സമാധാനത്തിന് സമ്മാനം

HIGHLIGHTS
  • പഴക്കംചെന്ന തര്‍ക്കത്തിനു പരിഹാരം
  • ഇത്യോപ്യയില്‍ വനിതാ മുന്നേറ്റവും
nobel-prize-peace-2019-to-ethiopian-pm-abiy-ahmed
നാല്‍പ്പത്തിമൂന്നുകാരനായ പുതിയ ഇത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹ്മദിനു സമാധാനത്തിനുളള നൂറാമത്തെ നൊബേല്‍ സമ്മാനം. ആഫ്രിക്കയില്‍ നിന്നൊരു ഉജ്ജ്വല മാതൃക
SHARE

"രണ്ടു കഷണ്ടിക്കാര്‍ ഒരു ചീപ്പിനുവേണ്ടി ശണ്ഠകൂടുന്നു". കിഴക്കന്‍ ആഫ്രിക്കയിലെ ഇത്യോപ്യയും എരിട്രിയയും തമ്മില്‍  1988ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ലണ്ടനിലെ 'ഇക്കോണമിസ്റ്റ്' വാരിക അതിനെപ്പറ്റി എഴുതിയത് ഇങ്ങനെയായിരുന്നു.

ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള  ബാദ്മെ എന്ന കൊച്ചു പട്ടണത്തെച്ചൊല്ലിയായിരുന്നു യുദ്ധം. തന്ത്രപരമായ പ്രാധാന്യമോ പ്രകൃതിവിഭവങ്ങളോ ഇല്ലാത്ത ഒരു വരണ്ട പ്രദേശം-ഇരു രാജ്യങ്ങളും സ്വന്തമെന്ന് അവകാശപ്പെട്ട അതിനു വേണ്ടിയുള്ള യുദ്ധം ഇടവേളകളോടെ 20 വര്‍ഷം നീണ്ടുനില്‍ക്കുകയും ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ചെയ്തു. 

ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന ആ യുദ്ധം കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ അവസാനിച്ചത് ഇത്യോപ്യയുടെ പുതിയ പ്രധാനമന്ത്രി ഡോ. അബി അഹ്മദിന്‍റെ ശ്രമഫലമായിട്ടാണ്. ബാദ്മെ നിരുപാധികം എരിട്രിയയ്ക്കു വിട്ടുകൊടുക്കാന്‍ അദ്ദേഹം തയാറായി.

തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ പൊട്ടിവിടര്‍ന്ന സൗഹൃദവും സൗമനസ്യവും രാജ്യാന്തര ബന്ധത്തിന്‍റെ ഏറ്റവും ഉജജ്വലമായ മാതൃകയായി എണ്ണപ്പെടുന്നു. 

പിന്നീടു കെന്യയും സൊമാലിയയും തമ്മിലും എറിട്രിയയും ജിബൂതിയും തമ്മിലുമുള്ള അതിര്‍ത്തിത്തതര്‍ക്കങ്ങളിലും അഹ്മദ് മാധ്യസ്ഥം വഹിച്ചു.  

ആഫ്രിക്കയില്‍ തന്നെ സുഡാനില്‍ 30 വര്‍ഷം പ്രസിഡന്‍റായിരുന്ന ഉമര്‍ ഹസ്സന്‍ അല്‍ ബഷീര്‍ ഈ വര്‍ഷം ഏപ്രിലില്‍ സ്ഥാനഭ്രഷ്ടനായതിനു ശേഷം ഉണ്ടായത് അനിശ്ചിതാവസ്ഥയാണ്. ഇടക്കാല ഭരണ സംവിധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ പാളി. അവിടെയും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ അബി അഹ്മദ് നിര്‍ണായക പങ്കു വഹിച്ചു. 

ഇതിന്‍റെയെല്ലാം പശ്ചാത്തലത്തില്‍ അദ്ദേഹം ഈ വര്‍ഷത്തെ നൊബേല്‍ സമാധാനത്തിന് അര്‍ഹനായതില്‍ ആരും അല്‍ഭുതപ്പെടുകയില്ല. നൂറാമത്തെ ഈ പുരസ്ക്കാരം  അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്നു നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 

ഇത്യോപ്യയും എരിട്രിയയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുകയും അവയ്ക്കിടയില്‍ സൗഹൃദത്തിന്‍റെ പുതിയ വസന്തത്തിനു തുടക്കം കുറിക്കുകയും ചെയ്തതു തന്നെയാണ് അഹമദിന്‍റെ ഏറ്റവും വലിയ നേട്ടം. ആ സമയത്ത് അദ്ദേഹത്തിന്‍റെ പ്രായം 42. ഇത്യോപ്യയിലെ പ്രധാനമന്ത്രിയായിട്ട് അപ്പോള്‍ രണ്ടു മാസമേ ആയിരുന്നുളളൂ. 

ആഫ്രിക്കയുടെ കിഴക്കെ മൂലയില്‍ ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന തന്ത്രപ്രധാനമായ മേഖലയിലാണ് ഇത്യോപ്യയും എരിട്രിയയും. പൊതുവായ ഭാഷയും സംസ്ക്കാരവും ചരിത്രവുമുള്ള ഇവ കുറച്ചുകാലം ഒറ്റ രാജ്യവുമായിരുന്നു. പക്ഷേ, ആ ചരിത്രത്തില്‍ തന്നെ ഉണ്ടായിരുന്നു തര്‍ക്കത്തിന്‍റെയും കലഹത്തിന്‍റെയും നാമ്പുകള്‍. 

എരിട്രിയയുടെ ഏതാണ്ട് ഒന്‍പതു മടങ്ങു വലിപ്പവും ഇരട്ടി ജനസംഖ്യയുമുള്ള ഇത്യോപ്യയാണ് മുന്‍പ് കൂടുതല്‍ അറിയപ്പെട്ടിരുന്നത്. അതിനൊരു കാരണം അതിന്‍റെ അധിപനായിരുന്ന ഹെയ്ലി സെലാസി ചക്രവര്‍ത്തിയായിരുന്നു. പല തവണ ഇന്ത്യയിലെത്തിയ അദ്ദേഹം കേരളവും സന്ദര്‍ശിക്കുകയുണ്ടായി. 1974ല്‍ അദ്ദേഹം സ്ഥാനഭ്രഷ്ടനാവുകയായിരുന്നു

അതിനു മുന്‍പ് രണ്ടാം ലോകമഹായുദ്ധ കാലത്തും അദ്ദേഹത്തിനു സ്ഥാനഭ്രംശം സംഭവിക്കുകയുണ്ടായി. ഇത്യോപ്യ ഇറ്റലിയുടെ  പിടിയിലായിരുന്നു. യുദ്ധത്തിനുശേഷം  അവിടെ ഹെയ്ലി സെലാസിയുടെ രാജഭരണം പുനഃസ്ഥാപിതമായപ്പോള്‍ എരിട്രിയ ബ്രിട്ടീഷ് സംരക്ഷണത്തിലായി. പിന്നീടതു  യുഎന്‍ തീരുമാനമനുസരിച്ച്  സ്വയംഭരണാധികാരത്തോടെ ഇത്യോപ്യയുടെ ഭാഗമാവുകയുംചെയ്തു. 

എന്നാല്‍, ഹെയ്ലി സെലാസി 1962ല്‍ എരിട്രിയയുടെ സ്വയംഭരണാധികാരം  റദ്ദാക്കി. പിന്നീടുണ്ടായ കുഴപ്പങ്ങളുടെ തുടക്കം അതോടെയായിരുന്നു.  എറിട്രിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധം പൊട്ടിപ്പുറപ്പെടുകയും അതു 30 വര്‍ഷം നീണ്ടുനില്‍ക്കുകയും ചെയ്തു. അതിനിടയിലാണ് 1974ല്‍ ഹെയ്ലി സെലാസി സ്ഥാനഭ്രഷ്ടനായതും. 

യുഎന്‍ ആഭിമുഖ്യത്തില്‍ 1993ല്‍ നടന്ന ഹിതപരിശോധനയില്‍ എരിട്രിയയിലെ ജനങ്ങള്‍ വിധിയെഴുതിയതു സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ചെങ്കടല്‍ തീരത്തുള്ള എരിട്രിയ വേറിട്ടുപോയതോടെ ഇത്യോപ്യയ്ക്കു കടല്‍തീരം ഇല്ലാതായി. കപ്പലുകള്‍ വഴിയുള്ള വ്യാപാരത്തിനു മറ്റു രാജ്യങ്ങളുടെ തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവന്നു. 

പക്ഷേ, ആയിരം കിലോമീറ്റര്‍ അതിര്‍ത്തിയിലെ ഓണംകേറാമൂലയായ ബാദ്മെ പട്ടണം വിട്ടുകൊടുക്കാന്‍ ഇത്യോപ്യ സമ്മതിച്ചില്ല. 1998ല്‍ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ അതു കാരണമാവുകയും ചെയ്തു.  

ആഫ്രിക്കന്‍ യൂണിയന്‍ ഇടപെടുകയും ബാദ്മെ തര്‍ക്കം ഒരു അതിര്‍ത്തി കമ്മിഷനു വിടുകയും ചെയ്യുകയുണ്ടായി. ബാദ്മെ എരിട്രിയയ്ക്ക് അവകാശപ്പെട്ടതാണെന്ന കമ്മിഷന്‍റെ വിധിയും ഇത്യോപ്യ തള്ളി. 

തന്‍റെ മുന്‍ഗാമികള്‍ 20 വര്‍ഷം മുറുകെപ്പിടിച്ച ആ നിലപാടാണ് അബി അഹ്മദ് പ്രധാനമന്ത്രിയായി വെറും രണ്ടു മാസം കഴിഞ്ഞപ്പോള്‍ മാറ്റിയെഴുതിയത്. ബാദ്മെ എരിട്രിയയ്ക്കു നിരുപാധികം വിട്ടുകൊടുക്കാന്‍ തയാറാണെന്നു കഴിഞ്ഞ വര്‍ഷം  ജൂണ്‍ അഞ്ചിനു പ്രഖ്യാപിച്ച അദ്ദേഹം മൂന്നാം ദിവസം എരിട്രിയയുടെ തലസ്ഥാനമായ  അസ്മാറയില്‍ എത്തി. എരിട്രിയന്‍ പ്രസിഡന്‍റ് ഐസയാസ് അഫ്വര്‍ക്കി അദ്ദേഹത്തെ ആലിംഗനം ചെയ്തു സ്വീകരിച്ചു.  

ഒരാഴ്ചയ്ക്കുശേഷം അഫ്വര്‍ക്കി ഇത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലെത്തിയപ്പോള്‍ ഇത്യോപ്യക്കാര്‍ അദ്ദേഹത്തെ വരവേറ്റതു പാട്ടുപാടിയും നൃത്തം ചവിട്ടിയുമായിരുന്നു. വിഛേദിക്കപ്പെട്ടിരുന്ന നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും അതിര്‍ത്തി തുറന്നിടാനും പിന്നെ താമസമുണ്ടായില്ല. 

ഒരു മുസ്ലിം പുരുഷന്‍റെയും  ക്രൈസ്തവ സ്ത്രീയുടെയും മകനാണ് അഹ്മദ്. മുന്‍പ് പട്ടാളത്തില്‍ ചേരുകയും ലെഫ്റ്റന്‍റ് കേണല്‍ വരെയായി ഉയരുകയുമുണ്ടായി. അതിനിടയില്‍ എംഎ പാസ്സാവുകയും പിഎച്ച്ഡി നേടുകയും ചെയ്തു.  1991 മുതല്‍ രാജ്യം ഭരിക്കുന്ന ഇത്യോപ്യന്‍ ജനകീയ വിപ്ളവ ജനാധിപത്യ മുന്നണിയുടെ പുതിയ നേതാവുകൂടിയാണിപ്പോള്‍. 

മുന്‍പ് ആറു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഹെയ്ലിമറിയം ദെസലെഗിന്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു രാജിവച്ചതിനെ തുടര്‍ന്നായിരുന്നു അഹ്മദിന്‍റെ  അധികാരാരോഹണം. ഇത്രയും പ്രായം കുറഞ്ഞ ഭരണാധിപന്‍ ഇപ്പോള്‍ ആഫ്രിക്കയില്‍ വേറെയില്ല.   

രണ്ടു വര്‍ഷക്കാലം നിലവിലുണ്ടായിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചുകൊണ്ടായിരുന്നു ഭരണത്തിന്‍റെ തുടക്കം. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുകയും വെബ്സൈറ്റുകളുടെ മേലുണ്ടായിരുന്ന നിരോധനം നീക്കുകയും ചെയ്തു. 

മൂന്നു പ്രതിപക്ഷ സംഘടനകളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതു റദ്ദാക്കി. ആരോപണ വിധേയരായ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭാഗികമായി സ്വകാര്യവല്‍ക്കരിക്കാനും തീരുമാനിച്ചു. ജനാധിപത്യരീതിയിലുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കുമെന്നും അഹ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്. 

രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇത്യോപ്യ. ഇപ്പോള്‍ ആഫ്രിക്കയിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നായി. 

ലിംഗസമത്വത്തിലും ആഫ്രിക്കയില്‍ മാതൃക കാണിക്കുകയാണ് അബി അഹ്മദിന്‍റെ നേതൃത്വത്തില്‍ ഇത്യോപ്യ. അവിടെത്തെ പുതിയ പ്രസിഡന്‍റും സുപ്രീം കോടതി ചീഫ് ജസ്റ്റിസും വനിതകളാണ്. മന്ത്രിമാരില്‍ പകുതിപ്പേരും വനിതകള്‍. 

ഇത്യോപ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും പരിതാപകരമാണ് എരിട്രിയയിലെ സ്ഥിതി. ആഫ്രിക്കയിലെ ഉത്തര കൊറിയ എന്നറിയപ്പെടുന്നു. ജനാധിപത്യവും പൗരാവകാശങ്ങളുമില്ല. 1993ല്‍ സ്വതന്ത്രരാജ്യമായതു മുതല്‍ ഏകകക്ഷി ഭരണമാണ്. അന്നു മുതല്‍ പ്രസിഡന്‍റാണ് എഴുപത്തിരണ്ടുകാരനായ അഫ്വര്‍ക്കി.

അബി അഹ്മദിനു സമ്മാനം നല്‍കാന്‍ തീരുമാനിച്ച നൊബേല്‍ കമ്മിറ്റി ഇത്യോപ്യ-എരിട്രിയ തര്‍ക്കം അവസാനിപ്പിക്കുന്നതില്‍ അഫ്വര്‍ക്കി വഹിച്ച പങ്കിനെയും പ്രശംസിച്ചിട്ടുണ്ട്. പക്ഷേ, സമ്മാനത്തില്‍ പങ്കാളിയാകാന്‍ അദ്ദേഹത്തെ പരിഗണിച്ചില്ല. കാരണം വ്യക്തം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA