ബഗ്ദാദി : തുരങ്കത്തില്‍ അവസാനിച്ച ജീവിതം

HIGHLIGHTS
  • ഡമോക്രാറ്റുകളെ വിവരം അറിയിച്ചില്ല
  • ഐഎസ്സിന്‍റെ കഥ തീര്‍ന്നുവോ ?
isis-leader-abu-bakr-al-baghdadi
അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ അന്ത്യം ട്രംപിന് ആഹ്ളാദിക്കാനും അഭിമാനിക്കാനും വക നല്‍കുന്നു. പല കാരണങ്ങളാല്‍ അദ്ദേഹം കടുത്ത വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ഇതു സംഭവിച്ചിട്ടുള്ളത്. തുടര്‍ന്നു മറ്റൊരു വിവാദവും ഉടലെടുത്തു
SHARE

'ഐഎസ്' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവന്‍ അബുബക്കല്‍ അല്‍ ബഗ്ദാദിയുടെ മരണം ഒരേസമയത്ത് ഒരു പരാജയവും ഒരു വിജയവും അടയാളപ്പെടുത്തുന്നു. പരാജയം ഐഎസ് പ്രതിനിധാനം ചെയ്ത അതിരുകളില്ലാത്ത ഭീകരതയുടേതാണ്. വിജയം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റേതും.

വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് സൈന്യത്തിന്‍റെ ആക്രമണത്തെ തുടര്‍ന്നു ബഗ്ദാദി സ്വയം ജീവനൊടുക്കിയ വിവരം അത്യാഹ്ളാദത്തോടെയാണ് ട്രംപ് ഇക്കഴിഞ്ഞ ഞായറാഴ്ച (ഒക്ടോബര്‍ 27) വെളിപ്പെടുത്തിയത്. ഇദ്ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

അവിടെയൊരു കെട്ടിടത്തില്‍ ബഗ്ദാദി തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടുമൊപ്പം ഒളിച്ചുതാമസിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നു യുഎസ് സൈനിക കമാന്‍ഡോകള്‍ റെയിഡ് ചെയ്യുകയായിരുന്നു. രക്ഷപ്പെടാനായി ബഗ്ദാദി ഒരു തുരങ്കത്തിലൂടെ ഓടി. 

പിടിയിലാകുമെന്ന് ഉറപ്പായതോടെ, സ്വന്തം കുപ്പായത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിച്ചു സ്വയം ജീവനൊടുക്കി. സ്ഫോടനത്തില്‍ ബഗ്ദാദിയുടെ മൂന്നു പുത്രന്മാരും ഏതാനുംകൂട്ടാളികളും മരിച്ചു. വെടിവയ്പില്‍ ബഗ്ദാദിയുടെ രണ്ടു ഭാര്യമാര്‍ ഉള്‍പ്പെടെ ചിലരും കൊല്ലപ്പെട്ടു.

ചിന്നിച്ചിതറിപ്പോയ  മൃതദേഹം ഐഎസ് തലവന്‍റേതു തന്നെയാണെന്ന്  ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പുവരുത്തി. സൈനികരോടൊപ്പമുണ്ടായിരുന്ന നായ്ക്കള്‍ പിന്നാലെ ഓടിയപ്പോള്‍ ബഗ്ദാദി നിലവിളിച്ചതായും ട്രംപ് പറഞ്ഞു. 

സ്ഫോടനത്തില്‍ തുരങ്കം തകര്‍ന്നുവെങ്കിലും യുഎസ് ഭടന്മാരില്‍ ആര്‍ക്കും പരിക്കില്ല. അവരുടെ പക്കലുണ്ടായിരുന്ന അതിസൂക്ഷ്മമായ ക്യാമറകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍  വൈറ്റ് ഹൗസിലിരുന്നു തല്‍സമയം ഒരു സിനിമയിലെന്ന പോലെ കാണുകയായിരുന്നു ട്രംപ്. 

osama-bin-laden

എട്ടു വര്‍ഷംമുന്‍പ് അല്‍ഖായിദ ഭീകരസംഘത്തലവന്‍ ഉസാമ ബിന്‍ലാദനെ യുഎസ് കമാന്‍ഡോകള്‍ വധിക്കുന്നത് അന്നത്തെ പ്രസിഡന്‍റ് ബറാക് ഒബാമ ഉപദേഷ്ടാക്കളോടൊപ്പം ഇരുന്നു കണ്ടതും ഇങ്ങനെതന്നെയായിരുന്നു. 2011 മേയില്‍ പാക്കിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്ലാമാബാദിനു സമീപമുള്ള അബട്ടാബാദ് എന്ന കന്‍ടോണ്‍മെന്‍റ് നഗരത്തിലായിരുന്നു സംഭവം. 

അമേരിക്കയില്‍ 2001 സെപ്റ്റംബറില്‍ നടന്നതും മൂവായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയതുമായ ഭീകരാക്രമണത്തിന് ഉത്തരവാദിയായിരുന്നു ബിന്‍ ലാദന്‍. അതിനു മുന്‍പ്തന്നെ അമേരിക്കയ്ക്ക് എതിരെ നടന്ന പല ഭീകരാക്രമണങ്ങളിലും പങ്കുണ്ടായിരുന്നു. 

ബിന്‍ ലാദനെ പിടികൂടുകയോ വധിക്കാന്‍ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് അമേരിക്ക രണ്ടരക്കോടി ഡോളര്‍ ഇനാം പ്രഖ്യാപിക്കുകയുണ്ടായി. ബഗ്ദാദിയുടെ തലയ്ക്കും അമേരിക്ക വിലയിട്ടിരുന്നത് ഇതേ തുകയായിരുന്നു.  

അല്‍ഖായിദയ്ക്കു സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന ഒന്ന് ബഗ്ദാദിയുടെ സംഘടനയ്ക്കു നേടിയെടുക്കാനായി-ഇറാഖിലും സിറിയയിലുമായി 88,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന്മേലുള്ള ആധിപത്യം. അവിടെ അവര്‍ സ്വന്തമായ ഒരു 'രാഷ്ട്രം'  സ്ഥാപിച്ചതായി 2014 ജൂണില്‍ പ്രഖ്യാപിക്കുകയും ബഗ്ദാദി അതിന്‍റെ തലവനായി  സ്വയം അവരോധിക്കുകയും ചെയ്തു.

തലസ്ഥാനമായ ബഗ്ദാദ് കഴിഞ്ഞാല്‍ ഇറാഖിലെ ഏറ്റവും വലിയ നഗരവും പ്രമുഖ വ്യവസായ-വാണിജ്യ കേന്ദ്രവുമായ മൊസൂല്‍ ഐഎസ് പിടിച്ചടക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.  അവിടെയുള്ള എണ്ണപ്പാടങ്ങളും ബാങ്കുകളിലെ പണവും സ്വര്‍ണവും അവരുടെ സ്വന്തമായി. മൊസൂലില്‍നിന്ന് ഓടിപ്പോകുന്നതിനിടയില്‍ ഇറാഖി സൈന്യം ഉപേക്ഷിച്ച ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആയുധങ്ങളും അവരുടേതായി.  

ഇത്രയും ചുരുങ്ങിയ കാലത്തിനിടയില്‍ ഇത്രയും സമ്പന്നവും സുശക്തവുമായിത്തീര്‍ന്ന ഒരു ഭീകരസംഘടന വേറെയില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും നേരിട്ടും ആരാധകര്‍ മുഖേനയും ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഇതവര്‍ക്കു സഹായകമായി. 

ഇറാഖ്, യെമന്‍, ലിബിയ, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍, നൈജീരിയ, തുനീസിയ, ബംഗ്ളദേശ്, ഇന്തൊനീഷ്യ,  ഫിലിപ്പീന്‍സ് എന്നിവ മുതല്‍ ഫ്രാന്‍സ്, ഇംഗ്ളണ്ട്, തുര്‍ക്കി, ബെല്‍ജിയം എന്നിവവരെയുള്ള 29 രാജ്യങ്ങളിലായി ഏതാണ്ട് 150 ആക്രമണങ്ങള്‍ നടന്നു. രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. 2016ല്‍ ഇറാഖിലെ ബഗ്ദാദില്‍ കൊല്ലപ്പെട്ടതു 234 പേര്‍. 2015ല്‍ ഫ്രാന്‍സില്‍ നടന്ന ആക്രമണ പരമ്പരയില്‍ കൊല്ലപ്പെട്ടതു 130 പേര്‍. 

പിടിയിലായവരോടുള്ള ഐഎസ്സിന്‍റെ നിഷ്ഠുരമായ പെരുമാറ്റവും ലോകത്തെ നടുക്കുകയായിരുന്നു. വരിവരിയായി മുട്ടുകുത്തി നിര്‍ത്തി കഴുത്തറുക്കുകയായിരുന്നു രീതി. അതിന്‍റെ വിഡിയോ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. 

പ്രസിഡന്‍റ് ഒബാമയുടെ ഭരണത്തില്‍ അമേരിക്കയും ചില സഖ്യരാജ്യങ്ങളും കൂടി 2016ല്‍ സിറിയയിലെ ഐഎസ് താവളങ്ങളില്‍ വ്യോമാക്രമണം തുടങ്ങിയത് ഇതിന്‍റെയെല്ലാം അനന്തര ഫലമായിട്ടായിരുന്നു. പിന്നീടു റഷ്യയും രംഗത്തിറങ്ങി. 

ഇറാഖിലും സിറിയയിലും തങ്ങളുടെ അധീനത്തിലുണ്ടായിരുന്ന സ്ഥലങ്ങള്‍ മൂന്നു വര്‍ഷത്തിനടയില്‍ മിക്കവാറും പൂര്‍ണമായി ഐഎസ്സിനു നഷ്ടപ്പെട്ടു. ഇപ്പോള്‍ നായകനെയും നഷ്ടമായി.

donaldtrump

ഇതോടെ ഐഎസ്സിന്‍റെ കഥ കഴിഞ്ഞുവെന്നാണ്  ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍, അമേരിക്കയില്‍ തന്നെ പലരും ഇതിനോടു യോജിക്കുന്നില്ല.  അടിയുറച്ച ഐഎസ്  പ്രവര്‍ത്തകരും അവരോട് അനുഭാവമുള്ളവരും ഗണ്യമായ തോതില്‍ ഇറാഖിലും സിറിയയിലും ഇപ്പോഴുമുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

വടക്കുകിഴക്കന്‍ സിറിയയില്‍ ഐഎസ്സിനെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യപങ്കു വഹിച്ച കുര്‍ദ് പോരാളികളുടെ പിടിയില്‍ അത്തരം ഒട്ടേറെ പേരുണ്ടായിരുന്നു. ഈയിടെ തുര്‍ക്കി സൈന്യം ഇരച്ചുകയറിനെ തുടര്‍ന്നുണ്ടായ കുഴപ്പങ്ങള്‍ക്കിടയില്‍ അവരില്‍ പലരും രക്ഷപ്പെട്ടു. 

മറ്റു ചിലരെ കുര്‍ദുകള്‍ തന്നെ വിട്ടയച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഐഎസ് പ്രശ്നം തീര്‍ത്തും ഇല്ലാതായെന്ന് അമേരിക്കയില്‍ തന്നെ പലരും വിശ്വസിക്കാന്‍ മടിക്കുന്നത് ഈ പശ്ചാത്തലത്തിലുമാണ്.

എങ്കിലും, അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ അന്ത്യം ട്രംപിന് ഏറെ ആഹ്ളാദിക്കാനും അഭിമാനിക്കാനും വക നല്‍കുന്നുവെന്ന കാര്യത്തില്‍ അധികമാര്‍ക്കും സംശയമില്ല. പല കാരണങ്ങളാല്‍ അദ്ദേഹം കടുത്ത വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ഇതു സംഭവിച്ചിട്ടുള്ളതും. 

അതേസമയം, ഈ സംഭവവും ഒരു വിവാദത്തിനു കാരണമായിരിക്കുകയാണ്. ബഗ്ദാദിക്കെതിരെ നടത്തിയതുപോലുള്ള സൈനിക നടപടികൾ തുടങ്ങുന്നതിനു മുന്‍പ് വിവരം പ്രതിനിധി സഭയിലെ സ്പീക്കര്‍  ഉള്‍പ്പെടെ കോണ്‍ഗ്രസ്സിലെ എട്ടു സീനിയര്‍ അംഗങ്ങളെ അറിയിക്കണമെന്നാണ് നിയമം. ട്രംപ് ആ നിയമം പാലിച്ചില്ല 

എട്ടു വര്‍ഷം മുന്‍പ് ബിന്‍ ലാദനെതിരെ റെയ്ഡ് നടത്തുമ്പോള്‍ ഒബാമ ആ വിവരം അവരെയെല്ലാം മുന്‍കൂട്ടി അറിയിച്ചുരുന്നു. താന്‍ അറിയിക്കാതിരുന്നതു രഹസ്യം ചോര്‍ന്നുപോകുമെന്ന ഭയം കൊണ്ടാണെന്നാണ് ട്രംപിന്‍റെ വിശദീകരണം.

അവരില്‍ പലരും ഡമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗങ്ങളാണ്. നിയമപ്രകാരം അറിയിക്കേണ്ട ആവശ്യമില്ലാത്ത ചില റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കളെ ട്രംപ് അറിയിക്കുകയുമുണ്ടായി. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ പോലും ട്രംപ് സങ്കുചിത രാഷ്ട്രീയം കലര്‍ത്തുകയാണെന്നു ഡമോക്രാറ്റുകള്‍ കുറ്റപ്പെടുത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA