ബ്രെക്സിറ്റിനുവേണ്ടി ബാലറ്റ് യുദ്ധം

HIGHLIGHTS
  • ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ ഇടപെടല്‍
  • രണ്ടാം ഹിതപരിശോധനയ്ക്കും മുറവിളി
uk-elections-2019
SHARE

അമേരിക്കയിലെപ്പോലെ തിരഞ്ഞെടുപ്പിനു നിശ്ചിത തീയതിയോ ദിവസമോ ബ്രിട്ടനില്‍ ഇല്ല. എങ്കിലും ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ പ്രത്യേക ശ്രദ്ധിച്ചിരുന്നു. ക്രിസ്മസ് മാത്രമല്ല കൊടും തണുപ്പും പകലിന്‍റെ നീളക്കുറവുമെല്ലാം അതിനു കാരണമാണ്. 

ആ പതിവ് ഏതാണ്ട് ഒരു നൂറ്റാണ്ടിനിടയില്‍ ആദ്യമായി ലംഘിക്കപ്പെടുകയാണ്. ഡിസംബര്‍ 12നാണ് പുതിയ പാര്‍ലമെന്‍റ്  തിരഞ്ഞെടുപ്പ്. ഇതിനാണെങ്കില്‍ നാലര  വര്‍ഷത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. 

സമീപകാല ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പുമായിരിക്കും ഇത്. ആരു ജയിക്കുമെന്നു പ്രവചിക്കാന്‍ നിരീക്ഷകര്‍ പ്രയാസപ്പെടുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാണ് ഇപ്പോള്‍ അഭിപ്രായവോട്ടുകളില്‍ മുന്‍തൂക്കമെങ്കിലും അടുത്ത ആഴ്ചകളില്‍ പ്രചാരണം ശക്തിപ്പെടുന്നതോടെ അതു മാറിക്കൂടായ്കയില്ല.  

ഇതിനെല്ലാം ഒറ്റ കാരണമേയുള്ളൂ-ബ്രെക്സിറ്റ് അഥവാ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) നിന്നുളള ബ്രിട്ടന്‍റെ വിട്ടുപോകല്‍. ഇയുവുമായുളള ബന്ധം വേര്‍പെടുത്തുന്നതിനു 2016 ജൂണിലെ ഹിതപരിശോധനയില്‍ ഉണ്ടായ തീരുമാനം നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. 

Boris-uk

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമില്ലാത്തതു കാരണം അതിനുളള ശ്രമങ്ങള്‍ നിരന്തരമായി പരാജയപ്പെടുകയായിരുന്നു. അതിനാല്‍ പുതിയ തിരഞ്ഞെടുപ്പിലൂടെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താന്‍ജോണ്‍സന്‍ കലശലായി ആഗ്രഹിക്കുന്നു.  

തിരഞ്ഞെടുപ്പിനുവേണ്ടി ജോണ്‍സന്‍ പാര്‍ലമെന്‍റില്‍ നടത്തിയ ശ്രമം പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുകാരണം മൂന്നു തവണയാണ് പരാജയപ്പെട്ടത്. ഒടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഒക്ടോബര്‍ 29) അവരതിനു സമ്മതിക്കുകയും  ഡിസംബര്‍ 12നു തിരഞ്ഞെടുപ്പ് നടത്താനുളള ബില്‍ ഇരുപതിനെതിരെ  438 വോട്ടുകളോടെ പാസ്സാവുകയുംചെയ്തു.  

ഒക്ടോബര്‍ 31നാണ് ബ്രിട്ടന്‍ ഇയു വിടേണ്ടിയിരുന്നത്. അതിനുവേണ്ടി ഇയു നേതാക്കളുമായി കരാര്‍ ഉണ്ടാക്കുകയും അതിനു പാര്‍ലമെന്‍റിന്‍റെ അംഗീകാരം നേടിയെടുക്കുകയും ചെയ്യാനായില്ലെങ്കില്‍ കരാര്‍ ഇല്ലാതെതന്നെ ഇയു വിട്ടുപോകുമെന്നു ജോണ്‍സന്‍ ശഠിക്കുകയായിരുന്നു. 

ഇക്കാര്യത്തില്‍ ഒരു പക്ഷേയുമില്ല എങ്കിലുമില്ല എന്നും കാലാവധി നീട്ടിത്തരാന്‍ ഇയുവിനോട് അപേക്ഷിക്കുന്നപ്രശ്നമേയില്ലെന്നും ജോണ്‍സന്‍  ‌വീമ്പിളക്കുകയുമുണ്ടായി. ഒടുവില്‍ കാലാവധി മൂന്നു മാസത്തേക്കു (അടുത്ത വര്‍ഷം ജനുവരി 31വരേയ്ക്കു) നീട്ടുന്നതിനുവേണ്ടി ഇയു നേതൃത്വത്തിനു കത്തയക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയും ചെയ്തു.  

ഇതോടെ കരാര്‍ കൂടാതെതന്നെ ബ്രിട്ടന്‍ ഇയു വിടാനുള്ള സാധ്യത ഇല്ലാതായി. ആ പശ്ചാത്തലത്തിലാണ് ഡിസംബര്‍ 12നു തിരഞ്ഞെടുപ്പ് നടത്താനുള്ള ജോണ്‍സന്‍റെ ശ്രമത്തെ പ്രതിപക്ഷം പിന്തുണച്ചതും. ബ്രെക്സിറ്റ് കാരണത്താല്‍ മാത്രം ബ്രിട്ടീഷ്n പാര്‍ലമെന്‍റിലേക്കു തിരഞ്ഞെടുപ്പ് നടക്കുന്നത് കഷ്ടിച്ച് രണ്ടര വര്‍ഷത്തിനിടയില്‍ ഇതു രണ്ടാം തവണയാണ്. ജോണ്‍സന്‍റെ മുന്‍ഗാമിയായ തെരേസ മേയുടെ ഭരണത്തില്‍ 2017 ജൂണിലായിരുന്നു ആദ്യത്തേത്.

ജോണ്‍സനെപ്പോലെ മേയും പ്രധാനമന്ത്രിപദത്തില്‍ എത്തിയതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചുകൊണ്ടായിരുന്നില്ല. മുന്‍ഗാമികള്‍ രാജിവച്ച ഒഴിവില്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.  

ബ്രെക്സിറ്റ് കാര്യത്തില്‍ 2016 ജൂണില്‍ ഹിതപരിശോധന നടത്തിയ ഡേവിഡ് കാമറണിന്‍റേതായിരുന്നു ആദ്യത്തെ രാജി. ബ്രെക്സിറ്റിന് അദ്ദേഹം അനുകൂലമായിരുന്നില്ല. അതിനാല്‍ ഫലം അറിഞ്ഞപ്പോള്‍ അദ്ദേഹം നിരാശനാവുകയും സ്ഥാനം ഒഴിയുകയും ചെയ്തു. 

പകരംവന്ന തെരേസ മേയും ബ്രെക്സിറ്റിന് എതിരായിരുന്നുവെങ്കിലും ഹിതപരിശോധനാ ഫലം നടപ്പാക്കുന്നതില്‍ ഒരമാന്തവും കാണിച്ചില്ല. പക്ഷേ, പാര്‍ലമെന്‍റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുണ്ടായിരുന്ന നേരിയ ഭൂരിപക്ഷംകൊണ്ട് അതെളുപ്പമാവില്ലെന്നു കണ്ടു. അതിനാല്‍ 100 സീറ്റുകളുടെയെങ്കിലും ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.  

ഉണ്ടായിരുന്ന ഭൂരിപക്ഷംപോലും നഷ്ടപ്പെട്ടതായിരുന്നു അതിന്‍റെ ഫലം. ഇത്തവണ ജോണ്‍സനെ കാത്തിരിക്കുന്നതും സമാനമായ അനുഭവമാണെന്നു കരുതുന്നവരുണ്ട്. 

Jeremy Corbyn

ഒന്നുകില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ജോണ്‍സന്‍റെ പുതിയ മന്ത്രിസഭ, അല്ലെങ്കില്‍ ഒന്‍പതര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജെറമി കോര്‍ബിന്‍റെ നേതൃത്വത്തില്‍ അധികാരത്തിലേക്കുളള ലേബര്‍ പാര്‍ട്ടിയുടെ തിരിച്ചുവരവ്, ഈ കക്ഷികളില്‍ ഏതെങ്കിലും ഒന്നിന്‍റെ നേതൃത്വത്തില്‍ ന്യൂനപക്ഷ മന്ത്രിസഭ, അല്ലെങ്കില്‍ കൂട്ടുമന്ത്രിസഭ-ഇങ്ങനെ പല സാധ്യതകളും ചര്‍ച്ചചെയ്യപ്പെട്ടുവരുന്നു.

ലേബര്‍ പാര്‍ട്ടി ജയിച്ചാല്‍ ബ്രെക്സിറ്റ് വിഷയത്തില്‍ രണ്ടാമതൊരു ഹിതപരിശോധന നടത്തുമെന്നാണ് കോര്‍ബിന്‍ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ മാസം ലണ്ടനില്‍ പത്തുലക്ഷം പേര്‍ പങ്കെടുത്ത പ്രകടനത്തില്‍ മുഴങ്ങിയ ആവശ്യവും അതുതന്നെയായിരുന്നു. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ നിലവിലുള്ള ബ്രെക്സിറ്റ് തീരുമാനം റദ്ദാക്കുമെന്ന നിലപാടിലാണ് മറ്റൊരു പ്രമുഖ പ്രതിപക്ഷ കക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി.

ബ്രെക്സിറ്റ് എന്നു പേരുള്ള ഒരു പാര്‍ട്ടിയും ഈ തിരഞ്ഞടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. ഇയുവുമായി കരാറൊന്നും ഉണ്ടാക്കാതെതന്നെ ബ്രിട്ടന്‍ ഇയു വിടണമെന്നു ശക്തമായി വാദിക്കുന്നവരാണ് നൈജല്‍ ഫറാജ് എന്ന മുന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരന്‍ നയിക്കുന്ന ഈ കക്ഷി. 

അതിലെ മിക്കവരും മുന്‍പ് യുകെ ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടിയിലെ അംഗങ്ങളായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നു തെറ്റിപ്പിരിഞ്ഞെത്തിയവരുമുണ്ട്. പുതിയ പാര്‍ട്ടിയായിട്ടും ഇക്കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അവര്‍ ഗണ്യമായ വിജയം നേടുകയും ചെയ്തു. 

ബ്രെക്സിറ്റ് കാര്യത്തില്‍ ഏറെക്കുറെ അഭിപ്രായ ഐക്യമുള്ളവരാണ് ഈ പാര്‍ട്ടിയും ജോണ്‍സന്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. ഇരുകൂട്ടരും ഒന്നിച്ചുനിന്നു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ എന്തായിരിക്കും ഫലം ? 

ഉഗ്രന്‍. അവരെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. ഈ രൂപത്തില്‍ പ്രതികരിച്ചതു മറ്റാരുമല്ല, അമേരിക്കയിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ്. ഒന്നിച്ചുനിന്നു പോരാടാന്‍ ജോണ്‍സനോടും ഫറാജിനോടും പരസ്യമായി ആഹ്വാനം ചെയ്യാനും അദ്ദേഹം മടിച്ചില്ല. ജോണ്‍സനെ അദ്ദേഹം പുകഴ്ത്തുകയും ലേബര്‍ നേതാവ് കോര്‍ബിനെപ്പറ്റി ഇടിച്ചുതാഴ്ത്തി സംസാരിക്കുകയും ചെയ്തു.  

Boris Johnson, Donald Trump, Jeremy Corbyn

ബ്രിട്ടനിലും അമേരിക്കയിലും ഇതു കടുത്ത വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. ഒരു രാജ്യത്തിലെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടുന്നതു പതിവില്ലാത്തതാണ്. ട്രംപിനെ യുഎസ് പ്രസിഡന്‍റ് പദത്തില്‍ എത്തിച്ച 2016ലെ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിരുന്നുവെന്ന ആരോപണം ഉണ്ടാക്കിയ  കോലാഹലം തന്നെ ഇനിയും കെട്ടടങ്ങിയിട്ടുമില്ല.

അതിനിടയിലാണ് ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്‍റിന്‍റെ നഗ്നമായ കൈകടത്തല്‍. ബ്രെക്സിറ്റിനെ താന്‍ ശക്തമായി അനുകൂലിക്കുന്നുവെന്ന വസ്തുതയും അദ്ദേഹം ഒരിക്കലും മറച്ചുപിടിച്ചിരുന്നില്ല.   

ജോണ്‍സനും ഫറാജും ട്രംപിന്‍റെ സുഹൃത്തുക്കളാണ്. അക്കാര്യം ട്രംപ്തന്നെ എടുത്തു പറയുകയുമുണ്ടായി. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പരസ്പരം  കൈകോര്‍ക്കണമെന്ന ട്രംപിന്‍റെ ആഹ്വാനം ഫറാജ് സ്വീകരിച്ചുവെങ്കിലും ജോണ്‍സന്‍ അതിനു വിസമ്മതിക്കുകയാണ് ചെയ്തത്.

ഇതോടെ ഡിസംബര്‍ 12ലെ തിരഞ്ഞെടുപ്പിന്‍റെ ഫലം പ്രവചനാതീതമാകാനുള്ള സാധ്യത വര്‍ധിച്ചു.ഏതായാലും ഒരു കാര്യം വ്യക്തമാവുന്നു. ബ്രെക്സിറ്റ് കാര്യത്തില്‍ പുതിയ വിധിയെഴുതാന്‍ ബ്രിട്ടീഷുകാര്‍ക്കു ലഭിക്കുന്ന ഒരവസരം കൂടിയാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA