യുദ്ധഭൂമിയിൽ വീണ്ടും മലക്കംമറിച്ചിൽ

HIGHLIGHTS
  • യുഎസ് പിന്നിൽനിന്നു കുത്തിയെന്നു കുർദുകൾ
  • ഐഎസ് വീണ്ടും വരുമെന്നു ഭയം
trumps-withdrawing-troops-from-northeast-syria
സിറിയയിലേക്കു കടക്കാൻ തുർക്കി സൈന്യത്തിനു യുഎസ് പ്രസിഡന്റിന്റെ പച്ചക്കൊടി. അതിനുവേണ്ടി യുഎസ് സൈനികരെ പിൻവലിക്കുന്നു. പെട്ടെന്നുള്ള ഇൗ തീരുമാനത്തിന്റെ അനന്തര ഫലങ്ങളെപ്പറ്റി കടുത്ത ആശങ്ക
SHARE

സിറിയയുടെ കാര്യത്തിലുള്ള യുഎസ് നയത്തിൽ വീണ്ടും പെട്ടെന്നൊരു മാറ്റം. സിറിയയുടെ വടക്കു കിഴക്കു ഭാഗത്തുനിന്ന് അമേരിക്കൻ ഭടന്മാർ പിൻവാങ്ങുകയാണ്. തൊട്ടപ്പുറമുള്ള തുർക്കിയുടെ സൈന്യം ആ ഭാഗത്തേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. 

അവരുമായി ഏറ്റുമുട്ടാതിരിക്കാനാണ് യുഎസ് സൈനികരുടെ പിന്മാറ്റം. പശ്ചിമേഷ്യൻ രാജ്യമായ സിറിയയിൽ എട്ടു വർഷമായി തുടർന്നുവരുന്ന ആഭ്യന്തര യുദ്ധം ഇതോടെ പുതിയൊരു ഘട്ടത്തിലേക്കു കടക്കുന്നു.

തുർക്കിയുടെ അതിർത്തിയുമായി ചേർന്നുകിടക്കുന്ന സിറിയയുടെ വടക്കു കിഴക്കൻ മേഖല ഇപ്പോൾ കുർദ് നേതൃത്വത്തിലുള്ള സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) എന്ന സിറിയൻ വിമതസേനയുടെ നിയന്ത്രണത്തിലാണ്. അമേരിക്കൻ സഹായത്തോടെ  കഴിഞ്ഞ ചില വർഷങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് (എെഎസ്) ഭീകരരുമായി പോരാടുകയും അവരെ തുരത്തുകയും ചെയ്ത ശേഷമാണ് ഇൗ പ്രദേശം അവർ പിടിച്ചടക്കിയത്. 

തുർക്കി സൈന്യം അവിടെ പ്രവേശിക്കുന്നതോടെ സ്വാഭാവികമായും എസ്ഡിഎഫുമായി ഏറ്റുമുട്ടുകയും ചോരച്ചൊരിച്ചൽ ഉണ്ടാവുകയും ചെയ്യും. കാരണം, എസ്ഡിഎഫിലെ മുഖ്യ ഘടകമായ വൈപിജി എന്ന കുർദ് മിലീഷ്യയെ തുർക്കി കാണുന്നത് ഒരു തുർക്കിവിരുദ്ധ ഭീകര സംഘടനയായിട്ടാണ്. 

SYRIA-CONFLICT-IDLIB

തുർക്കിയിൽ നിരോധിക്കപ്പെട്ടിട്ടുള്ള പികെകെ എന്ന വിഘടനവാദി സംഘടനയുടെ ഭാഗമാണ് വൈപിജിയെന്നും തുർക്കി ആരോപിക്കുന്നു. മൂന്നര ദശകങ്ങളായി തുർക്കിയുമായി യുദ്ധത്തിലാണ് പികെകെ. 40,000 പേർ കൊല്ലപ്പെട്ടുവെന്നാണ്് കണക്ക്.   

പികെകെയെ അമേരിക്കയും നിരോധിച്ചിട്ടുണ്ടെങ്കിലും വൈപിജിയെ ഭീകര സംഘടനയായി അമേരിക്ക കാണുന്നില്ല. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സിറിയയിൽ അവരുമായുള്ള കൂട്ടുകെട്ട്.  

വടക്കു കിഴക്കൻ സിറിയയിൽ തുർക്കിയുമായി ചേർന്നുകിടക്കുന്ന ഭാഗത്തു 480 കിലോമീറ്റർ നീളത്തിലും 32 കിലോമീറ്റർ വീതിയിലും ഒരു സുരക്ഷിത മേഖല ഉണ്ടാക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നു തുർക്കി അവകാശപ്പെടുന്നു. തുർക്കിയിലുള്ള 36 ലക്ഷം സിറിയൻ അഭയാർഥികളിൽ 20 ലക്ഷംപേരെ കുടിയിരുത്താനാണിതെന്നും അവർ വിശദീകരിക്കുന്നു.  

എന്നാൽ വൈപിജിയുടെ അഭിപ്രായത്തിൽ തുർക്കി സൈന്യം വരുന്നത് തങ്ങളെ ഉന്മൂലനം ചെയ്യാനാണ്. അതിനു വഴിയൊരുക്കുക വഴി അമേരിക്ക തങ്ങളെ പിന്നിൽനിന്നു കുത്തിയതായി അവർ കുറ്റപ്പെടുത്തുന്നു. 

ഇത്തരമൊരു സുരക്ഷിത മേഖല ഉണ്ടാക്കാൻ തുർക്കി നേരത്തെതന്നെ ശ്രമം തുടങ്ങിയിരുന്നുവെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചിരുന്നില്ല. തുർക്കി സൈന്യം കുർദുകളെ വേട്ടയാടുമെന്ന ഭയമായിരുന്നു അതിനുകാരണം. ആ ഭയം കുർദുകൾക്ക് ഇപ്പോഴും ഉണ്ടെങ്കിലും ട്രംപ് അതു വലിയ കാര്യമാക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നു.

syria, isis, sdf war, islamic state

ഇക്കഴിഞ്ഞ ഞായറാഴ്ച (ഒക്ടോബർ ആറ്) ട്രംപും തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദൊഗാനും ഫോണിൽ സംസാരിക്കുകയുണ്ടായി. അതിനെ തുടർന്നാണ് ട്രംപ് തന്റെ നിലപാടു മാറ്റുകയും തുർക്കി സൈന്യത്തിന്റെ മുന്നേറ്റത്തിനു തടസ്സം ഉണ്ടാകാതിരിക്കാനായി വടക്കു കിഴക്കൻ സിറിയയിൽനിന്നു യുഎസ് സൈനികരെ പിൻവലിക്കുന്ന കാര്യം ട്വീറ്ററിലൂടെ പ്രഖ്യാപിക്കുകയും ചെയ്തത്. 

ആയിരം യുഎസ് ഭടന്മാരാണ് സിറിയയിലുളളത്. ഐഎസ് ഭീകരർക്കെതിരായ പോരാട്ടത്തിൽ സഹായിക്കാനായി  2016 ൽ ആദ്യമായി  അഞ്ഞൂറിൽതാഴെ ഭടന്മാരെ അയച്ചത് ട്രംപിന്റെ മുൻഗാമിയായ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു. ട്രംപിന്റെ ഭരണ കാലത്ത് അവരുടെ എണ്ണം 2000 വരെയാവുകയും പിന്നീടു കുറയുകയും ചെയ്തു.   

ഇവരിൽ എത്ര പേരെയാണ് ഇപ്പോൾ പിൻവലിക്കുന്നതെന്നു വ്യക്തമല്ല. ‘‘അപഹാസ്യവും അവസാനമില്ലാത്തതുമായ ഇൗ യുദ്ധങ്ങളിൽനിന്നു പുറത്തു ചാടാൻ’’ സമയമായി എന്നു ട്രംപ് പറഞ്ഞതിനാൽ സിറിയയിൽനിന്നു മുഴുവൻ ഭടന്മാരെയും അദ്ദേഹം പിൻവലിക്കുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. സിറിയയിൽനിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും യുഎസ് സൈനികരെ തിരിച്ചുകൊണ്ടുവരുമെന്നത് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്കാലം മുതൽക്കേയുള്ള ട്രംപിന്റെ വാഗ്ദാനമാണ്. 

സിറിയയിൽനിന്നു യുഎസ് സൈന്യത്തെ പിൻവലിക്കുകയാണെന്നു കഴിഞ്ഞ  വർഷം ഡിസംബറിലും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. പ്രതിരോധ വകുപ്പിലെയും വിദേശകാര്യ വകുപ്പിലെയും സീനിയർ ഉപദേഷ്ടാക്കളുടെ അഭിപ്രായം തൃണവൽഗണിച്ചും പെട്ടെന്നും ട്വീറ്ററിലൂടെയായിരുന്നു അതും.

ഐഎസിന്റെ മേൽ അമേരിക്ക വിജയം നേടിയെന്നും അതിനാൽ യുഎസ് ഭടന്മാർ ഇനിയും സിറിയയിൽ നിൽക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിശദീകരണം. അതിനോടു യോജിക്കാനാവാതെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവച്ചു. 

ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ തീരുമാനത്തെ ആനമണ്ടത്തമെന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഇവർ സാധാരണ ട്രംപിനെ അനുകൂലിച്ച് സംസാരിക്കുന്നവരായിരുന്നു. തീരുമാനം ഭാഗികമായി പിൻവലിക്കാൻ ട്രംപ് നിർബന്ധിതനായി.

us-president-donlad-trump

കടുത്ത വിമർശനമാണ് ഇത്തവണയും ഉണ്ടായത്. അപകടം വിളിച്ചുവരുത്തൽ, കാര്യങ്ങൾ ശരിക്കു മനസ്സിലാക്കാതെയുള്ള തീരുമാനം എന്നിങ്ങനെ ചില മുതിർന്ന റിപ്പബ്ളിക്കൻ സെനറ്റർമാർ പരസ്യമായിത്തന്നെ പറഞ്ഞു. അമേരിക്കയുമായി പലപ്പോഴും ഇടഞ്ഞുകൊണ്ടിരിക്കുന്ന തുർക്കി പ്രസിഡന്റിനു പുറമെ സിറിയയിൽ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന റഷ്യ, ഇറാൻ എന്നിവയ്ക്കുമായിരിക്കും ഇതിന്റെ പ്രയോജനമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

യുഎസ് സഹായത്തോടെ കുർദുകൾ പരാജയപ്പെടുത്തിയ ഐഎസിനു പുനരുജ്ജീവനം നൽകാൻ പുതിയ സാഹചര്യം സഹായകമായേക്കാമെന്ന ആശങ്കയും പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഐഎസിനോടുള്ള തുർക്കിയുടെ എതിർപ്പ് കുർദുകളുടെ അത്രയും രൂക്ഷമല്ലെന്ന സംശയമാണ് ഇതിനൊരു കാരണം. 

ഐഎസുമായി ബന്ധപ്പെട്ട ആയിരക്കണക്കിനാളുകൾ ഇപ്പോൾ കുർദുകളുടെ കസ്റ്റഡിയിലുണ്ട്. ഇവരെ വടക്കു കിഴക്കൻ സിറിയയിൽ പല ക്യാമ്പുകളിലായി പാർപ്പിച്ചിരിക്കുകയാണ്. ആ പ്രദേശം തുർക്കി സൈന്യത്തിന്റെ പിടിയിലാകുന്നതോടെ ഇവർ അവരുടെ നിയന്ത്രണത്തിലാവും. 

ഇവരിൽ മിക്കവരും വിദേശികളാണ്-വിശേഷിച്ച്, ജർമനിയും ഫ്രാൻസും പോലുളള യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവർ. അവരെ സ്വന്തം നാടുകളിൽ കൊണ്ടുപോയി തടവിലാക്കണമെന്നു ട്രംപ് ആവശ്യപ്പെടുകയുണ്ടായി. പക്ഷേ, ഫലമുണ്ടായില്ല.  

യുഎസ് ഭടന്മാർ തിരിച്ചുപോകുന്നതോടെ സിറിയയിൽ റഷ്യയുടെയും ഇറാന്റെയും സ്വാധീനം വർധിക്കാൻ ഇടയുണ്ടെന്ന സംശയം അസ്ഥാനത്തല്ലെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. എട്ടു വർഷത്തെ ആഭ്യന്തര യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ട പ്രദേശങ്ങളുടെ വലിയൊരു ഭാഗം പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സൈന്യം തിരിച്ചുപിടിച്ചതു റഷ്യയുടെയും ഇറാന്റെയും സഹായത്തോടെയാണ്.

തുർക്കി സൈന്യം തങ്ങളെ ആഞ്ഞടിക്കുകയും അമേരിക്ക സഹായിക്കാതിരിക്കുകയും ചെയ്യുമ്പോൾ കുർദുകൾ ആത്മരക്ഷയ്ക്കു വേണ്ടി എന്തുചെയ്യും? അവരും ഒടുവിൽ അസദിനോടൊപ്പം കൂടുമെന്നു കരുതുന്നവരുണ്ട്. റഷ്യ, ഇറാൻ എന്നിവയ്ക്കും സന്തോഷിക്കാൻ അതു വക നൽകും. ഇൗ സാധ്യതയും അമേരിക്കയിൽ പലരെയും ആശങ്കാകുലരാക്കുന്നു.

donald-trump-protestor-sign

അമേരിക്ക തങ്ങളെ പിന്നിൽനിന്നു കുത്തിയെന്നു കുറ്റപ്പെടുത്തുന്ന കുർദുകളെ ആശ്വസിപ്പിക്കാനെന്നോണം ട്രംപ് ട്വിറ്ററിലൂടെ പുതിയൊരു പ്രസ്താവനകൂടി പുറപ്പെടുവിച്ചിട്ടുണ്ട്. സിറിയയിൽ തുർക്കി അതിരുവിട്ടു പെരുമാറിയാൽ തുർക്കിയെ താൻ സാമ്പത്തികമായി തകർത്തു തരിപ്പണമാക്കുമെന്ന ഭീഷണിയാണതിൽ.

താൻ മുൻപ് അങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരം പരാമർശങ്ങളും ട്രംപിന്റെ സിറിയാ നയത്തിൽ അടങ്ങിയ ആശയക്കുഴപ്പത്തിലേക്കു വിരൽചൂണ്ടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ