ജനരോഷം അണപൊട്ടിയ വര്‍ഷം

HIGHLIGHTS
  • ലെബനന്‍ പ്രധാനമന്ത്രി രാജിവച്ചു
  • ചിലിയില്‍ ഉച്ചകോടികള്‍ റദ്ദാക്കി
protests-against-governments-in-various-parts-of-the-world
പശ്ചിമേഷ്യയിലെ ലെബനനിലും ഇറാഖിലും തെക്കെ അമേരിക്കയിലെ ചിലിയിലും നിലവിലുള്ള സ്ഥിതിഗതികള്‍ക്കെതിരെ അഭൂതപൂര്‍വമായ ജനകീയ പ്രക്ഷോഭം
SHARE

ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഏതാണ്ട് ഒരേസമയത്തു ഭരണകൂടങ്ങള്‍ക്കെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട വര്‍ഷമായിട്ടായിരിക്കും ഒരുപക്ഷേ 2019 ഭാവിയില്‍ എണ്ണപ്പെടുക. 

പ്രക്ഷോഭത്തിനുള്ള കാരണങ്ങള്‍ പലേടങ്ങളിലും വ്യത്യസ്തമാണ്. എങ്കിലും, നിലവിലുള്ള സ്ഥിതിഗതികളില്‍ ജനങ്ങള്‍ക്കുള്ള കടുത്ത അസംതൃപ്തിയും മാറ്റത്തിനുവേണ്ടിയുള്ള അവരുടെ ദാഹവും എല്ലായിടത്തും ഒരുപോലെ ദൃശ്യമായി.  

മിക്കവാറും എല്ലായിടത്തും പ്രക്ഷോഭത്തിന്‍റെ മുന്‍നിരയില്‍ കണ്ടതു യുവാക്കളെയാണ്. അവരുടെ നിരാശയും ആശങ്കകളുമാണ് തെരുവുകളില്‍ അലയടിച്ചത്. 

പശ്ചിമേഷ്യയിലെ ഇറാഖിലും ലെബനനിലും തെക്കെ അമേരിക്കയിലെ ചിലിയിലും ആഴ്ചകളായി നടന്നുവരുന്ന പ്രകടനങ്ങള്‍ക്കു നേതാക്കളില്ല. അവരുടെ പിന്നില്‍ സംഘടനകളുമില്ല. ജൂണ്‍ മുതല്‍ മിക്കവാറും വാരാന്ത്യങ്ങളിലായി ഹോങ്കോങ്ങില്‍ നടന്നുവരുന്ന സമരവും ഇതിനുദാഹരണമാണ്. 

ഫ്രാന്‍സ്, അല്‍ജീരിയ, സുഡാന്‍, ഈജിപ്ത്, സ്പെയിന്‍ തുടങ്ങിയ മറ്റു ചില രാജ്യങ്ങളിലും ജനരോഷം ഗവണ്‍മെന്‍റുകളെ പിടിച്ചുകുലുക്കുകയുണ്ടായി. അതിനുള്ള കാരണം ചിലേടത്തു രാഷ്ട്രീയമാണെങ്കില്‍ മറ്റു ചിലേടത്തു സാമ്പത്തികമാണ്. 

അറബ് രാജ്യങ്ങളായ ഇറാഖിലും ലെബനനിലും ഇക്കഴിഞ്ഞ ഒക്ടോബറില്‍ പൊട്ടിപ്പുറപ്പെട്ടതും അടിക്കടി ശക്തിപ്പെട്ടുവരുന്നതുമായ പ്രക്ഷോഭത്തില്‍ ഇതു രണ്ടുമുണ്ട്. ലെബനനിലെയും ഇറാഖിലെയും പ്രക്ഷോഭത്തെ രണ്ടാം അറബ് വസന്തം എന്നു പോലും പലരും വിളിക്കുന്നു. 

LEBANON-INTERNET-BUDGET-DEMO

ഉത്തരാഫ്രിക്കയിലെ തുനീസിയയില്‍ 2010 അവസാനത്തില്‍ പൊട്ടിപ്പുറപ്പെട്ടതും ഈജിപ്ത്, ലിബിയ, യെമന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ക്കൂടി പടര്‍ന്നുപിടിച്ചതുമായ ജനകീയ മുന്നേറ്റമാണ് അറബ് വസന്തമെന്നു പില്‍ക്കാലത്ത് അറിയപ്പെടാന്‍ തുടങ്ങിയത്. സിറിയയില്‍ ഒഴികെ, അതിനു ഫലമുണ്ടാവുകയും ദീര്‍ഘകാലം അധികാരത്തിലിരുന്ന നാല് ഏകാധിപതികള്‍ പുറന്തള്ളപ്പെടുകയും ചെയ്തു. 

പക്ഷേ, ലെബനന്‍ അത്തരമൊരു രാജ്യമല്ല. പ്രസിഡന്‍റും പ്രധാനമന്ത്രിയുമെല്ലാം ജനാധപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നിട്ടും ലെബനീസ് നഗരങ്ങളിലെ തെരുവുകളില്‍ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഉയര്‍ന്ന മുദ്രാവാക്യം 'കള്ളന്മാര്‍', 'കള്ളന്മാര്‍' എന്നാണ്. 

സമരക്കാരുടെ കണ്ണില്‍ അവര്‍ അത്രയും വെറുക്കപ്പെട്ടവരായി. അഴിമതിക്കാരും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍മാത്രം  ശ്രദ്ധാലുക്കളുമായ രാഷ്ട്രീയ നേതാക്കള്‍ പൊതുമുതല്‍ കൊളളയടിക്കുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുകയാണെന്നാണ് പരക്കേയുള്ള ആരോപണം.

പുതിയ ചില നികുതികള്‍ക്കെതികായ പ്രതിഷേധം എന്ന നിലയിലായിരുന്നു സമരത്തിന്‍റെ തുടക്കം. വാസ്തവത്തില്‍, ഗവണ്‍മെന്‍റിനെതിരെ നേരത്തെതന്നെ ജനങ്ങള്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരുന്ന രോഷം അതോടെ പെട്ടെന്ന് ആളിക്കത്തുകയായിരുന്നു. നികുതി തീരുമാനം പിന്‍വലിച്ചിട്ടും അതു കെട്ടടങ്ങിയില്ല.  

രണ്ടാഴ്ചയായി നടന്നുവരുന്ന പ്രക്ഷോഭത്തെ നേരിടാനാവാതെ പ്രധാനമന്ത്രി സഅദ് ഹരീരി ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഒക്ടോബര്‍ 29) രാജിവച്ചു. അദ്ദേഹം ഒഴിയണമെന്നതു സമരക്കാരുടെ ഒരു മുഖ്യ ആവശ്യമായിരുന്നു.

പക്ഷേ, ഹരീരി സ്ഥാനമൊഴിഞ്ഞിട്ടും സമരക്കാര്‍ പിന്തിരിഞ്ഞിട്ടില്ല. പ്രസിഡന്‍റ് മിഷേല്‍ ഔണ്‍, പാര്‍ലമെന്‍റ് സ്പീക്കര്‍ നാബിഹ് ബെരി എന്നിവരും രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്. അവശ്യ സാധനങ്ങളുടെ അതിവേഗത്തിലുളള വിലക്കയറ്റം, വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, ഭരണരംഗത്തു കൊടികുത്തി വാഴുന്ന അഴിമതി എന്നിവയ്ക്ക് അടിയന്തര പരിഹാരവും അവര്‍ ആവശ്യപ്പെടുന്നു.  

കടത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ് ലെബനന്‍. ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് 86 ശതകോടി ഡോളറാണ് കടം. ഇതു രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 150 ശതമാനംവരും. 

വിദേശനാണ്യ കരുതല്‍ നിക്ഷേപം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഭക്ഷ്യ വസ്തുക്കള്‍, എണ്ണ, ഔഷധങ്ങള്‍ എന്നിവ ഇറക്കുമതിചെയ്യാന്‍ പ്രയാസം നേരിടുന്നു. തൊഴിലില്ലായ്മ പൊതുവില്‍ 25 ശതമാനവും യുവാക്കള്‍ക്കിടയില്‍ 37 ശതമാനവുമായി. 

chile

ഇതിനെല്ലാം പുറമെ, അയല്‍രാജ്യമായ സിറിയയിലെ ആഭ്യന്തര യുദ്ധവും ലെബനനെ കുഴക്കുന്നു. 15 ലക്ഷം സിറിയക്കാരാണ് അഭയാര്‍ഥികളായി എത്തിയിട്ടുളളത്. ഇതു ലെബനന്‍റെ സ്വന്തം ജനസംഖ്യയുടെ നാലിലൊന്നുവരും. 

ലെബനന്‍തന്നെ 15 വര്‍ഷം (1975-1990) ആഭ്യന്തര യുദ്ധത്തിന്‍റെ പിടിയിലായിരുന്നു. അതിനുശേഷമുള്ള ഏതാണ്ടു മൂന്നു പതിറ്റാണ്ടിനിടയില്‍ ഇതുപോലൊരു പ്രതിസന്ധിയെ നേരിടേണ്ടിവന്നിട്ടില്ല.

ഈ സ്ഥിതിക്കു കാരണം ഭരണരംഗത്തെ അഴിമതിയും പിടിപ്പുകേടും മാത്രമല്ല, ഏഴര ദശകങ്ങളായി തുടര്‍ന്നുവരുന്ന അധികാര വിഭജന രീതിയുമാണെന്ന ഒരഭിപ്രായവും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.  

വിവിധ മതക്കാര്‍ തമ്മില്‍ അധികാരം പങ്കിടുന്നതാണ് ലെബനനിലെ രീതി. 1943ല്‍ സ്വതന്ത്രരാജ്യമായതു മുതല്‍ നിലനില്‍ക്കുന്ന ഭരണ വ്യവസ്ഥയനുസരിച്ച് പ്രസിഡന്‍റ് പദവി മാറൊണൈറ്റ് ക്രൈസ്തവ വിഭാഗത്തിനും പ്രധാനമന്ത്രി സ്ഥാനം സുന്നി മുസ്ലിമിനുമുള്ളതാണ്. 

പാര്‍ലമെന്‍റ് സ്പീക്കര്‍ ഷിയ മുസ്ലിമും ഉപപ്രധാനമന്ത്രി ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവനുമായിരിക്കും. പാര്‍ലമെന്‍റ് അംഗങ്ങളുടെ അനുപാതവും മതാടിസ്ഥാനത്തിലാണ്. ഉന്നത ഉദ്യോഗങ്ങള്‍ക്കും മതാടിസ്ഥാനത്തില്‍ സംവരണമുണ്ട്. യഥാര്‍ഥ യോഗ്യതകളുളളവര്‍ക്കു ഭരണത്തിലും സര്‍ക്കാര്‍ സര്‍വീസുകളിലും  പ്രവേശനം ലഭിക്കാന്‍ ഇതു തടസ്സമാകുന്നുവെന്നാണ് ആരോപണം.  

അമേരിക്കയുടെ ആക്രമണത്തിനും സദ്ദാം ഹുസൈന്‍റെ പതനത്തിനും ശേഷം പതിനാറാം വര്‍ഷത്തില്‍ എത്തിനില്‍ക്കുകയാണ് ഇറാഖ്. എണ്ണയുടെ ഉല്‍പാദനത്തില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള രാജ്യം എന്ന നിലയില്‍ അതിസമ്പന്നം. പക്ഷേ, ജനങ്ങളില്‍ വലിയൊരു വിഭാഗം ദരിദ്രര്‍. 

വൈദ്യുതി, ശുദ്ധജലം എന്നിവപോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ പോലും ഗവണ്‍മെന്‍റ് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണം നടത്തുന്നവരും രാഷ്ട്രീയക്കാരും പൊതുമുതല്‍ കൊള്ളയടിക്കുന്നുവെന്നാണ് പരക്കേയുള്ള പരാതി. ലെബനനിലെപ്പോലെ ഇറാഖിലും തെരുവുകളില്‍ മുഴങ്ങുന്ന മുറവിളി 'കള്ളന്മാര്‍', 'കള്ളന്മാര്‍' എന്നാണ്. 

CHILE-CRISIS-PROTEST

സമരം അക്രമാസക്തമാവുകയും തലസ്ഥാനമായ ബഗ്ദാദ് ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലും സമരക്കാരും പൊലീസും ഏറ്റുമുട്ടുകയും ചെയ്തു. ഏതാണ്ട് 250 പേര്‍ മരിച്ചു. ഏഴായിരത്തിലേറെ ആളുകള്‍ അറസ്റ്റിലായി. പല സ്ഥലങ്ങളിലും ഗവണ്‍മെന്‍റ് നിശാനിയമം നടപ്പാക്കി. പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവയ്ക്കണമെന്ന സമരക്കാരുടെ  ആവശ്യത്തിന് ഇതോടെ ശക്തികൂടുകയും ചെയ്തു. 

ലെബനനിലും ഇറാഖിലും ഇറാന്‍ സ്വാധീനം ചെലുത്തുകയും രാഷ്ട്രീയത്തില്‍ ഇടപെടുകയും ചെയ്യുന്നുണ്ടെന്നതു രഹസ്യമല്ല. ഇതിനെതിരായ പ്രതിഷേധവും രണ്ടു രാജ്യങ്ങളിലെയും പ്രക്ഷോഭങ്ങളില്‍ പ്രതിഫലിക്കുന്നതായി പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇറാഖില്‍ ഇറാന്‍റെ നയതന്ത്ര കാര്യാലയങ്ങളുടെ മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുയും ചെയ്തു. 

രണ്ടിടത്തും ഗവണ്‍മെന്‍റുകളെ അനുകൂലിക്കുയാണ് ഇറാന്‍. ലെബനനില്‍ ഗവണ്‍മെന്‍റിനെതിരായ പ്രകടനങ്ങള്‍ പരാജയപ്പെടുത്താന്‍ ഇറാന്‍ അനുകൂല മിലീഷ്യയായ ഹിസ്ബുല്ലയും മുന്നോട്ടവന്നു. സമരക്കാരുമായി അവര്‍ ഏറ്റുമുട്ടുകയും സമരപ്പന്തലുകള്‍ക്കു തീവയ്ക്കുകയും ചെയ്തു.

ലെബനനിലെയും ഇറാഖിലെയും സ്ഥിതിഗതികളില്‍ അധികമാരും അല്‍ഭുതപ്പെടുന്നില്ല. പക്ഷേ, തെക്കെ അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ തീരത്തുനീണ്ടുകിടക്കുന്ന ചിലിയില്‍ രണ്ടാഴ്ചയായി നടന്നു വരുന്ന പ്രക്ഷോഭവും അതിന്‍റെ അനന്തരഫലങ്ങളും തികച്ചും അപ്രതീക്ഷിതമാണ്. 

തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ് ചിലി. 17 വര്‍ഷം ജനറല്‍ ഓഗസ്റ്റോ പിനോഷെയുടെ നിഷ്ഠുരമായ  ഏകാധിപത്യത്തിലായിരുന്നുവെങ്കിലും 1990ല്‍ അതവസാനിച്ചശേഷം ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധികളെയൊന്നും അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല. 

അതേസമയം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ചിലിയില്‍ അതിവേഗം വര്‍ദ്ധിക്കുകയായിരുന്നു. രാജ്യത്തിലെ സമ്പത്തിന്‍റെ മൂന്നിലൊരു ഭാഗംവരെ ജനങ്ങളില്‍ ഒരു ശതമാനം മാത്രം വരുന്ന പണക്കാരുടെ കൈകളിലാണത്രേ. 

അതിനിടയിലാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 18നു മെട്രോ ട്രെയിന്‍ നിരക്ക് നാലു ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. അതിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുകയും അവരുടെ സമരം ദിവസങ്ങള്‍ക്കകം രാജ്യത്തെ പൊതുവിലുള്ള സാമ്പത്തിക അസമത്വത്തിനെതിരായ ജനരോഷമായി മാറുകയും ചെയ്തു. 

TOPSHOT-IRAQ-POLITICS-DEMO-UNREST

പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേറ മെട്രോ നിരക്കു വര്‍ധന പിന്‍വലിക്കുകയും തന്‍റെ മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിട്ടും സമരം ശമിച്ചില്ല. സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും മെട്രോ സ്റ്റേഷനുകളില്‍ തീവയ്പുണ്ടാവുകയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഇരുപതോളം പേര്‍ മരിച്ചു. 

ചിലിയുടെ തലസ്ഥാനമായ സാന്‍റിയോഗോയില്‍ ഈ മാസം ഏഷ്യ-പസിഫിക് രാജ്യങ്ങളുടെ  ഉച്ചകോടിയും അടുത്ത മാസം രാജ്യാന്തര കാലാവസ്ഥാ സമ്മേളനവും നടക്കേണ്ടതായിരുന്നു. രണ്ടും വേണ്ടെന്നു വയ്ക്കാന്‍ പ്രസിഡന്‍റ് പിനേറ നിര്‍ബന്ധിതനായി.  

ലെബനനിലും ഇറാഖിലും ചിലിയിലും ഇനിയെന്ത് എന്ന ചോദ്യം എഴുന്നുനില്‍ക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ