭരണകൂടം ആയുർദൈർഘ്യത്തിൽ ചരിത്രം സൃഷ്ടിക്കുകയുംചെയ്തു. 70 വർഷം മുൻപ് ഒരു ദരിദ്ര രാജ്യമായിരുന്ന ചൈന ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുന്നതു കാണാനുംഅവർക്കു ഭാഗ്യമുണ്ടായി. 

ആ നിലയിൽതന്നെ ഏറെ അഭിമാനത്തോടെയാണ് കമ്യൂണിസ്റ്റ് ചൈനയുടെ നേതാവ്-പാർട്ടിയുടെ ജനറൽ സെക്രട്ടറിക്കു പുറമെ രാജ്യത്തിന്റെ പ്രസിഡന്റ് കൂടിയായ-ഷി ചിൻപിങ് ഒക്ടോബർ ഒന്നിലെ ആഘോഷങ്ങൾക്കു നേതൃത്വം നൽകിയത്. ചൈനയുടെ സൈനിക ശക്തി വിളിച്ചോതുന്ന ഗംഭീരമായ സൈനികപരേഡും നടന്നു.  

CHINA-ANNIVERSARY-PARADE

രാഷ്ട്രസ്ഥാപകനായ മാവോ സെ ദൂങ്ങിന്റെ പിൻതുടർച്ചക്കാരനാണ് താനെന്നതു 140 കോടി ചൈനക്കാരെ ഒാർമ്മിപ്പിക്കുമാറ് മാവോ സൂട്ടിലാണ് ഷി ജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടതും. മാവോയുടെ മരണത്തിനുശേഷം ചൈനയിൽ പല മാറ്റങ്ങളുംഉണ്ടായ കൂട്ടത്തിൽ ഇൗ വേഷം മിക്കവാറും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. നേതാക്കളുടെയെല്ലാം ഇഷ്ടവേശം ഇപ്പോൾ പാശ്ചാത്യരുടെ സൂട്ടും ടൈയുമാണ്.  

മാവോ 1949 ഒക്ടോബർ ഒന്നിനു പുതിയ രാഷ്ട്രം വിളംബരം ചെയ്ത അതേസ്ഥലത്തു-ബെയ്ജിങ് നഗരമധ്യത്തിലെ അതിവിശാലമായ ടിയനൻമെൻ ചത്വരത്തിൽ-ജനങ്ങളെ അഭിസംബോധന ചെയ്തു ഷി നടത്തിയ പ്രസംഗവും ശ്രദ്ധേയമായിരുന്നു. ചൈനയെ പിടിച്ചുകുലുക്കാൻ ഒരു ശക്തിക്കും സാധ്യമാവില്ലെന്ന് അദ്ദേഹം ആവർത്തിച്ചുപറഞ്ഞു.  

അന്നുച്ചയ്ക്കു ശേഷമാണ് ചൈനയുടെ മറ്റൊരു ഭാഗത്ത്, ഹോങ്കോങ്ങിൽ ചൈനാവിരുദ്ധ പ്രക്ഷോഭം നാലു മാസങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ രൂപംകൈക്കൊണ്ടത്. നിരോധനം ലംഘിച്ച് പൗരാവകാശ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ സ്കൂൾകുട്ടികൾ ഉൾപ്പെടെയുളള ചെറുപ്പക്കാർ പൊലീസുമായി ഏറ്റുമുട്ടി. 

പാറക്കല്ലുകളും ലോഹദണ്ഡുകളും പെട്രോൾ ബോംബുകളും പൊലീസിനെതിരെ പ്രയോഗിക്കപ്പെട്ടു. പൊലീസ് പതിവുപോലെ കുരുമുളകു സ്പ്രേയും കണ്ണീർ വാതകവും ജലപീരങ്കിയും റബർ ബുള്ളറ്റുകളും പ്രയോഗിച്ചതിനു പുറമെ ഇത്തവണ ആദ്യമായി യഥാർഥ ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവയ്പും നടത്തി. പതിനെട്ടുകാരനായ ഒരു വിദ്യാർഥി നെഞ്ചത്തു വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി.

HONGKONG-PROTESTS/

ഒക്ടോബർ ഒന്നിനോട് അനുബന്ധിച്ച് സ്ഥിതിഗതികൾ ഗുരുതരമാകാൻ ഇടയുണ്ടെന്ന ഭീതി കാരണംഅധികൃതർ പതിവിൽ കൂടുതൽ പൊലീസുകാരെ തെരുവുകളിൽ വിന്യസിപ്പിച്ചിരുന്നു. എന്നിട്ടുംസമരക്കാരെ ചെറുക്കാൻ അവർക്കു പ്രയാസം നേരിട്ടു. വിദ്യാർഥിയെ പൊലീസുകാരൻ വെടിവച്ചതു പ്രകോപനമൊന്നും ഇല്ലാതെയും  നേരെ മുന്നിൽ വച്ചാണെന്നും അതിനു മുൻപ് അയാൾ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു. 

ഇതോടെ അവർ കൂടുതൽ രോഷാകുലരായി. തുടർന്നുളള ചില ദിവസങ്ങളിലും വിദ്യാർഥികൾ ക്ളാസ് ബഹിഷ്ക്കരിക്കുകയും സ്കൂൾ യൂണിഫോമുകളിൽ തന്നെ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും ചെയ്തു. മുതിർന്ന ഒട്ടേറെ പേരും അവരോടൊപ്പം ചേർന്നു.

യഥാർഥ ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവയ്പ് ഒരു യാദൃശ്ചിക സംഭവമല്ലെന്നും സമരക്കാർ മേലിൽ നേരിടാൻ പോകുന്ന കൂടുതൽ കർക്കശമായ നടപടികളുടെ തുടക്കം മാത്രമാണെന്നും കരുതപ്പെടുന്നു. വാസ്തവത്തിൽ ഇത്തരമൊരു സമീപനത്തിനുവേണ്ടി ഉഴറി നിൽക്കുകയായിരുന്നുവ്രേത  ഹോങ്കോങ് അധികൃതരും അവരുടെ മേലാളന്മാരായ ചൈനീസ് ഭരണകൂടവും. 

ഒക്ടോബർ ഒന്നിലെ ഏഴുപതാം വാർഷികം അവരെ അതിൽനിന്നു തടഞ്ഞുനിർത്തുകയായിരുന്നു. ഇപ്പോൾ ആ ദിവസം കഴിഞ്ഞു. അത്യാദരവോടെ മാത്രം വീക്ഷിക്കപ്പെടുന്ന ആ ദിനത്തെ അലങ്കോലപ്പെടുത്താൻ സമരക്കാർ ധൈര്യപ്പെട്ടത് ഉന്നത തലങ്ങളിൽ രോഷം വർധിക്കാനും കാരണമായി. ഹോങ്കോങ്ങിലെ സ്ഥിതിഗതികൾ ഇനിയും നിയന്ത്രണാധീനമാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും സമാനമായ കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടാൻ അത് ഇടയാക്കുമെന്നും ചൈന ഭയപ്പെടുന്നുണ്ടത്രേ.  

Hong-Kong-Protest

ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്റെ കോളണിയായിരുന്ന ഹോങ്കോങ്ങ് (1106 ചതുരശ്ര കിലോമീറ്റർ) ചൈനയ്ക്കു തിരിച്ചുകിട്ടിയത് 1997ലാണ്. ആ സമയത്തു നിലവിലുണ്ടായിരുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകൾ 50 വർഷത്തേക്ക് (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നായിരുന്നു ബ്രിട്ടനും ചൈനയും തമ്മിലുണ്ടായ കരാറിൽ പറഞ്ഞിരുന്നത്. 

ഇതിനെ ‘ഒരു രാജ്യം, രണ്ടു വ്യവസ്ഥകൾ’ എന്നു വിളിക്കുന്നു. ജനാധിപത്യത്തിലും നിമയവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ രീതി ഹോങ്കോങ്ങിലെ ചൈനീസ് നിയന്ത്രിത പ്രാദേശിക ഭരണകൂടം അട്ടിമറിക്കുന്നുവെന്നാണ് സമരക്കാരുടെ ആക്ഷേപം. 

ഇതിനെതിരെ മുൻപും ഹോങ്കോങ്ങിലെ തെരുവുകളിൽ പ്രതിഷേധം ഇരമ്പുകയുണ്ടായി. ‘കുടവിപ്ളവം' എന്ന പേരിൽ അറിയപ്പെട്ട 2014ലെ പ്രക്ഷോഭം 79 ദിവസം നീണ്ടുനിന്നുവെങ്കിലും ഒടുവിൽ അലസിപ്പോവുകയായിരുന്നു.  

ഇക്കഴിഞ്ഞ ജൂൺ ആദ്യത്തിൽ തുടങ്ങിയ പുതിയ പ്രക്ഷോഭം ഇത്രയേറെ നീണ്ടുനിൽക്കുമെന്ന് അതിനാൽ അധികമാരുംകരുതിയിരുന്നില്ല. ഹോങ്കോങ്ങിലെ കേസുകളിൽ പ്രതികളാകുന്നവരെ വിചാരണയ്ക്കായി ചൈനയിലേക്ക് അയക്കാൻ അനുമതി നൽകുന്ന ഒരു ബില്ലുമായി വനിതയായ മുഖ്യഭരണാധികാരി (ചീഫ് എക്സിക്യൂട്ടീവ്) കാരി ലാം മുന്നോട്ടുവന്നപ്പോഴാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. 

ബെയ്ജിങ്ങിലെ ഭരണകൂടത്തിന്റെ അപ്രീതിക്കു പാത്രമായ പലരും ഹോങ്കോങ്ങിലുണ്ട്. അവരെ ചൈനയ്ക്കു വിട്ടുകൊടുക്കാൻ വഴിയൊരുക്കുകയായിരുന്നു ഇൗ ബിൽ. ഹോങ്കോങ്ങിൽ നിലനിൽക്കുന്ന വിധത്തിലുള്ള സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ചൈനയിലില്ലാത്തതിനാൽ അവർക്കു ശിക്ഷ ഉറപ്പായിരുന്നു. 

സമരം പൊട്ടിപ്പുറപ്പെട്ടത് ഇൗ നീതിനിഷേധത്തിന് എതിരെയായാണ്. മിക്കവാറും വാരാന്ത്യങ്ങളിൽ നടന്നുവന്ന പ്രകടനങ്ങളിൽ ആദ്യഘട്ടത്തിൽ ഒരു ദിവസം 10 ലക്ഷവും മറ്റൊരു ദിവസം 20 ലക്ഷവും പേർ പങ്കെടുത്തുവെന്നായിരുന്നു  റിപ്പോർട്ടുകൾ.  

Pro-democracy protests force postponement of Hong Kong Open

സമരത്തിനെതിരെ ആദ്യം പുറംതിരിഞ്ഞിരുന്ന കാരി ലാം പിന്നീട് ബില്ലിന്റെ അവതരണം നിർത്തിവയ്ക്കാനും ഒടുവിൽ അതു പിൻവലിക്കാനും നിർബന്ധിതയായി.  പക്ഷേ, ബെയ്ജിങ്ങിലെ മേലാളന്മാരുടെ നിർദേശം അനുസരിച്ച് അവർ അതിനു തയാറായപ്പോഴേക്കും സമയം ഏറെ വൈകിപ്പോയി.

സമരം നിർത്തണമെങ്കിൽ വേറെ ചില ആവശ്യങ്ങൾകൂടി അനുവദിച്ചുകിട്ടണമെന്നാണ് ഇപ്പോൾ സമരക്കാരുടെ നിലപാട്. അവ ഇപ്രകാരമാണ്:

ഒന്ന് : വിവാദബിൽ വീണ്ടും കൊണ്ടുവരില്ലെന്ന്  ഉറപ്പുനൽകുകയും ചീഫ് എക്സിക്യൂട്ടീവ് കാരി ലാം രാജിവയ്ക്കുകയും ചെയ്യണം.

രണ്ട് : തങ്ങളുടെ സമരത്തെ ‘ലഹള’ എന്നു ഗവൺമെന്റ് വിളിക്കുന്നതു നിർത്തണം. നിയമ വിധേയമായ പ്രതിഷേധ പ്രകടനമായി അതിനെ അംഗീകരിക്കണം.

മൂന്ന് : അറസ്റ്റിലായവരെ നിരുപാധികം വിട്ടയക്കുകയും അവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കുകയുംവേണം. 

നാല് : സമരക്കാർക്കെതിരെ പൊലീസ് അഴിച്ചുവിട്ട അക്രമങ്ങളെപ്പറ്റി സ്വതന്ത്രമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. 

അഞ്ച് : ചീഫ് എക്സിക്യൂട്ടീവിനെയും പ്രാദേശിക ഭരണകൂടത്തിലെ മറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന ഇപ്പോഴത്തെ രീതി മാറ്റണം. അവരെ സ്വതന്ത്രവും സുതാര്യവുമായ വിധത്തിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കണം. 

ഇൗ ആവശ്യങ്ങളിൽ ചിലതു, വിശേഷിച്ച് അഞ്ചാമത്തേത് അനുവദിച്ചുകൊടുക്കുന്ന കാര്യം സങ്കൽപ്പിക്കാൻ പോലും ചൈനയ്ക്കു സാധ്യമല്ല. ജനാധിപത്യമില്ലാത്ത ചൈനയിൽ 28 വർഷത്തിനുശേഷം (2047ൽ) പൂർണമായി ലയിപ്പിക്കപ്പെടുന്ന ഒരു പ്രദേശത്ത് എങ്ങനെ ജനാധിപത്യം നടപ്പാക്കും ?

ഇത്രയും കാലം ജനാധിപത്യവും പൗരാവകാശങ്ങളും ഇല്ലാതെ ജീവിച്ച ചൈനയുടെ മറ്റു ഭാഗങ്ങളിലെ ജനങ്ങൾ അതിനെ എങ്ങനെ നോക്കിക്കാണും ?

ലോകത്തിൽ വച്ചേറ്റവും വലിയ ഒരു ബിസിനസ്കേന്ദ്രവും ക്രയവിക്രയങ്ങളുടെ ആസ്ഥാനവുമായ ഹോങ്കോങ് നഗരത്തിനു ഏതാണ്ടു നാലു മാസമായി നേരാംവണ്ണം പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നതാണ് ഇൗ സംഭവവികാസങ്ങളുടെ മറ്റൊരു വശം. ഇതും ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്.    

CHINA-ANNIVERSARY-PARADE

ഹോങ്കോങ്ങിൽ നിന്നുയരുന്ന വെല്ലുവിളിയെ ചൈന എങ്ങനെ നേരിടും ? ബലം പ്രയോഗിക്കുമോ ? അതിനുവേണ്ടി പട്ടാളത്തെ ഇറക്കുമോ ?             

വടക്കൻ ഹോങ്കോങ്ങിൽ ചൈനയുമായുള്ള അതിർത്തിക്കടുത്തു ചൈനീസ് സൈനിക താവളമുണ്ട്. അവിടെ നേരത്തെ മൂവായിരത്തിനും ആറായിരത്തിനും ഇടയ്ക്കു  ഭടന്മാരുണ്ടായിരുന്ന സ്ഥാനത്ത് ഇൗയിടെയായി അവരുടെ എണ്ണം ഇരട്ടിയായതായും റിപ്പോർട്ടുകളുണ്ട്. നിയമവാഴ്ച അപകടത്തിലായാൽ സഹായത്തിനു ചൈനീസ് പട്ടാളത്തെ വിളിക്കാമെന്നു ഹോങ്കോങ്ങിലെ നിയമത്തിൽ പറയുന്നുമുണ്ട്രേത. എല്ലാ കണ്ണുകളും ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് ആ സൈനിക താവളത്തിലും ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA