ലോട്ടറിയടിച്ച വ്ളാഡിമിര്‍ പുടിന്‍

HIGHLIGHTS
  • കുര്‍ദുകള്‍ ഇപ്പോള്‍ അസ്സദിനോടൊപ്പം
  • സന്തോഷിക്കുന്നവരില്‍ ഐഎസ്സും
turkey-syria crisis-and-vladimir-putin
സിറിയയില്‍നിന്ന് അമേരിക്ക മിക്കവാറും കൈകഴുകിയതോടെ അവിടെ റഷ്യയുടെ സാന്നിധ്യവും സ്വാധീനവും മറ്റെന്നത്തേക്കാളും വര്‍ധിച്ചതായി അമേരിക്കയില്‍തന്നെ പലരുംആശങ്കപ്പെടുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമീര്‍ പുടിന്‍ ലോട്ടറിയടിച്ചുവെന്നു റഷ്യക്കാര്‍ പറയുന്നത് അതിന് അടിവരയിടുന്നു
SHARE

"പുടിന്‍ ലോട്ടറിയടിച്ചു" എന്നായിരുന്നു ഈയിടെ ഒരു പ്രമുഖ റഷ്യന്‍ പത്രത്തില്‍ സിറിയയെക്കുറിച്ചു വന്ന ലേഖനത്തിന്‍റെ തലക്കെട്ട്. യുഎസ് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം. അമേരിക്ക തങ്ങളുടെ സൈനികരെ സിറിയയില്‍  നിന്നു പിന്‍വലിച്ചതോടെ റഷ്യയ്ക്ക് അപ്രതീക്ഷിതവും അഭൂതപൂര്‍വവുമായ നേട്ടമുണ്ടായി എന്നാണത്രേലേഖനത്തിന്‍റെ ചുരുക്കം. 

റഷ്യയുടെ ലാഭം അമേരിക്കയുടെ നഷ്ടമാണെന്നത് ഇതിന്‍റെ മറ്റൊരു വശമാണ്. ഈ അഭിപ്രായവും അമേരിക്കയില്‍ തന്നെ പലര്‍ക്കുമുണ്ട്. പ്രതിപക്ഷ ഡമോക്രാറ്റിക് പാര്‍ട്ടിക്കാര്‍ മാത്രമല്ല, പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സ്വന്തം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലുളള ചില പ്രമുഖരും ഇക്കൂട്ടത്തില്‍പ്പെടുന്നു.

ഇരു കക്ഷികളിലെയും നൂറിലേരെ പേര്‍ ഒത്തുചേര്‍ന്നു സിറിയയിലെ സൈനിക പിന്മാറ്റത്തെ അപലപിക്കുന്ന പ്രമേയം പ്രതിനിധി സഭയില്‍ അവതരിപ്പിക്കുകയുമുണ്ടായി. അറുപതിനെതിരെ 354 വോട്ടുകളോടെയാണ് അതു പാസ്സായത്.  

അവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ അസ്ഥാനത്തല്ലെന്നു തെളിയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. വടക്കുകിഴക്കന്‍ സിറിയയില്‍നിന്ന് ഈ മാസം ആദ്യത്തില്‍ യുഎസ് സൈനികരെ ട്രംപ് പിന്‍വലിച്ച ഉടനെ ആ ഭാഗത്തേക്കു തുര്‍ക്കി സൈന്യം ഇരച്ചുകയറി. 

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര്‍ക്കെതിരെ അഞ്ചു വര്‍ഷക്കാലം അമേരിക്കയോടൊപ്പം ചേര്‍ന്നു പോരാടിയ സിറിയന്‍ കുര്‍ദുകളുമായി അവര്‍ ഏറ്റുമുട്ടി. സ്വന്തം സൈനികരെ പെട്ടെന്നു പിന്‍വലിക്കാനുളള അമേരിക്കയുടെ തീരുമാനം ഇതെല്ലാം മുന്‍കൂട്ടി അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു. 

അമേരിക്ക പിന്നില്‍നിന്നു കുത്തി, ഒറ്റിക്കൊടുത്തു, കൂട്ടക്കുരുതിക്കു വിട്ടുകൊടുത്തു എന്നിങ്ങനെയാണ് കുര്‍ദുകള്‍ വിലപിച്ചത്. വന്‍സൈന്യമുളള തുര്‍ക്കിയുടെ ആക്രമണത്തില്‍ നിന്നു സംരക്ഷണം തേടി അവര്‍ ഉടനെ മറുകണ്ടം ചാടി. അങ്ങനെ അവര്‍ റഷ്യയുടെ പിന്തുണയുള്ള സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിന്‍റെ പക്ഷത്തെത്തുകയുംഅവരെ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.  

കുര്‍ദുകള്‍ നയിക്കുന്ന സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സസ്(എസ്ഡിഎഫ്) എന്ന മിലീഷ്യ സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ നേരത്തെ കുറച്ചുകാലം അസദിന്‍റെ പക്ഷത്തായിരുന്നു. ഐഎസിനെതിരെ പോരാടാനാണ് അമേരിക്കയോടൊപ്പം ചേര്‍ന്നത്. അതില്‍ തങ്ങള്‍ക്കു 11,000 പോരാളികളെ നഷ്ടടപ്പെട്ടതായി അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. 

കുര്‍ദുകളെ വഴിയില്‍ ഉപേക്ഷിച്ചതില്‍ പക്ഷേ, ട്രംപിന് ഒട്ടും മനഃസ്ഥാപമില്ല. അവര്‍ പോരാടിയത് അമേരിക്കയ്ക്കു വേണ്ടിയായിരുന്നില്ല, സ്വന്തം നാടിനുവേണ്ടായിരുന്നു, അവര്‍ക്ക് അമേരിക്ക പണവും ആയുധങ്ങളും നല്‍കുകയുണ്ടായി, അവര്‍ മാലാഖമാരൊന്നുമല്ല-ഇങ്ങനെയെല്ലാം പറഞ്ഞ് തന്‍റെ നടപടിയെ അദ്ദേഹം ന്യായീകരിക്കുകയാണ് ചെയ്തത്. 

തുര്‍ക്കി സൈന്യവും കുര്‍ദുകളും തമ്മില്‍ ഏറ്റുമുട്ടുന്ന അതിര്‍ത്തി അമേരിക്കയുടെ അതിര്‍ത്തിയല്ലെന്നും അത് അമേരിക്കയില്‍നിന്നു 7000 മൈലുകള്‍ അകലെയാണെന്നും ട്രംപ് പറയുകയുണ്ടായി. 70 വര്‍ഷം മുന്‍പ് നടന്ന രണ്ടാം ലോകമഹായുദ്ധത്തില്‍ കുര്‍ദുകള്‍ അമേരിക്കയുടെ കൂടെ ഉണ്ടായിരുന്നില്ലെന്ന് ആരോ എഴുതിയത് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. 

ഇങ്ങനെയും ട്രംപ് പറഞ്ഞു : "കുര്‍ദുകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ സിറിയയെ ആരു സഹായിച്ചാലും എനിക്കൊന്നുമില്ല-അതു റഷ്യയായാലും ചൈനയായാലും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടായാലും ശരി". പണ്ടെന്നോ മരിച്ചുപോയ നെപ്പോളിയനെ അദ്ദേഹം ഇതിലേക്കു കൊണ്ടുവന്നത് എന്തിനാണെന്ന് ആര്‍ക്കും മനസ്സിലായില്ല. ഏതായാലും കുര്‍ദുകളെച്ചൊല്ലി അമേരിക്കക്കാര്‍ കണ്ണീരൊഴുക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഈ പരാമര്‍ശങ്ങളിലെല്ലാം അടങ്ങിയ സന്ദേശം.  

സിറിയയില്‍ നിന്ന് അമേരിക്ക മിക്കവാറും കൈകഴുകിയതോടെ സിറിയയില്‍ റഷ്യയുടെ സാന്നിധ്യവും സ്വാധീനവും മറ്റെന്നത്തേക്കാളും വര്‍ധിച്ചുവെന്നതിലാണ് അമേരിക്കയില്‍ തന്നെ പലര്‍ക്കുമുള്ള ഉല്‍ക്കണ്ഠ. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമീര്‍ പുടിന്‍ ലോട്ടറിയടിച്ചുവെന്നു റഷ്യക്കാര്‍തന്നെ പറയുന്നത് അതിന് അടിവരയിടുന്നു. ആണവ പ്രശ്നത്തില്‍ ട്രംപ് ഇടഞ്ഞുനില്‍ക്കുന്ന ഇറാന്‍ സിറിയയില്‍ റഷ്യയോടൊപ്പമുണ്ടെന്നതും അമേരിക്കക്കാരെ അസ്വസ്ഥരാക്കാന്‍ പര്യാപ്തമാണ്. 

എട്ടു വര്‍ഷം മുന്‍പ് സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതു മുതല്‍ വിമത സേനകള്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ പലതും ഇതിനകം പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സദിന്‍റെ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്.  അതിനവരെ സഹായിച്ചതു റഷ്യയും ഇറാനുമാണ്. യുഎന്‍ രക്ഷാസമിതിയില്‍ യുഎസ് നേതൃത്വത്തില്‍ അസ്സദിനെ കുറ്റപ്പെടുത്താന്‍ ശ്രമം നടന്നപ്പോഴെല്ലാം റഷ്യ അതിനെ എതിര്‍ത്തു തോല്‍പിക്കുകയുമുണ്ടായി.  

പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ബഷാറിന്‍റെ പിതാവ് ഹാഫിസ് അല്‍ അസദിന്‍റെ ഭരണത്തില്‍ സിറിയയ്ക്കു സോവിയറ്റ് യൂണിയനുമായുണ്ടായിരുന്ന അതേ സുദൃഢ ബന്ധമാണ് ഇപ്പോള്‍ പുടിന്‍റെ റഷ്യയുമായും തുടര്‍ന്നുവരുന്നത്. മധ്യപൂര്‍വദേശത്തു റഷ്യയുമായി സൈനിക സഖ്യമുള്ള ഒരേയൊരു രാജ്യവുമാണ് സിറിയ. 

അങ്ങനെ 1971ല്‍ സ്ഥാപിതമായതാണ് സിറിയയില്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തെ താര്‍ത്തസില്‍ സ്ഥിതിചെയ്യുന്ന റഷ്യന്‍ നാവികസേനാ താവളം. താര്‍ത്തസ് തുറമുഖം 49 വര്‍ഷം ഉപയോഗിക്കാന്‍ റഷ്യക്കു വിട്ടുകൊടുക്കുന്ന ഒരു കരാറില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ സിറിയ ഒപ്പുവയ്ക്കുകയുമുണ്ടായി. 

APEC-SUMMIT

ആഭ്യന്തരയുദ്ധത്തിലെ വിമത സേനകളെ അമേരിക്കയും സഖ്യരാജ്യങ്ങളും പണവും ആയുധങ്ങളും നല്‍കി സഹായിച്ചതുപോലെ അസ്സദിനെ റഷ്യയും സഹായിക്കുകയായിരുന്നു. 2015 സെപ്റ്റംബറില്‍ അസ്സദ് അഭ്യര്‍ഥിച്ചതനുസരിച്ച് ഐഎസിനെതിരെ പോരാടാനെന്ന പേരില്‍ റഷ്യന്‍ സൈന്യവും സിറിയയിലെത്തി. വിമത സേനകള്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിക്കാനും അവര്‍ അസ്സദിനെ സഹായിച്ചു. 

അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം ഇത്രതന്നെ ഉല്‍ക്കണ്ഠാ ജനകമാണ് സിറിയയിലുള്ള ഇറാന്‍റെയും വര്‍ധിച്ചുവരുന്ന സാന്നിധ്യവും സ്വാധീനവും.  പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഇറാന്‍-സിറിയ സൗഹൃദവും. 

ഇസ്ലാമിക വിപ്ളവത്തിനുശേഷം ഇറാന്‍ സദ്ദാം ഹുസൈന്‍റെ ഇറാഖുമായി എട്ടുവര്‍ഷം (1980-1988) യുദ്ധത്തിലായിരുന്നപ്പോള്‍ ഇറാനെ പിന്തുണച്ച ഒരേയൊരു അറബ് രാജ്യം സിറിയയായിരുന്നു. ലെബനനിലെ ഇറാന്‍ അനുകൂല മിലീഷ്യയായ ഹിസ്ബുല്ലയും അസ്സദിനെ സഹായിച്ചുകൊണ്ട് സിറിയയില്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. 

അസദിനെ അട്ടിമറിക്കാന്‍ അമേരിക്കയും മറ്റും ശ്രമിക്കുന്നതു അവിടെ തങ്ങള്‍ക്കുളള സ്വാധീനം തകര്‍ക്കാന്‍ കൂടിയാണെന്നാണ് റഷ്യയും ഇറാനും കരുതുന്നത്. സിറിയയില്‍ റഷ്യയും ഇറാനും അസദിനെ സഹായിക്കുന്നത് ആ പശ്ചാത്തലത്തിലാണ്. നിര്‍ണായക ഘട്ടത്തില്‍ യുഎസ് സൈന്യത്തെ സിറിയയില്‍ നിന്നു പിന്‍വലിച്ചുകൊണ്ടുള്ള ട്രംപിന്‍റെ നടപടിയും  ഇപ്പോള്‍ റഷ്യക്കും ഇറാനും അനുകൂലമായി. 

വടക്കു കിഴക്കന്‍ സിറിയയില്‍ യുഎസ് ഭടന്മാരുടെ സഹായത്തോടെ ഐഎസിനെ തുരത്തിയ കുര്‍ദുകള്‍  ഐഎസിന്‍റെ നൂറുകണക്കിനു പ്രവര്‍ത്തകരെ പിടികൂടി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരുന്നു. യുഎസ് സൈനികര്‍ സ്ഥലം വിടുകയും അവിടേക്ക് തുര്‍ക്കി പട്ടാളം ഇരച്ചുകയറുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ കുഴപ്പങ്ങള്‍ക്കിടയില്‍ ഇവരില്‍ പലരും തടവുചാടിയത്രേ. മറ്റു പലരെയും കുര്‍ദുകൾ തന്നെ തുറന്നുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതു ശരിയാണെങ്കില്‍ സിറിയയില്‍ ഇപ്പോള്‍ സന്തോഷിക്കുന്നവരില്‍ അസ്സദും റഷ്യയും ഇറാനും മാത്രമല്ല, ഐഎസ്സുമുണ്ട്. ഐസ്സിനെതിരെയുള്ള പോരാട്ടം ഏകോപിപ്പിക്കാനായി നിയമിതനായിരുന്ന യുഎസ് നയതന്ത്രജ്ഞന്‍ ബ്രെറ്റ് മക്ഗര്‍ക്ക് ഇതിനെപ്പറ്റി നടത്തിയ പരാമര്‍ശവും ശ്രദ്ധേയമാണ്. റഷ്യയ്ക്കും ഇറാനും ഐഎസ്സിനും ട്രംപിന്‍റെ വക സമ്മാനം എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA