കലാപപാതയിൽ കാറ്റലോണിയ

HIGHLIGHTS
  • ഉറച്ച നിലപാടുമായി സ്പെയിൻ ഭരണകൂടം
  • വിഘടനവാദികൾക്കു ജയിൽശിക്ഷ
cataloniyan-freedom-strike-moving-to-violence
സുപ്രീംകോടതിയുടെ വിധി തലസ്ഥാനമായ ബാർസലോണ ഉൾപ്പെടെയുള്ള കാറ്റലോണിയൻ നഗരങ്ങളിൽ വൻ പ്രതിഷേധമാണുണ്ടാക്കിയത്. പ്രകടനക്കാർ തെരുവുകളിൽ അഴിഞ്ഞാടുകയും വാഹനങ്ങൾ കത്തിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകും ചെയ്തു.
SHARE

സ്പെയിനിൽ ധനസ്ഥിതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രദേശമായ കാറ്റലോണിയയെ വേർപെടുത്തി സ്വതന്ത്രരാജ്യമാക്കാൻ ആഗ്രഹിക്കുന്നവരാണ് അവിടത്തെ ജനങ്ങളിൽ ഒരു വിഭാഗം. പക്ഷേ, സ്പെയിനിലെ കേന്ദ്ര ഗവൺമെന്റ് അതിനെ എതിർക്കുന്നു. രാജ്യത്തിന്റെ അവിഭാജ്യത ഉൗന്നിപ്പറയുന്ന ഭരണഘടന അവർ ഉയർത്തിക്കാണിക്കുകയുംചെയ്യുന്നു.

ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് യൂറോപ്പിലെ ഏറ്റവും വലിയ നാലാമത്തെ രാജ്യമായ സ്പെയിനിന്റെ സമീപകാലചരിത്രം. അതിലെ പുതിയ അധ്യായമാണ് ഇപ്പോൾ ഇരുണ്ട ലിപികളിൽ എഴുതപ്പെട്ടുകൊണ്ടിരിക്കുന്നത്. 

സ്വാതന്ത്ര്യവാദികളുടെ ഒൻപതു നേതാക്കളെ ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബർ 14) സ്പാനിഷ് സുപ്രീം കോടതി ഒൻപതു മുതൽ 13 വരെ വർഷത്തേക്കു ജയിൽശിക്ഷയക്കു വിധിച്ചതോടെയാണ് ഇതിന്റെ തുടക്കം. മറ്റു മൂന്നു പേർക്കു പിഴയിടുകയും ചെയ്തു. 

കാറ്റലോണിയയിലെ പ്രാദേശിക ഗവൺമെന്റിന്റെ വൈസ് പ്രസിഡന്റായിരുന്ന ഒാറിയോൾ ജാൻഖ്വറാസാണ് 13 വർഷത്തേക്കു ശിക്ഷിക്കപ്പെട്ടത്. അതിൽ കുറഞ്ഞ ശിക്ഷ ലഭിച്ചവരിൽ പ്രാദേശിക പാർലമെന്റിലെ മുൻസ്പീക്കർ കാർമെ ഫൊർകാഡലും ഉൾപ്പെടുന്നു. 

പക്ഷേ, അവരുടെയെല്ലാം ഉന്നത നേതാവും പ്രാദേശിക ഗവൺമെന്റിന്റെ മുൻ പ്രസിഡന്റുമായ കാൾസ് പ്യുജ്ഡിമോണ്ട് ഇക്കൂട്ടത്തിലില്ല. കാരണം അദ്ദേഹവും മൂന്നു മുൻമന്ത്രിമാരും രണ്ടു വർഷമായി ബെൽജിയത്തിലെ ബ്രസ്സൽസിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. 

catalonia-struggle

തിരിച്ചെത്തിയാൽ ഉടനെ അവർ അറസ്റ്റിലാവുകയും ദീർഘകാലത്തെ തടവിനു ശിക്ഷിക്കപ്പെടുകയുംചെയ്യുമെന്ന കാര്യത്തിൽ അധികമാർക്കും സംശയമില്ല. മാത്രമല്ല, സുപ്രീം കോടതിയുടെവിധിക്കുപിന്നാലെ അവർക്കെതിരെ പുതിയ രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്.

സുപ്രീംകോടതിയുടെ വിധി തലസ്ഥാനമായ ബാർസലോണ ഉൾപ്പെടെയുള്ള കാറ്റലോണിയൻ നഗരങ്ങളിൽ വൻ പ്രതിഷേധമാണുണ്ടാക്കിയത്. പ്രകടനക്കാർ തെരുവുകളിൽ അഴിഞ്ഞാടുകയുംവാഹനങ്ങൾ കത്തിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകും ചെയ്തു. 

റോഡുകളും റയിൽവെ സ്റ്റേഷനുകളും വിമാനത്താവളവും അവർ ഉപരോധിച്ചു. ബാർസലോണയിലെ എൽപ്രാറ്റ് രാജ്യാന്തര  വിമാനത്താവളത്തിനകത്തു കടന്നുകൂടിയ പ്രകടനക്കാർ ബഹളമുണ്ടാക്കിയതിനെ തുടർന്നു നൂറിലേറെ ഫ്ളൈറ്റുകൾ റദ്ദാക്കേണ്ടിവന്നു.  

രണ്ടു വർഷം മുൻപ് ഏതാണ്ട് ഇതേ സമയത്തു നടന്ന അസാധാരണ സംഭവങ്ങളോട് അനുബന്ധിച്ചുള്ള കേസുകളിലാണ്  സുപ്രീംകോടതിയുടെ വിധി. സ്വാതന്ത്ര്യം സംബന്ധിച്ച് പ്രാദേശിക ഗവൺമെന്റ് 2017 ഒക്ടോബർ ഒന്നിനു കാറ്റലോണിയയിൽ നടത്തിയ ഹിതപരിശോധനയോടെയായിരുന്നു ആ സംഭവങ്ങളുടെ തുടക്കം. 

ഹിതപരിശോധന നടത്തുന്നതു ഭരണഘടനാ കോടതി വിലക്കിയിരുന്നു. അതവഗണിക്കപ്പെട്ടപ്പോൾ ഹിതപരിശോധന തടയാൻ കേന്ദ്ര ഭരണകൂടം ബലംപ്രയോഗിച്ചു. പ്രാദേശിക പൊലീസ് വേണ്ടതുപോലെ സഹകരിക്കുന്നില്ലെന്നു കണ്ടു കേന്ദ്രം സ്വന്തം പൊലീസിനെ രംഗത്തിറക്കുകയും ചെയ്തു. അവരും ഹിതപരിശോധനാ സംഘാടകരും തമ്മിൽ ഏറ്റുമുട്ടി ഒട്ടേറെ പേർക്കു പരുക്കേറ്റു. 

അരക്കോടിയിലേറെ വരുന്ന വോട്ടർമാരിൽ 42 ശതമാനം പേർ മാത്രമേ ഹിതപരിശോധനയിൽ പങ്കെടുത്തിരുന്നുള്ളൂ. അവരിൽ  90 ശതമാനം  സ്വാതന്ത്ര്യത്തിന് അനുകൂലമായി വോട്ടുചെയ്തു. വോട്ടെടുപ്പ്  തടയാൻ കേന്ദ്ര ഭരണകൂടം നടത്തിയ ബലപ്രയോഗത്തിന്റെ പശ്ചാത്തലത്തിൽ അതൊരു വൻ വിജയമാണെന്നായിരുന്നു സ്വാതന്ത്ര്യവാദികളുടെ അവകാശവാദം.  

അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക പാർലമെന്റ് വിളിച്ചുകൂട്ടി ഏകപക്ഷീയമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താനും അവർ ഒരുങ്ങി. അതിനെതിരേ ഭരണഘടനാ കോടതി വിധി പ്രഖ്യാപിച്ചപ്പോൾ അതിനെയും അവർ അവഗണിച്ചു. ഒക്ടോബർ 27ന് ഏകപക്ഷീയമായി കാറ്റലോണിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുംചെയ്തു.

ഏതാനും മണിക്കൂറുകൾക്കകം കാറ്റലോണിയയിലെ പ്രാദേശിക ഗവൺമെന്റിനെ മഡ്രിഡിലെ കേന്ദ്ര ഭരണകൂടം പുറത്താക്കി. അവിടെ കേന്ദ്ര ഭരണം നടപ്പാക്കുകയും പ്രാദേശിക പാർലമെന്റ് പിരിച്ചുവിടുകയും ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെല്ലാം ഭരണഘടനയിൽ വകുപ്പുണ്ടെങ്കിലും മുൻപൊരിക്കലും അത് ഉപയോഗിക്കപ്പെട്ടിരുന്നില്ല.

ഹിതപരിശോധ നടത്തിയ നേതാക്കൾ അറസറ്റിലാവുകയും ചെയ്തു. കലാപാഹ്വാനം, രാജ്യദ്രോഹം, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് അവരുടെമേൽ ചുമത്തിയത്. 25 വർഷംവരെ ജയിൽശിക്ഷ ലഭിക്കാവുന്ന കലാപാഹ്വാനക്കുറ്റത്തിൽനിന്ന് അവരെ ഒഴിവാക്കിയാണ് സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരുടെ വിധി. പടിഞ്ഞാറൻ യൂറോപ്പിലെഒരു രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ ഇത്തരമൊരു കേസിൽ ദീർഘകാലത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെടുന്നത് സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്. 

തെക്കു പടിഞ്ഞാറൻ യൂറോപ്പിൽ മെഡിറ്ററേനിയൻ കടർത്തീരത്തുകിടക്കുന്ന സ്പെയിനിന്റെ വടക്കു കിഴക്കെ മൂലയിലാണ് രാജ്യത്തിന്റെ ഏതാണ്ടു പതിനഞ്ചിലൊരു ഭാഗം വരുന്ന കാറ്റലോണിയ.സ്പെയിനിലെ 17 സ്വയംഭരണ മേഖലകളിൽ ഒന്നുമാണത്.

luka-modric

കാറ്റലോണിയയെപ്പറ്റി കേട്ടിട്ടില്ലാത്തവരും സ്പോർട്സ് പ്രേമികളാണെങ്കിൽ അതിന്റെ തലസ്ഥാനമായ ബാർസലോണയുടെ പേരിലുള്ള ഫുട്ബോൾ ക്ളബ്ബിനെപ്പറ്റി കേട്ടിരിക്കും. അത്രതന്നെ പ്രശസ്തമാണ് സ്പെയിനിന്റെ തലസ്ഥാനത്തിന്റെ പേരു വഹിക്കുന്ന റയൽ മഡ്രിഡ് ക്ലബും. കളിക്കളത്തിൽ ഇരുകൂട്ടരും ബദ്ധവൈരികളുമാണ്. ഇപ്പോൾ രാഷ്ട്രീയ രംഗത്തും ഏറ്റുമുട്ടുകയാണ് ബാർസലോണയും മഡ്രിഡും.

ഒളിംപിക്സിനും 1992ൽ വേദിയായതു ബാർസലോണയായിരുന്നു. യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നായും അതറിയപ്പെടുന്നു. അതിനാൽ വിനോദ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലവുമാണത്. 

ഇതിലെല്ലാമുപരി  കാറ്റലോണിയക്കാരെ സ്പെയിനിൽനിന്നു വേറിട്ടുപോകാൻ  പ്രേരിപ്പിക്കുന്നത് ആ പ്രദേശത്തിന്റെ സമ്പന്നതയാണ്. ഒട്ടേറെ വ്യവസായ ശാലകളുളള അവിടെനിന്നാണ് സ്പെയിൻ കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ നാലിലൊന്ന് ഉൽപാദിപ്പിക്കുന്നത്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ നികുതിയിനത്തിൽ തങ്ങൾ കേന്ദ്ര ഗവൺമെന്റിനു വർഷംതോറും വൻതുക നൽകിവരുന്നുണ്ടെങ്കിലും ആനുപാതികമായ ആനുകുല്യങ്ങൾ തിരിച്ചുകിട്ടുന്നില്ലെന്നു കാറ്റലോണിയന്മാർ ആവലാതിപ്പെടുന്നു. മൂന്നുനൂറ്റാണ്ടുകൾക്കു മുൻപ് സ്പെയിനിൽ ലയിച്ച കാറ്റലോണിയയുടെ തനതു സംസ്്ക്കാരവും ഭാഷയും അവഗണിക്കപ്പെടുകയാണെന്ന പരാതിയുമുണ്ട്. 

ഏകാധിപതിയായ ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ 36 വർഷക്കാലത്തെ (1939-1975)  ഭരണത്തിൽ കാറ്റലോണിയന്മാർക്കുണ്ടായ ദുരനുഭവങ്ങൾ സ്പെയിന്റെ ചരിത്രത്തിലെ കരിപുരണ്ട അധ്യായങ്ങളിൽ ഉൾപ്പെടുന്നു. അവരുടെ ഭാഷ ഫ്രാങ്കോ നിരോധിക്കുകയും സാംസ്ക്കാരിക പാരമ്പര്യം തകർക്കാൻ ശ്രമിക്കുകയും അവർക്കു നൽകിയിരുന്ന സ്വയം ഭരണം പിൻവലിക്കുകയുംചെയ്തു.  വിഘടനവാദം തലപൊക്കാൻ തുടങ്ങിയത് അതോടെയായിരുന്നു. 

ഫ്രാങ്കോയ്ക്കു ശേഷം സ്പെയിനിൽ ജനാധിപത്യം പുനഃസ്ഥാപിതമായപ്പോൾ കാറ്റലോണിയയ്ക്കു സ്വയംഭരണം തിരിച്ചുകിട്ടുകയുണ്ടായി. എന്നാൽ 2010ൽ ഭരണഘടനാ കോടതി അതു സംബന്ധിച്ച കരാർറദ്ദാക്കി. കാറ്റലോണിയന്മാർക്കിടയിൽ വീണ്ടും അസംതൃപ്തി വളരാനും വിഘടനവാദം ശക്തിപ്പെടാനും അതു കാരണമാവുകയും ചെയ്തു. 

രണ്ടു വർഷം മുൻപത്തെ ഹിതപരിശോധനയെ തുടർന്നു പിരിച്ചുവിടപ്പെട്ട പ്രാദേശിക പാർലമന്റിലേക്കു രണ്ടു മാസത്തിനുശേഷം തിരഞ്ഞെടുപ്പ് നടന്നു. പക്ഷേ, ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടിയില്ല. സ്വാതന്ത്ര്യാനുകൂല കക്ഷികൾ ചേർന്നു നേരിയ ഭൂരിപക്ഷത്തോടെ കൂട്ടുമന്ത്രിസഭയുണ്ടാക്കി. 

catalonia-people

അവയിലൊരു കക്ഷിയുടെ നേതാവായ ക്വിം ടോറയാണ് കാറ്റലോണിയയുടെ പുതിയ പ്രസിഡന്റ്. രണ്ടു വർഷത്തിനകം വീണ്ടും ഹിതപരിശോധന നടത്തുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. 

ഇതേസമയം, ഇതിന്റെയൊരു മറുവശംകൂടി ചൂണ്ടിക്കാട്ടപ്പെടുന്നു. അടുത്ത കാലത്തു നടന്ന അഭിപ്രായ വോട്ടുകൾ വ്യക്തമാക്കുന്നതു സ്വാതന്ത്ര്യവാദത്തിനു കാറ്റലോണിയയിലെ ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ല എന്നതാണ്. ഉണ്ടായിരുന്ന ജനപിന്തുണ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കുറഞ്ഞിട്ടുമുണ്ട്. 2017 ഒക്ടോബറിൽ 48.7 ശതമാനമായിരുന്നത് ഇപ്പോൾ 44 ശതമാനമായി. 48.8 ശതമാനംപേർ എതിർക്കുന്നു.  

വേറിട്ടുപോയാൽ അതിന്റെ പ്രത്യാഘാതങ്ങൾ സ്പെയിൻ മാത്രമല്ല, കാറ്റലോണിയയും അനുഭവിക്കേണ്ടിവരുമെന്നു കാറ്റലോണിയയിലെതന്നെ വലിയൊരു വിഭാഗം ജനങ്ങൾ ഭയപ്പെടുകയാണത്രേ. ഹിതപരിശോധ കാരണമുണ്ടായ കുഴപ്പങ്ങളും അവരെ അസ്വസ്ഥരാക്കുന്നു. 

സ്പെയിനിൽതന്നെ  വടക്കു ഭാഗത്തുളള ബാസ്ക്ക് കൺട്രി, വടക്കു പടിഞ്ഞാറു ഭാഗത്തുള്ള ഗലീസിയ എന്നീ പ്രദേശങ്ങളിലും വിഘടനവാദം നിലനിൽക്കുന്നുണ്ട്. ബാസ്ക്കിൽ സായുധ കലാപം നടക്കുകയും അതിൽ ഒട്ടേറെ പേർ കൊല്ലപ്പെടുകയുമുണ്ടായി. 

എങ്കിലും, ഒൻപതു വർഷമായി ബാസ്ക്ക് വിഘടനവാദികൾ ഏകപക്ഷീയമായി  വെടിനിർത്തിയിരിക്കുകയാണ്. കാറ്റലോണിയയിലെ കുഴപ്പങ്ങൾ അവരെ വീണ്ടും തോക്കെടുക്കാൻ പ്രേരിപ്പിക്കുമോ എന്ന ഭീതിയും നിലനിൽക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA